ശവപ്പറമ്പായി സിറിയന്‍ തെരുവുകള്‍


സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ബഷര്‍ അല്‍ അസദിന്റെ അനുയായികളും സിറിയന്‍ സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ സിറിയന്‍ തെരുവുകളെ അക്ഷരാര്‍ത്ഥത്തില്‍ ശവപ്പറമ്പാക്കി മാറ്റി. മാര്‍ച്ച് 7 മുതല്‍ 10 വരെ നടന്ന കൂട്ടക്കുരുതിയില്‍ ഇതുവരെ 1130 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു എന്നാണ് കണക്കുകള്‍. ഇതില്‍ ക്രൈസ്തവരും ഉള്‍പ്പെടും. സര്‍ക്കാര്‍ അനുകൂലികള്‍ തെരുവില്‍ വധശിക്ഷ നടപ്പിലാക്കുകയാണെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ടു ചെയ്തു.

സ്വന്തം ജനതയ്‌ക്കെതിരെ പോലും രാസായുധ പ്രയോഗം നടത്തിയ ക്രൂരനായ ഭരണാധികാരി ബാഷര്‍ അല്‍ അസദില്‍ നിന്ന് സിറിയ മോചനം നേടിയത് കഴിഞ്ഞ ഡിസംബറിലായിരുന്നു. തുടര്‍ന്ന് ഹയാത് തഹ്രീന്‍ അല്‍ഷാമിന്റെ നേതാവ് അഹമ്മദ് അല്‍ ഷാരയെന്ന ജെലാനി ഇടക്കാല പ്രസിഡന്റായി സ്ഥാനമേറ്റു. ഇപ്പോഴത്തെ കലാപം ആരംഭിച്ചത് ബാഷര്‍ അല്‍ അസദിന് ഏറെ സ്വാധീനമുള്ള ലതാക്കിയ പട്ടണത്തിലാണ്. അസദിന്റെ സേനയിലെ ദി ടൈഗര്‍ എന്ന വിളിപ്പേരുണ്ടായിരുന്ന കമാന്‍ഡര്‍ സുഹൈല്‍ അല്‍ ഹസ്സന്റെ അനുയായികളായ തോക്കുധാരികള്‍ സുരക്ഷാസേനയുടെ ചെക്‌പോസ്റ്റുകള്‍ ആക്രമിച്ചതോടെയാണ് കലാപം ആരംഭിച്ചത്. അസദ് അനുകൂലികളെ ഉന്മൂലനം ചെയ്യുമെന്ന് പ്രഖ്യാപിച്ച് സര്‍ക്കാര്‍ തിരിച്ചടി ആരംഭിച്ചതോടെ കലാപം ആളിക്കത്തി.

സുന്നി ഭൂരിപക്ഷ രാജ്യമായ സിറിയയിലെ ന്യൂനപക്ഷമാണ് അലവൈറ്റുകള്‍. ഇവര്‍ പിന്തുണച്ചിരുന്നത് ബാഷര്‍ അല്‍ അസദിനെയായിരുന്നു. അസദ് ഭരണകാലത്ത് പ്രധാന സര്‍ക്കാര്‍ പദവികള്‍ അലങ്കരിച്ചിരുന്നത് അലവൈറ്റുകളായിരുന്നു. അസദിന്റെ പതനത്തോടെ അലവൈറ്റുകള്‍ ദുര്‍ബലരായി. നിലവിലെ ഭരണാധികാരി ജലാനിയെ പിന്തുണയ്ക്കുന്ന സുന്നി വിഭാഗക്കാര്‍ അലവൈറ്റുകള്‍ക്കെതിരെ ആയുധമെടുത്തു. ഇത് പുതിയ യുദ്ധമുഖത്തിന് തുടക്കമിട്ടു. നീറി നിന്ന വര്‍ഗീയ സംഘര്‍ഷമാണ് കഴിഞ്ഞ ദിവസങ്ങളില്‍ അവിടെ ആളിക്കത്തിയത്.

അലവൈറ്റുകളും സര്‍ക്കാര്‍ സേനയും ഏറ്റുമുട്ടി ഏറെ നാശമുണ്ടായ ലതാക്കിയ മേഖലയില്‍ നിരവധി ക്രൈസ്തവര്‍ താമസിക്കുന്നുണ്ട്. ഇവിടെ നടന്ന അക്രമങ്ങള്‍ ക്രൈസ്തവരെ മരണഭീതിയിലാഴ്ത്തിയിരിക്കുകയാണ്. കൂട്ടക്കൊലകളെ അപലപിച്ച് സിറിയയിലെ മൂന്ന് പ്രധാന ക്രിസ്ത്യന്‍ സഭകളായ മെല്‍ക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭ, ഗ്രീക്ക് ഓര്‍ത്തഡോക്‌സ്, സിറിയക് ഓര്‍ത്തഡോക്‌സ് സഭകള്‍ രംഗത്തെത്തിയിരുന്നു. മാനുഷികവും ധാര്‍മ്മികവുമായ മൂല്യങ്ങള്‍ക്ക് കടകവിരുദ്ധമായി നിലകൊള്ളുന്ന കലാപം ഉടനടി അവസാനിപ്പിക്കണമെന്നും പൊതുസമാധാനത്തിന് ഭീഷണിയായ ഏതൊരു പ്രവര്‍ത്തിയെയും ക്രിസ്ത്യന്‍ സഭകള്‍ ശക്തമായി അപലപിക്കുന്നുണ്ടെന്നും സഭാനേതൃത്വം സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ക്രിസ്തുമതത്തിന്റെ കളിത്തൊട്ടില്‍ എന്ന്‌ ഒരുകാലത്ത് അറിയപ്പെട്ടിരുന്ന രാജ്യമാണ് സിറിയ. ഒന്നാം നൂറ്റാണ്ട് മുതല്‍ തന്നെ ഇവിടെ ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നു. വിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ പാരമ്പര്യങ്ങളില്‍ വേരൂന്നിയാണ് സിറിയയിലെ സഭ വളര്‍ന്നത്. എഡി 325-ല്‍ നിഖ്യാ സൂനഹദോസില്‍ പങ്കെടുത്ത 325 മെത്രാന്മാരില്‍ 20 പേരും സിറിയയില്‍ നിന്നുള്ളവരായിരുന്നു. മൂന്നു മാര്‍പാപ്പമാര്‍ക്ക് ജന്മം നല്‍കിയ നാടുകൂടിയാണ് സിറിയ. ഓട്ടോമന്‍ ഭരണത്തിന്റെ അവസാനകാലത്ത് ക്രൈസ്തവ പീഡനം ഭീകരമായതോടെ പലര്‍ക്കും സിറിയയില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നു. 2011-ലെ സിറിയന്‍ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് നിരവധി ക്രൈസ്തവര്‍ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറി. നിലവില്‍ രണ്ടു ശതമാനം മാത്രമാണ് സിറിയയിലെ ക്രൈസ്തവ ജനസംഖ്യ.


Leave a Reply

Your email address will not be published. Required fields are marked *