Editor's Pick

ചോദിച്ചു വാങ്ങുന്ന അടികള്‍


സോപ്പും തോര്‍ത്തുമായി പുഴയില്‍ കുളിക്കാന്‍ പോകുന്ന നായകനോ, നായികയോ – പഴയകാല ബ്ലാക്ക് ആന്റ് വൈറ്റ് സിനിമകളിലെ പതിവു രംഗമാണിത്. ചിലപ്പോള്‍ അത് ‘കുട്ടിക്കുപ്പായ’ത്തിലെപ്പോലെ (‘വെളുക്കുമ്പോള്‍ കുളിക്കുവാന്‍ പോകുന്ന വഴിവക്കില്‍’) ഒരു ദീര്‍ഘമായ ഗാനചിത്രീകരണം തന്നെയാകാം.

ഇന്ന് അത്തരം രംഗങ്ങള്‍ കാണാനില്ല. കാരണം പുഴകളില്‍ വെള്ളം വളരെ കുറഞ്ഞു. ഉള്ളവെള്ളം തന്നെ കുളിക്കാന്‍ പറ്റാത്ത വിധം മലിനവുമായിരിക്കും.

നമ്മുടെ നദികളുടെ ഗതകാല പ്രൗഢി ബോധ്യപ്പെടാന്‍ പഴയ സിനിമകളെ തന്നെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ‘അസുരവിത്തി’ലെയും ‘തമ്പി’ലെയും രംഗങ്ങളില്‍ നിറഞ്ഞൊഴുകിയിരുന്ന ഭാരതപ്പുഴയുടെ അഴകുകാണാം. ‘നദി’യില്‍ ആലുവയിലെത്തുന്ന പെരിയാറിന് നിറയൗവ്വനമാണ്. ആലുവാപ്പുഴയില്‍ കുളിച്ച് രസിച്ച് വേനലവധിക്കാലം ചെലവഴിക്കാന്‍ കുടുംബമായി കെട്ടുവള്ളങ്ങളില്‍ താമസിക്കുന്ന പതിവുണ്ടായിരുന്നു. അങ്ങനെ കെട്ടുവള്ളങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങളിലെ ബന്ധങ്ങളുടെ കഥയാണ് ‘നദി’ സിനിമയുടെ വിഷയം. പ്രശസ്ത നിരൂപകന്‍ പ്രഫ. എം. പി. പോള്‍ കുടുംബസമേതം കെട്ടുവള്ളങ്ങളില്‍ അവധിക്കാലം ചിലവഴിച്ചതിന്റെ കഥകള്‍ മകളും സാഹിത്യകാരിയുമായ റോസി തോമസ് ഓര്‍മ്മക്കുറിപ്പുകളില്‍ സൂചിപ്പിച്ചിട്ടുണ്ട്.

ജീവന്‍ പുലരാന്‍ വെള്ളം അത്യാവശ്യമായതിനാല്‍ നദീതടങ്ങള്‍ ജനവാസകേന്ദ്രങ്ങളായി. അവിടെ സംസ്‌കാരം വളര്‍ന്നു. നദികളായിരുന്നു ഗതാഗതമാര്‍ഗം. പിന്നീട് ക്ഷയിച്ചു പോയ മഹാസംസ്‌കാരങ്ങളെല്ലാം നദീതടങ്ങളെ കേന്ദ്രീകരിച്ചായിരുന്നു.

സംസ്‌കാരങ്ങളെ പാലുകൊടുത്തു വളര്‍ത്തിയ നദികള്‍ പലതും മരണശയ്യയിലാണ്. വര്‍ഷത്തില്‍ നാലഞ്ചുമാസം നിറഞ്ഞൊഴുകിയിരുന്ന ഇരുവഞ്ഞിപ്പുഴ ചെറിയ നീര്‍ച്ചാലിലേക്ക് ചുരുങ്ങി. നാശങ്ങളുണ്ടാക്കി ഇടയ്ക്കിടെ മലവെള്ളപ്പാച്ചിലുണ്ടാകുമെന്നല്ലാതെ, മഴക്കാലത്തു പോലും പുഴ നിറഞ്ഞൊഴുകുന്ന ദിവസങ്ങളുടെ എണ്ണം ചുരുങ്ങിക്കൊണ്ടിരിക്കുന്നു.

വയല്‍വരമ്പിലെ ചെളിയില്‍ വിരലൂന്നി ബാലന്‍സ് പിടിച്ചും, തോടുകളും പുഴകളും കടന്ന് ഇടവഴികള്‍ താണ്ടി സ്‌കൂളിലേക്ക് പോയ ഒരു തലമുറയുണ്ടായിരുന്നു. പരല്‍മീനുകളെയും, തവളകളെയും, തുമ്പികളെയും, വേലിപ്പടര്‍പ്പുകളിലെ സസ്യവൈവിധ്യത്തെയും കണ്ടുള്ള സ്‌കൂള്‍ യാത്ര തന്നെ സസ്യ-ജീവശാസ്ത്ര ജ്ഞാനത്തിന്റെ ആദ്യ അനൗപചാരിക പഠനക്കളരിയായിരുന്നു.

പല കലുങ്കുകളും മഴക്കാലത്തു മാത്രം വെള്ളം ഒഴുകുന്ന തോടുകള്‍ക്ക് മുകളിലാണ്. നീര്‍ച്ചാലുകള്‍ വറ്റി വെള്ളം സുലഭമായിരുന്ന മലയോര പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം രൂക്ഷമായികൊണ്ടിരിക്കുന്നു. വെള്ളം കുറഞ്ഞത് വിളകളുടെ ജലസേചന സൗകര്യത്തിനും ഭീക്ഷണിയാകുന്നു. ആധുനിക ജീവിതരീതി വെള്ളത്തിന്റെ ധൂര്‍ത്ത് പ്രോത്സാഹിപ്പിക്കുന്നു. ടാപ്പുകളില്‍ കൂടി അനാവശ്യമായി എത്രമാത്രം വെള്ളമാണ് പാഴാകുന്നത്.

ടാപ്പുകള്‍ ഇല്ലാതിരുന്ന പഴയ കാലത്ത് വീടുകളുടെ ഉമ്മറത്ത് കിണ്ടിയില്‍ വെള്ളം വെയ്ക്കുന്ന പതിവുണ്ടായിരുന്നു. നടന്നു വരുന്നവര്‍ക്ക് വീട്ടിലേക്ക് കയറുന്നതിന് മുമ്പ് കാല്‍ കഴുകാനും മുഖം കഴുകാനുമാണ് കിണ്ടിയിലെ വെള്ളം. പല്ലുതേക്കാനും ഭക്ഷണ സമയത്ത് കൈ കഴുകാനും കിണ്ടിയുടെ വാലിയില്‍ നിന്നുവരുന്ന ഇത്തിരി വെള്ളം മതി. വെള്ളം സുലഭമാണെങ്കിലും പാഴാക്കാന്‍ പാടില്ലെന്ന തത്വമാണ് കാരണവന്മാര്‍ മുറുകെ പിടിച്ചിരുന്നത്.

‘സുഡാനി ഫ്രം നൈജീരിയ’ സിനിമയില്‍ വെള്ളം ടാപ്പിലൂടെ പാഴാകുന്നത് കണ്ട് ക്ഷുഭിതനാകുന്ന ആഫ്രിക്കക്കാരന്‍ കഥാപാത്രമുണ്ട്. ഇത്തിരി വെള്ളത്തിനായി അവന്റെ സഹോദരി ആഫ്രിക്കയില്‍ കഷ്ടപ്പെടുന്ന ചിത്രം മനസില്‍ ഉണര്‍ന്നപ്പോഴാണ് അവന് രോഷമുണ്ടാകുന്നത്.

ചെറിയ തോടുകള്‍ക്ക് ജൈവ-ആവാസ വ്യവസ്ഥയുണ്ട്. ചോലകളുണ്ടാക്കി ജലം സംരക്ഷിക്കുന്ന തോട്ടിറമ്പിലെ സസ്യജാലങ്ങള്‍ ഇല്ലാതാക്കിയാല്‍ തോടുകള്‍ വറ്റിപ്പോകും.

കുന്നുകളില്‍ കെട്ടുന്ന കയ്യാലകളും തെങ്ങിന്‍ തടങ്ങളും ഭൂമിയുടെ ജലസംഭരണ ശേഷികൂട്ടുന്നു. മലമ്പ്രദേശങ്ങളില്‍ ജല ലഭ്യതയുടെ കാരണം ഇത്തരം മണ്ണു സംരക്ഷണ പ്രവൃത്തികളാണ്.

വെള്ളം കുറയുന്നതിനൊപ്പം ഭൂമിയിലെ ചൂട് ഉയരുന്നത് ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്ക് നയിക്കും. ഇത് സമുദ്രജലനിരപ്പ് ഉയരാന്‍ ഇടയാക്കും. ലക്ഷദ്വീപും, മാലെദ്വീപുമെല്ലാം വൈകാതെ കടലിനടിയിലാകാമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു. ശ്രീകൃഷ്ണന്റെ ദ്വാരകയും, ക്ലിയോപാട്രയുടെ അലക്‌സാണ്‍ഡ്രിയയും നേരത്തെ സമദ്രത്തിനടിയിലായ നഗരങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നു. ചൂട് കൂടിക്കൂടി ഭൂമി മുഴുവന്‍ വെള്ളത്തില്‍ മുങ്ങുമെന്നും തുടര്‍ന്ന് ഹിമയുഗം ആരംഭിക്കുമെന്നും വിശ്വസിക്കുന്ന ശാസ്ത്രജ്ഞരുമുണ്ട്. ഇത്തരത്തില്‍ പലഹിമയുഗങ്ങള്‍ കടന്നാണത്രേ ഭൂമി ഇന്നത്തെ അവസ്ഥയിലെത്തിയത്.

ഭക്ഷിക്കാന്‍ നിറയെ ഫലങ്ങളുള്ള ഏദന്‍തോട്ടം നല്‍കിയ ദൈവം അവിടം സംരക്ഷിക്കാനുള്ള ചുമതലകൂടി മനുഷ്യനെ ഏല്‍പ്പിച്ചിരുന്നു. മറ്റു ജീവികളുടെ മേല്‍ ആധിപത്യം പുലര്‍ത്താന്‍ കഴിയും വിധം ബുദ്ധിശക്തിയും അവനു നല്‍കി.
എന്നാല്‍ ഈ വിശിഷ്ട കഴിവുകള്‍ ദുര്‍ബലനെ ചൂഷണം ചെയ്യാനും സസ്യ-ജന്തുജാലങ്ങളുടെ നിലനില്‍പ്പിന് ആധാരമായ പരിസ്ഥിതിയെ തകര്‍ക്കാനും ശ്രമിക്കുമ്പോള്‍ ദൈവശിക്ഷ അനിവാര്യമാണ്. ജലക്ഷാമവും ഉയരുന്ന താപനിലയുമെല്ലാം ശിക്ഷയുടെ തുടക്കം മാത്രം.


Leave a Reply

Your email address will not be published. Required fields are marked *