2025 മേയ് എട്ട്, ‘സമാധാനം നിങ്ങളോടുകൂടെ’ എന്ന സന്ദേശവുമായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ വത്തിക്കാന്റെ സിംഹാസനത്തിലേക്ക് നടന്നു കയറി. ആദ്യത്തെ അമേരിക്കന്‍ പാപ്പ എന്ന ഖ്യാതിയോടെ ഷിക്കാഗോയുടെ മണ്ണില്‍ നിന്ന് റോമിലെത്തിയ അദ്ദേഹം, പത്രോസിന്റെ സിംഹാസനത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ലോക സമാധാനത്തിനായി കരുത്തോടെ നിലകൊള്ളുകയാണ്.
ഷിക്കാഗോയിലെ സാധാരണ ചുറ്റുപാടില്‍ വളര്‍ന്ന റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ്, അഗസ്റ്റീനിയന്‍ സന്യാസ സമൂഹത്തിലൂടെയാണ് ആത്മീയയാത്ര ആരംഭിച്ചത്. പെറുവിലെ മിഷനറി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന് സാധാരണക്കാരുടെ ജീവിതത്തെക്കുറിച്ച് ആഴത്തിലുള്ള ബോധ്യങ്ങള്‍ നല്‍കി. പരമ്പരാഗത മൂല്യങ്ങളെ മുറുകെ പിടിക്കുമ്പോള്‍ തന്നെ മാറുന്ന ലോകത്തോട് സംവദിക്കുക എന്നതാണ് ലിയോ പാപ്പ പിന്തുടരുന്ന പ്രവര്‍ത്തന ശൈലി.
ആദ്യ മാസങ്ങളില്‍ ‘ശാന്തനായ മാര്‍പാപ്പ’ എന്ന് വിശേഷിപ്പിക്കപ്പെട്ട അദ്ദേഹം, തന്റെ ആഫ്രിക്കന്‍ പര്യടനത്തോടെ ആ പ്രതിച്ഛായ മാറ്റിമറിച്ചു. അള്‍ജീരിയ, കാമറൂണ്‍, അംഗോള, ഇക്വറ്റോറിയല്‍ ഗിനിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം, ലോകത്തെ ഭയപ്പെടുത്തുന്ന സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരെയും യുദ്ധക്കൊതിക്കെതിരെയും ആഞ്ഞടിച്ചു. ‘യുദ്ധം നടത്താന്‍ കോടികള്‍ ചെലവാക്കുന്ന ഒരു പിടി ഏകാധിപതികളാല്‍ ലോകം നശിക്കുകയാണ്. ലക്ഷ്യം നേടാന്‍ ഇക്കൂട്ടര്‍ ദൈവത്തിന്റെ പേരും വലിച്ചിഴയ്ക്കുന്നു.’ എന്നിങ്ങനെ ആഫ്രിക്കന്‍ പര്യടനത്തില്‍ പാപ്പ നടത്തിയ രൂക്ഷ വിമര്‍ശനങ്ങള്‍ ആഗോളതലത്തില്‍ വലിയ ചര്‍ച്ചയായി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളില്‍ നിന്ന് കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടും തന്റെ നിലപാടുകളില്‍ നിന്ന് ഒരടി പിന്നോട്ട് പോകാന്‍ ലിയോ പതിനാലാമന്‍ തയ്യാറായില്ല. യുദ്ധത്തിനെതിരെ ഉച്ചത്തില്‍ സംസാരിക്കുന്നത് തുടരുമെന്ന് പാപ്പ പറയുന്നു. ഇറാന്‍ യുദ്ധത്തെയും ട്രംപിന്റെ കുടിയേറ്റ നയത്തെയും പാപ്പ വിമര്‍ശിച്ചു. ലോകത്തെ ഏറ്റവും കരുത്തനായ ഭരണാധികാരിയും ആത്മീയ നേതാവും തമ്മിലുള്ള നയതന്ത്രബന്ധം ചരിത്രത്തിലില്ലാത്തവിധം വഷളായി. തുടരുന്ന റഷ്യ-ഉക്രൈന്‍ സംഘര്‍ഷത്തിലും സമാധാന ചര്‍ച്ചകള്‍ക്കായുള്ള സാധ്യതകള്‍ പാപ്പ തേടിയിരുന്നു.
വിശുദ്ധ അഗസ്റ്റിന്റെ ആത്മീയതയില്‍ അടിയുറച്ചു വിശ്വസിക്കുന്ന പാപ്പ, ‘സിനഡാലിറ്റി’ എന്ന ആശയത്തിന് പ്രാധാന്യം നല്‍കി. എല്ലാവരും ഒരേ സ്വരത്തില്‍ പാടുകയല്ല, മറിച്ച് വ്യത്യസ്ത സ്വരങ്ങള്‍ ചേര്‍ന്ന് മനോഹരമായ ഒരു സംഗീതം സൃഷ്ടിക്കുക എന്നതാണ് ഐക്യം എന്ന് പാപ്പ പറയുന്നു.
പരിസ്ഥിതി സംരക്ഷണം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ധാര്‍മ്മിക വശങ്ങള്‍, ദരിദ്രരോടുള്ള കരുണ എന്നിവയില്‍ അദ്ദേഹം കാണിക്കുന്ന താല്പര്യം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തുടര്‍ച്ചയാണെങ്കിലും, സ്വന്തമായൊരു പാത വെട്ടിത്തെളിക്കാന്‍ ലിയോ പതിനാലാമന് സാധിച്ചു.
വ്യക്തി ജീവിതത്തിന് ഏത് അല്‍ഗോരിതത്തെക്കാളും മൂല്യമുണ്ടെന്നും ആത്മാവില്ലാത്ത ഒരു യന്ത്രം മുന്‍കൂട്ടി നിശ്ചയിക്കുന്ന ചട്ടക്കൂടിനെ മറികടക്കണം എങ്കില്‍ സാമൂഹികമായ വ്യക്തിബന്ധങ്ങള്‍ക്ക് ഇടമുണ്ടാകണമെന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ച് പാപ്പ പറയുന്നു.
ഒന്നാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍, ലോകത്തിലെ 140 കോടി കത്തോലിക്കര്‍ക്ക് മാത്രമല്ല, സമാധാനം കാംക്ഷിക്കുന്ന ലോകജനതയ്ക്കാകെ ഒരു പ്രതീക്ഷയുടെ കിരണമാണ് ലിയോ പാപ്പ.
ലളിതമായ ജീവിതശൈലിയും ദീര്‍ഘവീക്ഷണമുള്ള തീരുമാനങ്ങളും ലിയോ പതിനാലാമനെ വരുംകാലങ്ങളില്‍ ലോകത്തിന്റെ ഏറ്റവും സ്വാധീനമുള്ള നേതാവായി മാറ്റുമെന്നുറപ്പാണ്.
