കേന്ദ്ര സര്‍വീസിലേക്ക് പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം

കേന്ദ്ര സര്‍വീസില്‍ മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (നോണ്‍ ടെക്‌നിക്കല്‍), ഹവല്‍ദാര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. ജൂലൈ 21നകം അപേക്ഷിക്കണം.

മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് (നോണ്‍ ടെക്‌നിക്കല്‍) തസ്തികയില്‍ 1198 ഒഴിവുകളുണ്ട്. പത്താം ക്ലാസാണ് യോഗ്യത. പ്രായപരിധി 18 – 25. ഹവല്‍ദാന്‍ തസ്തികയില്‍ 360 ഒഴിവുകളുണ്ട്. പത്താം യോഗ്യതയുള്ള 27 വയസ് കവിയാത്ത പ്രായപൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം.

കേരളത്തില്‍ എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷാ ഫീസ് 100 രൂപ. ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജൂലൈ 22. സെപ്റ്റംബറിലാകും പരീക്ഷ.
https://ssc.nic.in/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.

താമരശ്ശേരി രൂപതയുടെ ഹെല്‍പ് ഡെസ്‌ക് സംരംഭമായ എയ്ഡര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മേല്‍പ്പറഞ്ഞ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള സഹായം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും തന്നിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. https://aiderfoundation.org/service/ssc-vacancy-2023-july (എയ്ഡര്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തി സമയം രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെയാണ്)

പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ന്യൂട്രീഷണല്‍ കൗണ്‍സിലിങ് ആന്റ് ഡയറ്റ് തെറാപ്പി

ഭക്ഷ്യകാര്‍ഷിക ധാര്‍മ്മികതയുടെ മേഖലയില്‍ പഠനവും ഗവേഷണവും പ്രോത്സാഹിപ്പിക്കാനായി താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ എത്തിക്‌സില്‍ ഒരു വര്‍ഷം നീളുന്ന ഈ പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ന്യൂട്രീഷണല്‍ കൗണ്‍സിലിങ് ആന്റ് ഡയറ്റ് തെറാപ്പി കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു.

അരുണാചല്‍ പ്രദേശിലെ യുജിസി അംഗീകാരമുള്ള അരുണോദയ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചാണ് ഡിപ്ലോമ കോഴ്‌സ് നടത്തുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പോഷകാഹാരത്തെക്കുറിച്ചും പൊതുജനാരോഗ്യത്തെക്കുറിച്ചും സമഗ്രമായ ശാസ്ത്രീയ അറിവ് പ്രദാനം ചെയ്യുന്നതോടൊപ്പം, ഈ മേഖലയിയില്‍ ആളുകള്‍ക്ക് മാര്‍ഗനിര്‍ദേശം നല്കുന്നതിനാവശ്യമായ അടിസ്ഥാന കഴിവുകള്‍ ആര്‍ജിച്ചെടുക്കുന്നതിനും കോഴ്‌സിലൂടെ കഴിയും. പ്രൊഫഷണല്‍ ന്യൂട്രീഷണല്‍ കൗണ്‍സിലര്‍/ മാര്‍ഗ്ഗനിര്‍ദേശകന്‍ എന്ന നിലയില്‍ കരിയര്‍ കെട്ടിപ്പടുക്കുന്നതിന് ആവശ്യമായ പ്രൊഫഷണല്‍, പ്രായോഗിക, ഗവേഷണ കഴിവുകള്‍ സ്വായത്തമാക്കുന്നതിനും ഈ കോഴ്‌സ് ഉപകരിക്കും.

ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് കോഴ്‌സില്‍ പങ്കെടുക്കാം. റെഗുലര്‍ ഓണ്‍ലൈന്‍ ക്ലാസുകളാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആഗസ്റ്റ് 10ന് മുമ്പ് അപേക്ഷിക്കണം. ക്ലാസുകള്‍ ആഗസ്റ്റ് 25 മുതല്‍ ആരംഭിക്കും.

ഭക്ഷ്യ-കാര്‍ഷിക ധാര്‍മ്മിക മേഖലയിലെ പഠനത്തിനും ഗവേഷണത്തിനും മാത്രമായി രൂപീകരിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ ഇന്‍സ്റ്റിറ്റ്യൂട്ടാണ് താമരശ്ശേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ എത്തിക്സ്.

അഡ്മിഷനും വിവരങ്ങള്‍ക്കും: 99466 46205, 7907516612.
വെബ്‌സൈറ്റ്: www.ifaeindia.com

ഒളിംപ്യന്‍ അനില്‍ഡ പരിയാപുരം സെന്റ് മേരീസ് സ്‌കൂള്‍ സന്ദര്‍ശിച്ചു

അങ്ങാടിപ്പുറം: മഴയെ അവഗണിച്ച് കായികപരിശീലനം നടത്തുന്ന പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും ഫാത്തിമ യുപി സ്‌കൂളിലെയും വിദ്യാര്‍ഥികള്‍ക്ക് ആവേശം പകരാന്‍ അപ്രതീക്ഷിത അതിഥിയെത്തി, ഒളിംപ്യന്‍ അനില്‍ഡ തോമസ്.

2016 റിയോ (ബ്രസീല്‍) ഒളിംപിക്‌സില്‍ 4×400 മീറ്റര്‍ റിലേയില്‍ ഇന്ത്യക്കുവേണ്ടി ബാറ്റണ്‍ ഏന്തിയ താരമാണ് അനില്‍ഡ. ‘നിരന്തര പരിശീലനമണ് വിജയത്തിന്റെ അടിത്തറ. ശ്രമിച്ചുകൊണ്ടേയിരിക്കുക. നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തും. എന്റെ അനുഭവം എന്നെ പഠിപ്പിച്ചത് അതാണ്. തോല്‍വികളും കൂടെയുണ്ടാകും. അത് വിജയത്തിന്റെ മുന്നോടിയായി കരുതണം. കൃത്യമായ ലക്ഷ്യവും പദ്ധതിയും ഉണ്ടാകണം. ആരെല്ലാം പിന്നോട്ടു വലിച്ചാലും പതറരുത്. വെല്ലുവിളികളെ അതിജീവിക്കുന്നവരാണ് വിജയം കൊയ്യുന്നത്.’ അനില്‍ഡ കുട്ടിത്താരങ്ങളെ ഓര്‍മിപ്പിച്ചു. മോസ്‌കോയിലും ലണ്ടനിലും നടന്ന ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പുകളില്‍ പങ്കെടുത്ത അനുഭവങ്ങളും അനില്‍ഡ പങ്കുവച്ചു.

അനില്‍ഡയുടെ ഭര്‍ത്താവും ദേശീയ ജാവലിന്‍ ത്രോ ജേതാവുമായ ജിബിന്‍ റെജിയും കുട്ടികളോടു സംസാരിച്ചു.

മരിയന്‍ സ്‌പോര്‍ട്‌ന് അക്കാദമി സെക്രട്ടറി മനോജ് വീട്ടുവേലിക്കുന്നേല്‍, പരിശീലകരായ കെ. എസ്. സിബി, ജസ്റ്റിന്‍ ജോസ്, അധ്യാപകരായ ജോസഫ് പടിയറ, പി. അഞ്ജിത എന്നിവര്‍ ചേര്‍ന്ന് ഒളിംപ്യനെ സ്വീകരിച്ചു.

കോതമംഗലം സ്‌കൂളില്‍ വിദ്യാര്‍ഥിയായിരിക്കെ, പരിയാപുരം സെന്റ് മേരീന് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കായികാധ്യാപകന്‍ കെ. എസ്. സിബിയുടെ കീഴില്‍ 7 വര്‍ഷം അനില്‍ഡ തോമസ് പരിശീലനം നേടിയിരുന്നു. ഫാത്തിമ യുപി സ്‌കൂളിലെ കായികാധ്യാപകനും ദേശീയ ഫുട്‌ബോള്‍ റഫറിയുമായ ജസ്റ്റിന്‍ ജോസിന്റെ ഭാര്യാ സഹോദരിയാണ് അനില്‍ഡ.

സ്ത്രീ സ്വയം സുരക്ഷാപ്രതിരോധ പരിശീലന പരിപാടി

തിരുവമ്പാടി: അല്‍ഫോന്‍സ കോളജില്‍ വിമന്‍സ് ഡെവലപ്‌മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ തിരുവമ്പാടി ജനമൈത്രി പോലീസും കോഴിക്കോട് റൂറല്‍ ജില്ലാ ഡിഫന്‍സ് ടീമും സംയുക്തമായി സ്ത്രീ സ്വയം സുരക്ഷാ പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വി. വി. ഷീജ, കെ. ജി. ജീജ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. തിരുവമ്പാടി അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ എ. ടി. സിന്ധു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജിഷാദ് ഹസ്സന്‍, അല്‍ഫോന്‍സ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ. വി. ചാക്കോ, കോളജ് യൂണിയന്‍ മെമ്പര്‍മാരായ അനുമോള്‍ ജോസ്, ലിനറ്റ് തങ്കച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.

സ്ത്രീകള്‍ക്ക് എതിരെയുള്ള കുറ്റകൃത്യങ്ങളെ കുറിച്ചുള്ള സമഗ്രമായ ബോധവല്‍ക്കരണം, പ്രതിരോധത്തിനായുള്ള പ്രായോഗിക പരിശീലനം എന്നീ വിഷയങ്ങളില്‍ ക്ലാസെടുത്തു. വിമന്‍സ് ഡെവലപ്‌മെന്റ് സെല്‍ കോ- ഓഡിനേറ്റര്‍ സ്‌നേഹ മാത്യു, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഷെനീഷ് അഗസ്റ്റിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഐടിഐ പ്രവേശനം: അപേക്ഷ ജൂലൈ 15 വരെ

സംസ്ഥാനത്തെ 104 സര്‍ക്കാര്‍ ഐടിഐകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എന്‍.സി.വി.റ്റി / എസ്.സി.വി.റ്റി പദ്ധതികള്‍ പ്രകാരമുള്ള വിവിധ ട്രേഡുകളില്‍ തൊഴില്‍ പരിശീലനം, നാഷണല്‍ അപ്രന്റീസ്ഷിപ്പ് ആക്ട് പ്രകാരം അപ്രന്റീസ് പരിശീലന പദ്ധതി, കേന്ദ്രസര്‍ക്കാരിന്റെ മറ്റ് തൊഴില്‍ നൈപുണ്യവികസന പദ്ധതികള്‍ (സെന്റര്‍ ഓഫ് എക്‌സലന്‍സ്, പി.പി.പി, പി.എം.കെ.വി.വൈ) എന്നിവ ഐടിഐകളിലൂടെയാണ് നടപ്പിലാക്കുന്നത്. ഐ.ടി.ഐകളില്‍ റെഗുലര്‍ സ്‌കീമിലുള്ള 72 ട്രേഡുകളില്‍ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15.

2023 വര്‍ഷത്തെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പ്രോസ്‌പെക്ടസുകള്‍, യൂസര്‍ മാന്വല്‍ എന്നിവ https://itiadmissions.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇവ ഡൗണ്‍ലോഡ് ചെയ്തു വായിച്ച് മനസിലാക്കിയതിനു ശേഷം മാത്രം അപേക്ഷ സമര്‍പ്പിക്കുക. അപേക്ഷയുടെ പ്രിന്റൗട്ട് തൊട്ടടുത്തുള്ള ഗവ. ഐടിഐയില്‍ ജൂലൈ 18 ന് മുമ്പ് വെരിഫിക്കേഷന്‍ നടത്തേണ്ടത്തണം. അല്ലാത്ത അപേക്ഷകള്‍ പരിഗണിക്കുകയില്ല. കൂടുതല്‍ വിവരങ്ങള്‍ മേല്‍പ്പറഞ്ഞ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ബി.ടെക്കുകാര്‍ക്ക് കരസേനയില്‍ എന്‍ജിനീയറാകാം

ബി.ടെക്കുകാര്‍ക്ക് കരസേനയില്‍ ലഫ്റ്റനന്റ് റാങ്കോടെ എന്‍ജിനീയറാകാനവസരം. കരസേനയുടെ ഷോര്‍ട് സര്‍വീസ് കമ്മിഷന്‍ (ടെക്) കോഴ്സിലേക്കും ഷോര്‍ട് സര്‍വീസ് കമ്മിഷന്‍ (ടെക്) വിമന്‍ കോഴ്സിലേക്കും ജൂലൈ 19 വരെ അപേക്ഷിക്കാം. 194 ഒഴിവുകളുണ്ട്. പുരുഷന്‍മാര്‍ക്കു 175 ഒഴിവും സ്ത്രീകള്‍ക്ക് 19 ഒഴിവുമുണ്ട്.

എന്‍ജിനീയറിങ് ബിരുദമാണ് യോഗ്യത. അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. പ്രായപരിധി 20 – 27. ബി.ടെക് അവസാനവര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.

സേനാ ഉദ്യോഗസ്ഥരുടെ വിധവകള്‍ക്ക് (ടെക്, നോണ്‍ ടെക്) 2 ഒഴിവുണ്ട്. ടെക് എന്‍ട്രിയില്‍, ഏതെങ്കിലും ബിഇ/ബിടെക്കും നോണ്‍ ടെക് എന്‍ട്രിയില്‍ ഏതെങ്കിലും ബിരുദവുമാണു യോഗ്യത. ഇവര്‍ക്കുളള പ്രായപരിധി 35 ആണ്.

അഞ്ച് ദിവസം നീളുന്ന എസ്എസ്ബി ഇന്റര്‍വ്യൂ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഗ്രൂപ്പ് ടെസ്റ്റ്, സൈക്കോളജിക്കല്‍ ടെസ്റ്റ് എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായുളള ഇന്റര്‍വ്യൂ വിവിധ കേന്ദ്രങ്ങളില്‍ നടത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.joinindianarmy.nic.in

ഉപ്പിന്റെ ഉറ കെട്ടുപോകുമ്പോള്‍

പാചകക്കുറിപ്പുകളില്‍ പാചകത്തിന് ആവശ്യമുള്ള സാധനങ്ങളുടെ അളവ് കൃത്യമായി പറയും. കറിയില്‍ ഇടേണ്ട കടുകിന്റെയും കറിവേപ്പിലയുടെയും വരെ തൂക്കവും അളവും ഇത്രയെന്ന് സൂചിപ്പിക്കുമെങ്കിലും ഉപ്പിന്റെ കാര്യമെത്തുമ്പോള്‍ ‘ഉപ്പ് പാകത്തിന്’ എന്ന് പറഞ്ഞ് പാചക വിദഗ്ധന്‍ ഒഴിഞ്ഞുമാറും. കാരണം കറിക്ക് ഉപ്പു വേണ്ടത് ഓരോരുത്തര്‍ക്കും ഓരോ അളവിലാണ്. ഉപ്പ് കൂടി, അല്ലെങ്കില്‍ കുറഞ്ഞു എന്ന പരാതി വീടുകളില്‍ പലപ്പോഴും ഉയര്‍ന്നു വരും. ഈ പ്രശ്‌നമുള്ളതുകൊണ്ടാകാം ഉപ്പ് പ്രത്യേക പാത്രത്തില്‍ തീന്‍മേശയില്‍ വയ്ക്കുന്ന പതിവ് പലനാടുകളിലും തുടങ്ങിയത്.

മറ്റു പല ഭക്ഷണ സാധനങ്ങളെയും വച്ചു നോക്കിയാല്‍ വില കുറഞ്ഞ വസ്തുവാണ് ഉപ്പ്. പക്ഷേ, ഉപ്പിടാത്ത കഞ്ഞിയെക്കുറിച്ചോ കറിയെക്കുറിച്ചോ ചിന്തിക്കാനാവില്ല. ഈ പശ്ചാത്തലത്തിലാണ് ‘നിങ്ങള്‍ ഭൂമിയുടെ ഉപ്പാണ്. ഉറകെട്ടു പോയാല്‍ ഉപ്പിന് എങ്ങനെ വീണ്ടും ഉറകൂട്ടും?’ എന്ന യേശു വചനം ധ്യാനിക്കേണ്ടത്.

സമൂഹത്തില്‍ ജീവിക്കുമ്പോള്‍ സ്വന്തം ജീവിതത്തിനും മറ്റുള്ളവരുടെ ജീവിതത്തിനും രുചി കൂട്ടുന്ന എന്തു പ്രവൃത്തിയാണ് ചെയ്യാന്‍ കഴിയുക എന്നു മനസിലാക്കണം. ഓരോരുത്തര്‍ക്കും സമൂഹത്തില്‍ ഉപ്പായി പ്രവര്‍ത്തിക്കാനുള്ള ശേഷി വ്യത്യസ്തമായിരിക്കും. ‘ഉപ്പ് പാകത്തിന്’ എന്ന് പാചക വിദഗ്ധന്‍ പറയുന്നത് ഇവിടെയും പ്രസക്തം.

ഉപ്പ് ഭക്ഷണ സാധനങ്ങളുടെ ആയുസ് കൂട്ടുന്നു. കേടുകൂടാതെ അച്ചാറിനെ മാസങ്ങളോളം സൂക്ഷിക്കാന്‍ സഹായിക്കുന്നത് ഉപ്പിന്റെ സാന്നിധ്യമാണ്. മത്സ്യവും മാംസവും ഉപ്പിലിട്ട് സൂക്ഷിക്കാം. ഇതുപോലെ ഉപ്പായി പ്രവര്‍ത്തിക്കുന്നവര്‍ സമൂഹത്തിന്റെ സംരക്ഷകരാകും. പ്രളയകാലത്ത് പാവപ്പെട്ട മത്സ്യതൊഴിലാളികളടക്കം അനേകം പേര്‍ ഭൂമിയുടെ ഉപ്പായി മാറി വെള്ളത്തിലകപ്പെട്ടവരെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങി.

ഉപ്പ് ശക്തമായ അണുനാശിനിയാണ്. അത് മരുന്നില്‍ ഉപയോഗിക്കുന്നു. ഉപ്പാകുന്നവര്‍ മുറിവേറ്റ മനസുകളില്‍ ഔഷധമായി, സാന്ത്വനമായി പെയ്തിറങ്ങുന്നു. അവര്‍ സംഘര്‍ഷ മേഖലകളില്‍ ശാന്തിയുടെ പതാക വാഹകരാകുന്നു.

ഭൂമിയില്‍ പെയ്യുന്ന മഴയില്‍ നിന്നാണ് പാറയിലെയും മണ്ണിലെയും ഘടകങ്ങള്‍ ഒഴുകി കടലിലെത്തി ഉപ്പാകുന്നത്. കടലിലെ ഉപ്പ് ഭൂമിയില്‍ മൊത്തം വിതറിയാല്‍ 40 നില കെട്ടിടത്തിന്റെ ഉയരത്തില്‍കൂട്ടിവയ്ക്കാന്‍ ഉണ്ടാകുമെന്നാണ് ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടല്‍. അത്രയും ലവണ സാന്ദ്രമാണ് കടല്‍ വെള്ളം.

സോഡിയം ക്ലോറൈഡ് എന്നാണ് ഉപ്പിന്റെ രാസനാമം. രക്തത്തില്‍ സോഡിയം കുറയുന്നത് പ്രായമായവര്‍ക്ക് ഉണ്ടാകുന്ന അസുഖമാണ്. സോഡിയം കുറഞ്ഞാല്‍ തലയ്ക്ക് വെളിവു നഷ്ടപ്പെട്ടതുപോലെ സംസാരിക്കും. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചാല്‍ മാത്രമേ രക്ഷിക്കാനാവൂ.

രക്തസമ്മര്‍ദ്ദം കുറഞ്ഞു പോകുന്നവരോട് പ്രതിവിധിയായി ഉപ്പിട്ട കഞ്ഞിവെള്ളം കുടിക്കാന്‍ ഡോക്ടര്‍ പറയും. ഉപ്പാണ് ഇവിടെയും രക്ഷകനാകുന്നത്.

പുരാതന കാലം മുതല്‍ മനുഷ്യന്‍ ഉപ്പിന് വലിയ പ്രാധാന്യം നല്‍കിയിരുന്നു. പടിഞ്ഞാറന്‍ നാടുകളില്‍ ഉപ്പു വിതറിയാണ് നിരത്തുകളില്‍ വീണുകിടന്നിരുന്ന മഞ്ഞ് ഉരുക്കിയിരുന്നത്.

ഉപ്പിനെ ബന്ധപ്പെടുത്തി ഏറെ അന്ധവിശ്വാസങ്ങളും നിലനിന്നിരുന്നു. ഉപ്പ് തൂകിപ്പോകുന്നത് ദൗര്‍ഭാഗ്യമായി കരുതി. ഇടതു തോളിനു മുകളിലൂടെ ഒരു നുള്ള് ഉപ്പെറിഞ്ഞ് ഭാഗ്യം കൈവരുത്തുന്ന പതിവുമുണ്ടായിരുന്നു. അങ്ങനെ ഉപ്പെറിയുമ്പോള്‍ അവിടെ ഒളിച്ചിരിക്കുന്ന പിശാചിന്റെ മുഖത്താണത്രേ കൊള്ളുക. അതോടെ പിശാച് ഓടിപ്പോകുകയും ഭാഗ്യം വരുകയും ചെയ്യുമെന്ന് വിശ്വസിച്ചിരുന്നു.

ഉപ്പ് ദൈവത്തിനുള്ള സമര്‍പ്പണ വസ്തുവായിരുന്നു. അത് ദൈവവുമായുള്ള ഉടമ്പടിയുടെ മുദ്രയായും കരുതി. ‘ധാന്യബലിയില്‍ നിന്ന് നിന്റെ ദൈവത്തിന്റെ ഉടമ്പടിയുടെ ഉപ്പ് നീക്കിക്കളയരുത്. എല്ലാ ധാന്യബലിയോടും കൂടി ഉപ്പ് സമര്‍പ്പിക്കണം’ എന്ന് ലേവ്യരുടെ പുസ്തകത്തില്‍ വായിക്കുന്നു.

കേരളത്തിനു പുറത്ത് പാവപ്പെട്ടവര്‍ക്ക് അടുപ്പു കത്തിക്കാനുള്ള ഇന്ധനമാണ് ചാണകം. ചാണകം വലിയ പപ്പട വലുപ്പത്തില്‍ പരത്തി വീടിന്റെ മുകളില്‍ ഉണക്കാനിട്ടിരിക്കുന്നത് കര്‍ണാടക, തമിഴ്‌നാട് ഗ്രാമങ്ങളിലെ സാധാരണ കാഴ്ചയാണ്. ഈ ചാണകവരളി കത്തിക്കാന്‍ ഉപയോഗിക്കും.

ഒട്ടകച്ചാണകവും കഴുതച്ചാണകവും ഇതുപോലെ ഉണക്കി പലസ്തീന നാട്ടിലും അടുപ്പു പുകയ്ക്കാന്‍ ഉപയോഗിച്ചിരുന്നു. ഇന്നും പാലസ്തീനിലെ പാവപ്പെട്ടവര്‍ കളിമണ്‍ അടുപ്പുകളില്‍ ചാണകം ഉണക്കി ഇന്ധനമാക്കുന്നു. പെട്ടെന്ന് തീ പിടിക്കാന്‍ ചാണകത്തില്‍ കുറച്ച് ഉപ്പു കൂടി ചേര്‍ക്കും.

കൂടുതല്‍ നേരം ചൂടു നില്‍ക്കാന്‍ അടുപ്പിന്റെ അടിയില്‍ കനത്തില്‍ ഉപ്പു വിതറും കുറേക്കാലം കഴിയുമ്പോള്‍ ചൂടുപിടിച്ചു നിര്‍ത്താനുള്ള ഉപ്പിന്റെ കഴിവു നഷ്ടപ്പെടും. അപ്പോള്‍ ഉപ്പുവാരി പുറത്ത് വഴിയിലേക്കെറിയും. പിന്നീട് ആളുകളുടെ ചവിട്ടുകൊള്ളാനാണ് ആ ഉപ്പിന്റെ വിധി.

ഒറ്റ ദിവസം കൊണ്ടല്ല മനുഷ്യനിലെ ഉപ്പിന്റെ ഉറ ഇല്ലാതാകുന്നത്. തെറ്റായ പ്രവൃത്തികളിലൂടെ വര്‍ഷങ്ങള്‍കൊണ്ട് അയാള്‍ ഉറ നശിപ്പിക്കുന്നു. ഉപ്പു കലക്കുമ്പോള്‍ ആവശ്യത്തിലേറെ വെള്ളം ചേര്‍ത്താല്‍ ഉപ്പിന്റെ ഉറ നഷ്ടപ്പെടുമെന്നാണ് വീട്ടമ്മമാര്‍ പറയുക. തിന്മകള്‍ ചെയ്തുകൂട്ടി മനുഷ്യനും അവന്റെ ഉപ്പിന്റെ ഉറ കളയുന്നു. ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ സ്വന്തം ഉപ്പു മറന്ന് പ്രവര്‍ത്തിച്ച് തെരുവിലേക്ക് എറിയപ്പെട്ട് അവഹേളിതരാകുന്നത് നമ്മള്‍ നിരന്തരം കാണുന്നു. ദൈവം നല്‍കുന്ന ദാനമാണ് കഴിവും കര്‍മ്മശേഷിയുമാകുന്ന ഉപ്പ്. അതിന്റെ ഉറ നശിപ്പിച്ചാല്‍ ഉറകൂട്ടാനാവില്ലെന്ന് യേശു ഓര്‍മിപ്പിക്കുന്നു. പിന്നെ മനുഷ്യരാല്‍ ചവിട്ടപ്പെടാനല്ലാതെ മറ്റൊന്നിനും കൊള്ളുകയില്ലെന്ന വചനം ഭയഭക്തിയോടെ മനസില്‍ സൂക്ഷിച്ചു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

വിശുദ്ധ പദവിയിലെത്താന്‍ നടപടികളേറെ

ഒരു ദൈവദാസനെ വിശുദ്ധരുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്തുന്നതിന് ദീര്‍ഘവും സങ്കീര്‍ണ്ണവുമായ നടപടി ക്രമങ്ങളാണ് ഇന്ന് സഭയിലുള്ളത്. സഭയുടെ കാനന്‍നിയമം ഈ വിഷയത്തില്‍ പ്രത്യേകമായ നിര്‍ദ്ദേശങ്ങള്‍ നല്‍കാതെ പരിശുദ്ധ സിംഹാസനത്തിന്റെ പ്രത്യേക നിയമങ്ങളാണ് ഇക്കാര്യത്തില്‍ പാലിക്കേണ്ടത് എന്നുമാത്രം പറഞ്ഞുവയ്ക്കുന്നു (CCEO c. 1057, CIC c. 1403). വിശുദ്ധരുടെ നാമകരണവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന രണ്ട് വത്തിക്കാന്‍ രേഖകളാണ് 1983 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ പുറപ്പെടുവിച്ച അപ്പസ്‌തോലിക പ്രബോധനവും (Divinus Perfec-tions Magister) വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാന്‍ തിരുസംഘം 2007 ല്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങളും (Sanctorum Mater). ഈ രണ്ടു രേഖകളുടെ അടിസ്ഥാനത്തിലാണ് നാമകരണ പ്രക്രിയകള്‍ സഭയില്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

സഭയുടെ ആരംഭകാലഘട്ടത്തില്‍ വിശുദ്ധരെന്ന് കരുതിയിരുന്നവരുടെ മരണശേഷം അവരുടെ കല്ലറകള്‍ പ്രത്യേകം സൂക്ഷിച്ചിരുന്നു. വിശുദ്ധ പത്രോസിന്റെ കബറിടം ഉദാഹരണമാണ്. AD 313ല്‍ സഭയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഈ കബറിടങ്ങളുടെ മുകളില്‍ ദൈവാലയങ്ങള്‍ പണിയുന്ന രീതി നിലവില്‍ വന്നു. ഒരു വ്യക്തിയെ വിശുദ്ധനാക്കുന്നതിന് പ്രത്യേക നടപടിക്രമം നിലവിലില്ലാതിരുന്നതിനാല്‍ ആശയക്കുഴപ്പം ഇക്കാര്യത്തില്‍ നിലനിന്നിരുന്നു. 1234 ല്‍ ഗ്രിഗറി ഒന്‍പതാമന്‍ മാര്‍പ്പാപ്പയാണ് നാമകരണ നടപടികള്‍ ആദ്യമായി രൂപപ്പെടുത്തിയതും നടപ്പില്‍ വരുത്തിയതും. പിന്നീടുള്ള മാര്‍പ്പാപ്പമാര്‍ വിവിധ കാലഘട്ടങ്ങളില്‍ വരുത്തിയ പരിഷ്‌കരണങ്ങളിലൂടെയാണ് ഇപ്പോള്‍ നിലവിലുള്ള നിയമത്തിലെത്തുന്നത്.

പ്രാരംഭ നടപടികള്‍- രൂപതാതലം: സാധാരണഗതിയില്‍, ഒരു വ്യക്തി സംസ്‌കരിക്കപ്പെട്ടിരിക്കുന്ന രൂപതയിലെ മെത്രാനാണ് നടപടികള്‍ ആരംഭിക്കേണ്ടത്. അതിന് മരണമടഞ്ഞ വ്യക്തിയുടെ വിശുദ്ധിയെക്കുറിച്ച് സാധാരണ വിശ്വാസികളുടെയിടയില്‍ സ്വാഭാവികമായി ഉണ്ടാകുന്ന അവബോധവും പൊതുജന സ്വീകാര്യതയും (Fame of Sanctity) ആവശ്യമാണ്. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജീവിതവിശുദ്ധി ആദ്യം മനസ്സിലാക്കുന്നതും പ്രചരിപ്പിക്കുന്നതും സ്‌കൂള്‍ കുട്ടികള്‍ ആയിരുന്നല്ലോ. ഇപ്പോള്‍ ഫാ. ബനഡിക്ട് ഓണംകുളത്തിന്റെ കബറിടത്തിങ്കല്‍ വന്ന് പ്രാര്‍ത്ഥിക്കുന്ന ജനസമൂഹം ഇതിന് മറ്റൊരുദാഹരണം. ഒരു വ്യക്തിയുടെ മരണശേഷം അഞ്ചു വര്‍ഷത്തിന് ശേഷമാണ് നടപടികള്‍ ആരംഭിക്കേണ്ടത്. ഇക്കാര്യത്തില്‍ പ്രത്യേക ഇളവ് ലഭിച്ചവരാണ് വിശുദ്ധ മദര്‍ തെരേസയും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പയും. രൂപതാ നടപടികള്‍ ആരംഭിക്കുന്നതിന് മുമ്പ് രൂപതാമെത്രാന്‍ നാമകരണത്തിനായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ മുന്‍കൂര്‍ അനുവാദം വാങ്ങേണ്ടതാണ്. പൗരസ്ത്യ സഭകളില്‍ മെത്രാന്‍ സിനഡിന്റെ അംഗീകാരവും ആവശ്യമാണ്.

രൂപതാതലത്തില്‍ നാമകരണ നടപടികള്‍ക്കായി മെത്രാന്‍ വിവിധ കോടതികള്‍ സ്ഥാപിക്കുന്നു. നടപടികള്‍ ആരംഭിച്ചു കഴിഞ്ഞാല്‍ ബന്ധപ്പെട്ട വ്യക്തി ദൈവദാസന്‍/ ദൈവദാസി എന്ന് വിളിക്കപ്പെടും. ദൈവദാസന്റെ വിശുദ്ധിയെ അനുകൂലിക്കുന്നവരുടെയും എതിര്‍ക്കുന്നവരുടെയും മൊഴികള്‍ രേഖപ്പെടുത്തും. ദൈവദാസന്‍ എഴുതിയിട്ടുള്ള എല്ലാ കാര്യങ്ങളും പരിശോധിച്ച് സഭാവിരുദ്ധ നിലപാടുകള്‍ ഇല്ലായെന്ന് ഉറപ്പുവരുത്തും. ഇപ്രകാരം ലഭിക്കുന്ന എല്ലാ രേഖകളും ശേഖരിച്ച് (Transumptum) രൂപതയിലെ നടപടികളുടെ സമാപനത്തില്‍ രൂപതാമെത്രാന്‍ നാമകരണത്തിനായുള്ള തിരുസംഘത്തിന് കൈമാറും. പൗരസ്ത്യസഭയില്‍ മെത്രാന്‍ സിനഡിന്റെ അംഗീകാരത്തോടെയാണ് വത്തിക്കാനില്‍ ഇവ സമര്‍പ്പിക്കുന്നത്.

വത്തിക്കാന്‍ തിരുസംഘത്തില്‍: രൂപത നടപടികള്‍ വത്തിക്കാന്‍ തിരുസംഘം അംഗീകരിച്ച് ദൈവദാസന്റെ നാമകരണ പ്രക്രിയ അംഗീകരിക്കുന്നതോടെ പ്രധാന നടപടികള്‍ ആരംഭിക്കുന്നു. നാമകരണ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന് ഒരു വൈദികനെ (Postulator) റോമില്‍ നിയമിക്കുന്നു. രൂപതയില്‍ നടന്ന നടപടികള്‍ക്ക് നേതൃത്വം കൊടുത്ത വൈദികന്റെ (Vice Postulator) സഹായത്തോടെ ദൈവദാസന്‍ ക്രിസ്തീയ പുണ്യങ്ങള്‍ വീരോചിതമായും മാതൃകപരമായും ജീവിച്ചിരുന്നു എന്നത് സ്ഥാപിക്കാന്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുന്നു. ദൈവദാസന്‍ രക്തസാക്ഷിയാണെങ്കില്‍ ആ വ്യക്തി മരിച്ചത് വിശ്വാസം മുറുകെപ്പിടിക്കുന്നതിനുവേണ്ടിയാണെന്നും, ക്രിസ്തുവിനോടും സഭയോടുമുള്ള സ്‌നേഹമാണ് അതിന് ആ വ്യക്തിയെ പ്രേരിപ്പിച്ചതെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്. ഈ അന്വേഷണത്തിലുടനീളം, സംശയങ്ങളും ആക്ഷേപങ്ങളും ആരോപണങ്ങളും ഉയര്‍ത്തുന്ന ദൗത്യം വിശ്വാസ സംരക്ഷകന്‍ (Devil’s Advocate) എന്ന് അറിയപ്പെടുന്ന വ്യക്തിയുടെതാണ്. ഈ ഘട്ടത്തിന്റെ അവസാനത്തില്‍ പോസ്റ്റുലേറ്റര്‍ ദൈവദാസന്റെ ജീവചരിത്രവും മറ്റ് വിവരണങ്ങളും (Positio) തയ്യറാക്കുന്നു.

ദൈവദാസന്റെ ജീവചരിത്രവും മറ്റ് വിവരണങ്ങളും വത്തിക്കാന്‍ തിരുസംഘം 2 തലങ്ങളില്‍ പഠനവിഷയമാക്കുന്നു. ആദ്യം ദൈവശാസ്ത്രജ്ഞന്മാരും പിന്നീട് മെത്രാന്മാരുടെയും കര്‍ദ്ദിനാള്‍മാരുടെയും സംഘവും ഇത് പഠിക്കുകയും തുടര്‍ന്ന് അനുകൂലമായി വോട്ടു ചെയ്യുകയും ചെയ്താല്‍ ദൈവദാസന്റെ വീരോചിത ജീവിതമാതൃക അംഗീകരിക്കുന്നതിന് മാര്‍പ്പാപ്പയുടെ മുമ്പില്‍ അന്വേഷണ റിപ്പോര്‍ട്ടും അഭിപ്രായങ്ങളും സമര്‍പ്പിക്കാവുന്നതാണ്. ഇവയെ അംഗീകരിക്കുന്ന മാര്‍പ്പാപ്പ ദൈവദാസനെ വന്ദ്യന്‍ (Venerable) ആയി പ്രഖ്യാപിക്കുന്നു.

വന്ദ്യനില്‍ നിന്ന് വാഴ്ത്തപ്പെട്ടവനിലേയ്ക്ക്: അടുത്ത ഘട്ടമാണ് വന്ദ്യനായി പ്രഖ്യാപിക്കപ്പെട്ട വ്യക്തിയെ വാഴ്ത്തപ്പെട്ടവരുടെ (Blessed) ഗണത്തിലേയ്ക്ക് ഉയര്‍ത്തുന്നത്. വന്ദ്യന്‍ ആയ വ്യക്തിയുടെ മദ്ധ്യസ്ഥതയില്‍ ദൈവം ഒരു അത്ഭുതം പ്രവര്‍ത്തിക്കുകയും അത് നാമകരണത്തിനുള്ള തിരുസംഘം വിദഗ്ദാഭിപ്രായത്തിനുശേഷം അംഗീകരിക്കുകയും ചെയ്‌തെങ്കിലേ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയുള്ളൂ. എന്നാല്‍ വന്ദ്യനായി പ്രഖ്യാപിക്കപ്പെട്ട ഒരു രക്തസാക്ഷിയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്താന്‍ അത്ഭുതത്തിന്റെ ആവശ്യം ഇല്ല; രക്തസാക്ഷിത്വം മതിയാവുന്നതാണ്. വി. റാണി മരിയ രക്തസാക്ഷിണി ഇപ്രകാരം വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്തപ്പെട്ടതാണ്. സാധാരണ ഗതിയില്‍ വാഴ്ത്തപ്പെട്ടവരുടെ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന പ്രഖ്യാപനം നടക്കുന്നത് പ്രാദേശിക സഭയിലായിരിക്കും. വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട വ്യക്തി അദ്ദേഹത്തിന്റെ ജീവിതവും മരണവുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലാണ് മാത്രമാണ് വണങ്ങപ്പെടേണ്ടത്. ആഗോളസഭയില്‍ വണക്കത്തിനായി നല്‍കപ്പെടുന്നത് വിശുദ്ധ പദവയില്‍ എത്തുമ്പോള്‍ മാത്രമാണ്.

വിശുദ്ധ പദവിയിലേക്ക്: വാഴ്ത്തപ്പെട്ട ഒരു വ്യക്തിയെ വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്തുന്നതിന് ദൈവം ആ വ്യക്തിയുടെ മാദ്ധ്യസ്ഥ്യത്താല്‍ മറ്റൊരു അത്ഭുതം കൂടി പ്രവര്‍ത്തിക്കണം. ഈ അത്ഭുതം നാമകരണ തിരുസംഘം വിദഗ്ദാഭിപ്രായത്തിനുശേഷം അംഗീകരിച്ചാല്‍ മാര്‍പ്പാപ്പ ഈ വ്യക്തിയെ വിശുദ്ധനെന്ന് പ്രഖ്യാപിക്കുന്നു. വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലുള്ള രക്തസാക്ഷികള്‍ക്കും വിശുദ്ധരാകുന്നതിന് അത്ഭുതം ആവശ്യമാണ്. ഒരു വ്യക്തിയെ വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്തുന്ന മാര്‍പ്പാപ്പയുടെ നടപടി അദ്ദേഹത്തിന്റെ തെറ്റാവരം (Infallibility) ഉപയോഗിച്ചുകൊണ്ടുള്ളതാണ്. സാധാരണ രീതിയില്‍ വത്തിക്കാന്‍ ബസിലിക്കയുടെ അങ്കണത്തിലാണ് വിശുദ്ധപദവി പ്രഖ്യാപന ചടങ്ങുകള്‍ നടക്കുന്നത്. ഇപ്രകാരം, ദൈവദാസന്‍, വന്ദ്യന്‍, വാഴ്ത്തപ്പെട്ടവന്‍ എന്നീ ഘട്ടങ്ങള്‍ കടന്നാണ് ഒരു വ്യക്തി വിശുദ്ധനായി പേര് വിളിക്കപ്പെടുന്നത്.

വിശുദ്ധനാടിനും ഉക്രൈനും വേണ്ടി പ്രാര്‍ത്ഥിച്ച് പാപ്പ

വിശുദ്ധനാട്ടില്‍ തുടരുന്ന സംഘര്‍ഷങ്ങളെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇസ്രായേലിനും പാലസ്തീനുമിടയില്‍ സമാധാനത്തിനും അനുരഞ്ജനത്തിനുമായി പാപ്പ ആഹ്വാനം ചെയ്തു. ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ഒത്തുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.

”വിശുദ്ധനാട്ടില്‍ വീണ്ടും രക്തച്ചൊരിച്ചിലുണ്ടായതായി സങ്കടത്തോടെ മനസിലാക്കുന്നു. ഹിംസയുടെ തുടര്‍ക്കഥകള്‍ അവസാനിപ്പിച്ച് അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും പാതകള്‍ തുറക്കാന്‍ ഇരു രാജ്യങ്ങളിലെയും നേതാക്കന്മാരുടെ നേരിട്ടുള്ള ചര്‍ച്ചയിലൂടെ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.” പാപ്പ പറഞ്ഞു.

യുദ്ധം നാശം വിതച്ചുകൊണ്ടിരിക്കുന്ന ഉക്രൈനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഫ്രാന്‍സിസ് പാപ്പ ഓര്‍മിപ്പിച്ചു. സെന്റ് പീറ്റേഴ്സ് സ്‌ക്വയറിലെത്തിയ ഉക്രൈനിലെ ലിയോപോളിയില്‍ നിന്നുള്ള പെണ്‍കുട്ടികള്‍ക്കും യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക പാപ്പ പ്രത്യേക ആശംസകള്‍ അര്‍പ്പിച്ചു.

ആല്‍ഫാ അക്കാദമിയില്‍ ജര്‍മന്‍ ഭാഷ പരിശീലനം

തിരുവമ്പാടി: ജര്‍മ്മന്‍ ഭാഷയില്‍ പ്രാവിണ്യം നേടുന്നതിനും വിദേശ ജോലി സ്വപ്‌നം കാണുന്നവര്‍ക്കുമായി താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആല്‍ഫ മരിയ അക്കാദമിയില്‍ ജര്‍മന്‍ ഭാഷ പരിശീലന ക്ലാസ്സുകള്‍ ജൂലൈ 17 മുതല്‍ ആരംഭിക്കുന്നു. കുന്നമംഗലം സെന്ററിലാണ് എ1, എ2, ബി1 ക്ലാസുകള്‍ ആരംഭിക്കുന്നത്.
പരിചയസമ്പന്നരായ അധ്യാപകരാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. ജര്‍മ്മനിയിലേക്ക് പ്ലേസ്‌മെന്റ് സഹായവും നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും: 7907028758.

Exit mobile version