വിവാഹം വിളിച്ചുചൊല്ലുന്നത് എന്തിന്?
ചോദ്യം: വിവാഹം വിളിച്ചുചൊല്ലുന്നതിനെക്കുറിച്ചുള്ള നിയമം വിശദീകരിക്കാമോ? ഒത്തുകല്ല്യാണത്തിന് മുമ്പ് വിളിച്ചുചൊല്ലല്‍ ആരംഭിക്കുന്നത് ഏത് സാഹചര്യത്തിലാണ്? മനസമ്മതത്തിനും വിവാഹത്തിനുമിടയില്‍ എത്രദിവസം ഉണ്ടായിരിക്കണം?
വിവാഹം വിളിച്ചു ചൊല്ലുന്നത് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള വിവാഹം ഇടവക സമൂഹത്തിന്റെ പൊതുശ്രദ്ധയില്‍പെടുത്തുന്നതിനും, വിവാഹിതരാകുന്ന വ്യക്തികളെക്കുറിച്ച് ഇടവക സമൂഹത്തിന് ധാരണയുണ്ടായിരിക്കുന്നതിനും, വിവാഹത്തിന് തടസമായ സാഹചര്യങ്ങള്‍ ഉണ്ടെങ്കില്‍ അത് വികാരിയച്ചനെ അറിയിക്കുന്നതിനും വേണ്ടിയാണ്. പരമ്പരാഗതമായി വിവാഹ വാഗ്ദാനത്തിനുശേഷമാണ് വിവാഹം വിളിച്ചുചൊല്ലുന്നത്. എന്നാല്‍ മനസമ്മതത്തിന് മുമ്പുതന്നെ വിളിച്ചുചൊല്ലുവാനുള്ള അവസരം ഇപ്പോള്‍ ഉണ്ട്.
വിവാഹവാഗ്ദാനത്തിനുശേഷം മൂന്ന് കടമുള്ള ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയുടെ സമയത്ത് ഇടവകപള്ളിയില്‍ വിവാഹം വിളിച്ചുചൊല്ലണം. ഒരിക്കല്‍ വിൡച്ചുചൊല്ലുകയും അതിനുശേഷം രണ്ട് ആഴ്ചയുടെ സമയം വിവാഹപരസ്യം ഇടവകയുടെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യാവുന്നതുമാണ്. (സീറോ മലബാര്‍ സഭയുടെ പ്രത്യേക നിയമം, 164). ന്യായമായ കാരണങ്ങളുള്ളപ്പോള്‍ ഈ നിയമത്തില്‍ നിന്ന് ഒഴിവ് (dispensation) ലഭിക്കുന്നതാണ്. സഭയുടെ പ്രത്യേക നിയമമനുസരിച്ച് വിവാഹിതരാകുന്നവരുടെ രേഖാമൂലമുള്ള അപേക്ഷപ്രകാരം, ഇടവകവികാരിക്ക് ഒരു വിളിച്ചുചൊല്ലലും, ഫൊറോന വികാരിക്ക് രണ്ട് വിളിച്ചുചൊല്ലലും ഒഴിവാക്കാവുന്നതാണ്. തക്കതായ കാരണങ്ങള്‍ ഉള്ളപ്പോള്‍ മാത്രം മൂന്നു വിളിച്ചുചൊല്ലലും ഒഴിവാക്കി വിവാഹം നടത്താനുള്ള അനുവാദം നല്‍കുന്നത് രൂപതാദ്ധ്യക്ഷനാണ്.
വിവാഹവാഗ്ദാനത്തിനുമുമ്പ് വിളിച്ചുചൊല്ലല്‍ ആരംഭിക്കുന്നതിനുള്ള അവസരം ഇപ്പോള്‍ നിലവിലുണ്ട്. കല്ല്യാണം വളരെ വേഗത്തില്‍ നടത്തി വിദേശത്തും സ്വദേശത്തുമുള്ള ജോലി സ്ഥലങ്ങളിലേയ്ക്ക് തിരികെ പോകേണ്ട അവസരങ്ങളിലും സമാനമായ മറ്റ് സാഹചര്യങ്ങളിലും ഒത്തുകല്ല്യാണത്തിനുശേഷം മൂന്ന് ആഴ്ചകള്‍ കണ്ടെത്തുകയെന്നത് ബുദ്ധിമുട്ടായിത്തീര്‍ന്ന സാഹചര്യത്തിലാണ്. വിളിച്ചുചൊല്ലല്‍ എന്ന സംവിധാനത്തെ എളുപ്പത്തില്‍ ഒഴിവാക്കുന്ന പ്രവണത ഒഴിവാക്കുന്നതിനുവേണ്ടി, തക്കതായ കാരണം നിലനില്‍ക്കുമ്പോള്‍, വിവാഹവാഗ്ദാനത്തിനു മുമ്പുതന്നെ വിവാഹപരസ്യം നടത്തുവാന്‍ നിയമം അനുവദിക്കുന്നത്.
ഈ അനുവാദത്തിനായി അപേക്ഷിക്കേണ്ടത് രൂപതയില്‍ ഇപ്പോള്‍ നിലവിലുള്ള അപേക്ഷാഫോറത്തിലാണ്. വിവാഹിതരാകുന്ന യുവാവും യുവതിയും ഒപ്പിട്ട് ഇടവക വികാരിയുടെ ശുപാര്‍ശയോടെ നല്‍കുന്ന അപേക്ഷ പരിഗണിക്കുന്നത് ഫൊറോന വികാരിയാണ്. നിയുക്ത വരന്റെയോ വധുവിന്റെയോ ഫൊറോന വികാരിക്ക് ഒത്തുകല്ല്യാണത്തിനു മുമ്പ് വിളിച്ചുചൊല്ലാന്‍ അനുവാദം കൊടുക്കാനുള്ള അധികാരം ഉണ്ട്. രണ്ടു ഫൊറോന വികാരിമാരുടെയും അനുവാദം തേടേണ്ടതില്ല. വിവാഹവാഗ്ദാനത്തിനു മുമ്പ് വിളിച്ചുചൊല്ലുമ്പോള്‍ നിര്‍ബന്ധമായും മൂന്ന് തവണ വിളിച്ചുചൊല്ലാനുള്ള സമയം മുന്‍കൂട്ടി കാണേണ്ടതാണ്. ഇതില്‍ ഒഴിവ് ലഭിക്കുന്നതല്ല.
വളരെ പ്രത്യേകമായി ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം, വിവാഹവാഗ്ദാനത്തിനുമുമ്പ് മൂന്ന് പ്രാവശ്യം വിളിച്ചുചൊല്ലിയാലും ഒത്തുകല്ല്യാണത്തിനുശേഷം കുറഞ്ഞത് അഞ്ച് ദിവസം കഴിഞ്ഞു മാത്രമേ വിവാഹം നടത്താന്‍ സാധിക്കുകയുള്ളൂ എന്നതാണ്. ഒത്തുകല്ല്യാണത്തിനും കല്ല്യാണത്തിനുമിടയില്‍ ഒരു ഞായറാഴ്ച ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ അഞ്ച് ദിവസമെന്നത് താമരശേരി രൂപതയില്‍ നടപ്പിലാക്കിയിരിക്കുന്ന നിയമമാണ്. ഉദാഹരണത്തിന് തിങ്കളാഴ്ച മനസമ്മതം നടത്തിയാല്‍ അടുത്തുവരുന്ന ശനിയാഴ്ചക്കുശേഷമേ വിവാഹം നടത്താവൂ. ശനിയാഴ്ച ഒത്തുകല്ല്യാണം നടത്തി ഞായര്‍ കഴിഞ്ഞ് തിങ്കളാഴ്ച കല്ല്യാണം നടത്താന്‍ സാധിക്കില്ല എന്നര്‍ത്ഥം.
കുടുംബ ജീവിതത്തിലേയ്ക്ക് പ്രവേശിക്കുന്നവര്‍ തക്കതായ ഒരുക്കത്തോടെയും ശ്രദ്ധാപൂര്‍വമായ ആലോചനയോടെയുമായിരിക്കണം തീരുമാനമെടുക്കേണ്ടത്. തിടുക്കത്തിലുളള വിവാഹ തീരുമാനങ്ങളില്‍ വധുവരന്മാര്‍ക്ക് പരസ്പരം നേരിട്ടു കാണുന്നതിനും സംസാരിക്കുന്നതിനും സമയം ലഭിക്കാതെ വരുന്നു. പലപ്പോഴും വിവാഹം നടത്തുന്നതിന്റെ സമയവും താളവും നിശ്ചയിക്കുന്നത് വധുവരന്മാരുടെ സമയമനുസരിച്ചല്ല, മറിച്ച് ബന്ധുമിത്രാദികളുടെ സൗകര്യമനുസരിച്ചാണ്. വിളിച്ചുചൊല്ലുന്ന മൂന്ന് ആഴ്ചയും, വിവാഹത്തിനും ഒത്തുകല്ല്യാണത്തിനുമിടയില്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന ദിവസങ്ങളും പക്വതയോടെയും, സ്വതന്ത്ര്യത്തോടെയും സ്വന്തം ജീവിതത്തെപ്പറ്റി ചിന്തിക്കാനുള്ള സാവകാശം വധൂവരന്മാര്‍ക്ക് നല്‍കുന്നു. അത് അവരുടെ അവകാശമാണ്.