Daily Saints

ഏപ്രില്‍ 18: വിശുദ്ധ ഗാല്‍ഡിന്‍ മെത്രാന്‍


വിശുദ്ധ അംബ്രോസും വിശുദ്ധ ചാള്‍സ് ബോറോമിയോയും കഴിഞ്ഞാല്‍ മിലാന്‍ നിവാസികള്‍ക്ക് ഏറ്റവും ഇഷ്ടം വിശുദ്ധ ഗാല്‍ഡിനെയാണ്. അദ്ദേഹം മിലാനിലെ ദെല്ലാ സ്‌കാലാ കുടുംബത്തിലെ അംഗമാണ്. സമര്‍ത്ഥനായ ഗാല്‍ഡിന്‍, പൗരോഹിത്യം സ്വീകരിച്ചശേഷം മിലാന്‍ അതിരൂപതയുടെ ചാന്‍സലറായി സേവനം ചെയ്തു. റോമിലെ പാപ്പാസ്ഥാനത്തെ പിന്തുണച്ചും ആന്റിപോപ്പായിരുന്ന വിക്ടര്‍ നാലാമനെ എതിര്‍ത്തും ശക്തമായ നിലപാടുകള്‍ സ്വീകരിച്ചു.

വിക്ടര്‍ നാലാമനെ അനുകൂലിച്ചിരുന്ന ഫ്രഡറിക് ബാര്‍ബറോസ്സ മിലാന്‍ പിടിച്ചെടുക്കുന്നതിനു 1161-ല്‍ പടയോട്ടം നടത്തി. ബാര്‍ബറോസ്സാ ചക്രവര്‍ത്തി വരുന്നു എന്ന് കേട്ടപ്പോഴേ ഗാല്‍ഡിന്‍ പലായനം ചെയ്തു. ബാര്‍ബറോസ് പിന്‍വാങ്ങിയപ്പോള്‍ സ്ഥലത്തുണ്ടായിരുന്നില്ലെങ്കിലും അദ്ദേഹത്തെ മിലാന്‍ ആര്‍ച്ചുബിഷപ്പായി തിരഞ്ഞെടുത്തു; മാത്രമല്ല 1163-ല്‍ കര്‍ദ്ദിനാളുമാക്കി.

ബാര്‍ബറോസ്സാ മിലാന്‍ നഗരം നശിപ്പിച്ച് തരിപ്പണമാക്കിയിരുന്നു. ഗാല്‍ഡിന്‍ തിരിച്ചുവന്നു നഗരം പുനരുദ്ധരിക്കുന്നതിന് ജനങ്ങളോടൊപ്പം പരിശ്രമിച്ചു. തീക്ഷ്ണമായ ദൈവസ്‌നേഹത്തോടെ അദ്ദേഹം ചെയ്തിരുന്ന പ്രസംഗങ്ങള്‍ മിലാന്‍ ജനതയെ ആവേശഭരിതരാക്കി. 76-ാമത്തെ വയസ്സില്‍ കത്തീഡ്രലില്‍ ഒരു പ്രസംഗം ചെയ്തുകഴിഞ്ഞ ഉടനെയാണ് ഗാല്‍ഡിന്‍ തന്റെ പ്രസംഗങ്ങളുടെയും അധ്വാനങ്ങളുടെയും പ്രതിഫലം വാങ്ങാന്‍ സ്വര്‍ഗത്തിലേക്ക് യാത്രയായത്.

അലക്‌സാണ്ടര്‍ മൂന്നാമന്‍ മാര്‍പാപ്പ അദ്ദേഹത്തെ വിശുദ്ധനായി നാമകരണം ചെയ്തു. മിലാന്റെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥരിലൊരാളായി വിശുദ്ധ ഗാല്‍ഡിന്‍ ആദരിക്കപ്പെടുന്നു.


Leave a Reply

Your email address will not be published. Required fields are marked *