Daily Saints

ഏപ്രില്‍ 27: വിശുദ്ധ സീത്താ കന്യക


ഇറ്റലിയില്‍ ലൂക്കായ്ക്കു സമീപം മോന്ത് സെഗ്രാദി എന്ന ഗ്രാമത്തില്‍ സീത്താ ജനിച്ചു. ഭക്തയും ഭരിദ്രയുമായ അമ്മ മകളെ വളരെ ശ്രദ്ധയോടെ വളര്‍ത്തിക്കൊണ്ടുവന്നു. പന്ത്രണ്ടാമത്തെ വയസ്സില്‍ ഫ്രിജീദിയന്‍ ദേവാലയത്തിനരികെ താമസിച്ചിരുന്ന ഫത്തിനെല്ലി എന്നൊരാളുടെ വീട്ടില്‍ അവള്‍ ജോലിക്കു നിന്നു. വീട്ടുവേലയ്ക്കു നില്‍ക്കേണ്ടിവന്നതില്‍ അവള്‍ സന്തുഷ്ടിയേ പ്രകാശിപ്പിച്ചുള്ളൂ. ദൈവംതന്ന യജമാനനും യജമാനത്തിയും തൊഴിലും എന്നുകരുതി സിഞ്ഞോര്‍ ഫത്തിനെല്ലിയേയും ഭാര്യയേയും അനുസരിച്ചുപോന്നു. കുടുംബാംഗങ്ങള്‍ എഴുന്നേല്ക്കുന്നതിനുമുമ്പ് എഴുന്നേറ്റ് അവള്‍ ദീര്‍ഘമായി പ്രാര്‍ത്ഥിക്കുകയും ദിവസന്തോറും വിശുദ്ധ കുര്‍ബാന കാണുകയും ചെയ്തുപോന്നു.

പകല്‍ സമയത്ത് സകല ജോലികളും ഉല്‍സാഹത്തോടുകൂടെ ചെയ്തിരുന്നുവെങ്കിലും ധ്യാനപ്രാര്‍ത്ഥനയ്ക്കും ദൈവസാന്നിദ്ധ്യ സ്മരണയ്ക്കും സമയം വേണ്ടിടത്തോളം കണ്ടെത്തിയിരുന്നു. അവളുടെ അടക്കം കണ്ട് മറ്റ് ഭൃത്യര്‍ വ്യാഖ്യാനിച്ചു അവള്‍ ശുദ്ധപാവമാണെന്ന്; ഉത്സാഹശീലം രഹസ്യമായ അഹങ്കാരത്തിന്റെ ഫലമാണെന്ന്. യജമാനത്തി അവള്‍ക്ക് ത്രാണി യില്ലെന്ന് വിധിയെഴുതി; യജമാനന് അവളെ കാണുന്നത് കോപകാരണമായിരുന്നു. ഇങ്ങനെ അവള്‍ അത്യന്തം ശാസിക്കപ്പെടുകയും പ്രഹരിക്കപ്പെടുകയും ചെയ്തിരുന്നെങ്കിലും അവള്‍ പിറുപിറുക്കയോ ആവലാതിപ്പെടുകയോ ചെയ്തിരുന്നില്ല. മുഖത്തിന്റെ പ്രസന്നത അഭേദ്യമായിത്തന്നെനിന്നു. വാക്കിലും പെരുമാറ്റത്തിലും ശാന്തതയും സ്‌നേഹവും മുറ്റിത്തന്നെ നിന്നു. സ്ഥിരമായ സുകൃതം അസൂയയെ ജയിച്ചു. യജമാനനും യജമാനത്തിയും തങ്ങള്‍ക്കു കിട്ടിയിരിക്കുന്ന നിധിയെന്തെന്നു മനസ്സിലാക്കി. മറ്റു ഭ്യത്യര്‍ അവളുടെ സുകൃതം ഗ്രഹിച്ച് പ്രശംസിക്കാന്‍ തുടങ്ങി. സാഹചര്യങ്ങള്‍ മാറിയപ്പോഴും എളിമയ്ക്കും ശാന്തതയ്ക്കും വിനയത്തിനും അന്തരമൊന്നും വന്നില്ല.

വര്‍ഷം മുഴുവനും അവള്‍ക്ക് ഉപവാസമായിരുന്നു. ഭക്ഷണം റൊട്ടിയും വെള്ളവും. ഒഴിവുള്ളപ്പോള്‍ ഒഴിഞ്ഞ ഒരു മുറിയില്‍ പോയി അവള്‍ പ്രാര്‍ത്ഥിച്ചിരുന്നു. വെറും നിലത്തോ ഒരു പലകയിലോ ആണ് അവള്‍ കിടന്നിരുന്നത് അവളുടെ ശമ്പളം ദരിദ്രര്‍ക്കു സഹായമായി നല്കയല്ലാതെ സ്വന്തമായി സൂക്ഷിച്ചിരുന്നില്ല. സഹഭ്യത്യരെ തന്റെ തലവന്മാരെപ്പോലെയാണ് അവള്‍ പരിഗണിച്ചിരുന്നത്. പ്രാര്‍ത്ഥനയിലും ദിവ്യകാരുണ്യസ്വീകരണത്തിലും സമാധിയില്‍ ലീനയാകുക പതിവായിരുന്നു. അറുപതാമത്തെ വയസ്സില്‍ അന്ത്യകൂദാശകളെല്ലാ സ്വീകരിച്ചു മുന്‍കൂട്ടി പറഞ്ഞിരുന്ന സമയത്ത് 1272 ഏപ്രില്‍ 27-ന് അവള്‍ കര്‍ത്താവില്‍ ഭാഗ്യനിദ്ര പ്രാപിച്ചു. അത്ഭുതങ്ങള്‍ അവളുടെ വിശുദ്ധിക്ക് സാക്ഷ്യം നല്കി.


Leave a Reply

Your email address will not be published. Required fields are marked *