ഏപ്രില്‍ 15: വിശുദ്ധ പീറ്റര്‍ ഗോണ്‍സാലസ്
സ്‌പെയിനില്‍ അസ്റ്റോര്‍ഗാ എന്ന പ്രദേശത്ത് ഒരു പ്രസിദ്ധ കുടുംബത്തില്‍ പീറ്റര്‍ ഭൂജാതനായി. പഠനത്തിന് സമര്‍ത്ഥനായ ഈ ബാലന്‍ വൈദിക പഠനമാരംഭിച്ചു. ഇളയച്ഛന്‍ സ്ഥലത്തെ മെത്രാനായിരുന്നതുകൊണ്ട് അല്‍പം മായാസ്തുതി ജീവിതത്തില്‍ കലര്‍ന്നിരുന്നു. ആയിടയ്ക്കാണ് ഒരു ആഘോഷത്തിനിടെ പീറ്റര്‍ കുതിരപ്പുറത്തുനിന്നു വീണത്. ലജ്ജിതനായ പീറ്റര്‍ സ്വാര്‍ത്ഥ പ്രതിപത്തിയോടും അഹങ്കാരത്തോടും സമരം ചെയ്യാന്‍ തന്നെ തീരുമാനിച്ചു. വിജയം സുരക്ഷിതമാക്കാന്‍ അദ്ദേഹം ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്നു. ലോകാരൂപി സന്യാസമന്ദിരത്തില്‍ കടന്നുചെന്ന് അദ്ദേഹത്തെ ലോകത്തിലേക്ക് മാടിവിളിച്ചെങ്കിലും ദിവ്യപ്രകാശം അദ്ദേഹത്തെ മുന്നോട്ടേക്കു നയിച്ചു. എളിമയിലും പ്രായശ്ചിത്തത്തിലും ഉറച്ചു നിന്ന് ദൈവവചനം പ്രസംഗിക്കുവാന്‍ അധികാരികള്‍ അദ്ദേഹത്തോടാജ്ഞാപിച്ചു.
രാത്രി ദീര്‍ഘസമയം ധ്യാനിക്കുകയും ദിവ്യകീര്‍ത്തനങ്ങള്‍ പാടുകയും ചെയ്തശേഷം പകല്‍ അദ്ദേഹം വിശ്വാസികളോട് പ്രസംഗിക്കുക പതിവായി. ദൈവസ്‌നേഹത്തില്‍നിന്ന് രൂപം പ്രാപിച്ചതും മാതൃകയുടെ പിന്തുണ ഉണ്ടായിരുന്നതുമായ ആ പ്രസംഗങ്ങള്‍ ശ്രോതാക്കളെ ചിന്താമഗ്നരാക്കിയിരുന്നു. മഹാപാപികള്‍ കണ്ണുനീര്‍ ചിന്തി അദ്ദേഹത്തിന്റെ കാല്‍ക്കല്‍ വീഴുമായിരുന്നു. ഈ മാനസാന്തരങ്ങളെപ്പറ്റി കേള്‍ക്കാനിടയായ ഫെര്‍ഡിനന്റ് ദ്വിതിയന്‍ രാജാവ് ഫാ. പീറ്ററിനെ കൂടെ താമസിക്കാന്‍ ക്ഷണിച്ചു. ആശ്രമത്തിലെന്ന പോലെ കൊട്ടാരത്തിലും അദ്ദേഹം താമസിച്ചു.
കൊട്ടാരത്തിലെ ഒരു ദാസി ഫാ. പീറ്ററിനെ വശീകരിച്ചു പാപത്തില്‍ വീഴിക്കാമെന്ന് വീമ്പടിച്ചശേഷം തനിച്ച് ഫാ. പീറ്ററിന്റെ മുറിയില്‍ചെന്നു. പാപത്തില്‍ വീഴിക്കുകയായിരുന്നു ലക്ഷ്യം. അവസാനം അവള്‍ മാനസാന്തരപ്പെട്ട്, ഒരു നല്ല കുമ്പസാരം നടത്തി. യുദ്ധത്തില്‍ വിജയം വരിക്കുമ്പോള്‍ മോഹവികാരങ്ങളെ നിയന്ത്രിക്കാനും കവര്‍ച്ചയ്ക്കുള്ള തൃഷ്ണയെ കൈവെടിയാനും പടയാളികളെ ഫാ. പീറ്റര്‍ ഉദ്‌ബോധിപ്പിച്ചു. പരിശുദ്ധനായ രാജാവിന് ഇത് വളരെ ഇഷ്ടപ്പെട്ടു.
ദരിദ്രരോട് പ്രസംഗിക്കാന്‍ അദ്ദേഹം കൊട്ടാരത്തില്‍നിന്ന് പോയി കാടും മലയും കയറി അത്യന്തം കഷ്ടപ്പെട്ടിരുന്നു. കബോസ്റ്റെല്ലാ രൂപതയിലും, ടൂയി രൂപതയിലും അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ വമ്പിച്ച വിജയമായിരുന്നു. ഈ പ്രസംഗങ്ങളുടെ ഇടയ്ക്ക് ക്ഷീണിതനായി 56-ാമത്തെ വയസ്സില്‍ ടൂയി രൂപതയില്‍ വച്ച് അദ്ദേഹം അന്തരിച്ചു.