കൂട്ടായ്മയുടെ പ്രഘോഷണമായി താമരശ്ശേരി രൂപതാ ദിനം
കോടഞ്ചേരി: കൂട്ടായ്മയുടെ ഉത്സവമായി താമരശ്ശേരി രൂപതയുടെ 37-ാം രൂപതാ ദിനം പ്രൗഢ ഗംഭീര ചടങ്ങുകളോടെ ആഘോഷിച്ചു. മാനന്തവാടി രൂപതയുടെ സഹായമെത്രാന്‍ മാര്‍ അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്തു. രാവിലെ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പതാക ഉയര്‍ത്തിയതോടെ രൂപതാദിനാഘോഷങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് നടന്ന കൃതജ്ഞതാ ബലിയില്‍ ബിഷപ്പുമാരായ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, മാര്‍ ജോസഫ് കുന്നത്ത്, വികാരി ജനറല്‍ മോണ്‍. ജോണ്‍ ഒറവുങ്കര എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.
നാലു വേദികളിലായി പ്രതിനിധി സമ്മേളനങ്ങള്‍ നടന്നു. മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി നഗറില്‍ നടന്ന വൈദികരുടെയും സന്യസ്തരുടെയും സമ്മേളനത്തില്‍ കോഴിക്കോട് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ക്ലാസെടുത്തു.
വിവിധ ഭക്തസംഘടനകളുടെ പ്രതിനിധി സമ്മേളനം സെന്റ് അല്‍ഫോന്‍സ നഗറില്‍ നടന്നു. വടവാതൂര്‍ സെമിനാരിയി അധ്യാപകന്‍ ഫാ. ജോസഫ് കടുപ്പില്‍ ക്ലാസ് എടുത്തു.വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവരെയും വിവാഹത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്നവരെയും ആദരിച്ചു.
മാര്‍ മങ്കുഴിക്കരി നഗറില്‍ നടന്ന യുവജന സംഘമത്തില്‍ കെസിവൈഎം മുന്‍ സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാലില്‍ ക്ലാസെടുത്തു. ബിജു തോണക്കര മെമ്മോറിയല്‍ എക്സലന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. മികച്ച പ്രവര്‍ത്തക സിമി ആന്റണി (കൂടത്തായി), മിച്ച പ്രവര്‍ത്തകന്‍ അരുണ്‍ ജോഷി (മഞ്ഞക്കുന്ന്), എന്നിവരും മികച്ച യൂണിറ്റായി തെരഞ്ഞെടുക്കപ്പെട്ട പുല്ലൂരാംപാറയ്ക്കു വേണ്ടി യൂണിറ്റ് ഭാരവാഹികളും അവാര്‍ഡുകള്‍ ഏറ്റു വാങ്ങി. വിവിധ രംഗങ്ങളില്‍ കഴിവു തെളിയിച്ചവരെ ആദരിച്ചു. മാര്‍ പോള്‍ ചിറ്റിലപ്പിള്ളി നഗറില്‍ നടന്ന ചെറുപുഷ്പ മിഷന്‍ ലീഗ് പ്രതിനിധി സമ്മേളനത്തില്‍ തോമസ് കല്ലറയ്ക്കല്‍ ക്ലാസെടുത്തു.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനത്തിന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. രൂപതാ ദിനം കൂട്ടായ്മയുടെ വലിയ അടയാളമാണ്. കൂട്ടായ്മയില്‍ നിലനില്‍ക്കാന്‍ നമ്മെ സഹായിക്കുന്നതാണ് ഇത്തരം സമ്മേളനങ്ങള്‍. പ്രതിസന്ധികളെ ഓര്‍ത്ത് ഭയപ്പെടേണ്ട. എല്ലാക്കാലവും പ്രതിസന്ധികള്‍ നമുക്കു ചുറ്റുമുണ്ടാകും. എന്നാല്‍ ഇസ്രായേലിനെ നയിച്ച ദൈവം എല്ലാ പ്രതിസന്ധികളില്‍ നിന്നും നമ്മെ മുന്നോട്ടു നയിക്കും – അധ്യക്ഷ പ്രസംഗത്തില്‍ ബിഷപ് പറഞ്ഞു.
ബിഷപ് മാര്‍ അലക്സ് താരാമംഗലം സമ്മേളനം ഉദ്ഘാടനം ചെയ്തു. രൂപതയേയും ഇടവകയേയും അജപാലകരെയും അജപാലന സംരംഭങ്ങളയും വിശ്വാസത്തെയും അടുത്തറിയാനുള്ള ക്ഷണമാണ് രൂപതാ ദിനം. ഈശോയെ അടുത്ത് അറിയുവാന്‍ രൂപതാദിനാഘോഷങ്ങളിലൂടെ സാധിക്കും. ഈശോയെന്ന വിസ്മയത്തില്‍ ലയിച്ചു കഴിയുമ്പോള്‍ മാത്രമാണ് ക്രൈസ്തവന്‍ ഉത്തമ മനുഷ്യരായി രൂപാന്തരപ്പെടുകയുള്ളു. പ്രാര്‍ത്ഥന നമ്മുടെ ജീവിത മന്ത്രമാകണം- അദ്ദേഹം പറഞ്ഞു.
മാര്‍ ജേക്കബ് തൂങ്കുഴി, രൂപതാ വികാരി ജനറല്‍ മോണ്‍. ജോണ്‍ ഒറവുങ്കര, സിസ്റ്റര്‍ ഡെല്‍സി, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ബെന്നി ലൂക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
മെത്രാഭിഷേകത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന ബിഷപ് മാര്‍ ജേക്കബ് തൂങ്കുഴി, ബിഷപ് മാര്‍ അലക്സ് താരാമംഗലം, ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, മാര്‍ ജോസഫ് കുന്നത്ത്, എന്നിവരെയും രാഷ്ട്രദീപിക ലിമിറ്റഡിന്റെ എംഡിയായി നിയമിതനായ ഫാ. ബെന്നി മുണ്ടനാട്ടിനെയും ചടങ്ങില്‍ ആദരിച്ചു.
താമരശ്ശേരി രൂപതയുടെ റൂബി ജൂബിലിയുടെ ലോഗോ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പ്രകാശനം ചെയ്തു. പദ്ധതി അവതരണവും നടന്നു. രൂപതാ പ്രൊക്യുറേറ്റര്‍ ഫാ. കുര്യാക്കോസ് മുഖാല, കോടഞ്ചേരി ഫൊറോന വികാരി ഫാ. കുര്യാക്കോസ് ഐക്കൊളമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.