പശ്ചിമേഷ്യയില്‍ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിക്കുന്നതിനിടെ ലോകസമാധാനത്തിനായി പരിശുദ്ധ കന്യാമറിയത്തിന്റെ മാധ്യസ്ഥ്യം യാചിച്ച് ഫ്രാന്‍സിസ് പാപ്പയുടെ നേതൃത്വത്തില്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചു. ഇസ്രായേലിനെതിരായി ഹമാസ് നടത്തിയ ആക്രമണത്തിന് ഒരു വര്‍ഷം തികയുന്നതിന്റെ തലേദിവസമായ ഒക്ടബോര്‍ ആറിന് വൈകുന്നേരമാണ് റോമിലെ സെന്റ് മേരി മേജര്‍ ബസിലിക്കയില്‍ പ്രത്യേക പ്രാര്‍ത്ഥന നടന്നത്.
‘അമ്മേ, നമ്മുടെ ലോകത്തിന് വേണ്ടി മാധ്യസ്ഥ്യം വഹിക്കണമേ, ജീവന്‍ സംരക്ഷിക്കാനും യുദ്ധത്തെ തള്ളിക്കളയുവാനും കഷ്ടപ്പെടുന്നവരെയും ദരിദ്രരെയും പ്രതിരോധമില്ലാത്തവരെയും രോഗികളെയും ദുരിതമനുഭവിക്കുന്നവരെയും പരിപാലിക്കുകയും പൊതു ഭവനത്തെ സംരക്ഷിക്കുകയും ചെയ്യട്ടെ. സമാധാനത്തിന്റെ രാജ്ഞി, ദൈവത്തിന്റെ കരുണയ്ക്കായി മാധ്യസ്ഥ്യം വഹിക്കാന്‍ ഞങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുന്നു! വിദ്വേഷം വളര്‍ത്തുന്നവരുടെ ആത്മാക്കളെ പരിവര്‍ത്തനം ചെയ്യുക, മരണത്തിന് കാരണമാകുന്ന ആയുധങ്ങളുടെ ആരവം നിശ്ശബ്ദമാക്കുക, മനുഷ്യഹൃദയങ്ങളില്‍ തങ്ങിനില്‍ക്കുന്ന അക്രമം കെടുത്തുക’ – പാപ്പ പ്രാര്‍ത്ഥിച്ചു.
സമാധാന പ്രാര്‍ത്ഥന ചൊല്ലുന്നതിനു മുമ്പ് ലത്തീനില്‍ പരമ്പരാഗത ‘സാല്‍വ റെജീന’ പ്രാര്‍ത്ഥനയും ജപമാലയുടെ അവസാനത്തില്‍ ലൊറേറ്റോയിലെ ലുത്തിനിയായും ആലപിച്ചു.
ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനപ്രകാരം ജപമാല രാജ്ഞിയുടെ തിരുനാള്‍ ദിനം കൂടിയായ ഇന്ന് ലോകസമാധാനത്തിനായി ആഗോള കത്തോലിക്കാസഭ ഉപവാസ പ്രാര്‍ത്ഥനാദിനമായി ആചരിക്കുകയാണ്.
ഒക്ടോബര്‍ 2 സിനഡ് അസംബ്ലിയുടെ രണ്ടാം സെഷന്റെ ഉദ്ഘാടന കുര്‍ബാന മദ്ധ്യേ പങ്കുവെച്ച സന്ദേശത്തിന്റെ അവസാനത്തിലാണ് ഒക്ടോബര്‍ ഏഴാം തീയതി വിശുദ്ധ നാട്ടിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും സമാധാനം സംജാതമാകുന്നതിനും ഉപവാസ പ്രാര്‍ത്ഥനയ്ക്കു പാപ്പ ആഹ്വാനം ചെയ്തത്.
1571 ഒക്ടോബര്‍ ഏഴിന് ഗ്രീസില്‍ ലെപ്പാന്തോയില്‍ നടന്ന നാവികയുദ്ധത്തില്‍ യൂറോപ്പ് കീഴടക്കാന്‍ പോയ ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ നാവികപ്പടയെ യൂറോപ്യന്‍ ശക്തികള്‍ അത്ഭുതകരമായി പരാജയപ്പെടുത്തിയ ദിവസമാണ് ജപമാല രാജ്ഞിയുടെ ദിനമായി ആചരിക്കുന്നത്