വാഴയ്ക്കും ‘കോളര്‍’
വാഴക്കര്‍ഷകര്‍ക്ക് കൃഷി നാശം വരാതെ സഹായിക്കുന്ന
കണ്ടുപിടുത്തമായ കോളര്‍ റിങ്ങുകളെ പരിചയപ്പെടാം
മുടക്കുന്ന പണത്തിന് താങ്ങ് കൊടുത്തില്ലെങ്കില്‍ സര്‍വവും നഷ്ടത്തിലാക്കുന്ന കൃഷിയാണ് വാഴക്കൃഷി. യഥാസമയം താങ്ങു കൊടുത്തില്ലെങ്കില്‍ ഒരു വരള്‍ച്ച വന്നാല്‍, നല്ലൊരു കാറ്റു വീശിയാല്‍ സര്‍വതും നിലം പതിക്കും. ഒപ്പം വായ്പയെടുത്തും പണയം വച്ചും നടത്തിയ വാഴക്കൃഷി തിരിച്ചു പിടിക്കാനാകാത്ത വിധം നഷ്ടത്തിലാകുകയും ചെയ്യും.
ഒന്നോ രണ്ടോ വാഴകളല്ല, നൂറും ആയിരവും വാഴകള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് ഈ വാഴകള്‍ മുഴുവന്‍ താങ്ങ് കൊടുത്ത് നിര്‍ത്താന്‍ ഏറെ കഷ്ടപ്പെടേണ്ടി വരും. അത്രയും താങ്ങു കാലുകള്‍ ലഭിക്കാന്‍ മുളയോ, കമുകോ സംഘടിപ്പിക്കാനുള്ള പെടാപ്പാട് അതിലേറെ. താങ്ങു കാലുകളാകട്ടെ ഒന്നോ രണ്ടോ വര്‍ഷത്തില്‍ കൂടുതല്‍ ഈടു നില്‍ക്കില്ല. ഈ വരള്‍ച്ചക്കാലത്ത് ശരിയായ നന ലഭിക്കാതെ ഒടിഞ്ഞു വീഴുന്ന വാഴകളേറെ. ഇതു കഴിഞ്ഞ് മഴ തുടങ്ങിയാലോ… കാറ്റടിച്ച് വീണു പോകുന്നവ വേറെ. ഇപ്പോള്‍ വീതിയുള്ള പ്ലാസ്റ്റിക് നാട ഉപയോഗിച്ച് ഓരോ വാഴയും വലിച്ചു കെട്ടുന്ന രീതി പ്രചാരത്തിലു ണ്ട ്. നാലു വശത്തും ചെറിയ കുറ്റികളടിച്ച് അതിലാണ് വലിച്ചു കെട്ടുക. ഇത് പ്രായോഗികമാണെങ്കിലും വലിയ കാറ്റില്‍ വാഴകള്‍ വീണു പോകന്നത് സാധാരണമാണ്.
ഈ പ്രതിസന്ധിക്ക് പരിഹാരമായിട്ടാണ് കോളര്‍ റിങ്ങുകളുടെ രംഗപ്രവേശം. ആറേഴു മാസം പ്രായമായ വാഴകളുടെ ഇലക്കവിളുകളെ ചേര്‍ത്ത് ബന്ധിപ്പിക്കാന്‍ പറ്റുന്ന രീതിയിലാണ് കോളര്‍ റിങ്ങുകള്‍ ഉറപ്പിക്കുക. പിന്നീട് ഈ റിങ്ങുകളെ പരസ്പരം നാലു ഭാഗത്തും കയറുകളുപയോഗിച്ച് വലിച്ചു കെട്ടുന്നു. വാഴത്തോട്ടത്തിലെ ഏറ്റവും അവസാന വരിയിലുള്ള വാഴകളിലെ റിങ്ങുകള്‍ വാഴത്തോട്ടത്തിനു ചുറ്റുമുള്ള തെങ്ങുകളിലോ ചെറിയ കമ്പുകള്‍ തറച്ച് അതിലോ വലിച്ചു കെട്ടുന്നു. ഇപ്രകാരം ചെയ്യുന്നതു മൂലം ശക്തമായ കാറ്റില്‍ പോലും വാഴ ഒടിഞ്ഞു വീഴില്ല. ഒരു വാഴയ്ക്ക് മറ്റൊന്ന് എന്ന രീതിയില്‍ ഒരു തോട്ടം മുഴുവന്‍ ഒന്നായി പരസ്പരം സംരക്ഷിക്കുന്നു. തടതുരപ്പന്‍ പുഴുവിന്റെ ആക്രമണമുണ്ടെങ്കില്‍പ്പോലും വാഴ ഒടിഞ്ഞു വീഴില്ല. അലൂമിനിയം കോട്ടിങ്ങുള്ള കമ്പി കൊണ്ടാണ് കോളര്‍ റിങ്ങുകള്‍ നിര്‍മിക്കുന്നത്. 10 വര്‍ഷത്തോളം കേടു കൂടാതെ ഉപയോഗിക്കാം.