കുടുംബകൂട്ടായ്മകളില്‍ ആലപിക്കാന്‍ തീം സോങ്ങ് ഒരുങ്ങി

കുടുംബക്കൂട്ടായ്മകളില്‍ ആലപിക്കുന്നതിനായി താമരശ്ശേരി രൂപത കുടുംബക്കൂട്ടായ്മ തയ്യാറാക്കിയ തീം സോങ്ങ് പുറത്തിറക്കി. ‘കുടുംബകൂട്ടായ്മ ഒരു സ്‌നേഹസഭ’ എന്ന പേരില്‍ Familia Ecclesia എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറക്കിയത്.

ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ ആമുഖ സന്ദേശത്തോടെ ആരംഭിക്കുന്ന ഗാനം കുടുംബ കൂട്ടായ്മകളില്‍ പാടാനായി പ്രത്യേകം തയ്യാറാക്കിയതാണ്. ഗാനത്തിന്റെ രചനയും & സംഗീതവും നിര്‍വഹിച്ചത് ഫാ. ജയിംസ് വാളിമലയില്‍ CST. ആലാപനം ഫാ. വിപിന്‍ കുരിശുതറ CMI, സിസ്റ്റര്‍ അനുഷ തോമസ് SH (കോറസ്: സിസ്റ്റര്‍ അമല ജയിംസ് SH, സിസ്റ്റര്‍ മേഴ്സി അലക്‌സ് SH).

‘കുടുംബക്കൂട്ടായ്മയുടെ ഇത്തരത്തിലൊരു ചുവടുവയ്പ്പ് ഇത് ആദ്യമാണ്. കുടുംബങ്ങള്‍ ഒന്ന് ചേരുന്ന എല്ലാ അവസരങ്ങളിലും, പ്രത്യേകിച്ച് കുടുംബക്കൂട്ടായ്മകളിലും ഈ ഗാനം ആലപിക്കാം. ഈ ഗാനം കുടുംബ കൂട്ടായ്മകള്‍ക്ക് കരുത്തേകുമെന്ന കാര്യത്തില്‍ സംശയമില്ല.’ – കുടുംബക്കൂട്ടായ്മ രൂപതാ ഡയറക്ടര്‍ ഫാ. മാത്യു കുളത്തിങ്കല്‍ പറഞ്ഞു.

ഗാനം കേള്‍ക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ.

ക്രൈസ്തവ ജീവകാരുണ്യ സ്ഥാപനങ്ങള്‍ സമൂഹത്തിന് വലിയ മാതൃക: അനില്‍ കുമാര്‍ എംഎല്‍എ

കത്തോലിക്ക കോണ്‍ഗ്രസ് യൂത്ത് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്നുവന്ന മദര്‍ തെരേസയോടൊപ്പം യൂത്ത് വാക്ക് – ദശദിന കാരുണ്യോത്സവം തൂവൂര്‍ ആകാശ പറവകള്‍ കേന്ദ്രത്തില്‍ സമാപിച്ചു.

താമരശ്ശേരി രൂപതയിലെ 15 അനാഥ – അഗതി മന്ദിരങ്ങളും, സ്‌പെഷ്യല്‍ സ്‌കൂളുകളും കത്തോലിക്ക കോണ്‍ഗ്രസ് അംഗങ്ങള്‍ സന്ദര്‍ശിക്കുകയും സഹായങ്ങള്‍ നല്‍കുകയും ചെയ്തു.

ജീവകാരുണ്യ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ മനസ്സിലാക്കുവാനും അവയെ പൊതുസമൂഹത്തിന്റെയും ഭരണാധികാരികളുടെയും ശ്രദ്ധയില്‍പ്പെടുത്തുവാനും ഈ സന്ദര്‍ശനങ്ങള്‍ ഉപകാരപ്രദമായി. സമാപന സമ്മേളനം വണ്ടൂര്‍ എംഎല്‍എ എ. പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ക്രൈസ്തവ ജീവകാരുണ്യ സ്ഥാപനങ്ങള്‍ സമൂഹത്തിന് വലിയ മാതൃകയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് താമരശ്ശേരി രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളാംപറമ്പില്‍ അധ്യക്ഷനായിരുന്നു. ഈ അടുത്തകാലത്ത് വന്നിട്ടുള്ള പല നിയമ നിര്‍മ്മാണങ്ങളും കത്തോലിക്കസഭയുടെ ആതുര ശുശ്രൂഷാ മേഖലയില്‍ കടുത്ത വെല്ലുവിളി തീര്‍ക്കുന്നുണ്ട് എന്ന കണ്ടെത്തല്‍ അദ്ദേഹം വിശദീകരിച്ചു. പല സ്ഥാപനങ്ങളും അടച്ചു പൂട്ടി, പലതും മുന്‍പോട്ടു കൊണ്ടുപോകാന്‍ ബുദ്ധിമുട്ടിലാണ്, ഭൂരിപക്ഷം സ്ഥാപനങ്ങള്‍ക്കും സര്‍ക്കാരിന്റെ യാതൊരു സഹായവും ലഭിക്കുന്നില്ല ഇതുമൂലം സമൂഹത്തില്‍ പാര്‍ശ്വവത്കരക്കപ്പെടുന്നവരാണ് ദുരിതത്തില്‍ ആകുന്നത് എന്നും അദ്ദേഹം വിലയിരുത്തി.

കത്തോലിക്ക കോണ്‍ഗ്രസ് പെരിന്തല്‍മണ്ണ മേഖല ഡയറക്ടര്‍ ഫാ. ജില്‍സ് കാരികുന്നേല്‍, ഷാന്റോ തകിടിയേല്‍, ജോമോന്‍ മതിലകത്ത്, ബോബന്‍ കോക്കപ്പുഴ എന്നിവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനത്തില്‍ മദര്‍ തെരേസയുടെ ഛായാ ചിത്രവും സംഭാവനയും ആകാശ പറവകളുടെ മദര്‍ സുപ്പീരിയറിന് കൈമാറി.

കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സെക്രട്ടറി ട്രീസാ ലിസ് സെബാസ്റ്റ്യന്‍, പ്രിന്‍സ് തിനംപറമ്പില്‍, സെബാസ്റ്റ്യന്‍, അഖില്‍ നീതു, അലന്‍, ഷാജു നെല്ലിശ്ശേരി, വര്‍ഗീസ് പുതുശ്ശേരി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

പരിശുദ്ധ മറിയത്തിന്റെ ജനനതിരുനാള്‍

ജന്മദിനം ജീവിതത്തില്‍ ഏവര്‍ക്കും ആഹ്ലാദം തരുന്ന സുദിനമാണ്. അതിനേക്കാള്‍ ഏറെ നാം സന്തോഷിക്കുന്നത് നമ്മുടെ പ്രിയപ്പെട്ടവരുടെ പിറന്നാളുകള്‍ ആഘോഷിക്കുന്ന വേളയിലാണ്. അതുകൊണ്ടുതന്നെ ലോകരക്ഷകന്റെ അമ്മയുടെ പിറവിദിനം നമുക്ക് ആനന്ദത്തിന്റെയും അനുഗ്രഹത്തിയും പുണ്യനാളാണ്.

പരിശുദ്ധ മറിയത്തിന്റെ മാതാപിതാക്കളായ അന്ന – ജൊവാക്കിം, ഇവരെപറ്റി ബൈബിളില്‍ ഒന്നുംതന്നെ കാണുന്നില്ല. വിശുദ്ധ ജോണ്‍ ഡമഷീന്റെ പ്രസംഗവും, സഭാപിതാക്കന്മാരുടെ പഠനങ്ങളും, അപ്രമാണിക ഗ്രന്ഥങ്ങളും, സഭാപാരമ്പര്യവുമാണ് ഇവരെക്കുറിച്ച് നമുക്ക് അറിവ് നല്‍കുന്നത്. ജോവാക്കിം എന്ന പേരിന്റെ അര്‍ത്ഥം ‘ദൈവത്തിനായി ഒരുക്കപ്പെട്ടവനെന്നും,’ അന്ന എന്ന പേരിന്റെ അര്‍ത്ഥം ‘ദൈവത്തിന്റെ ദാനം’ എന്നുമാണ്. അന്ന ഗര്‍ഭംധരിച്ച് ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. അവര്‍ തങ്ങളുടെ കുഞ്ഞിന് ‘മറിയം’ എന്നുപേരിട്ടു. മറിയത്തിനു പന്ത്രണ്ടു വയസാകുന്നതിനുമുമ്പ് അവളുടെ മാതാപിതാക്കള്‍ മരണമടഞ്ഞുവെന്ന് കണക്കാക്കപ്പെടുന്നു. യേശുവിന്റെ ജനനം ബി.സി 6 എന്ന കണക്കനുസരിച്ച് ബി.സി 22 ല്‍ നസ്രത്തില്‍ മറിയം ജനിച്ചു. വിശുദ്ധ ജോണ്‍ ഡമഷീന്‍ ഇപ്രകാരം എഴുതി: ”ജൊവാക്കിമിന്റെയും അന്നയുടെയും എത്രയും പവിത്രയായ പുത്രീ, നീ ദൈവത്തിന്റെ മണവാട്ടിയും അമ്മയുമാകുവാന്‍ വേണ്ടി അധികാരങ്ങളിലും ശക്തികളിലും നിന്നും മറയ്ക്കപ്പെട്ട് പരിശുദ്ധാത്മാവിന്റെ മണവറയില്‍ വസിക്കുകയും, മാലിന്യത്തില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു.”

ഹീബ്രുവിലെ ‘മിറിയാം’ എന്ന വാക്കില്‍ നിന്നാണ് ‘മേരി’ എന്ന പേരുണ്ടായത്. മേരി എന്നതിന് സമുദ്രതാരം, രാജകുമാരി, സൗന്ദര്യവതി, പരിപൂര്‍ണ്ണത എന്നൊക്കെ അര്‍ത്ഥമുണ്ട്. ഹീബ്രുവില്‍ മിറിയാം എന്നും, അരമായ ഭാഷയില്‍ മറിയം എന്നും, ഗ്രീക്ക്, ലാറ്റിന്‍ ഭാഷയില്‍ മരിയ എന്നും, ഇംഗ്ലീഷിലും മലയാളത്തിലും മേരിയെന്നും അവള്‍ അറിയപ്പെടുന്നു.

പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തെക്കുറിച്ചുള്ള ആദിമ സഭയുടെ പാരമ്പര്യം യാക്കോബിന്റ സുവിശേഷത്തില്‍ (ഗോസ്പല്‍ ഓഫ് ജെയിംസ് – ഒരു അപ്പോക്രിഫല്‍ സുവിശേഷം) രേഖപ്പെടുത്തപ്പെടുത്തിയിരിക്കുന്നു. അതിപ്രകാരമാണ്. മറിയത്തിന്റെ മാതാപിതാക്കളായ അന്നയും ജൊവാക്കീമും വൃദ്ധരും മക്കളില്ലാത്തവരുമായിരുന്നു. ജൊവാക്കീം ജെറുസലേം ദേവാലയത്തിലെ പുരോഹിതനായിരുന്നു. കര്‍ത്താവിന്റെ മഹാദിനത്തില്‍ ക്രമമനുസരിച്ച് മറ്റു പുരോഹിതന്മാര്‍ക്ക് മുന്‍പേ ദേവാലയത്തിലേക്ക് കാഴ്ചസമര്‍പ്പണം കൊണ്ടുവന്ന ജൊവാക്കീമിനെ റൂബന്‍ എന്നയാള്‍ തടഞ്ഞു. കാരണം മക്കളില്ലാതിരുന്ന ജൊവാക്കിമിനെ ശപിക്കപ്പെട്ടവനായാണ് അയാള്‍ കരുതിയത്.

ദുഃഖിതനായ ജൊവാക്കീം അനുഗ്രഹീതരായ പൂര്‍വ്വപിതാക്കളുടെ പട്ടികയെടുത്തു പരിശോധിച്ചപ്പോള്‍ എല്ലാവര്‍ക്കും മക്കളുണ്ടായിരുന്നതായി കണ്ടെത്തി. തീവ്രദുഃഖത്താല്‍ വലഞ്ഞ ജൊവാക്കീം മരുഭൂമിയില്‍ കൂടാരമടിച്ചു നാല്‍പതു ദിനരാത്രങ്ങള്‍ പ്രാര്‍ത്ഥിച്ചു. ദീര്‍ഘകാലമായി അന്നയും ഒരു കുട്ടിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. ദൈവം ഒടുവില്‍ അവരുടെ പ്രാര്‍ത്ഥന കേട്ടു. ഒരു മാലാഖ അന്നയ്ക്ക് പ്രത്യക്ഷപ്പെട്ടു മറിയത്തിന്റെ ജനനത്തെക്കുറിച്ചുള്ള അറിയിപ്പു നല്‍കി. ജൊവാക്കീം മരുഭൂമിയില്‍ നിന്ന് ഭവനത്തിലേക്ക് തിരുച്ചു വന്നു. പന്നീട് അന്ന ഗര്‍ഭം ധരിക്കുകയും മറിയത്തെ പ്രസവിക്കുകയും ചെയ്തു. നാലു വയസ്സായപ്പോള്‍ അവര്‍ മറിയത്തെ ജെറുസലേം ദേവാലയത്തില്‍ സമര്‍പ്പിച്ചു.

മാതാവിന്റെ ജനനതിരുനാള്‍ ഔദ്യോഗികമായി ആരംഭിക്കുന്നത് 1007 ല്‍ മിലാന്‍ നഗരത്തിലാണ്. ആ വര്‍ഷത്തില്‍ സാന്താ മരിയ ഫ്‌ളൂക്കോറിന എന്ന ദേവാലയം പരിശുദ്ധ അമ്മയുടെ ഓര്‍മ്മയ്ക്കായി സമര്‍പ്പിക്കപ്പെട്ടു. 1513 മുതല്‍ സ്‌പെയിനിലും 1671 മുതല്‍ നേപ്പിള്‍സിലും മറിയത്തിന്റെ ‘മധുരനാമ തിരുനാള്‍’ ആഘോഷിക്കുവാന്‍ തുടങ്ങി. 2002 ല്‍ വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, സെപ്റ്റംബര്‍ 12- പരിശുദ്ധ അമ്മയുടെ നാമതിരുനാള്‍ -സഭാ കലണ്ടറില്‍ ഉള്‍പ്പെടുത്തി. വിശുദ്ധ ലോറന്‍സ് റിച്ചാര്‍ഡ് ഇപ്രകാരം പറയുന്നു: ”യേശുവിന്റെ നാമം കഴിഞ്ഞാല്‍ ഇതുപോലെ ശക്തമായതും മഹത്വമേറിയതുമായ നാമം വേറെയില്ല. പാപമില്ലാതെ ജനിക്കുകയും ജീവിക്കുകയും ചെയ്ത ദൈവത്തിന്റെ ആദ്യസൃഷ്ടി, ഒരേയൊരു സൃഷ്ടി പരിശുദ്ധ കന്യകാമറിയം മാത്രമാണ്.”

വിശുദ്ധ ബര്‍ണ്ണാര്‍ദ് പറയുന്നു: ”ലോകസാഗരത്തില്‍ കൊടുങ്കാറ്റുകളുടെ ഇടയില്‍ ഞാന്‍ ഇളകി മറിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍, കല്ലോല മാലകള്‍ എന്നെ വിഴുങ്ങാതിരിക്കാന്‍ മറിയമെ ഞാന്‍ എന്റെ ദൃഷടി അങ്ങയുടെ നേര്‍ക്ക് തിരിക്കുന്നു.” വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി കുറിക്കുന്നു: ‘മറിയത്തിന്റെ ഉത്ഭവസമയത്ത് അവള്‍ സ്വര്‍ഗ്ഗത്തിലെത്തിയിട്ടുള്ള ഏതു വിശുദ്ധരെക്കാളും പ്രസാദവര പൂര്‍ണയായിരുന്നു.’ വിശുദ്ധിയുടെ നിറകുടമായ മറിയത്തില്‍ നമുക്ക് അഭയം തേടാം. അമലോത്ഭവയായ ദൈവമാതാവിന്റെ ജനനത്തില്‍ സ്വര്‍ഗ്ഗവാസികളോടൊപ്പം നമുക്കും ആഹ്ലാദിക്കാം

കോടഞ്ചേരി മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എട്ടുനോമ്പ് സമാപനം

കോടഞ്ചേരി മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ എട്ടുനോമ്പാചരണം നാളെ (സെപ്റ്റംബര്‍ 8) സമാപിക്കും. നാളെ രാവിലെ ആറിനും 10നും വിശുദ്ധ കുര്‍ബാനയും രണ്ടാമത്തെ കുര്‍ബാനയ്ക്കു ശേഷം ജപമാല റാലിയുമുണ്ടാകും. തുടര്‍ന്ന് നേര്‍ച്ച ഭക്ഷണം.

മാതാവിന്റെ പിറവിത്തിരുനാളിനൊരുക്കമായി സെപ്റ്റംബര്‍ ഒന്നു മുതല്‍ വിവിധ നിയോഗങ്ങള്‍ സമര്‍പ്പിച്ച് ദിവ്യബലി അര്‍പ്പിച്ചിരുന്നു. വിവിധ ദിവസങ്ങളിലായി നടന്ന മരിയന്‍ പ്രഭാഷണങ്ങള്‍ക്ക് ഫാ. ബിനു പുളിക്കല്‍, ഫാ. രാജേഷ് പള്ളിക്കാവയലില്‍, സിസ്റ്റര്‍ ലിസി ടോം എംഎസ്എംഐ, സജിത്ത് ജോസഫ്, ബേബി ജോണ്‍ കലയന്താനി എന്നിവര്‍ നേതൃത്വം നല്‍കി.

എട്ടുനോമ്പിന്റെ ദിവസങ്ങളില്‍ 24 മണിക്കൂറും ദിവ്യകാരുണ്യ ആരാധനയും ജപമാലയുമുണ്ടായിരുന്നു. കുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. കോടഞ്ചേരി തീര്‍ത്ഥാടന കേന്ദ്രം റെക്ടര്‍ ഫാ. കുര്യാക്കോസ് ഐക്കൊളമ്പില്‍, അസി. വികാരി ഫാ. ആല്‍ബിന്‍ വിലങ്ങുപാറ, കൈക്കാരന്മാരായ ബാബു വേലിക്കകത്ത്, ജോസ് കപ്യാരുമലയില്‍, സേവ്യര്‍ വലിയമറ്റം, തങ്കച്ചന്‍ പുലയന്‍പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു

ആനന്ദത്തിനും സന്തോഷത്തിനും വേണ്ടി പരക്കം പായുന്ന ലോകത്താണല്ലോ നാം. എന്തു തട്ടിപ്പും വെട്ടിപ്പും ഗുണ്ടായിസവും കാണിച്ചിട്ടാണെങ്കിലും ആനന്ദിക്കണം. മദ്യം, മയക്കുമരുന്ന്, അഴിമതി, അശ്ലീലം എന്നിങ്ങനെ നീളുന്ന പട്ടികയുടെ പിന്നിലും സന്തോഷിക്കണം, ആനന്ദിക്കണം എന്ന ചിന്തതന്നെയാണ്. എന്നാല്‍ ഈ ആനന്ദം ശാശ്വതമാണോ? ഇത്തരം ആനന്ദങ്ങള്‍ നിരാശയിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്ന കഥകള്‍ എത്രയോ നാം കേട്ടിരിക്കുന്നു. എന്നാല്‍ പരിശുദ്ധ കന്യകാ മറിയം പറയുന്നത് ‘എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു” (ലൂക്ക 1/47) എന്നാണ്. ആര് മനസിലാക്കിയാലും ഇല്ലെങ്കിലും എന്നെ മനസിലാക്കുന്ന ദൈവം എനിക്ക് നന്മ മാത്രമേ തരികയുള്ളു എന്ന ആഴമായ വിശ്വാസം പരിശുദ്ധ അമ്മയ്ക്കുണ്ടായിരുന്നു. അതുകൊണ്ടാണ് അമ്മയ്ക്ക് ഇങ്ങനെ പറയാന്‍ സാധിച്ചത്.

ഇന്ന് നാം മംഗളവാര്‍ത്ത എന്ന് പറയുന്ന ‘വാര്‍ത്ത’ അന്ന് പരിശുദ്ധ അമ്മയെ സംബന്ധിച്ചിടത്തോളം മംഗളമായിരുന്നോ? ഭാവിയെക്കുറിച്ച് എത്രമാത്രം ഉത്കണ്ഠയും ഭയവും സംശയങ്ങളും നിറഞ്ഞ അവസ്ഥയിലൂടെയായിരിക്കും കന്യകാ മറിയം കടന്നു പോയിട്ടുണ്ടാകുക? പക്ഷെ, പരിശുദ്ധ അമ്മയുടെ ഹൃദയത്തിലെ ആനന്ദത്തിന് ഒരു കുറവും സംഭവിക്കുന്നില്ല. അമ്മ എപ്പോഴും ദൈവത്തോടു കൂടിയായിരുന്നു. അതിനാലാണ് ഗബ്രിയേല്‍ ദൂതന്‍ അമ്മയോട് ഇപ്രകാരം പറഞ്ഞത്: ‘കര്‍ത്താവ് നിന്നോടു കൂടെ’ (ലൂക്ക12:8)

ബത്‌ലഹേമിലേക്കുള്ള യാത്രയിലും ഉണ്ണക്കു പിറക്കാനൊരിടം കിട്ടാത്തപ്പോഴും ഈജിപ്തിലേക്കുള്ള പലായനത്തിലും ശിമയോന്റെ പ്രവചനം കേട്ടപ്പോഴും ഉണ്ണിയെ കാണാതായപ്പോഴും അവസാനം കുരിശിന്‍ ചുവട്ടില്‍ പോലും പരിശുദ്ധ കന്യകാ മറിയം ഹൃദയത്തിന്റെ അനന്ദം നഷ്ടപ്പെടുത്തിയില്ല. അതിന്റെ കാരണവും അമ്മ വ്യക്തമാക്കുന്നുണ്ട്: ‘അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു’ (ലൂക്ക 1:48). താഴ്മയുള്ളവരുടെ കൂടെയാണ് ദൈവം. ‘അഹങ്കരിക്കുന്നവരോട് കര്‍ത്താവിന് വെറുപ്പാണ് (സുഭാഷിതങ്ങള്‍ 16:5)

ഇടപെട്ടിരുന്ന വ്യക്തികളിലേക്കും ഇടങ്ങളിലേക്കുമെല്ലാം തന്റെ ആനന്ദം പകരുവാന്‍ പരിശുദ്ധ അമ്മ ശ്രദ്ധിച്ചിരുന്നു. കാനായിലെ വിവാഹവിരുന്നില്‍ വീഞ്ഞ് തീര്‍ന്നു പോയപ്പോള്‍ ആ കുടുംബത്തിന്റെ ആനന്ദം നഷ്ടമാകാതിരിക്കുവാന്‍ അമ്മ അവിടെ ഇടപെടുന്നു. ഇന്നും നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലെ വിഷമതകളില്‍ അമ്മ ഇടപെടുന്നുണ്ട്. എട്ടു നോമ്പ് ആചരണത്തിന്റെ പിന്നിലും അത്തരമൊരു ഇടപെടലിന്റെ കഥയുണ്ട്. കേരള ക്രൈസ്തവര്‍ അഭിമുഖീകരിക്കേണ്ടി വന്ന വലിയ പ്രതിസന്ധിയായിരുന്നു ടിപ്പു സുല്‍ത്താന്റെ ആക്രമണം. നിസഹായാവസ്ഥയില്‍ എസ്‌തേര്‍ രാജ്ഞി തന്റെ ജനത്തെ രക്ഷിക്കണമേയെന്ന് പറഞ്ഞു കര്‍ത്താവിങ്കലേക്ക് ഓടിയതുപോലെ ഇവിടുത്തെ സ്ത്രീകള്‍ നെഞ്ചുപൊട്ടി മാതാവിനെ വിളിച്ച് അപേക്ഷിച്ചു. അപേക്ഷിച്ചാല്‍ ഉപേക്ഷിക്കാത്ത അമ്മയിലൂടെ ടിപ്പു സുല്‍ത്താന്റെ പതനവും കേരളക്കരയിലെ ക്രൈസ്തവരുടെ മോചനവും യാഥാര്‍ത്ഥ്യമായി.

ദുഃഖങ്ങളെല്ലാം പങ്കുവയ്ക്കാന്‍ ഒരമ്മയുള്ളത് എത്രയോ ആശ്വാസപ്രദമാണ്. മക്കളെ സഹായിക്കാന്‍ കാത്തിരിക്കുന്ന ഈ അമ്മയെ നമുക്ക് ചേര്‍ത്തു പിടിക്കാം. അമ്മയുടെ സാന്നിധ്യവും സംരക്ഷണവും നമുക്ക് അനുഭവിക്കാം. അമ്മയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് ആ കരങ്ങളില്‍ ചുംബിക്കാം.

തയ്യാറാക്കിയത്: സിസ്റ്റര്‍ സോസിമ MSJ

മാര്‍ പോള്‍ ചിറ്റിലപ്പിള്ളി അനുസ്മരണ ശുശ്രൂഷ

താമരശ്ശേരി: രൂപതയുടെ മുന്‍മെത്രാന്‍ മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ മൂന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് രൂപതാതല അനുസ്മരണ പ്രാര്‍ത്ഥനയും വിശുദ്ധ കുര്‍ബാനയും മേരി മാതാ കത്തീഡ്രലില്‍ നടന്നു. തലശ്ശേരി അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം മുഖ്യകാര്‍മികത്വം വഹിച്ചു. സീറോ മലബാര്‍ സഭ കൂരിയാ ചാന്‍സലര്‍ ഫാ. അബ്രാഹം കാവില്‍പുരയിടത്തില്‍, രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രാഹം വയലില്‍ എന്നിവര്‍ സഹകാര്‍മ്മികരായി.

വിശുദ്ധനായ വൈദിക ശ്രേഷ്ഠനായിരുന്നു മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയെന്ന് മാര്‍ ജോര്‍ജ് വലിയമറ്റം അനുസ്മരിച്ചു. ”ദൈവജനത്തെ വിശുദ്ധീകരിക്കാന്‍ വിശുദ്ധിയുള്ളവര്‍ക്കേ സാധിക്കൂ. അറിവുള്ളവര്‍ക്കേ അത് പകര്‍ന്നു നല്‍കാനാകൂ. ചിറ്റിലപ്പിള്ളി പിതാവ് വിശുദ്ധനും പണ്ഡിതനുമായിരുന്നു. നല്ല ഇടയനായി തന്റെ അജഗണത്തെ ശ്രദ്ധാപൂര്‍വം വളര്‍ത്തിയെടുക്കുവാന്‍ പിതാവിന് കഴിഞ്ഞതും അതുകൊണ്ടാണ്.” മാര്‍ ജോര്‍ജ് വലിയമറ്റം പറഞ്ഞു.

വിശുദ്ധ കുര്‍ബാനയിലും ശ്രാദ്ധ ശുശ്രൂഷയിലും വൈദികരും സന്യസ്തരും അല്‍മായരും പങ്കെടുത്തു.

കാലത്തിനു മുമ്പേ നടന്ന കര്‍മ്മയോഗി

സെപ്റ്റംബര്‍ 6: മാര്‍ പോള്‍ ചിറ്റിലപ്പിള്ളി ഓര്‍മ്മദിനം. അഭിവന്ദ്യ ചിറ്റിലപ്പിള്ളി പിതാവിനെ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അനുസ്മരിക്കുന്നു.

കാലത്തിനു മുമ്പേ നടന്ന കര്‍മ്മയോഗിയായിരുന്നു മാര്‍ പോള്‍ ചിറ്റിലപ്പിള്ളി പിതാവ്. തനിക്ക് ഇഷ്ടമുള്ളവരെ തിരഞ്ഞെടുത്ത് ഇടയനില്ലാത്ത ആടുകളുടെ അടുത്തേക്ക് അജപാലനത്തിനായി അയച്ച യേശു, വന്ദ്യ പിതാവിനെ ശുശ്രൂഷക്കായി വിളിച്ച് ഇടയനില്ലാത്തവരുടെ ഇടയനായി നിയോഗിച്ചു. പൗലോസ് ശ്ലീഹായെപ്പോല ‘യേശുക്രിസ്തു എന്നെ സ്വന്തമാക്കി’ എന്ന ആത്മബോധത്തോടെ ആരും കടന്നുചെല്ലാത്ത മേഖലകളിലേക്ക് സധൈര്യം കടന്നുചെന്ന് ജീവിതം സുവിശേഷമാക്കിയ വലിയ ഇടയനായിരുന്നു അദ്ദേഹം.

തൃശ്ശൂര്‍ അതിരൂപതയുടെ പ്രഗത്ഭനായ വികാരി ജനറല്‍ എന്ന നിലയില്‍ കേട്ടിട്ടുണ്ടായിരുന്നെങ്കിലും ആദ്യമായി അടുത്ത് പരിചയപ്പെടുന്നത് 1991 ല്‍ കാനന്‍ നിയമത്തിലെ തുടര്‍പരിശീലനത്തിനായി മുംബൈയില്‍ എത്തിയപ്പോഴായിരുന്നു. പിന്നീട് താമരശ്ശേരി രൂപതയുടെ മൂന്നാമത്തെ മെത്രാനായി വന്നപ്പോള്‍ രൂപതാഭരണത്തില്‍ അദ്ദേഹത്തോടൊപ്പം 10 വര്‍ഷം രൂപതാ ചാന്‍സലര്‍ എന്ന നിലയില്‍ ചേര്‍ന്നു നടക്കാനും 2010 മുതല്‍ പിതാവിന്റെ മരണംവരെ ആ ആത്മീയ തണലില്‍ ആശ്രയിച്ച് സുകൃതം സ്വന്തമാക്കാനും എനിക്ക് അപൂര്‍വ്വമായ ഭാഗ്യം ദൈവം നല്കി. ഏറ്റവും അടുത്ത് ഇടപഴകിയ വ്യക്തി എന്ന നിലയില്‍ എനിക്ക് നിസ്സംശയം പങ്കുവെക്കാന്‍ കഴിയും, അദ്ദേഹത്തിന്റെ സ്ഥാനം സുവിശേഷ മൂല്യങ്ങള്‍ മുറുകെപ്പിടിച്ച വേദസാക്ഷികളുടെ നിരയിലാണ്.

കറതീര്‍ന്ന സഭാസ്നേഹിയായിരുന്നു പിതാവ്. ‘ഇതാ ഞാന്‍ യേശുവിനോടുകൂടെ ക്രൂശിതനായിരിക്കുന്നു. ഇനി മേല്‍ ഞാനല്ല ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്. അവനെപ്രതി ലോകം എനിക്കും ഞാന്‍ ലോകത്തിനും ക്രൂശിക്കപ്പെട്ടിരിക്കുന്നു’ എന്ന അപ്പസ്തോലന്റെ ആദ്ധ്യാത്മികത അക്ഷരാര്‍ത്ഥത്തില്‍ പിതാവിലും തെളിഞ്ഞു നിന്നിരുന്നു. അഭിമാനിക്കുന്നവന്‍ കര്‍ത്താവില്‍ അഭിമാനിക്കട്ടെ എന്ന ചൈതന്യത്തിലായിരുന്നു പിതാവിന്റെ പ്രവര്‍ത്തനങ്ങളത്രയും.

അപ്രതീക്ഷിതമായ ദൈവവിളി, ഉപരിപഠനത്തിനായി റോമിലേക്കുള്ള യാത്ര, വടവാതൂര്‍ സെമിനാരിയില്‍ അധ്യാപകനായിരുന്ന കാലഘട്ടം, തൃശ്ശൂര്‍ രൂപതയിലെ സാഹസികമായ ആരംഭകാല പ്രവര്‍ത്തനങ്ങള്‍, സിനഡില്‍ സഭാപിതാക്കന്മാരോടൊപ്പമുള്ള പ്രവര്‍ത്തനങ്ങള്‍, സിനഡ് ഭരമേല്പിച്ച ശുശ്രൂഷകള്‍ മുതലായ നിരവധിയായ അനുഭവങ്ങള്‍ എനിക്ക് പരിചിതമാണ്. അഭിവന്ദ്യ പോള്‍ പിതാവിനെ ദൈവം ഏല്പിച്ച ദൗത്യങ്ങളെല്ലാം നൂറുശതമാനം വിജയിപ്പിക്കാന്‍ പിതാവ് അവിശ്രാന്തം പരിശ്രമിക്കുകയും വിജയം വരിക്കുകയും ചെയ്തിട്ടുണ്ട്. ഞാന്‍ പ്രത്യേകം ശ്രദ്ധിച്ച കാര്യം തന്റെ ശുശ്രൂഷയുടെ വിജയകരമായ ചരിത്രം പങ്കുവെക്കുമ്പോള്‍ ഒരിക്കല്‍പോലും ‘ഞാന്‍’ എന്ന പദം കടന്നു വരാറില്ലായിരുന്നു. ദൈവം എന്നെ ഒരു ഉപകരണമാക്കി, പ്രവര്‍ത്തനത്തിന് ആവശ്യമായ സഹായികളെ തന്ന് ദൈവം അനുഗ്രഹിച്ചു എന്നുമാത്രമാണ് ആവര്‍ത്തിച്ചിരുന്നത്. ‘കൃപയുടെ വഴിയില്‍’ എന്ന തന്റെ ആത്മകഥയില്‍ അദ്ദേഹം എഴുതുന്നു- ‘സാര്‍വത്രിക സഭ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങളും വ്യക്തിസഭ എടുക്കുന്ന തീരുമാനങ്ങളും എനിക്ക് വ്യക്തിപരമായ ആശയങ്ങളും അഭിപ്രായങ്ങളും ഉെണ്ടങ്കില്‍തന്നെയും പൂര്‍ണ്ണമായി പാലിക്കുവാനും അനുസരിക്കുവാനും ഞാന്‍ ശ്രദ്ധിച്ചിരുന്നു.’ കറതീര്‍ന്ന സഭാസ്നേഹിക്കു മാത്രമേ ആത്മാര്‍ത്ഥത നിറഞ്ഞ ഈ വാക്കുകള്‍ കോറിയിടാന്‍ കഴിയൂ.

കെഎസ്ആര്‍ടിസിയും പള്ളിമുറിയും

സെപ്റ്റംബര്‍ 5: ഫാ. അഗസ്റ്റിന്‍ മണക്കാട്ടുമറ്റം ഓര്‍മ്മദിനം

ആനക്കാംപൊയില്‍ റൂട്ടില്‍ ഓടുന്ന കെഎസ്ആര്‍ടിസി ബസ് കാണുമ്പോള്‍ ഫാ. അഗസ്റ്റിന്‍ മണക്കാട്ടുമറ്റത്തിന്റെ ഓര്‍മ പഴമക്കാരുടെ മനസില്‍ നിറയും. അദ്ദേഹത്തിന്റെ സൗമനസ്യവും സഹകരണവുമില്ലായിരുന്നെങ്കില്‍ ഈ റൂട്ടില്‍ സ്റ്റേറ്റ്ബസ് വരില്ലായിരുന്നു. അദ്ദേഹം കാണിച്ച സ്‌നേഹത്തിന് പ്രത്യുപകാരമായി ആനക്കാംപൊയില്‍ സര്‍വീസ് കെഎസ്ആര്‍ടിസി കുത്തക റൂട്ടാക്കി. ഇപ്പോള്‍ തിരുവമ്പാടിയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നു. വിവിധ മലയോര കേന്ദ്രങ്ങളിലേക്ക് മാത്രമല്ല വിദൂര ജില്ലകളിലേക്കും ഇവിടെ നിന്ന് സ്റ്റേറ്റ് ബസ് ഓടുന്നു.

മലയോര ജനത യാത്രാ സൗകര്യത്തിന് കൊതിച്ചിരുന്ന 1970കളുടെ മധ്യഘട്ടം. തോട്ടത്തിന്‍കടവില്‍ പാലം വന്നപ്പോഴാണ് തിരുവമ്പാടിയില്‍ ആദ്യമായി ബസ് എത്തുന്നത്. വൈകാതെ പൊടി നിറഞ്ഞ ചെമ്മണ്‍പാതയിലൂടെ പുല്ലൂരാംപാറയ്ക്കും ബസ് ഓടിതുടങ്ങി. ഒരു യാത്ര കഴിയുമ്പോള്‍ യാത്രക്കാരും ബസും അത്യാവശ്യമായി കുളിക്കേണ്ട പരുവത്തില്‍ പൊടിമണ്ണില്‍ മൂടിയിരിക്കും.

പുല്ലൂരാംപാറ വരെ എത്തിയ ബസിനെ ആനക്കാംപൊയില്‍ എത്തിക്കാനായി നാട്ടുകാരുടെ പിന്നീടുള്ള ശ്രമം. ചില സ്വകാര്യ ബസുകള്‍ ആനക്കാംപൊയിലിലേക്ക് ഓടിയെങ്കിലും കുത്തനെയുള്ള കയറ്റവും റോഡിന്റെ ദുര്‍ഘടാവസ്ഥയും കാരണം സര്‍വീസ് തുടരാന്‍ താല്‍പ്പര്യം കാണിച്ചില്ല.

ആനക്കാംപൊയില്‍ പള്ളിവികാരിയായിരുന്ന ഫാ. അഗസ്റ്റിന്‍ മണക്കാട്ടുമറ്റം ഈ റൂട്ടില്‍ സര്‍വീസ് നടത്തണമെന്ന ആവശ്യവുമായി കെഎസ്ആര്‍ടിസിയെ സമീപിച്ചു. കയറ്റവും വളവുമുള്ള, ടാറിടാത്ത വഴിയില്‍ കൂടി ഓടാന്‍ പറ്റില്ലെന്നായിരുന്നു അധികൃതരുടെ നിലപാട്. അച്ചന്‍ വിട്ടില്ല. അധികൃതരുടെ പിന്നാലെ കൂടി. അവസാനം പരീക്ഷണാര്‍ത്ഥം ബസ് ഓടിച്ചു. ബസിന് നല്ലവരുമാനം കിട്ടി. കൂടെ നാട്ടുകാരുടെ നിര്‍ലോഭമായ സഹകരണവും. പക്ഷെ ഡ്രൈവര്‍ക്ക് ഈ റൂട്ടില്‍ ബസ് ഓടിക്കുക അതീവ ക്ലേശകരമായിരുന്നു. മഴപെയ്താല്‍ കയറ്റം കയറാതെ ബസ് ചെളിയില്‍ തെന്നിക്കളിക്കും.

ഉടനെ ആനക്കാംപൊയില്‍ പള്ളിയിലേക്ക് വിവരം കൊടുക്കും. മിനിട്ടുകള്‍ക്കകം അച്ചനും ചേട്ടന്മാരുടെ സംഘവുമെത്തും. ബസിനെ തള്ളി കുന്നുകയറ്റിവിടും.

രാത്രിയില്‍ ആനക്കാംപൊയിലില്‍ കിടക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ ബസ് ജീവനക്കാര്‍ക്ക് സ്റ്റേ ഡ്യൂട്ടി എടുക്കാന്‍ താല്‍പ്പര്യമില്ലായിരുന്നു. വൈകിട്ട് 7.15നും 8.30നും കോഴിക്കോട്ടുനിന്നു പുറപ്പെടുന്ന ബസുകള്‍ ആനക്കാംപൊയിലില്‍ എത്തുമ്പോള്‍ ഹോട്ടലുകള്‍ അടച്ചിരിക്കും. ഭക്ഷണത്തിനു മാത്രമല്ല താമസത്തിനും സൗകര്യമില്ല.

അച്ചന്‍ ഇതിനും പരിഹാരം കണ്ടു. ജീവനക്കാര്‍ക്ക് പള്ളിമുറിയില്‍ കിടക്കാം. അത്താഴവും വിളമ്പിവെച്ചിരിക്കും. മറ്റൊരിടത്തും കിട്ടാത്ത ഈ സൗമനസ്യത്തിനും സ്‌നേഹത്തിനും മുന്നില്‍ കെഎസ്ആര്‍ടിസി കീഴടങ്ങി. ആനക്കാംപൊയിലും കെഎസ്ആര്‍ടിസിയും തമ്മില്‍ അന്നു തുടങ്ങിയ ബന്ധമാണ് ഇപ്പോള്‍ തിരുവമ്പാടി ബസ് സ്റ്റേഷന്‍ വരെ വളര്‍ന്നു നില്‍ക്കുന്നത്.

ആനക്കാംപൊയിലില്‍ ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായിക്കൊണ്ടിരുന്ന കാലമായിരുന്നത്. അപ്പോഴെല്ലാം ഈ കൊച്ചുമനുഷ്യന്‍ സ്‌നേഹം കൊണ്ടും വിനയാന്വിതമായ പെരുമാറ്റം കൊണ്ടും ജനങ്ങളെ വിശ്വാസത്തിന്റെ ചരടില്‍ കോര്‍ത്തിണക്കി വികസന-ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.

മണക്കാട്ടുമറ്റം കുര്യാക്കോസ് – ഏലി ദമ്പതികളുടെ മകനായി 1938ല്‍ രാമപുരം കുറിഞ്ഞിയില്‍ ജനിച്ച ഫാ. അഗസ്റ്റിന്‍ 1964ല്‍ വൈദികപട്ടം സ്വീകരിച്ചു. കൊല്ലൂര്‍, പുറവയല്‍, മാട്ടറ, വാഴവറ്റ, പാലാവയല്‍, ആനക്കാംപൊയില്‍, പുഷ്പഗിരി, കല്ലുരുട്ടി, താമരശേരി, പാറോപ്പടി, കട്ടിപ്പാറ തുടങ്ങിയ ഇടവകകളില്‍ വികാരിയായിരുന്നു. 1987 മുതല്‍ 1993 വരെ താമരശേരി രൂപത കോര്‍പ്പറേറ്റ് മാനേജരായി സേവനം അനുഷ്ഠിച്ചു. 2007 സെപ്റ്റംബര്‍ അഞ്ചിന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

സെപ്റ്റംബര്‍ 5: വിശുദ്ധ മദര്‍ തെരേസയുടെ തിരുനാള്‍

ക്ഷീണിച്ച ശബ്ദത്തില്‍, മന്ത്രിക്കുന്നതു പോലെ മദര്‍ പറഞ്ഞു തുടങ്ങി: ‘പ്രാര്‍ഥിക്കുന്ന കുടുംബം നിലനില്‍ക്കും. പ്രാര്‍ഥനയാണ് ശക്തി. പ്രാര്‍ഥനയില്ലെങ്കില്‍ എല്ലാം ശിഥിലമാകും. പ്രാര്‍ഥനയില്ലാതെ സന്തോഷം കണ്ടെത്താനാവില്ല.’ 1994ല്‍ കോഴിക്കോട്ടെത്തിയ മദറിന്റെ സന്ദര്‍ശനം അനുസ്മരിക്കുന്നു

കേരള സന്ദര്‍ശനത്തിന്റെ ഭാഗമായി 1994-ല്‍ മദര്‍ തെരേസ കോഴിക്കോട്ടുമെത്തിയിരുന്നു. മിഷണറീസ് ഓഫ് ചാരിറ്റിയുടെ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച മദര്‍ പൊതുപരിപാടികളിലും പങ്കെടുത്തു.

മദറിന്റെ കോഴിക്കോട്ടെ പരിപാടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അവസരം കിട്ടിയപ്പോള്‍ കഴിയുമെങ്കില്‍ മദറിനെ കണ്ട് ഒരു അഭിമുഖം സംഘടിപ്പിക്കണമെന്ന് ആഗ്രഹിച്ചു.

ഈ മോഹവും മനസിലിട്ടു കൊണ്ടാണ് 1994 ജനുവരി 14ന് 12 മണിക്ക് കോഴിക്കോട് വെസ്റ്റ്ഹില്ലിനടുത്ത് അത്താണിക്കലിലുള്ള ‘സ്‌നേഹഭവനി’ലെത്തിയത്. ആരോരുമില്ലാത്ത സാധുസ്ത്രീകളെ സംരക്ഷിക്കുന്ന കേന്ദ്രമാണ് സ്‌നേഹഭവന്‍. ഉച്ച കഴിഞ്ഞ് രണ്ടു മണിയോടെ കരിപ്പൂരില്‍ വിമാനമിറങ്ങിയ ശേഷം മദര്‍ സ്‌നേഹഭവനിലെത്തി ഊണു കഴിക്കുമെന്ന് സ്‌നേഹഭവനിലെ സിസ്റ്റര്‍മാര്‍ പറഞ്ഞു.

ഞാന്‍ ചെല്ലുമ്പോള്‍ സ്‌നേഹഭവനിലെ അന്തേവാസികള്‍ക്ക് ഉച്ചഭക്ഷണം കൊടുക്കുന്ന സമയമായിരുന്നു. തീരെ അവശരായവര്‍ക്ക് സിസ്റ്റര്‍മാര്‍ ചോറു വാരിക്കൊടുക്കുന്നു. അന്തേവാസികളെല്ലാം കുളിച്ച് നല്ല വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിച്ചിരിക്കുന്നു. പ്രായമേറിയവരാണെങ്കിലും എല്ലാ മുഖങ്ങളിലും സംതൃപ്തിയുടെയും മനഃസമാധാനത്തിന്റെയും തെളിച്ചം പ്രകടമായിരുന്നു.

മദറിനെ പ്രത്യേകം കാണാന്‍ സാധിക്കുമോ എന്നു ചോദിച്ചപ്പോള്‍ ‘ഒരു രക്ഷയുമില്ല’ എന്നായിരുന്നു സിസ്റ്റര്‍മാര്‍ പറഞ്ഞത്. ‘ദൂരയാത്ര കഴിഞ്ഞ് മദര്‍ മടുത്താണു വരുന്നത്. നേരിയ പനിയുമുണ്ട്. ഇവിടത്തെ പരിപാടി കഴിഞ്ഞ് മേരിക്കുന്നിലെ മിഷണറീസ് ഓഫ് ചാരിറ്റി ബ്രദേഴ്‌സിന്റെ ‘മേഴ്‌സി ഹോം’ സന്ദര്‍ശനം, കോഴിക്കോട് ബിഷപ്‌സ് ഹൗസില്‍ സ്വീകരണം, വൈകിട്ട് കോഴിക്കോട് പൗരാവലിയുടെ സ്വീകരണം, ഇതാണ് മദറിന്റെ പരിപാടി. ഈ തിരക്കിനിടയില്‍ മദറിനെ വ്യക്തിപരമായി കാണാന്‍ പറ്റില്ല’ – സിസ്റ്റര്‍മാര്‍ തീര്‍ത്തു പറഞ്ഞു.

അന്തേവാസികള്‍ കിടക്കുന്ന ഹാളില്‍ ആളുകള്‍ തള്ളിക്കയറാന്‍ തുടങ്ങിയപ്പോള്‍ സിസ്റ്റര്‍മാര്‍ എല്ലാവരെയും പുറത്താക്കി. ‘സാറും ദയവായി ഇവിടെ നിന്ന് ഒഴിവായിത്തരണമെന്ന്’ സിസ്റ്റര്‍മാര്‍ പറഞ്ഞു. അന്തേവാസികളുമായി സംസാരിച്ചു കൊണ്ട് മദര്‍ വരുന്ന സമയം വരെ ഇവിടെ ചെലവഴിച്ചോട്ടേയെന്നു ചോദിച്ചപ്പോള്‍ പിന്നീട് പുറത്തു പോകാന്‍ അവര്‍ നിര്‍ബന്ധിച്ചില്ല.

മദര്‍ വരുമ്പോള്‍ ഇരിക്കാനുള്ള കസേര ഹാളിന്റെ തുടക്കത്തില്‍ ഒരുക്കിയിട്ടതു കണ്ടു. ഇവിടെ നിന്നാല്‍ മദറിനോടു സംസാരിക്കാന്‍ അവസരം കിട്ടുമെന്ന് എന്നിലെ പത്രപ്രവര്‍ത്തകന്‍ ഉള്ളില്‍ മന്ത്രിക്കുന്നുണ്ടായിരുന്നു.

അന്തേവാസികളോടു കുശലം പറഞ്ഞ് സമയം പോയതറിഞ്ഞില്ല. രണ്ടരയായപ്പോള്‍ മദര്‍ എത്തി. പുറത്തുള്ള ജനക്കൂട്ടത്തെ തള്ളിമാറ്റി പൊലീസ് മദറിനു വഴി ഒരുക്കി. നേരത്തെ തയ്യാറാക്കി വച്ച കസേരയിലെക്ക് മദറിനെ ആനയിച്ചു. ഇതാ, ദൈവം ഒരുക്കിയ അവസരം. മദറിന്റെ കൂടെ ഞാനും നീങ്ങി. മദര്‍ കസേരയില്‍ ഇരുന്നപ്പോള്‍ കസേരക്കു മുമ്പില്‍ ഞാന്‍ നിലത്തിരുന്നു. ഇരുന്ന ഉടനെ മദര്‍ സഞ്ചിയില്‍ നിന്നു കാശുരൂപമെടുത്ത് ചുറ്റിലുമുള്ളവര്‍ക്ക് വിതരണം ആരംഭിച്ചു.

നിലത്തിരുന്ന ഞാന്‍ മദറിനോട് എന്റെ പേരും പത്രപ്രവര്‍ത്തകനാണെന്ന വിവരവും പറഞ്ഞു.

അഗതികളുടെ അമ്മയെന്നു ലോകം വാഴ്ത്തുന്ന കരുണയുടെ ആള്‍രൂപം എന്നെ നോക്കി. കാശുരൂപം വിതരണം ചെയ്യുന്ന കൈവിരലുകളില്‍ ഞാന്‍ പിടിച്ചു.

ഉണങ്ങിയ ചുക്കുപോലെ പ്രായം കൊണ്ട് ശുഷ്‌ക്കിച്ച വിരലുകള്‍. വരണ്ടുണങ്ങിയ നെല്‍പ്പാടം പോലെ മുഖത്ത് ചാലുകള്‍ തീര്‍ത്ത പാടുകള്‍. അവിടെ തിളങ്ങുന്ന രണ്ടു കുഞ്ഞു നീലക്കണ്ണുകള്‍.

ക്ഷീണിച്ച ശബ്ദത്തില്‍, മന്ത്രിക്കുന്നതു പോലെ മദര്‍ പറഞ്ഞു തുടങ്ങി. ‘പ്രാര്‍ഥിക്കുന്ന കുടുംബം നിലനില്‍ക്കും. പ്രാര്‍ഥിക്കുന്ന രാഷ്ട്രം നിലനില്‍ക്കും. പ്രാര്‍ഥനയാണ് ശക്തി. പ്രാര്‍ഥനയില്ലെങ്കില്‍ എല്ലാം ശിഥിലമാകും. പ്രാര്‍ഥനയില്ലാതെ സന്തോഷം കണ്ടെത്താനാവില്ല.’

പ്രാര്‍ഥനയെക്കുറിച്ചും അതിന്റെ ആവശ്യകതയെക്കുറിച്ചും മാത്രമാണ് മദര്‍ പറഞ്ഞത്. അതിനിടയിലും കാശുരൂപ വിതരണം നടന്നു കൊണ്ടിരുന്നു.

10 മിനിട്ടു കഴിഞ്ഞപ്പോള്‍ മദര്‍ എഴുന്നേറ്റു. പ്രായത്തിന്റെ അവശതകള്‍ നന്നായുണ്ട്. കൂനിയാണു നടക്കുന്നത്. ‘സ്‌നേഹഭവ’ന്റെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു.

ഭക്ഷണം കഴിക്കാതെ അമ്മ അടുത്ത പരിപാടിക്ക് മേരിക്കുന്നിലേക്ക് പുറപ്പെട്ടു. മേരിക്കുന്നിലെ ജെഡിടി ഇസ്ലാമിനു മുന്നിലെത്തിയപ്പോള്‍ മദറിനെ സ്വീകരിക്കാന്‍ വലിയ ആള്‍ക്കൂട്ടം. ജെഡിടി ഇസ്ലാം സ്ഥാപനങ്ങളുടെ മേധാവി ഹസന്‍ ഹാജി മദറിനെയും സംഘത്തേയും സ്ഥാപനത്തിലേക്കു ക്ഷണിച്ചു. മദറിനൊപ്പമുള്ള ഫോട്ടോ എടുത്തു. മദറിനൊപ്പം സ്ഥാപന മേധാവികള്‍ നില്‍ക്കുന്ന ഫോട്ടോ ആ സ്ഥാപനത്തിന്റെ പ്രമുഖ സ്ഥാനത്ത് ഇപ്പോഴും തൂങ്ങിക്കിടക്കുന്നു.

ജാതി, മത, രാഷ്ട്ര ഭേദമില്ലാതെ അമ്മയുടെ കരുണ എല്ലാവരിലേക്കും പ്രവഹിച്ചു. ലോകം അതിനെ ആദരിച്ചതിന്റെ തെളിവാണ് ജെഡിടി ഇസ്ലാം ഭാരവാഹികള്‍ കാണിച്ച സ്‌നേഹവായ്പില്‍ നിറഞ്ഞു നില്‍ക്കുന്നത്. മദറിന്റെ ഔദ്യോഗിക യാത്രാ ചാര്‍ട്ടില്‍ ഉള്‍പ്പെടാത്ത പരിപാടിയായിരുന്നു ജെഡിടി സന്ദര്‍ശനം.

കരുണയും ശുശ്രൂഷയും വേണ്ട ഇടങ്ങളിലെല്ലാം മദറിന്റെ സേവനം വ്യാപിച്ചു. ‘എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തു കൊടുത്തപ്പോള്‍ എനിക്കു തന്നെയാണ് ചെയ്തുതന്നത്’ (മത്തായി 25:40) എന്ന യേശുവചനമാണ് മദറിനെ നയിച്ചത്.

ലൊറേറ്റോ സന്യാസിനീ സമൂഹത്തിലെ അംഗമായാണ് മദര്‍ ഇന്ത്യയിലെത്തുന്നത്. പിന്നീട് അവിടെ നിന്നുമാറി അഗതികളെ സേവിക്കാനായി മിഷണറീസ് ഓഫ് ചാരിറ്റി എന്ന പുതിയ സന്യാസിനീ സമൂഹത്തിനു രൂപംനല്‍കി. കുറച്ച് കഴിഞ്ഞ് പുരുഷന്മാര്‍ക്കായി ‘മിഷണറീസ് ഓഫ് ചാരിറ്റി ബ്രദേഴ്‌സ്’ സ്ഥാപിച്ചു. ഇപ്പോള്‍ 133 രാജ്യങ്ങളില്‍ ഈ സഭകളുടെ സേവന പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു.

പാവപ്പെട്ടവരിലും അഗതികളിലും മദര്‍ യേശുവിനെ ദര്‍ശിച്ചു. മദറിനോടു യേശു പറഞ്ഞതായി സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയില്‍ കുറിച്ചു വച്ചിട്ടുള്ള വാക്കുകള്‍:
‘എന്നെ പാവങ്ങളുടെ മടകളിലേക്ക് കൊണ്ടു പോകുക. വരൂ, എന്റെ വെളിച്ചമാകുക. എനിക്ക് തനിച്ച് പോകാനാവില്ല. അവരിലേക്ക് ഇറങ്ങിച്ചെല്ലുക. അവരിലേക്കു പോകുമ്പോള്‍ എന്നെയും വഹിച്ചു കൊണ്ടു പോവുക.’

മറ്റുള്ളവരോട് മദര്‍ ആവശ്യപ്പെട്ടത് പ്രാര്‍ഥനയാണ്. ‘ദൈവത്തിന്റെ ജോലികള്‍ മോശമായി ചെയ്യാതിരിക്കാന്‍ ഞങ്ങള്‍ക്കായി പ്രാര്‍ഥിക്കുക. കാരണം ഇനിയും ചെയ്തു തീര്‍ക്കാനുള്ള ജോലികള്‍ അവിടുത്തെ ജോലികളാണ്.’

കല്‍ക്കട്ടയിലെ ചേരികളില്‍ പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ യാഥാസ്ഥിതികരില്‍ നിന്ന് കടുത്ത എതിര്‍പ്പുണ്ടായി. മത പരിവര്‍ത്തനമാണ് ലക്ഷ്യമെന്ന് പലരും കുറ്റപ്പെടുത്തി. ‘വന്ന് ഞങ്ങള്‍ ചെയ്യുന്നതു കാണുക’ എന്നായിരുന്നു മദറിന്റെ മറുപടി.

മദറിന്റെ സഹോദരിമാര്‍ ചെയ്യുന്ന സേവനം കണ്ട് അവരില്‍ മനഃപരിവര്‍ത്തനമുണ്ടായി. ലോകം മുഴുവന്‍ മദറിന്റെ സഭാംഗങ്ങളെ രണ്ടു കൈയും നീട്ടി സ്വീകരിച്ചു.

സംഘര്‍ഷത്തില്‍ കത്തിയെരിയുന്ന രാജ്യങ്ങളിലും അഗതി ശൂശ്രൂഷയ്ക്കായി സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയെത്തി. സിയേറ ലിയോണിലെ ഫ്രീ ടൗണില്‍ നാലു കന്യാസ്ത്രീകള്‍ സേവനത്തിനിടയില്‍ രക്തസാക്ഷികളായി.

യെമനില്‍ 1998 ജൂലൈ 27ന് മൂന്നു കന്യാസ്ത്രീകള്‍ വധിക്കപ്പെട്ടു. 2015ല്‍ യെമനിലെ സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി സ്ഥാപനം തീവ്രവാദികള്‍ ആക്രമിച്ചു. നാലു സഹോദരിമാര്‍ രക്തസാക്ഷികളായി.

കോഴിക്കോട്ട് ഒളവണ്ണയിലും കുറച്ചു കാലം മുമ്പ് ചാരിറ്റി ബ്രദേഴ്‌സിനെയും സിസ്റ്റര്‍മാരെയും ഒരു സംഘം ആക്രമിക്കുകയും വാഹനം തകര്‍ക്കുകയും ചെയ്തിരുന്നു.

മദറിന്റെ സേവനങ്ങളെ 1979ല്‍ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കി ലോകം ആദരിച്ചു. 1980ല്‍ ഇന്ത്യ പരമോന്നത ബഹുമതിയായ ‘ഭാരത രത്‌ന’ നല്‍കി. 1985ല്‍ അമേരിക്ക ‘മെഡല്‍ ഓഫ് ഫ്രീഡം’ നല്‍കി.

ലോകത്തിന്റെ കാഴ്ചപ്പാടുകളെ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തികളില്‍ ഉന്നത സ്ഥാനമാണ് മദര്‍ തെരേസയ്ക്കുള്ളത്.

മൂന്ന് കുടുംബങ്ങള്‍ക്ക് കൂടി വിലങ്ങാട് ഫൊറോനയുടെ കൈത്താങ്ങ്

ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയില്‍ സ്വന്തം ഭവനമെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ കഴിയാത്ത ഭവനരഹിതരായ മൂന്ന് കുടുംബങ്ങള്‍ക്ക് വീടു പണിതു നല്‍കി വിലങ്ങാട് ഫൊറോന. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ വീടുകളുടെ വെഞ്ചരിപ്പു കര്‍മ്മം നിര്‍വഹിച്ചു. മൂന്നു ഭവനങ്ങളുടെയും താക്കോല്‍ കൈമാറി.

വികാരി ഫാ. ബെന്നി കാരക്കാട്ട്, പാരിഷ് സെക്രട്ടറി ജോണ്‍ പുതിയാമറ്റം, കൈക്കാരന്മാരായ ജോയി വെട്ടുകല്ലേല്‍, പാപ്പച്ചന്‍ കണ്ണമുണ്ടയില്‍, ടോസ് പാംപ്ലാനിയില്‍, സിജോ കരുമത്തിയില്‍, ഭവന നിര്‍മ്മാണ കമ്മിറ്റി അംഗങ്ങളായ രാജു ചൂരപൊയ്കയില്‍, ആന്റണി ഒറ്റപ്ലാക്കല്‍, ജോണ്‍സണ്‍ എടാട്ട്, രാജു തറപ്പേല്‍, ഇടവകയിലെ വിന്‍സെന്റ് ഡി പോള്‍ യൂണിറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ ഭവനനിര്‍മ്മാണത്തിന് നേതൃത്വം നല്‍കി.

20 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് 6 മാസംകൊണ്ട് വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ആലിമൂലയില്‍ 2020ലെ ഉരുള്‍പൊട്ടലില്‍ ഭവനം നഷ്ടമായ 11 കുടുംബങ്ങള്‍ക്ക് വിലങ്ങാട് ഫൊറോനയുടെ നേതൃത്വത്തില്‍ വീടുകള്‍ പണിതു നല്‍കിയിരുന്നു.

Exit mobile version