സ്ത്രീകളെ ആദരിക്കാത്ത സമൂഹം പുരോഗമിക്കില്ല: ഫ്രാന്‍സിസ് പാപ്പ
സ്ത്രീപുരുഷ സമത്വം വാക്കുകളില്‍ ഒതുങ്ങുന്ന അവസ്ഥയാണുള്ളതെന്ന് മാര്‍പ്പാപ്പാ. ഏപ്രില്‍ മാസത്തെ പ്രാര്‍ത്ഥനാനിയോഗ വീഡിയോ സന്ദേശത്തിലാണ് ഫ്രാന്‍സീസ് പാപ്പ ഇങ്ങനെ അഭിപ്രായപ്പെട്ടത്. സ്ത്രീകള്‍ക്കെതിരായ വിവേചനങ്ങളും പീഡനങ്ങളും അവസാനിപ്പിക്കണമെന്നും സ്ത്രീകളുടെ പങ്കും ഔന്നത്യവും എല്ലാ സംസ്‌കാരങ്ങളിലും ആദരിക്കപ്പെടണമെന്നും ഫ്രാന്‍സീസ് പാപ്പ പറഞ്ഞു. ഫ്രാന്‍സീസ് പാപ്പായുടെ ഏപ്രില്‍ മാസത്തെ പ്രാര്‍ത്ഥനാ നിയോഗം സ്ത്രീകളുടെ പങ്ക് എന്നതാണ്.
ലോകത്തില്‍ പലയിടങ്ങളിലും പ്രഥമ പാഴ്‌വസ്തുവായി സ്ത്രീകള്‍ കണക്കാക്കപ്പെടുന്നത് ഖേദകരമാണ്. സഹായം ചോദിക്കുന്നതിനും വ്യവസായസംരംഭം ആരംഭിക്കുന്നതിനും വിദ്യാലയത്തില്‍ പോകുന്നതിനും സ്ത്രീകള്‍ക്ക് വിലക്കുള്ള നാടുകളുണ്ട്. സ്ത്രീകള്‍ ഒരു പ്രത്യേക രീതിയില്‍ വസ്ത്രം ധരിക്കണമെന്ന് നിഷ്‌ക്കര്‍ഷിക്കുന്ന നിയമങ്ങള്‍ ഈ നാടുകളിലണ്ട് – പാപ്പ പറഞ്ഞു.
സ്ത്രീകളുടെ ശബ്ദം ഇല്ലാതാക്കരുത്. പീഡനത്തിനിരകളായിട്ടുള്ളവരായ സ്ത്രീകളുടെ ശബ്ദം തടയരുത്. അവര്‍ ചൂഷണം ചെയ്യപ്പെടുകയും പാര്‍ശ്വവത്കരിക്കപ്പെടുകയും ചെയ്യുന്നു. വ്യക്തികളെന്ന നിലയില്‍ സ്ത്രീയ്ക്കും പുരുഷനും തുല്യ അന്തസ്സുണ്ടെന്ന് തത്ത്വത്തില്‍ അംഗീകരിക്കുന്നു. എന്നാല്‍ അത് പ്രായോഗികമാക്കപ്പെടുന്നില്ല. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും സര്‍ക്കാരുകള്‍ വിവേചനപരമായ നിയമങ്ങള്‍ ഇല്ലാതാക്കാന്‍ പ്രതിജ്ഞാബദ്ധമാകുകയും സ്ത്രീകളുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതുണ്ട് – പാപ്പ കൂട്ടിച്ചേര്‍ത്തു.
സ്ത്രീകളെയും അവരുടെ അന്തസ്സിനെയും മൗലികാവകാശങ്ങളെയും ആദരിക്കണമെന്നും അപ്രകാരം ചെയ്യാത്ത പക്ഷം സമൂഹത്തിന് പുരോഗതിയുണ്ടാകില്ലെന്നും പാപ്പ വ്യക്തമാക്കി. എല്ലാ സംസ്‌കാരങ്ങളിലും സ്ത്രീകളുടെ ഔന്നത്യവും അവരുടെ സമ്പന്നതയും അംഗീകരിക്കപ്പെടുന്നതിനും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവര്‍ വിധേയരാക്കപ്പെടുന്ന വിവേചനത്തിന് വിരാമമുണ്ടാകുന്നതിനും വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പാപ്പ ആഹ്വാനം ചെയ്തു.
വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യൂ