മഴക്കാലമെത്തി, ഒപ്പം പനിക്കാലവും

പണ്ടത്തെ ജലദോഷമല്ല ഇന്നത്തെ മഴക്കാലത്ത് കാത്തിരിക്കുന്നത്. പേരിലും ഭാവത്തിലും വൈവിധ്യങ്ങളുമായി ഓരോ മഴക്കാലത്തും രോഗങ്ങളും രോഗികളും കൂടി വരുന്നു. പരിസരശുചിത്വവും വ്യക്തി ശുചിത്വവും അല്‍പ്പം ശ്രദ്ധയുമുണ്ടെങ്കില്‍ ഇത്തരം പനികളില്‍ നിന്ന് രക്ഷപ്പെടാം.

പനി, വയറുകടി, വയറിളക്കം, മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ജലജന്യ, കൊതുകുജന്യ രോഗങ്ങളാണ് മഴക്കാലത്തെ പ്രധാന വില്ലന്‍മാര്‍. മഴക്കാലത്ത് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെല്ലാമെന്നു നോക്കാം:

ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലമ്പനി, ജപ്പാന്‍ജ്വരം എന്നിവയാണ് പ്രധാനപ്പെട്ട കൊതുജന്യ രോഗങ്ങള്‍. ഇവ പ്രതിരോധിക്കാന്‍ കൊതുകിനു വളരാനുള്ള സാഹചര്യം ഇല്ലാതാക്കുകയാണ് വേണ്ടത്.

റബര്‍ തോട്ടങ്ങളിലെ ചിരട്ടകളില്‍ വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്. ചിരട്ടകള്‍, ചട്ടികള്‍, പൊട്ടിയ പാത്രങ്ങള്‍, പറമ്പിലേക്ക് വലിച്ചെറിയുന്ന ഉപയോഗശൂന്യമായ വസ്തുക്കള്‍ എന്നിവയില്‍ വെള്ളം കെട്ടി നിന്ന് കൊതുകിന് പെറ്റുപെരുകാന്‍ അവസരമുണ്ടാക്കാതിരിക്കുക.

മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, എലിപ്പനി, എന്നിവ പ്രധാന ജലജന്യ രോഗങ്ങളാണ്. വൃത്തിഹീനമായ ചുറ്റുപാടുകളാണ് ഇത്തരം രോഗങ്ങളെ സമ്മാനിക്കുന്നത്. എലി, ഈച്ച എന്നിവയിലൂടെയാണ് പ്രധാനമായും ഉത്തരം രോഗങ്ങള്‍ പടരുന്നത്.

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുവാന്‍ ശീലിക്കുക. ഉയര്‍ന്ന താപനിലയില്‍ അണുക്കള്‍ നശിക്കുമെന്നതിനാല്‍ ആഹാര പദാര്‍ത്ഥങ്ങള്‍ ചൂടോടെ കഴിക്കുവാന്‍ ശ്രദ്ധിക്കുന്നതും നല്ലതാണ്. തണുത്തതും പഴകിയതും അലസമായി തുറന്നു വച്ചിരിക്കുന്നതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉപേക്ഷിക്കണം. ഇച്ച വന്നിരുന്ന ഭക്ഷണ സാധനങ്ങള്‍ ഉപേക്ഷിക്കണം.

ടോയിലറ്റില്‍ മാത്രം മലമൂത്രവിസ്സര്‍ജനം നടത്തുക. ടോയിലറ്റില്‍ പോയതിനു ശേഷം സോപ്പിട്ട് നന്നായി കൈകഴുകുക.

പനി ബാധിച്ചാല്‍ രണ്ടു ദിവസത്തിനുള്ളില്‍ ഡോക്ടറെ കണ്ട് മരുന്ന് വാങ്ങണം. കൂടുതല്‍ വൈകിപ്പിച്ചാല്‍ രോഗം മൂര്‍ച്ഛിച്ച് അപകടകരമായ അവസ്ഥയിലേക്കെത്താം.

ഒരു പ്രദേശത്തെ കുറച്ചു പേര്‍ക്ക് ഒരേ അസുഖം പിടിപെട്ടിട്ടുണ്ടെങ്കില്‍ എത്രയും വേഗം ആരോഗ്യ പ്രവര്‍ത്തരെ അറിയിക്കണം. ചിലപ്പോള്‍ അത് പകര്‍ച്ചവ്യാധികളുടെ തുടക്കമായേക്കാം.

ഇന്നത്തെക്കാലത്ത് സ്വയം ചികിത്സ വലിയ അപകടത്തിലേക്ക് എത്തിക്കും. പാരസെറ്റാമോള്‍ കഴിച്ചാല്‍ പനി മാറുമെന്നു പറഞ്ഞ് ഡോക്ടറുടെ സേവനം തേടാതിരിക്കരുത്.

ഡോക്ടര്‍മാര്‍ എഴുതിത്തരുന്ന മരുന്ന് മുഴുവനും കൃത്യമായി കഴിക്കാന്‍ ശ്രദ്ധിക്കണം. ആന്റിബയോടിക് മരുന്നുകള്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന അത്രയും ദിവസം കഴിച്ചാല്‍ മാത്രമേ അസുഖം പൂര്‍ണമായി ഭേദമാകുകയുള്ളു. പലരും പനി കുറയുന്നതോടെ മരുന്ന് ഉപേക്ഷിക്കുന്നതായി കാണാറുണ്ട്. അത് അപകടമാണ്.

ശരീരത്തില്‍ മുറിവുകള്‍ ഉണ്ടെങ്കില്‍ അത് നന്നായി ശ്രദ്ധിക്കണം. കാരണം എലിപ്പനി പോലുള്ള അസുഖങ്ങള്‍ പരത്തുന്ന അണുക്കള്‍ മുറിവിലൂടെയാണ് ശരീരത്തില്‍ പ്രവേശിക്കുന്നത്.

കൊതുകില്‍ നിന്നും രക്ഷനേടാന്‍ കൊതുകുവല അല്ലെങ്കില്‍ കൊതുകുതിരി എന്നിവ ഉപയോഗിക്കുന്നത് നല്ലതാണ്.

ഭക്ഷണപഥാര്‍ത്ഥങ്ങള്‍ മൂടിവയ്ക്കുക. പഴവര്‍ഗങ്ങള്‍ കഴുകി മാത്രം കഴിക്കുക.

വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസ് വിശുദ്ധ പദവിയിലേക്ക്

ലാപ്ടോപ്പും സാമൂഹ്യ മാധ്യമങ്ങളും ജപമാലയും ജീവിതത്തില്‍ സമന്വയിപ്പിച്ച് വിശ്വാസപ്രചരണത്തില്‍ പുതിയ പാത തുറന്ന വാഴ്ത്തപ്പെട്ട കാര്‍ലോ അക്യൂട്ടിസ് വിശുദ്ധ പദവിയിലേക്ക്. വാഴ്ത്തപ്പെട്ട കാര്‍ലോ അക്യുട്ടിസിന്റെ മധ്യസ്ഥതയില്‍ നടന്ന അത്ഭുതത്തിന് ഫ്രാന്‍സിസ് മാര്‍പാപ്പ അംഗീകാരം നല്കിയതായി കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. ഇതോടെ കാര്‍ലോയെ വിശുദ്ധനായി പ്രഖ്യാപിക്കുവാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായാണ് വിവരം. ആഗോള കത്തോലിക്കാ സഭ 2025-ല്‍ ജൂബിലി വര്‍ഷമായി ആചരിക്കുവാനിരിക്കെ ജൂബിലി മധ്യേ കാര്‍ലോയെ വിശുദ്ധനായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കാര്‍ലോയുടെ മധ്യസ്ഥതയില്‍ കോസ്റ്ററിക്കയില്‍ നിന്നുള്ള കൗമാരക്കാരി ഫ്ളോറന്‍സില്‍ വിദ്യാര്‍ഥിയായിരുന്ന വലേറിയയ്ക്ക് അപകടത്തെ തുടര്‍ന്നുണ്ടായ ഗുരുതരാവസ്ഥയില്‍ നിന്ന് സൗഖ്യം ലഭിച്ചത് രണ്ടാമത്തെ അത്ഭുതമായി സമിതി അംഗീകരിച്ചു. ബ്രസീലില്‍ ഒരു ബാലന്‍ രോഗസൗഖ്യം നേടിയത് കാര്‍ലോയുടെ മധ്യസ്ഥതയിലാണെന്നു സാക്ഷ്യപ്പെടുത്തിയതിനെ തുടര്‍ന്ന് 2020 ഒക്ടോബര്‍ 10 നാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. ഈ നൂറ്റാണ്ടില്‍ വിശുദ്ധ പദവി നേടിയവരില്‍ പ്രായം കുറഞ്ഞയാളും കംപ്യൂട്ടര്‍ പ്രതിഭയുമാണ് കാര്‍ലോ. ലണ്ടനില്‍ ജനിച്ച് മിലാനില്‍ വളര്‍ന്ന കാര്‍ലോ 11-ാം വയസില്‍ അസീസിയിലെ സ്വന്തം ഇടവകയ്ക്ക് വെബ്സൈറ്റ് ആരംഭിച്ചാണ് വിശ്വാസ പ്രചാരണത്തിന് തുടക്കമിട്ടത്.

ലോകത്തിലെ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ ബൃഹത്തായ ഓണ്‍ലൈന്‍ ശേഖരം നന്നേ ചെറിയ പ്രായത്തിനുള്ളില്‍ കാര്‍ലോ സജ്ജീകരിച്ചിരുന്നു. പതിനൊന്ന് വയസ്സുള്ളപ്പോള്‍ ആരംഭിച്ച ഈ ഉദ്യമം അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടി. നമ്മള്‍ ദിവ്യകാരുണ്യം എത്രയധികമായി സ്വീകരിക്കുന്നുവോ, അത്രമാത്രം നാം യേശുവിനെ പോലെയാകുമെന്നും അങ്ങനെ ഈ ഭൂമിയില്‍ നമുക്ക് സ്വര്‍ഗ്ഗത്തിന്റെ ഒരു മുന്നാസ്വാദനം ഉണ്ടാകുമെന്നും കാര്‍േലാ പതിനൊന്നാമത്തെ വയസ്സില്‍ കുറിച്ചു. 15-ാം വയസില്‍ നിര്യാതനായി.

വിശുദ്ധ ഫിലിപ് നേരിയോടുള്ള പ്രാര്‍ത്ഥനാ ഗാനം പുറത്തിറക്കി

വിശുദ്ധ ഫിലിപ് നേരിയോടുള്ള മലയാളത്തിലെ ആദ്യ പ്രാര്‍ത്ഥനാ ഗാനം പുറത്തിറക്കി. വിശുദ്ധ ഫിലിപ് നേരിയുടെ തിരുനാളിനോടനുബന്ധിച്ച്, പുതുപ്പാടി ഫിലിപ് നേരി സിസ്റ്റേഴ്‌സ് ജനറലേറ്റില്‍ നടന്ന ചടങ്ങില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ലാണ് ‘സ്‌നേഹത്തിന്‍ പൊന്‍വെളിച്ചം’ എന്ന പ്രാര്‍ത്ഥനാ ഗാനം പുറത്തിറക്കിയത്.

താമരശ്ശേരി രൂപത വൈദികന്‍ ഫാ. രഞ്ജിത് ചക്കുമൂട്ടിലാണ് ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സംഗീതസംവിധായകന്‍ ജോബി ജോര്‍ജ് ഗാനത്തിന് ഈണം നല്‍കി. ആലാപനം കെ. ജി. ഷിബു. ഫിലിപ് നേരി സന്യാസിനി സമൂഹത്തിന്റെ യൂട്യൂബ് ചാനലായ ST PHILIP NERI VISION യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.

ഗാനം കേള്‍ക്കാന്‍ ക്ലിക്ക് ചെയ്യൂ:

സാമ്പത്തിക സംവരണം: പ്രായോഗിക നിര്‍ദ്ദേശങ്ങള്‍

എക്കണോമിക്കലിവീക്കര്‍ സെക്ഷന്‍സ്അഥവാസംവരണേതര വിഭാഗങ്ങളിലെ (ജനറല്‍ കാറ്റഗറി) സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ എന്നതാണ് EWS ന്റെ പൂര്‍ണരൂപം. കേരളത്തിന്റെ പശ്ചാത്തലത്തില്‍,നാളിതുവരെ യാതൊരു വിധ സംവരണവും ലഭിക്കാതിരുന്ന ബ്രാഹ്മണ, നായര്‍ അമ്പലവാസി വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരിലേയും സുറിയാനി ക്രിസ്ത്യാനികളിലെയും ജാതി മത രഹിതരിലെയുംസാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്ഉന്നത വിദ്യാഭ്യാസ രംഗത്തും പ്രവേശന പരീക്ഷകളിലും യോഗ്യതാപരീക്ഷകളിലും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജോലികളിലും ഈ സംവരണം ലഭിക്കും. ഒബിസി സംവരണം നിലനില്‍ക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാത്രമാണ്10% EWS റിസര്‍വേഷന്‍ ബാധകമാകുന്നത്. ഒബിസി സംവരണം ഇല്ലാത്ത ഒരു സ്ഥാപനത്തിലും ഇഡബ്ലൂ എസ് സംവരണവും ലഭിക്കില്ല.

EWS സംവരണം ലഭിക്കുന്നതിനായി EWS സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. നിലവില്‍ രണ്ടു തരത്തിലുള്ള EWS സര്‍ട്ടിഫിക്കറ്റുകളാണ് പ്രാബല്യത്തിലുള്ളത്.

  1. കേന്ദ്ര സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കുള്ള EWS സര്‍ട്ടിഫിക്കറ്റ്
  2. കേരള സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കുള്ള EWS സര്‍ട്ടിഫിക്കറ്റ്

ഇവയ്ക്ക് ബാധകമായ മാനദണ്ഡങ്ങളുംസര്‍ട്ടിഫിക്കേറ്റ് ഫോര്‍മാറ്റും സര്‍ട്ടിഫിക്കേറ്റ് നല്‍കാന്‍അധികാരപ്പെട്ട ഉദ്യോഗസ്ഥരും വ്യത്യസ്തമാണ്.

കേന്ദ്ര സര്‍ക്കാരിന്റെ EWS സര്‍ട്ടിഫിക്കറ്റ്

പത്ത് ശതമാനം EWS സംവരണത്തിലൂടെ കേന്ദ്ര സര്‍ക്കാരിന്റെ UPSC, SSC, Railway, Banking സര്‍വീസിലും UGC NET, NEET തുടങ്ങിയ യോഗ്യതാ / മത്സര പരീക്ഷകളിലും വളരെ മികച്ച സാധ്യതകളാണുള്ളത്. കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന മാനദണ്ഡപ്രകാരം ആകെ കുടുംബ വാര്‍ഷിക വരുമാനം 8 ലക്ഷം രൂപ, 5 ഏക്കര്‍ കൃഷിഭൂമി, പഞ്ചായത്ത് പ്രദേശത്ത് 4.2 സെന്റ് റസിഡന്‍ഷ്യല്‍ പ്ലോട്ട്, മുന്‍സിപ്പല്‍ കോര്‍പറേഷനില്‍2.1 സെന്റ് റസിഡന്‍ഷ്യല്‍ പ്ലോട്ട്, എല്ലായിടത്തും വീടിന്റെ വിസ്തീര്‍ണം 1000 സ്‌ക്വയര്‍ ഫീറ്റ് എന്നിവയാണ് ഇതിന്റെ ഉയര്‍ന്ന പരിധികള്‍. എല്ലാ മാനദണ്ഡങ്ങളുടെയും ഉള്ളില്‍ നില്‍ക്കുന്നവര്‍ക്കുമാത്രമേ കേന്ദ്ര EWS സര്‍ട്ടിഫിക്കേറ്റ് ലഭിക്കുകയുള്ളൂ.കേരളത്തില്‍ തികച്ചും അനീതിപരമായി കേന്ദ്ര മാനദണ്ഡമായ റസിഡന്‍ഷ്യല്‍ പ്ലോട്ടിനെ ഹൗസ് പ്ലോട്ട് എന്ന് ദുര്‍വ്യാഖാനിക്കുകയും, എല്ലാ പുരയിടങ്ങള്‍ എന്നു രേഖപ്പെടുത്തിയിരിക്കുന്ന കരഭൂമിയെയും ഹൗസ് പ്ലോട്ടായി കണക്കാക്കുകയും ചെയ്യുന്നതിനാല്‍ 4.2 സെന്റില്‍ കൂടുതല്‍ സ്ഥലം കരഭൂമിയായി ഉള്ളവര്‍ക്ക് കേന്ദ്ര സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ല. എന്നാല്‍ 5 ഏക്കറില്‍ താഴെ നെല്‍പ്പാടങ്ങളും വീടുവയ്ക്കാന്‍ സാധിക്കാത്ത മറ്റ് സ്ഥലങ്ങളും മാത്രം ഉള്ളവര്‍ക്ക് സര്‍ട്ടിഫിക്കേറ്റ് ലഭിക്കുന്നുണ്ട്. ഇതു ലഭിക്കാന്‍ നേരിട്ട് വില്ലേജ് ഓഫീസര്‍ വഴി തഹസീല്‍ദാര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. വില്ലേജ് ഓഫീസറില്‍ നിന്ന്ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍തഹസീല്‍ദാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഇതിന്റെ സര്‍ട്ടിഫിക്കറ്റ് ഫോം അക്ഷയയില്‍ ലഭ്യമാണ്. വാങ്ങുമ്പോള്‍ കേന്ദ്ര / സംസ്ഥാന ഫോമുകള്‍ തമ്മില്‍ മാറിപ്പോകാതെ ശ്രദ്ധിക്കുക.

കേരളത്തില്‍ വളരെ കുറച്ചു പേര്‍ക്ക് മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡ പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളത്. കൃഷിഭൂമിയെല്ലാം ഹൗസ് പ്ലോട്ട് എന്ന തരത്തിലുള്ളവ്യാഖ്യാനം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇതില്‍ വന്നുചേര്‍ന്നിരിക്കുന്ന നിയമപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഉന്നത തലത്തിലുള്ള ഇടപെടല്‍ ആവശ്യമാണ്.

കേരള സര്‍ക്കാരിന്റെ EWS സര്‍ട്ടിഫിക്കറ്റ്

EWS സംവരണത്തിലൂടെ കേരള സര്‍ക്കാരിന്റെ പ്ലസ് വണ്‍, മെഡിക്കല്‍-എന്‍ജിനിയറിംഗ്, പോളിടെക്‌നിക്, ബിഎസ്‌സി നഴ്‌സിങ്-പാരാമെഡിക്കല്‍, ഡിഗ്രി, പിജി, എല്‍എല്‍ബിതുടങ്ങിയ എല്ലാ ഉന്നത വിദ്യാഭ്യാസ കോഴ്‌സുകളിലേയ്ക്കും PSC വഴിയുള്ള സര്‍ക്കാര്‍ ജോലികളിലേക്കും 10% സംവരണം ലഭിക്കും. കഴിഞ്ഞ അക്കാദമികവര്‍ഷങ്ങളില്‍ ഒട്ടനവധി വിദ്യാര്‍ത്ഥികള്‍ക്ക് 10% EWS റിസര്‍വേഷനിലൂടെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ലഭിച്ചിട്ടുണ്ട്.

സംസ്ഥാന മാനദണ്ഡങ്ങള്‍ അനുസരിച്ച് ഉയര്‍ന്ന പരിധികള്‍ ഇപ്രകാരമാണ്. ആകെ കുടുംബ വാര്‍ഷികവരുമാനം 4 ലക്ഷം രൂപ,ആകെ ഭൂസ്വത്ത് പഞ്ചായത്തുകളില്‍ 2.5 ഏക്കര്‍, മുന്‍സിപ്പാലിറ്റികളില്‍ 75 സെന്റ്, കോര്‍പ്പറേഷനുകളില്‍50 സെന്റ് എന്നിവയാണ്. ഇതില്‍ ഏതെങ്കിലും ഒരു മാനദണ്ഡം ഉയര്‍ന്നുപോയാല്‍ സംസ്ഥാന EWS സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. ഇവിടെയും പഞ്ചായത്തിലൊഴികെ ഹൗസ് പ്ലോട്ട്, കൃഷിഭൂമി എന്ന വേര്‍തിരിവ് ഉണ്ട്. ഇതുപ്രകാരം മുനിസിപ്പാലിറ്റികളില്‍ 20 സെന്റും കോര്‍പ്പറേഷനുകളില്‍ 15 സെന്റും ഉള്ളവര്‍ക്കു മാത്രമേ പ്രായോഗികമായി സംസ്ഥാന EWS സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയുള്ളൂ. ഇത്രയും മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍. നേരിട്ട് അപേക്ഷ നല്‍കി വില്ലേജ് ഓഫീസറില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങണം. ഇതിന്റെ ക്രമീകരണം ഓണ്‍ലൈന്‍ വഴി ആരംഭിച്ചിട്ടില്ല.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കുടുംബം എന്നതിന്റെ നിര്‍വചനം
ഒരു വിദ്യാര്‍ത്ഥി EWS സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി അപേക്ഷിക്കുമ്പോള്‍ ആ കുട്ടിയുടെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനവും ഭൂസ്വത്തുമാണ് കണക്കിലെടുക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം (ജനുവരി 03 & മാര്‍ച്ച് 03/2020) താഴെ കൊടുത്തിരിക്കുന്നവര്‍ മാത്രമാണ് കുടുംബം എന്ന നിര്‍വ്വചനത്തില്‍ ഉള്‍പ്പെടുന്നത്.

സര്‍ട്ടിഫിക്കറ്റ് ആവശ്യമുള്ള ആള്‍ (വിദ്യാര്‍ത്ഥി/അപേക്ഷകന്‍/അപേക്ഷക). വിദ്യാര്‍ത്ഥി/അപേക്ഷകന്‍/അപേക്ഷകയുടെമാതാവ്, പിതാവ്, വിവാഹം കഴിഞ്ഞതെങ്കില്‍ ജീവിത പങ്കാളി. വിദ്യാര്‍ത്ഥി/അപേക്ഷകന്‍/അപേക്ഷകയുടെ18 വയസില്‍ താഴെയുള്ള സഹോദരങ്ങള്‍, 18 വയസ്സില്‍ താഴെയുള്ള മക്കള്‍ഉണ്ടെങ്കില്‍ അവര്‍.

കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ചുള്ള കുടുംബത്തിന്റെ നിര്‍വചനവും ഇപ്രകാരം തന്നെയാണ്. വിദ്യാര്‍ത്ഥി / അപേക്ഷകന്‍/അപേക്ഷകയുടെ വല്യപ്പന്‍, വല്യമ്മ, 18 വയസിനു മുകളിലുള്ള സഹോദരങ്ങള്‍, 18 വയസിനു മുകളിലുള്ള മക്കള്‍, വീട്ടില്‍ താമസിക്കുന്ന മറ്റ് അംഗങ്ങള്‍ മുതലായവര്‍ ഇപ്രകാരം കുടുംബം എന്നതിന്റെ നിര്‍വ്വചനത്തില്‍ ഉള്‍പ്പെടുന്നില്ല. റേഷന്‍ കാര്‍ഡിലെ പേര് വിവരം പ്രസക്തമല്ല. അവരുടെ പേരിലുള്ള ഭൂസ്വത്തോ വരുമാനമോ കണക്കാക്കേണ്ടതില്ല. വിവാഹം കഴിച്ച ഒരു സ്ത്രീക്ക് ആ സ്ത്രീയുടെയും സ്വന്തം മാതാപിതാക്കളുടെയും ഭര്‍ത്താവിന്റെയും സ്വത്തും വരുമാനവുമാണ് കണക്കാക്കേണ്ടത്. ഭര്‍ത്താവിന്റെ വീട്ടിലാണ് താമസിക്കുന്നതെങ്കിലും ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ സ്വത്തും വരുമാനവും കണക്കാക്കേണ്ടതില്ല. എന്നാല്‍ വിവാഹം കഴിഞ്ഞ് 6 മാസം പൂര്‍ത്തിയായ ഒരു സത്രീ ഭര്‍ത്താവിന്റെ വീട്ടിലാണ് താമസിക്കുന്നതെങ്കില്‍ ഭര്‍ത്താവിന്റെ സ്ഥലത്തെ വില്ലേജ് ഓഫീസില്‍ ആണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

കേരള സര്‍ക്കാര്‍ EWS സംവരണം സംബന്ധിച്ച് പ്രധാനപ്പെട്ട 3 ഉത്തരവുകളാണ് ആദ്യഘട്ടത്തില്‍ ഇറക്കിയിട്ടുള്ളത്. 2020 ജനുവരി 03, ഫെബ്രുവരി 12, മാര്‍ച്ച് 03 തീയതികളില്‍ ആണ് ഇവ. ഇതില്‍ ഫെബ്രുവരി 12 ലെ ഉത്തരവില്‍ ഒരു വീട്ടില്‍ താമസിക്കുന്ന എല്ലാവരെയും കുടുംബം എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയെങ്കിലും മാര്‍ച്ച് 03 ലെ തിരുത്തല്‍ ഉത്തരവ് പ്രകാരം മുകളില്‍ പറഞ്ഞ നിര്‍വചനം പുനസ്ഥാപിച്ചു. പല വില്ലേജ് ഓഫീസുകളിലും ഫെബ്രുവരി 12 ലെ ഉത്തരവാണ് ഉപയോഗിക്കുന്നത്. മാര്‍ച്ച് മൂന്നിലെ ഉത്തരവിന്റെ കാര്യം പലര്‍ക്കും അറിയില്ല എന്ന കാര്യം അപേക്ഷകര്‍ ശ്രദ്ധിക്കണം. ഇപ്പോള്‍ ഉപയോഗിക്കുന്ന സാധാരണ അപേക്ഷാ ഫോറത്തിന്റെ അനുബന്ധത്തിലും ഇതു സംബന്ധിച്ചു ചേര്‍ത്തിരിക്കുന്ന നിര്‍ദ്ദേശം തെറ്റാണ് എന്ന കാര്യം ശ്രദ്ധിക്കുക.

ഇല്ലാത്ത മാനദണ്ഡങ്ങള്‍

സംസ്ഥാന സര്‍ക്കാര്‍ മാനദണ്ഡപ്രകാരം വീടിന്റെ വിസ്തീര്‍ണ്ണം, പഞ്ചായത്തുകളില്‍ ഹൗസ്‌പ്ലോട്ടിന്റെ വിസ്തീര്‍ണ്ണം എന്നിവയുടെ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും എടുത്തുകളഞ്ഞിട്ടുണ്ട്. മുകളില്‍ പറഞ്ഞതുപോലെ 18 വയസ്സിന് മുകളിലുള്ള സഹോദരങ്ങളും മറ്റ് അംഗങ്ങളും കുടുംബം എന്നതിന്റെ നിര്‍വ്വചനത്തില്‍ ഉള്‍പ്പെടുന്നില്ല എന്നത് സംബന്ധിച്ചും വ്യക്തമായ സര്‍ക്കാര്‍ ഉത്തരവുണ്ട്. പക്ഷേ വില്ലേജ് ഓഫീസുകളിലെ ചില ഉദ്യോഗസ്ഥര്‍ ഇല്ലാത്ത മാനദണ്ഡങ്ങള്‍ നിലവിലുണ്ട് എന്നു പറഞ്ഞ് ആളുകളെ കബളിപ്പിക്കുന്നുണ്ട്. സംസ്ഥാന സര്‍ട്ടിഫിക്കേറ്റിന് വീട് അളക്കേണ്ട ആവശ്യമില്ലാതിരുന്നിട്ടും വീട് അളക്കുന്നുണ്ട്.

RCSC പ്രശ്‌നം

RCSC എന്നാണ് പല വിദ്യാര്‍ത്ഥികളുടെയും SSLC സര്‍ട്ടിഫിക്കറ്റിലും മറ്റും സമുദായത്തിന്റെ പേര് ആയി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ 2021 ജൂണ്‍ 4 ന് സംസ്ഥാനത്തെ മുന്നാക്ക സമുദായങ്ങളുടെ പട്ടിക സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. ഇതില്‍ 163-ാം നമ്പറായി നമ്മുടെ സമുദായത്തെ സിറിയന്‍ കാത്തലിക്ക് (സീറോ മലബാര്‍ കാത്തലിക്) എന്നാണ് പേര് ചേര്‍ത്തിരിക്കുന്നത്. SSLC സര്‍ട്ടിഫിക്കറ്റില്‍ ഈ പേരല്ല എന്ന സാങ്കേതിക പ്രശ്‌നം ഉന്നയിച്ച് പല അധികാരികളും അപേക്ഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നിഷേധിക്കുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മറ്റ് യാതൊരു സംവരണവും ലഭിക്കാത്ത ‘ജനറല്‍ കാറ്റഗറി’ എന്ന് ചേര്‍ത്തിരിക്കുന്ന എല്ലാവര്‍ക്കും മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെങ്കില്‍ ഈ സര്‍ട്ടിഫിക്കറ്റിന് അര്‍ഹതയുണ്ട്. ഇത് സംബന്ധിച്ച വ്യക്തമായ സര്‍ക്കാര്‍ ഉത്തരവ് 2022 മെയ് 07 ശനിയാഴ്ച പുറത്തിറങ്ങിയിട്ടുണ്ട്.അതുപ്രകാരം മുന്‍ ഉത്തരവുകളിലെ മുന്നാക്ക വിഭാഗത്തിലെ എന്നത് ഒഴിവാക്കി പകരം ‘സംവരണാനുസൃതം പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിലോ മറ്റ് പിന്നാക്ക വിഭാഗങ്ങളിലോ ഉള്‍പ്പെടാത്തതും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നതുമായ വിഭാഗം’ എന്ന് ഉപയോഗിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. അതിനാല്‍ SSLC സര്‍ട്ടിഫിക്കറ്റിലെ സമുദായ നാമം എന്തുതന്നെയാണെങ്കിലും ജനറല്‍ കാറ്റഗറി എന്ന് കൂടെ ചേര്‍ത്തിട്ടുണ്ടെങ്കില്‍ സാമ്പത്തിക മാനദണ്ഡമനുസരിച്ച് EWS സര്‍ട്ടിഫിക്കറ്റിന് അര്‍ഹതയുണ്ട്. ഇവയൊക്കെ സൂചിപ്പിച്ചിട്ടും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വീണ്ടും പ്രശ്‌നം ഉന്നയിക്കുകയാണെങ്കില്‍ ആദ്യം ഇടവക വികാരിയുടെ കത്ത് ഹാജരാക്കുക. എന്നിട്ടും സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെങ്കില്‍ തഹസീല്‍ദാര്‍ തുടങ്ങി ആവശ്യാനുസരണം മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുക.

സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റ്

കേന്ദ്ര സര്‍ക്കാരിനും കേരള സര്‍ക്കാരിനും വ്യത്യസ്തമായ സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകളാണ് ഉള്ളത്. ഇത് പ്രത്യേകം ശ്രദ്ധിക്കണം. സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റ്മാറി പോയതിന്റെ പേരില്‍ അഡ്മിഷന്‍ നഷ്ടപ്പെട്ട ഏതാനം വിദ്യാര്‍ത്ഥികളുടെ മുന്‍വര്‍ഷങ്ങളില്‍ ഉണ്ടായിട്ടുണ്ട്. കേരളത്തിന് ഇപ്പോള്‍ 4 സര്‍ട്ടിഫിക്കറ്റ് ഫോര്‍മാറ്റുകളാണ് ഉള്ളത്
ബിപിഎല്‍ – വിദ്യാഭ്യാസം
ബിപിഎല്‍ – തൊഴില്‍
എപിഎല്‍ – വിദ്യാഭ്യാസം
എപിഎല്‍ – തൊഴില്‍
ഇവ മാറിപ്പോകാതെ ശ്രദ്ധിക്കുക

കൂടാതെ വില്ലേജ് ഓഫീസില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് പൂര്‍ണമായും വ്യക്തമായുംപൂരിപ്പിച്ചിട്ടുണ്ടെന്നും വില്ലേജ് ഓഫീസറുടെ ഒപ്പ്, Name &Designation സീലുകള്‍, ഓഫീസ് സീല്‍ എന്നിവ യഥാസ്ഥാനത്ത്പതിപ്പിച്ചിട്ടുണ്ടെന്നും ഉറപ്പാക്കണം. അപേക്ഷിക്കുന്ന വ്യക്തിയുടെ ഫോട്ടോയും നിര്‍ബന്ധമായും സര്‍ട്ടിഫിക്കറ്റില്‍ ഒട്ടിച്ച് അതില്‍ വില്ലേജ് ഓഫീസറുടെ സീല്‍ വാങ്ങിയിരിക്കണം.

ആവശ്യമായ രേഖകള്‍

വിദ്യാര്‍ത്ഥി / അപേക്ഷകന്‍ /അപേക്ഷക (18 വയസ് പൂര്‍ത്തിയായിട്ടില്ലെങ്കില്‍മാതാപിതാക്കള്‍) നിശ്ചിത ഫോര്‍മാറ്റില്‍ EWS സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയും സത്യവാങ്മൂലവും സമര്‍പ്പിക്കുക. (അപേക്ഷയുടെ ഫോര്‍മാറ്റും, വില്ലേജ് ഓഫീസര്‍ പൂരിപ്പിച്ചു തരാനുള്ള സര്‍ട്ടിഫിക്കറ്റിന്റെ ഫോര്‍മാറ്റും ആവശ്യമുള്ളവര്‍ക്ക്www.carpchanganacherry.com എന്ന വെബ് സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.)

റേഷന്‍ കാര്‍ഡ്, സമുദായം തെളിയിക്കുന്ന രേഖ, ആധാര്‍ കാര്‍ഡ്, കരം അടച്ച രസീത്, ബാങ്ക് പാസ് ബുക്കുകളുടെ കോപ്പി എന്നിവ കയ്യില്‍ കരുതുക.

സാമ്പത്തിക വര്‍ഷം

സര്‍ക്കാര്‍ ഉത്തരവു പ്രകാരം നടപ്പു സാമ്പത്തിക വര്‍ഷത്തിനു തൊട്ടുമുമ്പുള്ള സാമ്പത്തിക വര്‍ഷത്തില്‍ പ്രസ്തുത മാനദണ്ഡങ്ങള്‍ക്കുള്ളില്‍ സ്വത്ത് വരുമാനങ്ങള്‍ ഉള്ള കുടുംബത്തിലെ വ്യക്തിയാണ് എന്നാണ് EWS സര്‍ട്ടിഫിക്കറ്റില്‍ സാക്ഷ്യപ്പെടുത്തേണ്ടത്. അതായത് 2022 ഡിസംബര്‍ മാസത്തില്‍ (നടപ്പ് സാമ്പത്തിക വര്‍ഷം 2022-23) സര്‍ട്ടിഫിക്കറ്റ് വാങ്ങുന്ന ഒരു വ്യക്തി 2021 ഏപ്രില്‍ 1 – 2022 മാര്‍ച്ച് 31 സാമ്പത്തിക വര്‍ഷത്തിലെ വിവരങ്ങളാണ് ബോധിപ്പിക്കേണ്ടത്. ഈ സര്‍ട്ടിഫിക്കറ്റിന് ഇഷ്യൂ ചെയ്യുന്ന തീയതി മുതല്‍ ആ സാമ്പത്തികവര്‍ഷം തീരുന്നതുവരെ ആയിരിക്കും കാലാവധി.

സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കില്‍ എന്തു ചെയ്യണം

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നമ്മള്‍ നല്‍കുന്ന അപേക്ഷകള്‍ക്ക് 10 ദിവസത്തിനകം മറുപടി ലഭിക്കേണ്ടതുണ്ട്. ഇതിനായി അപേക്ഷ നല്‍കുമ്പോള്‍ കൈപ്പറ്റ് രസീത് എഴുതി വാങ്ങുക. നിയമപ്രകാരം സര്‍ക്കാര്‍ ഓഫീസുകളില്‍ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്ക് ഉദ്യോഗസ്ഥര്‍ അവ കൈപ്പറ്റി എന്ന് രസീത് നല്‍കേണ്ടതുണ്ട്. തുടര്‍ന്ന് 7 ദിവസമായിട്ടും സര്‍ട്ടിഫിക്കറ്റ് നല്‍കാതിരിക്കുകയോ തടസങ്ങള്‍ ഉന്നയിക്കുകയോ ചെയ്താല്‍ വില്ലേജ് ഓഫീസറുടെ പക്കല്‍ നിന്നും എന്തുകൊണ്ട് സര്‍ടിഫിക്കറ്റ് നല്‍കാന്‍ സാധിക്കില്ല എന്നത്കാരണം സഹിതം എഴുതി വാങ്ങുക. നമ്മുടെ പക്ഷത്താണ് ന്യായം എന്നു തോന്നുന്നുവെങ്കില്‍ തഹസീല്‍ദാരുടെ അടുത്ത് പരാതി കൊടുക്കുക. അവിടെയും നീതി ലഭിക്കുന്നില്ലെങ്കില്‍ കളക്ടര്‍ക്ക് പരാതി നല്‍കുക.

EWS സംവരണം ഉള്ളതിനാല്‍ പഠനം അല്പം കുറഞ്ഞാലും അവസരം ലഭിക്കുമെന്ന തെറ്റിദ്ധാരണ പാടില്ല. EWS സംവരണത്തിന് അര്‍ഹരായവരില്‍ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുന്നവര്‍ മാത്രമേ 10% സീറ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുകയുള്ളൂ. ഏറ്റവും ആത്മാര്‍ത്ഥമായി തയ്യാറെടുക്കുക. സംവരണസീറ്റിലും ഓപ്പണ്‍ മെറിറ്റിലും ഒരുപോലെ അവസരം ലഭിക്കും.

തയ്യാറാക്കിയത്: ഫാ. ജയിംസ് കൊക്കാവയലില്‍
(ചങ്ങനാശേരി അതിരൂപതയിലെ കാര്‍പ്പ് (CARP) ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടറും സീറോ മലബാര്‍ പബ്ലിക് അ ഫയേഴ്‌സ് കമ്മീഷന്റെ അസി. സെക്രട്ടറിയുമാണ് ലേഖകന്‍)

മധുരിക്കും ചെറുതേന്‍ ബിസിനസ്

ചെറുതേനിന് ഇന്ന് വന്‍ ഡിമാന്റാണ്. നല്ല വിലയും ആവശ്യക്കാരെറെയും ഉണ്ടെങ്കിലും അത്രയും ഉല്‍പന്നം വിപണിയിലെത്തിക്കാന്‍ കര്‍ഷകര്‍ക്ക് സാധിക്കുന്നില്ല. വിപണിയിലെത്തുന്ന ചെറുതേനില്‍ കൂടുതലും വ്യാജനാണുതാനും.

പഴയ കെട്ടിടങ്ങളുടെയും തറയിലും മരപ്പൊത്തുകളിലുമൊക്കെയാണ് ചെറുതേന്‍ കൂടുകള്‍ കാണപ്പെടുക. അവിടെ നിന്ന് തറ പൊളിച്ചോ മരം മുറിച്ചോ ഒക്കെയാണ് തേനീച്ചകളെ കൂട്ടിലാക്കുന്നത്. ചിലപ്പോഴെങ്കിലും അനുകൂല സാഹചര്യമല്ലെന്നു കണ്ട് തേനീച്ചകള്‍ ഇത്തരം കൂട് ഉപേക്ഷിച്ച് പോകാറുമുണ്ട്. എന്നാല്‍ ശ്രദ്ധയോടെ കാര്യങ്ങള്‍ ചെയ്യുകയാണെങ്കില്‍ ഇത്തരം ചെറുതേനീച്ച കോളനികളെ നശിച്ചു പോകാത്ത വിധത്തില്‍ മറ്റൊരു കൂട്ടിലേക്ക് മാറ്റാനാകും.

ചെറുതേനീച്ചയുടെ കൂടുണ്ടാക്കിയ സ്ഥലം അടര്‍ത്തി മാറ്റാന്‍ പറ്റുന്നതാണെങ്കില്‍ ആദ്യം ചെയ്യേണ്ടത് ചെറുതേനീച്ച ഉണ്ടാക്കിയ പ്രവേശനക്കുഴല്‍ ശ്രദ്ധിച്ച് കേടുപാടു വരാതെ എടുത്ത് മാറ്റിവയ്ക്കുകയാണ്. ചെറുതേനീച്ചയുടെ കോളനി വളരെ ശ്രദ്ധിച്ച് പൊളിക്കുക. കൂട്ടിലെ ഈച്ചയ്ക്കോ മുട്ടയ്ക്കോ ക്ഷതം വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മരത്തിന്റെ പെട്ടി, മുളങ്കൂട്, മണ്‍കലം പോലുള്ള പുതിയ കൂട്ടിലേക്ക് മുട്ട, പൂമ്പൊടി, തേനറ എന്നിവയെല്ലാം എടുത്തുവയ്ക്കുക. റാണി ഈച്ചയെ കിട്ടുകയാണെങ്കില്‍ കൈകൊണ്ട് തൊടാതെ ചെറിയ പ്ലാസ്റ്റിക് കൂടോ കടലാസോ ഉപയോഗിച്ച് പിടിച്ച് പുതിയ കൂട്ടില്‍ വയ്ക്കുക. പുതിയ കൂടിന്റെ ദ്വാരത്തില്‍ അടര്‍ത്തി മാറ്റിവച്ച പ്രവേശനക്കുഴല്‍ ഒട്ടിക്കുക. ഈച്ചകള്‍ മുഴുവനും കയറിക്കഴിഞ്ഞ് സന്ധ്യയായാല്‍ യോജ്യമായ സ്ഥലത്തേക്കു മാറ്റിവച്ച് വളര്‍ത്താം.

പൊളിക്കാന്‍ കഴിയാത്ത സ്ഥലത്താണെങ്കില്‍ ഈച്ചകളെ സ്വാഭാവിക രീതിയില്‍ പ്രവേശിപ്പിക്കുന്നതിന് പറ്റിയ കൂട് വയ്ക്കേണ്ടിവരും. അതിന് ആദ്യം പ്രവേശനക്കുഴല്‍ അടര്‍ത്തിയെടുത്തു മാറ്റിവയ്ക്കുക. ഒരടി ഉയരമുള്ള മണ്‍കലമെടുത്ത് അടിയില്‍ ആണികൊണ്ട് ചെറിയ ദ്വാരമിടുക. ചെറുതേനീച്ചക്കൂടിന്റെ പ്രവേശനദ്വാരം നടുക്കുവരുന്ന രീതിയില്‍ മണ്‍കലം ഭിത്തിയോടോ തറയോടോ ചേര്‍ത്തു വയ്ക്കണം. മണ്‍കലത്തില്‍ ഉണ്ടാക്കിയ ദ്വാരത്തിലൂടെ മാത്രമേ ഈച്ച അകത്തേക്കും പുറത്തേക്കും പോകാന്‍ പാടുള്ളൂ.

അരിക് ഭാഗം മുഴുവന്‍ ചെളിയോ മെഴുകോ കൊണ്ട് അടയ്ക്കണം. ആറുമാസം കഴിയുന്നതോടെ കലത്തില്‍ പുതിയ കോളനി ഉണ്ടായിട്ടുണ്ടാകും. സന്ധ്യാസമയത്ത് മണ്‍കലം ഇളക്കിയെടുത്ത് വായ്ഭാഗം അടച്ച് യോജ്യമായ സ്ഥലത്ത് മാറ്റിവയ്ക്കാം.

ചില സ്ഥലങ്ങളില്‍ മണ്‍കലം വയ്ക്കാന്‍ സാധിച്ചെന്നു വരില്ല. അങ്ങനെയുള്ള സ്ഥലത്ത് ട്യൂബ് വഴി കെണിക്കൂട് വയ്ക്കേണ്ടി വരും. ചെറുതേനീച്ചക്കൂടിന്റെ പ്രവേശനദ്വാരം അടര്‍ത്തിമാറ്റി വയ്ക്കുക. ആ ദ്വാരത്തില്‍ ഒരു ഫണല്‍ അല്ലെങ്കില്‍ സുതാര്യമായ പ്ലാസ്റ്റിക് പൈപ്പ് (അഞ്ച് ഇഞ്ച്) ഘടിപ്പിക്കുക. രണ്ടുദിവസം ഈച്ച ഈ ഫണലിലൂടെ മാത്രമേ പുറത്തുപോകാന്‍ പാടുള്ളൂ.

രണ്ടുദിവസം കഴിഞ്ഞ് 14-15 ഇഞ്ച് നീളവും നാല് ഇഞ്ച് വീതിയും കാല്‍ ഇഞ്ച് കനവുമുള്ള ഒരു മരത്തിന്റെ കൂടുണ്ടാക്കി രണ്ടുവശങ്ങളിലും ഓരോ ദ്വാരമിടുക. ഒന്നര അടി നീളവും അര ഇഞ്ച് വണ്ണവുമുള്ള പ്ലാസ്റ്റിക് ട്യൂബെടുത്ത് ഒരറ്റം ഫണലിന്റെ വാല്‍ അല്ലെങ്കില്‍ പ്ലാസ്റ്റിക് പൈപ്പില്‍ ഘടിപ്പിക്കുക.

പ്ലാസ്റ്റിക് ട്യൂബിന്റെ മറ്റേ അറ്റം മരത്തിന്റെ കൂട്ടിലെ ദ്വാരത്തില്‍ രണ്ടിഞ്ച് ഉള്ളിലേക്കു തള്ളിവയ്ക്കുക. മരക്കൂടിന്റെ മറുവശത്തെ ദ്വാരത്തില്‍ പ്രവേശനക്കുഴല്‍ ഉറപ്പിച്ചു വയ്ക്കുക. ഈച്ച ഈ പ്രവേശനക്കുഴലിലൂടെ മരത്തിന്റെ കൂട്ടിലേക്കു കയറി പ്ലാസ്റ്റിക് ട്യൂബിലൂടെ ഭിത്തിയിലേക്കോ തറയിലേക്കോ പ്രവേശിക്കും. കൂടിന്റെ മുകളില്‍ വെയിലോ മഴയോ തട്ടാതെ ശ്രദ്ധിക്കണം.

ആറു മാസം കഴിഞ്ഞ് പെട്ടി തുറന്നുനോക്കി പെട്ടിയില്‍ റാണി, മുട്ട, പൂമ്പൊടി, തേനറ ഉണ്ടെങ്കില്‍ സന്ധ്യാസമയത്ത് ട്യൂബ് പെട്ടിയില്‍ നിന്നു വേര്‍പെടുത്തി ആ ദ്വാരം അടച്ചശേഷം യോജ്യമായ സ്ഥലത്തേക്കു മാറ്റിവയ്ക്കാം.

മാന്‍ഡ്രേക്ക് കഥയും കൃത്രിമ ബുദ്ധിയും

മാന്ത്രികനായ മാന്‍ഡ്രേക്ക് വായനക്കാര്‍ക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്ക്, ഇഷ്ടപ്പെട്ട ചിത്രകഥയാണ്. കംപ്യൂട്ടറുകളുടെ തുടക്കകാലമായ 1960കളില്‍ കംപ്യൂട്ടര്‍ കഥാപാത്രമായി ഒരു ചിത്രകഥ മാന്‍ഡ്രേക്ക് പരമ്പരയില്‍ വന്നു.

ഒരു നഗരത്തിലെ ജോലികള്‍ ചെയ്യാന്‍ ശാസ്ത്രജ്ഞര്‍ കംപ്യൂട്ടര്‍ നിര്‍മിച്ചു. ശാസ്ത്രജ്ഞരുടെ ഉത്തരവുകള്‍ ആനുസരിച്ച് ആദ്യം പ്രവര്‍ത്തിച്ചിരുന്ന കംപ്യൂട്ടര്‍ പിന്നീട് അനുസരിക്കാതായി. തന്നിഷ്ടം കാട്ടിത്തുടങ്ങിയ കംപ്യൂട്ടര്‍ മക്കളെയെന്നതുപോലെ കുട്ടിക്കംപ്യൂട്ടറുകളെ സൃഷ്ടിച്ച് നഗരത്തിലെ ജോലികളും ഭരണവും ഏറ്റെടുക്കുന്നു.

കംപ്യൂട്ടറിനെ ഒതുക്കുന്ന ജോലി മാന്‍ഡ്രേക്കും സഹായി ലോതറും ഏറ്റെടുക്കുന്നു. മാന്ത്രികമായ അംഗവിക്ഷേപങ്ങള്‍ ഫലിക്കാതായപ്പോള്‍ ലോതര്‍ കവണയില്‍ കല്ല് തൊടുത്തുവിട്ട് അമ്മ കംപ്യൂട്ടറിന്റെ കണ്ണും തലച്ചോറും തകര്‍ക്കുന്നു. അമ്മ അങ്ങനെ ചാകുന്നു. അമ്മ ഇല്ലാതായതോടെ അമ്മയുമായി ബന്ധപ്പെട്ട കുട്ടിക്കംപ്യൂട്ടറുകളും ചത്തു. അങ്ങനെ നഗരം രക്ഷപ്പെടുന്നു.

കംപ്യൂട്ടറിന്റെ തുടക്ക കാലത്ത് ലീഫാക്കും ഫ്രെഡറിക്സും (അവരാണ് അക്കാലത്ത് മാന്‍ഡ്രേക്ക് പരമ്പരയ്ക്ക് ആശയം കൊടുക്കുകയും ചിത്രീകരണം നടത്തുകയും ചെയ്തിരുന്നത്) ഭാവനയില്‍ കണ്ടത് മറ്റൊരു വിധത്തില്‍ യാഥാര്‍ത്ഥ്യമാകുമോ എന്ന പേടിയിലാണ് സാമൂഹിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വിദഗ്ധര്‍.

കൃത്രിമ മനുഷ്യബുദ്ധി അണുബോംബിനേക്കാള്‍ മാരകമാകുമോ എന്നു വരെ പലരും സംശയം പ്രകടിപ്പിക്കുന്നു. മനുഷ്യന്‍ യന്ത്രത്തിന് നല്‍കിയ ബുദ്ധിയാണ് ഡിജിറ്റല്‍ കാലത്ത് നമ്മുടെ ജീവിതം നിയന്ത്രിക്കുന്നത്. കണക്കു കൂട്ടാന്‍, ടിക്കറ്റ് ബുക്ക് ചെയ്യാന്‍, ശസ്ത്രക്രിയ നടത്താന്‍… ഇങ്ങനെ കംപ്യൂട്ടറുകള്‍ മനുഷ്യ ജീവിതത്തെ ദിവസവും അടിമുടി മാറ്റിമറിച്ചും നവീകരിച്ചും കൊണ്ടിരിക്കുന്നു. ഡിജിറ്റല്‍ ലോകം അറിയാത്തവന് ഇനി ദൈനംദിന ജോലികള്‍ നടത്തിക്കൊണ്ടു പോകാന്‍ കഴിയില്ല.

ഇന്റര്‍നെറ്റിലൂടെ മനുഷ്യരാശി ഒന്നാകെ ഒരു വലയിലായി. സോഷ്യല്‍ മീഡിയകളിലൂടെ സൗഹൃദങ്ങളും വ്യാപാരങ്ങളും നടക്കുന്നു. ഇത് കൂടിക്കൂടി മനുഷ്യര്‍ തമ്മിലുള്ള യഥാര്‍ത്ഥ ജൈവികബന്ധം ആവശ്യമില്ല എന്ന ഘട്ടത്തിലേക്ക് നീങ്ങുന്നതാണ് സാമൂഹിക ചിന്തകരെ അലട്ടുന്ന വിഷയം.

അയല്‍ക്കാരനെ അറിയില്ല, നെറ്റിലൂടെ പരിചയപ്പെട്ട, ഇതുവരെ കണ്ടിട്ടില്ലാത്ത അമേരിക്കക്കാരനെ അറിയാം എന്നതാണ് സ്ഥിതി. നാട്ടിലുള്ള ചെറുപ്പക്കാരന്‍ മരിച്ച അവസരത്തില്‍ എന്തായിരുന്നു അയാളുടെ അസുഖം എന്നു തിരക്കിയപ്പോള്‍ ‘അയ്യോ, അയാളു മരിച്ചോ, എന്നിട്ട് പത്രത്തിലോ ചാനലിലോ കണ്ടില്ലല്ലോ’ എന്നായിരുന്നു മരിച്ച ആളിന്റെ ഇടവകക്കാരനായ ഒരാളുടെ മറുപടി. ഗ്രാമീണരും അവര്‍ അറിയാതെ മാറിക്കൊണ്ടിരിക്കുന്നു. സാമൂഹിക ബന്ധങ്ങളുടെ കെട്ടുകള്‍ അഴിഞ്ഞ് യാന്ത്രികരാകുന്നു.

മാതാപിതാക്കന്‍മാരേക്കാളും അധ്യാപകരെക്കാളും ആകര്‍ഷകരായ ഗുരുക്കന്മാര്‍ നെറ്റിലുണ്ട്. മണിക്കൂറുകളോളം നെറ്റില്‍ ചിലവഴിച്ച് ‘നെറ്റ് അഡിക്ഷനി’ലാകുന്നവരെ ചികിത്സാ കേന്ദ്രങ്ങളിലേക്ക് എത്തിക്കേണ്ടിവരുന്നു.

മനുഷ്യന്‍ സ്വന്തമായുള്ള ബുദ്ധിയും അവന്‍ സൃഷ്ടിച്ച കൃത്രിമ ബുദ്ധിയും ഒരേ സമയം ഉപയോഗിക്കുന്നു. രണ്ടിനെയും വേര്‍തിരിക്കുന്ന അതിര്‍വരമ്പ് ലോലമാണ്. ഒന്ന് മറ്റൊന്നാണെന്നു തോന്നിപ്പോകാം. ചിന്തയോ ധ്യാനമോ ഇല്ലാത്ത വ്യക്തിക്ക് കൃത്രിമ ബുദ്ധിയാണ് വിവേചന ശക്തിയുള്ള സ്വന്തം ബുദ്ധിയേക്കാള്‍ മികച്ചതെന്നു തോന്നിച്ചേക്കാം. ആധുനിക പിശാചിന്റെ ഈ തന്ത്രത്തില്‍ വീണു പോയാല്‍ അവന്‍ പിന്നെ യന്ത്രത്തിന്റെ താളത്തിനൊത്തു നീങ്ങുന്ന പാവയായി.

ഇങ്ങനെയുള്ളവരെയാണ് കമ്പോളത്തിന് ആവശ്യം. ഇവര്‍ മാര്‍ക്കറ്റില്‍ കാണുന്നതെല്ലാം വാങ്ങിക്കൂട്ടും. സാമ്പത്തിക ചതിക്കുഴിയില്‍ വീണ് ധനനഷ്ടമുണ്ടാക്കും. കൂട്ടായ്മകള്‍ നഷ്ടപ്പെട്ട് ആത്മീയമായും ഭൗതികമായും പാപ്പരാകും.

സമൂഹത്തിന്റെ സുഗമമായ വളര്‍ച്ചയ്ക്കും തുടര്‍ച്ചയ്ക്കുമാണ് കാലം മൂല്യങ്ങളെ വളര്‍ത്തിയെടുക്കുന്നത്. എന്തും ചെയ്യാന്‍ സ്വാതന്ത്ര്യമില്ല. അത് അരാജകത്വമാണ്. ഇക്കാര്യത്തിലുള്ള വിവേചനം നഷ്ടപ്പെടുമ്പോഴാണ് ചുംബന സമരവും ആലിംഗന സമരവും അരങ്ങേറുന്നത്.

യന്ത്രസൗഹൃദമാണ് ശരിയായ സൗഹൃദമെന്നു കരുതിയവര്‍ അവസാനം ഒറ്റപ്പെട്ടവരായേക്കാം. പറുദീസയുടെ സൗഭാഗ്യങ്ങള്‍ ചുറ്റും ധാരാളിത്തം ചൊരിഞ്ഞു നില്‍ക്കുമ്പോള്‍ ഏകാന്ത ദുഃഖം അനുഭവിച്ച ആദത്തെപ്പോലെ അവന്‍ ആള്‍ക്കൂട്ടത്തില്‍ തനിച്ചാകുന്നു. ധനവും സൗകര്യങ്ങളും കൂടുന്നതിനനുസരിച്ച് മനുഷ്യന്‍ കൂടുതല്‍ ഒറ്റപ്പെടുന്നത് വിധിവൈപരീത്യം തന്നെ!

ഡിജിറ്റല്‍ ലോകവും സോഷ്യല്‍ മീഡിയകളും നമ്മുടെ ജീവിതത്തിലും ബന്ധങ്ങളിലും നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്നു. ഈ അനുഭവത്തില്‍ നിന്നു മാറി നില്‍ക്കുവാനോ ഈ അവസ്ഥ ഒഴിവാക്കാനോ ആവില്ല.
എന്നാല്‍ വിവേചനശേഷി കൈവിടാതിരിക്കാം. കത്തികൊണ്ട് കറിക്കരിയാം. സ്വയം കുത്തി മരിക്കാം. രണ്ടില്‍ ഏതെന്നു തീരുമാനിക്കുന്നത് കത്തി കയ്യിലുള്ള ആളാണല്ലോ.

പരേതനുവേണ്ടി എത്രനാള്‍ കുര്‍ബാന ചൊല്ലണം?

സകല മരിച്ചവരെയും പ്രത്യേകിച്ച് ശുദ്ധീകരണാത്മാക്കളെയും ഓര്‍ത്ത് പ്രാര്‍ത്ഥിക്കുന്ന നല്ല പതിവ് ആഗോള സഭയിലെന്നപോലെ നമ്മുടെ സഭയിലും നിലവിലുണ്ട്. ട്രെന്റ് സൂനഹദോസ് അതിന്റെ 25-ാമത്തെ സെക്ഷനില്‍ ശുദ്ധീകരണ സ്ഥലം ഉണ്ട് എന്നും, വിശ്വാസികളുടെ പ്രാര്‍ത്ഥന വഴിയും പ്രത്യേകിച്ച് അള്‍ത്താരയില്‍ അനുദിനമര്‍പ്പിക്കുന്ന ദിവ്യബലികളിലൂടെയും ശുദ്ധീകരണാത്മാക്കളെ സഹായിക്കാന്‍ സാധിക്കുമെന്നും വ്യക്തമായി പഠിപ്പിക്കുന്നു. സ്വര്‍ഗ്ഗത്തിനും നരകത്തിനുമിടയില്‍ ശുദ്ധീകരണ സ്ഥലമുണ്ടെന്നും അവിടെയുള്ളവരുടെ പാപക്കറകളും താല്‍ക്കാലിക ശിക്ഷകളും തീരുന്നതിനായി ഈ ലോകത്തില്‍ ജീവിക്കുന്ന എല്ലാ മനുഷ്യര്‍ക്കും തങ്ങളുടെ പ്രാര്‍ത്ഥനയും ത്യാഗപ്രവൃത്തികളും വഴി സാധിക്കുമെന്നും തിരുസഭ പഠിപ്പിക്കുന്നു.

പഴയ നിയമത്തില്‍, യുദ്ധത്തില്‍ മരിച്ചവര്‍ക്കുവേണ്ടി പാപപരിഹാര കര്‍മ്മം ചെയ്യുന്നതിന് യൂദാസ് രണ്ടായിരത്തോളം ദ്രാക്മ വെള്ളി പിരിച്ചെടുത്ത് ജറുസലേം ദൈവാലയത്തിലേയ്ക്ക് അയച്ചുകൊടുത്തതായി (2 മക്കബായര്‍ 12:43-44) നമ്മള്‍ വായിക്കുന്നു. സഭാ പിതാക്കന്മാരുടെ പഠനങ്ങളിലും മരിച്ചവര്‍ക്കുവേണ്ടിയുള്ള ബലിയര്‍പ്പണത്തെയും പ്രാര്‍ത്ഥനയെയും കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. മോനിക്ക പുണ്യവതി തന്റെ മകനായ വിശുദ്ധ അഗസ്റ്റിനോട് പറയുന്ന കാര്യം ശ്രദ്ധേയമാണ്: ”കര്‍ത്താവിന്റെ ബലിപീഠത്തില്‍ എന്നെ ഓര്‍ക്കാന്‍ മറക്കരുത്”. വി. അഗസ്റ്റിന്‍ തന്റെ അമ്മയ്ക്കുവേണ്ടി ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നു: ”എന്റെ ഹൃദയനാഥനായ ദൈവമേ, എന്റെ അമ്മയുടെ പാപങ്ങള്‍ക്കുവേണ്ടി ഞാന്‍ അപേക്ഷിക്കുന്നു… അവര്‍ സമാധാനത്തിലായിരിക്കട്ടെ! ഇതു വായിക്കുന്ന അനേകായിരങ്ങള്‍ അങ്ങേ ബലിപീഠത്തില്‍ അങ്ങയുടെ ദാസിയായ മോനിക്കയെ ഓര്‍മ്മിക്കട്ടെ!”. സഭാപിതാക്കന്മാരായ തെര്‍ത്തുല്ല്യാന്‍, വിശുദ്ധ എഫ്രേം, വിശുദ്ധ ജോണ്‍ ക്രിസോസ്റ്റം എന്നീ പിതാക്കന്മാരും മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു.

ഈ വിശ്വാസത്തിന്റെ പശ്ചാത്തലത്തിലാണ് മരിച്ചവര്‍ക്കുവേണ്ടി ബലിയര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്ന പാരമ്പര്യം നമ്മുടെ വിശ്വാസത്തിന്റെ ഭാഗമാകുന്നത്. ഒരു വ്യക്തിയുടെ മരണശേഷം തുടര്‍ച്ചയായ ദിവസങ്ങളിലും, പ്രത്യേക അനുസ്മരണ ദിവസങ്ങളിലും, മരണ വാര്‍ഷികത്തിലും കുര്‍ബാന അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ മരിച്ച വ്യക്തിയുടെ പരിഹരിക്കപ്പെടാത്ത പാപങ്ങള്‍ ദൈവം ക്ഷമിച്ച് സ്വര്‍ഗ്ഗഭാഗ്യത്തിലേയ്ക്ക് പ്രവേശിപ്പിക്കുന്നു എന്ന് സഭ വിശ്വസിക്കുന്നു.

മരിച്ചുപോയ ഒരു വ്യക്തിക്കുവേണ്ടി എത്രകാലം കുര്‍ബാനയര്‍പ്പിക്കണം എന്ന ചോദ്യം സാധാരണ കേള്‍ക്കുന്നതാണ്. മരിച്ച വ്യക്തിയുമായി ബന്ധപ്പെട്ടവര്‍ ജീവിച്ചിരിക്കുന്നിടത്തോളം എന്നതാണ് ഇതിനുള്ള ഉത്തരം. ഒരു വ്യക്തിയുടെ ആത്മാവിന്റെ അവസ്ഥ മനുഷ്യന് മനസ്സിലാക്കാന്‍ കഴിയാത്തതുകൊണ്ടും, ദൈവിക കാരുണ്യം ചൊരിയപ്പെടുന്ന സമയം മാനുഷികമായി കണക്കുകൂട്ടാന്‍ സാധിക്കാത്തതുകൊണ്ടുമാണിത്. അതേസമയം, നമ്മള്‍ പ്രാര്‍ത്ഥിക്കുന്ന വ്യക്തി സ്വര്‍ഗ്ഗരാജ്യത്തിലേയ്ക്ക് കടന്നുപോയതിനുശേഷം ആ വ്യക്തിക്കുവേണ്ടി അര്‍പ്പിക്കുന്ന ബലികളും പ്രാര്‍ത്ഥനകളും പാഴായിപ്പോകില്ലെന്നും നമുക്കു പ്രിയപ്പെട്ടവരുടെയും ശുദ്ധീകരണാത്മാക്കളുടെയും മോക്ഷപ്രാപ്തിക്കായി പ്രയോജനപ്പെടുമെന്നും തിരുസഭ പഠിപ്പിക്കുന്നു. നമ്മുടെ പ്രാര്‍ത്ഥനാ സഹായത്താല്‍ ദൈവത്തെ മുഖാമുഖം കാണുന്ന ആത്മാക്കള്‍ പിന്നീട് നമുക്കുവേണ്ടി സ്വര്‍ഗ്ഗത്തിലിരുന്ന് പ്രാര്‍ത്ഥിക്കുമെന്നും നമ്മള്‍ വിശ്വസിക്കുന്നു.

കുര്‍ബാന ധര്‍മ്മം അഥവാ കുര്‍ബാനപ്പണം എന്നത് തങ്ങളുടെ നിയോഗങ്ങള്‍ക്കുവേണ്ടിയുള്ള കുര്‍ബാനയര്‍പ്പണത്തിന് വിശ്വാസികള്‍ തങ്ങളുടെതായ രീതിയില്‍ പുരോഹിതന് നല്‍കുന്ന കാഴ്ചയാണ് (CCEO, c. 715). പുരോഹിതന്‍ തങ്ങളുടെ സംരക്ഷണത്തിനായി ഇത് ഉപയോഗിച്ചുവരുന്നു. എന്നാല്‍, സഭാനിയമം c.716 ല്‍ പറയുന്നത് ശ്രദ്ധേയമാണ്. വിശ്വാസികള്‍ നല്‍കുന്ന കുര്‍ബാന ധര്‍മ്മം സ്വീകരിച്ച് വിശുദ്ധ ബലിയര്‍പ്പിക്കുമ്പോള്‍ത്തന്നെ, പ്രത്യേകിച്ച് കുര്‍ബാന ധര്‍മ്മം സ്വീകരിക്കാതെതന്നെ പാവങ്ങള്‍ക്കായി അവരുടെ നി
യോഗാര്‍ത്ഥം ബലിയര്‍പ്പിക്കാന്‍ ഓരോ വൈദികനും തയ്യാറാകണം. അതേ സമയം കുര്‍ബാന ധര്‍മ്മത്തിന്റെ ഏകീകരണം, ഒരേ പ്രദേശത്തുള്ള വിവിധ സഭകള്‍ തമ്മിലുള്ള ധാരണപ്രകാരം (CCEO, c. 1013), നടപ്പില്‍ വരുത്തിയിരിക്കുന്നത് പരസ്പര ധാരണയില്‍ സഭകള്‍ പ്രവര്‍ത്തിക്കുന്നതിനും, സംശയങ്ങള്‍ ദൂരീകരിക്കുന്നതിനുമാണ്. കേരള കത്തോലിക്ക മെത്രാന്‍ സമിതിയാണ് കേരളത്തിലെ കുര്‍ബാനധര്‍മ്മം നിശ്ചയിക്കുന്നത്.

കുര്‍ബാന ചൊല്ലുന്നതിന് കടമയേല്‍ക്കുന്ന വൈദികന്‍ ഏറ്റെടുത്ത കുര്‍ബാനയെക്കുറിച്ചും, ചൊല്ലിത്തീര്‍ത്ത കുര്‍ബാനയെക്കുറിച്ചുമുള്ള കൃത്യമായ കണക്ക് ഇതിനായി തയ്യാറാക്കിയിരിക്കുന്ന കുര്‍ബാന കണക്കുപുസ്തകത്തില്‍ എഴുതുകയും, ഈ കണക്കുപുസ്തകം വാര്‍ഷിക ധ്യാനാവസരത്തില്‍ പരിശോധനയ്ക്കു വിധേയമാക്കേണ്ടതുമാണ്.

വാഴയ്ക്കും ‘കോളര്‍’

വാഴക്കര്‍ഷകര്‍ക്ക് കൃഷി നാശം വരാതെ സഹായിക്കുന്ന
കണ്ടുപിടുത്തമായ കോളര്‍ റിങ്ങുകളെ പരിചയപ്പെടാം

മുടക്കുന്ന പണത്തിന് താങ്ങ് കൊടുത്തില്ലെങ്കില്‍ സര്‍വവും നഷ്ടത്തിലാക്കുന്ന കൃഷിയാണ് വാഴക്കൃഷി. യഥാസമയം താങ്ങു കൊടുത്തില്ലെങ്കില്‍ ഒരു വരള്‍ച്ച വന്നാല്‍, നല്ലൊരു കാറ്റു വീശിയാല്‍ സര്‍വതും നിലം പതിക്കും. ഒപ്പം വായ്പയെടുത്തും പണയം വച്ചും നടത്തിയ വാഴക്കൃഷി തിരിച്ചു പിടിക്കാനാകാത്ത വിധം നഷ്ടത്തിലാകുകയും ചെയ്യും.

ഒന്നോ രണ്ടോ വാഴകളല്ല, നൂറും ആയിരവും വാഴകള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ഈ വാഴകള്‍ മുഴുവന്‍ താങ്ങ് കൊടുത്ത് നിര്‍ത്താന്‍ ഏറെ കഷ്ടപ്പെടേണ്ടി വരും. അത്രയും താങ്ങു കാലുകള്‍ ലഭിക്കാന്‍ മുളയോ, കമുകോ സംഘടിപ്പിക്കാനുള്ള പെടാപ്പാട് അതിലേറെ. താങ്ങു കാലുകളാകട്ടെ ഒന്നോ രണ്ടോ വര്‍ഷത്തില്‍ കൂടുതല്‍ ഈടു നില്‍ക്കില്ല. ഈ വരള്‍ച്ചക്കാലത്ത് ശരിയായ നന ലഭിക്കാതെ ഒടിഞ്ഞു വീഴുന്ന വാഴകളേറെ. ഇതു കഴിഞ്ഞ് മഴ തുടങ്ങിയാലോ… കാറ്റടിച്ച് വീണു പോകുന്നവ വേറെ. ഇപ്പോള്‍ വീതിയുള്ള പ്ലാസ്റ്റിക് നാട ഉപയോഗിച്ച് ഓരോ വാഴയും വലിച്ചു കെട്ടുന്ന രീതി പ്രചാരത്തിലു ണ്ട ്. നാലു വശത്തും ചെറിയ കുറ്റികളടിച്ച് അതിലാണ് വലിച്ചു കെട്ടുക. ഇത് പ്രായോഗികമാണെങ്കിലും വലിയ കാറ്റില്‍ വാഴകള്‍ വീണു പോകന്നത് സാധാരണമാണ്.

ഈ പ്രതിസന്ധിക്ക് പരിഹാരമായിട്ടാണ് കോളര്‍ റിങ്ങുകളുടെ രംഗപ്രവേശം. ആറേഴു മാസം പ്രായമായ വാഴകളുടെ ഇലക്കവിളുകളെ ചേര്‍ത്ത് ബന്ധിപ്പിക്കാന്‍ പറ്റുന്ന രീതിയിലാണ് കോളര്‍ റിങ്ങുകള്‍ ഉറപ്പിക്കുക. പിന്നീട് ഈ റിങ്ങുകളെ പരസ്പരം നാലു ഭാഗത്തും കയറുകളുപയോഗിച്ച് വലിച്ചു കെട്ടുന്നു. വാഴത്തോട്ടത്തിലെ ഏറ്റവും അവസാന വരിയിലുള്ള വാഴകളിലെ റിങ്ങുകള്‍ വാഴത്തോട്ടത്തിനു ചുറ്റുമുള്ള തെങ്ങുകളിലോ ചെറിയ കമ്പുകള്‍ തറച്ച് അതിലോ വലിച്ചു കെട്ടുന്നു. ഇപ്രകാരം ചെയ്യുന്നതു മൂലം ശക്തമായ കാറ്റില്‍ പോലും വാഴ ഒടിഞ്ഞു വീഴില്ല. ഒരു വാഴയ്ക്ക് മറ്റൊന്ന് എന്ന രീതിയില്‍ ഒരു തോട്ടം മുഴുവന്‍ ഒന്നായി പരസ്പരം സംരക്ഷിക്കുന്നു. തടതുരപ്പന്‍ പുഴുവിന്റെ ആക്രമണമുണ്ടെങ്കില്‍പ്പോലും വാഴ ഒടിഞ്ഞു വീഴില്ല. അലൂമിനിയം കോട്ടിങ്ങുള്ള കമ്പി കൊണ്ടാണ് കോളര്‍ റിങ്ങുകള്‍ നിര്‍മിക്കുന്നത്. 10 വര്‍ഷത്തോളം കേടു കൂടാതെ ഉപയോഗിക്കാം.

ഈസ്റ്റര്‍ ആഘോഷം ഇങ്ങനെയും

ഈസ്റ്റര്‍ ആഘോഷവുമായി ബന്ധപ്പെട്ട് രസകരമായ പല ആചാരങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലവിലുണ്ട്. അവയെ പരിചയപ്പെടാം

സ്വീഡന്‍
വിശുദ്ധ വാരത്തില്‍ ദുര്‍മന്ത്രവാദികളെ അനുസ്മരിപ്പിക്കുന്ന വിധം വസ്ത്രങ്ങളണിഞ്ഞ് കുട്ടികള്‍ അയല്‍ വീടുകള്‍ കയറിയിറങ്ങും. ചിത്രങ്ങളും പെയിന്റിങുകളും മറ്റും വില്‍ക്കുകയാണ് ഊരുചുറ്റലിന്റെ ലക്ഷ്യം. പണത്തിനു പകരം മിഠായികളാണ് കുട്ടികള്‍ക്ക് വിലയായി ലഭിക്കുക.

അമേരിക്ക
വൈറ്റ് ഹൗസിലെ തെക്കേ മൈതാനത്ത് കുട്ടികള്‍ക്കായുള്ള ഈസ്റ്റര്‍ എഗ്ഗ് മത്സരങ്ങള്‍ നടത്തിവരുന്നു. പുഴുങ്ങിയ മുട്ടയില്‍ ചായം തേച്ച് വലിയ സ്പൂണിന്റെ സഹായത്തോടെ പച്ചപ്പുല്‍മൈതാനത്തിലൂടെ ഉരുട്ടി ലക്ഷ്യ സ്ഥാനത്ത് എത്തിക്കുകയെന്നതാണ് ഒരു മത്സരം. ഓരോ വര്‍ഷവും ഒരു പ്രത്യേക തീം നിശ്ചയിച്ചാണ് മത്സരങ്ങള്‍ നടത്തുന്നത്.

നോര്‍വെ
ഈസ്റ്റര്‍ അവധിക്കാലം നോര്‍വെക്കാര്‍ക്ക് ക്രൈം നോവലുകള്‍ വായിക്കാനുള്ള സമയമാണ്. ഈസ്റ്ററിനോടനുബന്ധിച്ച് പ്രത്യേക ക്രൈം ത്രില്ലര്‍ നോവലുകള്‍ പ്രസാധകര്‍ വിപണിയിലെത്തിക്കും. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതലാണ് ഇത്തരം ഒരു പതിവ് നിലവില്‍ വന്നതെന്ന് പറയപ്പെടുന്നു.

ഫ്രാന്‍സ്
ഈസ്റ്റര്‍ കഴിഞ്ഞുള്ള തിങ്കളാഴ്ച ഫ്രാന്‍സിലെ പടിഞ്ഞാറന്‍ നഗരമായ ഹോക്‌സില്‍ 4,500 മുട്ടകള്‍ കൊണ്ടുള്ള ഭീമന്‍ ഓംലറ്റ് പാകം ചെയ്യും. നഗരത്തിലുള്ളവരെല്ലാം ഓംലറ്റ് രുചിക്കും. ഒരിക്കല്‍ നെപ്പോളിയനും സൈന്യവും ഇവിടെ എത്തിയെന്നും ഓംലറ്റ് കഴിച്ച നെപ്പോളിയന്‍ രുചിയില്‍ മതിമറന്ന് സൈന്യത്തിനായി കൂറ്റന്‍ ഓംലറ്റ് ഉണ്ടാക്കുവാന്‍ ഉത്തരവിട്ടെന്നുമുള്ള കഥയുടെ ചുവടു പിടിച്ചാണ് ഇത്തരമൊരു ആഘോഷം.

പോളണ്ട്
ബക്കറ്റില്‍ വെള്ളം നിറച്ച് പരസ്പരം വെള്ളം ചീറ്റിത്തെറിപ്പിച്ച് നനയ്ക്കുകയാണ് ഈസ്റ്റര്‍ കഴിഞ്ഞുള്ള തിങ്കളാഴ്ചത്തെ പ്രധാന പരിപാടി. എഡി 966-ല്‍ ജീവിച്ചിരുന്ന പോളിഷ് രാജകുമാരന്റെ മാമോദീസയുമായി ബന്ധപ്പെട്ടാണ് ഈ വെള്ളം കളി ആചാരം തുടങ്ങിയതെന്ന് പറയപ്പെടുന്നു.

രുചികരമായ പെസഹാ വിഭവങ്ങള്‍ തയ്യാറാക്കാം

സുറിയാനി ക്രിസ്ത്യാനികള്‍ക്ക് മാത്രമുള്ളതും, അവര്‍ നൂറ്റാണ്ടുകളായി ആചരിച്ചു വരുന്നതുമായ ഒരു അനുഷ്ഠാനമാണ് പെസഹാ അപ്പം മുറിക്കല്‍. ഇതിനായി വിഭവങ്ങള്‍ എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം.

ഇന്‍ഡറിയപ്പം

ചേരുവകള്‍
1. അരിപ്പൊടി വറുത്തത്- നാലു ഗ്ലാസ്
2. ഉഴുന്ന്- ഒരു ഗ്ലാസ്
3. തേങ്ങ – നാല്
4. വെളുത്തുള്ളി, ചുവന്നുള്ളി – അരച്ചെടുത്തത് പാകത്തിന്
5. ജീരകം- പാകത്തിന് അരച്ചെടുത്തത്

പാചകം ചെയ്യുന്ന വിധം
തേങ്ങ മിക്‌സിയില്‍ ഒതുക്കിയെടുക്കുക. വറുത്ത അരിപ്പൊടി ചൂടുവെള്ളത്തില്‍ കുഴച്ചെടുക്കുക. അരച്ചെടുത്ത വെളുത്തുള്ളിയും ജീരകവും തേങ്ങയും പാകത്തിന് ഉപ്പും ചേര്‍ത്ത് അരിപ്പൊടി കുഴച്ചതില്‍ ചേര്‍ത്തിളക്കി മയം വരുത്തിയ ശേഷം വെളുത്തുള്ളിയുടെ രുചി വരത്തക്കവിധം ചേര്‍ത്ത് വാഴയിലയില്‍ പരത്തി മടക്കിയെടുത്ത് അപ്പച്ചെമ്പില്‍ വച്ച് വേവിച്ചെടുക്കാവുന്നതാണ്.

കുരിശപ്പം

കുരിശപ്പം തയ്യാറാക്കാന്‍ ഇന്‍ട്രി അപ്പത്തിനു പാകപ്പെടുത്തി വച്ചിരിക്കുന്നതില്‍ നിന്നും ഒരു ഭാഗം പൊടി
കുഴച്ചത് നല്ല സ്റ്റീല്‍ പ്ലെയിറ്റിലോ, വാഴയിലയിലോ പാകത്തിന് വലിപ്പത്തില്‍ എടുത്ത് അപ്പചെമ്പില്‍ വേവിച്ചെടുക്കുക. കുരിശാകൃതിയില്‍ കുരുത്തോല മുറിച്ചെടുത്ത് ഈ അപ്പത്തിന്റെ നടുവില്‍വെക്കണം.

വട്ടയപ്പം

ചേരുവകള്‍
1. അരി-ഒരു കിലോ
2. പഞ്ചസാര-500 ഗ്രാം
3. ചോറ് -ഒരു ഗ്ലാസ്
4. യീസ്റ്റ് -അര സ്പൂണ്‍
5. ഏലക്ക -ആവശ്യത്തിന്
6. തേങ്ങാപ്പാല്‍- ഒന്നര തേങ്ങ

പാചകം ചെയ്യുന്ന വിധം
അരി വെള്ളത്തിലിട്ട് 2 മണിക്കൂര്‍ കുതിര്‍ന്ന ശേഷം കഴുകി അരിപ്പയില്‍ വാരി വെക്കുക. അരി, ചോറ്, ഏലക്ക ഇവ മൂന്നും കൂടി തേങ്ങാപ്പാലില്‍ നന്നായി അരച്ചെടുക്കുക. (വെള്ളം അധികമാകാന്‍ പാടില്ല). അരച്ച മാവിലേക്ക് പഞ്ചസാര, ഉപ്പ്, യീസ്റ്റ് ഇവ ചേര്‍ത്ത് നന്നായി ഇളക്കി വെക്കുക. മാവ് പൊന്തി വന്നതിനു ശേഷം നന്നായി ഇളക്കി കൊടുക്കുക. അതിനുശേഷം അര മണിക്കൂര്‍ കഴിഞ്ഞ് അപ്പചെമ്പില്‍ പുഴുങ്ങി എടുക്കാവുന്നതാണ്.

പെസഹാ പാല്‍

പത്ത് ഗ്ലാസ് പാല്‍ തയ്യാറാക്കുന്നതിനായി 2തേങ്ങ ചിരകിയെടുത്ത് പാല്‍ പിഴിഞ്ഞ്, അരിച്ചെടുത്ത് ശര്‍ക്കര ഉരുക്കിയത്, ജീരകം, ചുക്ക് അരച്ചത് ഇവ ഒരുമിച്ച് യോജിപ്പിച്ച് തിളപ്പിക്കുക. കൊഴുപ്പു കൂടുവാന്‍ അല്‍പം അരിപ്പൊടിയും ചേര്‍ക്കാവുന്നതാണ്.

Exit mobile version