കരുത്തറിയിച്ച് ക്രൈസ്തവ സമുദായ അവകാശ പ്രഖ്യാപന റാലി:അണിനിരന്നത് പതിനായിരങ്ങള്‍


കത്തോലിക്കാ കോണ്‍ഗ്രസ് താമരശ്ശേരി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ രൂപതയിലെ വിവിധ സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ക്രൈസ്തവ സമുദായ അവകാശ പ്രഖ്യാപന റാലി കോഴിക്കോട് നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ പ്രകമ്പനംകൊള്ളിച്ചു. വിവിധ ഇടവകകളില്‍ നിന്നായി പതിനായിരങ്ങളാണ് റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുത്തത്. ക്രിസ്ത്യന്‍ കോളജ് ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച റാലി കിലോമീറ്ററുകളോളം ദൈര്‍ഘ്യമുള്ള ജനസാഗരമായിരുന്നു. പൊതുസമ്മേളനം നടന്ന മുതലക്കുളം മൈതാനിയിലെ മോണ്‍. ആന്റണി കൊഴുവനാല്‍ നഗര്‍ തിങ്ങിനിറഞ്ഞ് ജനപങ്കാളിത്തം ക്രൈസ്തവ ഐക്യത്തിന്റെ അടയാളമായി. പ്രീണന രാഷ്ട്രീയത്തിനും സര്‍ക്കാര്‍ അവഗണനയ്ക്കും നീതി നിഷേധത്തിനുമെതിരെ സമുദായം ഒറ്റക്കെട്ടായി പോരാടുമെന്ന് പൊതുസമ്മേളനത്തില്‍ നേതാക്കള്‍ ഒരേ സ്വരത്തോടെ പറഞ്ഞു.

ക്രൈസ്തവ സമുദായം ആരുടെയും ഫിക്‌സഡ് ഡിപ്പോസിറ്റല്ല: മാര്‍ പാംപ്ലാനി

ക്രൈസ്തവ സമുദായം ആരുടെയും ഫിക്‌സഡ് ഡിപ്പോസിറ്റല്ലെന്നും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് തീറെഴുതി കൊടുക്കപ്പെട്ട സമുദായമല്ല ക്രൈസ്തവ സമുദായമെന്നും പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. ‘സഭ വസ്തുതകള്‍ കൃത്യമായി മനസിലാക്കിയാണ് പ്രതികരണങ്ങള്‍ അറിയിക്കുന്നത്. വഖഫ് വിഷയത്തെ കേവലം ഒരു സമുദായത്തിന്റെ പ്രശ്‌നമായല്ല കാണുന്നത്. അത് സാമൂഹിക നീതിയുടെ വിഷയമാണ്. അതില്‍ രാഷ്ട്രീയമില്ല. സകല പൗരന്മാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണെന്ന നിലപാടാണ് കത്തോലിക്കാ സഭയ്ക്കുള്ളത്. ജെ. ബി. കോശി റിപ്പോര്‍ട്ട് പുറത്തുവിടാനുള്ള ഇച്ഛാശക്തി പിണറായി സര്‍ക്കാര്‍ കാണിക്കണം. വനത്തില്‍ നിന്നും കൃഷി ഭൂമിയിലേക്ക് ഇറങ്ങുന്ന പന്നികളെ കാട്ടുപന്നികളായി ഇനി പരിഗണിക്കില്ല. അത് വളര്‍ത്തു പന്നികളെപ്പോലെ ഞങ്ങള്‍ കൈകാര്യം ചെയ്യും. വനപാലകര്‍ ചട്ടി പരിശോധിക്കാനായി വീടുകളില്‍ കയറാന്‍ വന്നാല്‍ വന്യജീവി പ്രതിരോധ സേന രൂപീകരിച്ച് അവരെ പ്രതിരോധിക്കും. അതിന് ആരുടെയും സമ്മതം ആവശ്യമില്ല.” ആര്‍ച്ച് ബിഷപ് കൂട്ടിച്ചേര്‍ത്തു. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കേരള സര്‍ക്കാരിനോടൊപ്പമാണെന്നും മാര്‍ പാംപ്ലാനി വ്യക്തമാക്കി.

വനം മന്ത്രി രാജിവയ്ക്കണം: മാര്‍ ഇഞ്ചനാനിയില്‍

ആരോ പറയുന്ന നിയമങ്ങളില്‍ ഒപ്പു വയ്ക്കുക മാത്രമാണ് വനം മന്ത്രി ചെയ്യുന്നതെന്നും കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കണ്ടു മനസിലാക്കാനുള്ള കാഴ്ച മന്ത്രിയുടെ കണ്ണുകള്‍ക്കില്ലെന്നും വനം മന്ത്രി രാജിവയ്ക്കണമെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു.

വന്യമൃഗശല്യം ശക്തമായി പ്രതിരോധിക്കണം. ഈ സമ്മേളനം വനപാലകര്‍ക്കുള്ള താക്കീതാണ്. കുടിയേറ്റ പൂര്‍വികര്‍ വന്യമൃഗങ്ങളോടു പോരാടിയാണ് ഈ നാടിനെ നിര്‍മിച്ചത്. അതുപോലെ വന്യമൃഗങ്ങളെ നേരിടാന്‍ മലയോര ജനതയ്ക്ക് അറിയാം – ബിഷപ് പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവിടുത്തെ ജനത്തിനു വേണ്ടി തീരുവകള്‍ പുനര്‍നിശ്ചയിച്ചതുപോലെ കര്‍ഷകരെ തകര്‍ത്ത അസിയാന്‍ കരാര്‍ തിരുത്താന്‍ അധികാരികള്‍ ആര്‍ജ്ജവം കാട്ടണം. കാര്‍ഷിക മേഖലയിലെ വിലയിടിവിനു കാരണം ആസിയാന്‍ കരാറാണ്. ജെ. ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് എന്തുകൊണ്ട് പൂഴ്ത്തിവയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു.

കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ ഡയറക്ടര്‍ ഫാ. സബിന്‍ തൂമ്മുള്ളി അവകാശ പ്രഖ്യാപനം നടത്തി. 19 ഇന അവകാശ പത്രിക കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിലിന് കൈമാറി.

മോണ്‍. അബ്രഹാം വയലില്‍, ഡോ. ചാക്കോ കാളംപറമ്പില്‍, ഡോ. പ്രകാശ് തോമസ്, ജോര്‍ജ് കോയിക്കല്‍, ബെന്നി ലൂക്കോസ്, അല്‍ഫോന്‍സ മാത്യു, ജോസുകുട്ടി ഒഴുകയില്‍, ഷാജി കണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

Author

  • മലബാര്‍ വിഷന്‍ അസിസ്റ്റന്റ് എഡിറ്റര്‍.
    ദീപിക, ധനം ബിസിനസ് മാഗസിന്‍ എന്നിവിടങ്ങളില്‍ സബ് എഡിറ്ററായും ചാവറ ആഡ് മീഡിയയില്‍ കോപ്പി എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.