‘സ്മാര്‍ട്ട്’ ഫുട്‌ബോള്‍ മത്സരം: മലപ്പുറം ഫൊറോന ജേതാക്കള്‍

മദ്ബഹ ശുശ്രൂഷകരുടെ സംഘടനയായ ‘സ്മാര്‍ട്ട്’ സംഘടിപ്പിച്ച രൂപതാതല ഫുട്‌ബോള്‍ മത്സരത്തില്‍ മലപ്പുറം ഫൊറോന വിജയികളായി. ഫൈനലില്‍ കൂരാച്ചുണ്ട് ഫൊറോനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത് മലപ്പുറം ഫോറോന കിരീടം ചൂടിയത്. കമ്മ്യൂണിക്കേഷന്‍ മീഡിയ രൂപതാ ഡയറക്ടര്‍ ഫാ. സിബി കുഴിവേലില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കോടഞ്ചേരി ഫൊറോന മൂന്നാം സ്ഥാനം നേടി. കോഴിക്കോട് സില്‍വര്‍ ഹില്‍സ് സ്‌കൂള്‍ ഗ്രൗണ്ടിലാണ് മത്സരങ്ങള്‍ നടന്നത്. ‘സ്മാര്‍ട്ട്’ ഡയറക്ടര്‍ ഫാ. ബ്രിജിന്‍ പൂതര്‍മണ്ണില്‍ നേതൃത്വം നല്‍കി.

ആഗോള ശിശുദിന ആഘോഷത്തിന് ‘സന്തോഷത്തിന്റെ കുരിശ്’

മെയ് 25, 26 തീയതികളില്‍ നടക്കുന്ന ആഗോള ശിശുദിന ആഘോഷത്തിന് ക്രിസ്ത്യന്‍ സംസ്‌ക്കാരത്തിന്റെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘സന്തോഷത്തിന്റെ’ കുരിശും. ഇറ്റാലിയന്‍ ശില്‍പ്പിയായ മിമ്മോ പാലദീനോയാണ് കുരിശ് നിര്‍മിച്ചത്.

‘ചരിത്രത്തില്‍ ആദ്യമായി നടക്കുന്ന ആഗോള ശിശുദിന ആഘോഷത്തിനായി കുരിശ് നിര്‍മിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. കുട്ടികള്‍ക്കുവേണ്ടിയാണ് ഇത് നിര്‍മിച്ചത്. കുരിശിലെ ചിത്രങ്ങളില്‍ നിന്ന് ചരിത്ര, സാംസ്‌ക്കാരിക ഘടകങ്ങള്‍ കണ്ടെത്തുവാന്‍ കുട്ടികള്‍ക്ക് സാധിക്കും.” – മിമ്മോ പാലദീനോ പറഞ്ഞു.

നാലു മീറ്ററാണ് കുരിശിന്റെ ഉയരം. മെയ് 25-ന് റോമിലെ ഒളിമ്പിക്‌സ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കുരിശ് പ്രകാശനം ചെയ്യും. മെയ് 26-ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ ഫ്രാന്‍സിസ് പാപ്പയുടെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധ ബലിയുടെ അവസരത്തില്‍ അള്‍ത്താരയ്ക്കു സമീപം കുരിശ് പ്രതിഷ്ഠിക്കും.

വിശുദ്ധ ഫിലിപ് നേരിയോടുള്ള പ്രാര്‍ത്ഥനാ ഗാനം പുറത്തിറക്കി

വിശുദ്ധ ഫിലിപ് നേരിയോടുള്ള മലയാളത്തിലെ ആദ്യ പ്രാര്‍ത്ഥനാ ഗാനം പുറത്തിറക്കി. വിശുദ്ധ ഫിലിപ് നേരിയുടെ തിരുനാളിനോടനുബന്ധിച്ച്, പുതുപ്പാടി ഫിലിപ് നേരി സിസ്റ്റേഴ്‌സ് ജനറലേറ്റില്‍ നടന്ന ചടങ്ങില്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ലാണ് ‘സ്‌നേഹത്തിന്‍ പൊന്‍വെളിച്ചം’ എന്ന പ്രാര്‍ത്ഥനാ ഗാനം പുറത്തിറക്കിയത്.

താമരശ്ശേരി രൂപത വൈദികന്‍ ഫാ. രഞ്ജിത് ചക്കുമൂട്ടിലാണ് ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സംഗീതസംവിധായകന്‍ ജോബി ജോര്‍ജ് ഗാനത്തിന് ഈണം നല്‍കി. ആലാപനം കെ. ജി. ഷിബു. ഫിലിപ് നേരി സന്യാസിനി സമൂഹത്തിന്റെ യൂട്യൂബ് ചാനലായ ST PHILIP NERI VISION യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.

ഗാനം കേള്‍ക്കാന്‍ ക്ലിക്ക് ചെയ്യൂ:

ഉണര്‍ന്ന് പ്രശോഭിക്കാന്‍ കര്‍മ്മപദ്ധതികള്‍ രൂപപ്പെടുത്തി എപ്പാര്‍ക്കിയല്‍ അസംബ്ലി

സുവിശേഷ മൂല്യങ്ങള്‍ തമസ്‌ക്കരിക്കുന്ന സംഘടനകളുമായി ദൈവജനത്തെ സഹകരിപ്പിക്കുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും സമുദായത്തെ ശാക്തീകരിക്കേണ്ടത് ഏതെങ്കിലും സമുദായങ്ങളോടു കലഹിച്ചുകൊണ്ടാകരുതെന്നും തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാബ്ലാനി. പുല്ലൂരാംപാറ ബഥാനിയ റിന്യൂവല്‍ സെന്ററില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന താമരശ്ശേരി രൂപതയുടെ മൂന്നാമത് എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

‘ക്രൈസ്തവ പെണ്‍കുട്ടികളെ പ്രണയക്കെണിയില്‍ കുടുക്കാന്‍ ചിലര്‍ സംഘടിതമായി ശ്രമിക്കുന്നുണ്ട്. സമുദായ സ്പര്‍ദ്ധ വളര്‍ത്തിയല്ല അതിനെ നേരിടേണ്ടത്. പെണ്‍മക്കളെ ചേര്‍ത്തു പിടിച്ചുകൊണ്ട് അത്തരം കെണികളെ പ്രതിരോധിക്കണം. ചരിത്രത്തെക്കുറിച്ചുള്ള അവബോധം സമുദായ വളര്‍ച്ചയ്ക്ക് ആവശ്യമാണ്. യുവതലമുറ സഭയെ സ്നേഹിക്കണമെങ്കില്‍ സഭയുടെ ചരിത്രം അവര്‍ക്ക് പകര്‍ന്നുകൊടുക്കണം. അതിനുള്ള കര്‍മ്മപദ്ധതികള്‍ രൂപപ്പെടുത്തണം. ഭിന്നത ക്രൈസ്തവ സമുദായത്തിന്റെ വളര്‍ച്ചയ്ക്ക് അപകടമാണ്. കൂട്ടായ്മയെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട സമയമാണിത്. കേരളത്തിന്റെ സാമുദായിക സൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അത്തരം ശ്രമങ്ങളില്‍ വീണുപോകാതെ ശ്രദ്ധിക്കണം. സാഹോദര്യത്തിന്റെ പാനപാത്രത്തില്‍ വിഷം കലര്‍ത്താന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണം.’ ആര്‍ച്ച് ബിഷപ് കൂട്ടിച്ചേര്‍ത്തു.

തലശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാബ്ലാനി

പ്രത്യാശയുടെ കിരണങ്ങളാണ് എപ്പാര്‍ക്കിയല്‍ അസംബ്ലി മുന്നോട്ടുവയ്ക്കുന്നതെന്നും അസംബ്ലി നിര്‍ദ്ദേശിച്ച കര്‍മ്മപദ്ധതികള്‍ ചടുലമായ, കൃത്യതയാര്‍ന്ന ചുവടുകളോടെ പ്രായോഗികതലത്തില്‍ എത്തിക്കുമെന്നും ചടങ്ങിന് അധ്യക്ഷത വഹിച്ച ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു. ‘സമാനതകളില്ലാത്ത വെല്ലുവിളികളിലൂടെയാണ് നാം കടന്നു പോകുന്നത്. വെല്ലുവിളികള്‍ സഭാചരിത്രത്തില്‍ എപ്പോഴും ഉണ്ടായിട്ടുണ്ട്. ദൈവവിശ്വാസത്തില്‍ ആശ്രയിച്ചാണ് എല്ലാ വെല്ലുവിളികളെയും നേരിടേണ്ടത്. യുവതലമുറയുടെ വിദേശ കുടിയേറ്റം ഭയത്തോടെ കാണേണ്ടതില്ല. കുടിയേറ്റം വളര്‍ച്ചയുടെ അടയാളമാണ്. കുടിയേറുന്ന രൂപതാംഗങ്ങളുടെ ആധ്യാത്മിക കാര്യങ്ങള്‍ ലക്ഷ്യമിട്ട് പ്രവാസി അപ്പോസ്തലേറ്റ് ആരംഭിക്കും. ആദിമസഭയുടെ ചൈതന്യത്തില്‍ കൂട്ടായ്മയോടെ മുന്നോട്ടു പോകാന്‍ നമുക്ക് സാധിക്കണം.” ബിഷപ് പറഞ്ഞു.

ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍

മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ സഭ മലബാര്‍ ഭദ്രാസനം മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ‘വിശുദ്ധരെയല്ല, വിശുദ്ധിയിലേക്കാണ് യേശു വിളിക്കുന്നത്. സുവിശേഷത്തിന്റെ പ്രതിനിധികളാകണമെങ്കില്‍ ക്രിസ്തുവിന്റെ മുറിവുകള്‍ കാണണം. വിശ്വാസ ജീവിതത്തില്‍ ഉണ്ടാകുന്ന അപചയങ്ങളാണ് കുടുംബങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണം. കുടുംബവും സമുദായവും അനുഗ്രഹിക്കപ്പെടേണ്ടത് നമ്മളിലൂടെയാണ് എന്ന് നാം ഓര്‍ക്കണം.’ ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ് അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു.

മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ സഭ മലബാര്‍ ഭദ്രാസനം മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ്

റൂബി ജൂബിലി സ്‌കോളര്‍ഷിപ് ഉദ്ഘാടനം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. പുന്നക്കല്‍ ഇടവകാംഗമായ ഡെറിന്‍ കുര്യന്‍ ജോസ് നാലു ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ് ഏറ്റുവാങ്ങി. ഏയ്ഡര്‍ എഡ്യുക്കെയറിന്റെ ഫ്യൂച്ചര്‍ ഓറിയന്റഡ് പ്രോജക്ട് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാബ്ലാനി ഉദ്ഘാടനം ചെയ്തു. അസംബ്ലി ഡ്രാഫ്റ്റ് കമ്മറ്റി ചെയര്‍മാന്‍ ഫാ. മാത്യു കുളത്തിങ്കല്‍ മൂന്നാമത് എപ്പാര്‍ക്കിയല്‍ അസംബ്ലിയുടെ ഫൈനല്‍ സ്റ്റേറ്റ്‌മെന്റ് അവതരിപ്പിച്ചു.

രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, എപ്പാര്‍ക്കിയല്‍ അസംബ്ലി ജനറല്‍ കണ്‍വീനര്‍ ഫാ. തോമസ് ചിലമ്പിക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. സിഎംഐ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. ബിജു ജോണ്‍ വെള്ളക്കട, എസ്എച്ച് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ എല്‍സീന ജോണ്‍, കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സെക്രട്ടറി ട്രീസ ഞരളക്കാട്ട് എന്നിവര്‍ അസംബ്ലി വിലയിരുത്തി സംസാരിച്ചു.

മെയ് 25: വിശുദ്ധ ബീഡ്

735-ലെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ദിവസം പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി എന്ന വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് അന്തര്‍ ധാനം ചെയ്ത ആംഗ്ലോസാക്സന്‍ ചരിത്രകാരനാണ് വന്ദ്യനായ ബീഡ്. മരിച്ചിട്ട് താമസിയാതെതന്നെ നാട്ടുകാര്‍ നല്കിയ വന്ദ്യന്‍ എന്ന സ്ഥാനം വിശുദ്ധ പദപ്രാപ്തിക്കുശേഷവും അദ്ദേഹത്തിന്റെ നാമത്തോട് ചേര്‍ത്ത് ഉപയോഗിച്ചുവരുന്നുണ്ട്. വെയര്‍മൗത്തിലെ വിശുദ്ധ ബെനഡിക്ട് ബിസ്‌കോയിന്റെ ശിഷ്യനായിരുന്നു ബീഡ്.

702-ല്‍ അദ്ദേഹം പുരോഹിതനായി. പഠനവും എഴുത്തുമായിരുന്നു അദ്ദേഹത്തിന്റെ ജോലി ജാശോ എന്ന പ്രദേശത്തെ ആശ്രമത്തില്‍ 600 ശിഷ്യന്മാര്‍ക്ക് അദ്ദേഹം ശിക്ഷണം നല്കുകയുണ്ടായി. ഭക്തിയും പാണ്ഡിത്യവും പ്രാര്‍ത്ഥനാശീലവും മാതൃകാജീവിതവുമാണ് ഇത്രയുമധികം ശിഷ്യന്മാരെ തന്നിലേക്ക് ആകര്‍ഷിച്ചത്.

തത്വശാസ്ത്രം, പാട്ട്, പദ്യം, ഗണിതം, ഊര്‍ജ്ജതന്ത്രം, ചികിത്സ മുതലായ വിഷയങ്ങളെ സംബന്ധിച്ച് അദ്ദേഹം ഗ്രന്ഥങ്ങള്‍ രചിക്കുകയുണ്ടായി. ഇംഗ്ലീഷു ചരിത്രകാരന്മാരുടെ പിതാവാണദ്ദേഹം. ആംഗ്ലോസാക്‌സന്‍ വിശുദ്ധന്മാരുടേയും സഭാപിതാക്കന്മാരുടേയും ജീവചരിത്രങ്ങള്‍ അദ്ദേഹമെഴുതി. മുപ്പതു പുസ്തകങ്ങളായി അദ്ദേഹം എഴുതിയിട്ടുള്ള വിശുദ്ധ ഗ്രന്ഥവ്യാഖ്യാനം വിശിഷ്ടമാണ്. മറ്റു 15 ഗ്രന്ഥങ്ങളുംകൂടി അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതകാലത്തുതന്നെ ഈ ഗ്രന്ഥങ്ങളില്‍ ചിലതു ദേവാലയത്തില്‍ വായിച്ചിരുന്നു. വിശുദ്ധ യോഹന്നാന്‍ സുവിശേഷത്തിന്റെ ഒരു ഇംഗ്ലീഷു പരിഭാഷ അദ്ദേഹം ഉണ്ടാക്കി. മരിക്കുന്നതിന്റഎ തലേദിവസമാണ് അത് പൂര്‍ത്തിയായത്.

മെയ് 24: വിശുദ്ധ ഡൊണേഷ്യനും റൊഗേഷ്യനും

രക്തത്താലെയുള്ള ജ്ഞാനസ്നാനം സ്വീകരിച്ച ഒരു വിശുദ്ധനാണ് റൊഗേഷ്യന്‍. അദ്ദേഹത്തിന്റെ സഹോദരനാണ് ഡൊണേഷ്യന്‍. ബ്രിട്ടണില്‍ നാന്തെസ്സ് എന്ന പ്രദേശത്തു ജീവിച്ചുപോന്ന രണ്ടു കുലീന സഹോദരന്മാരാണിവര്‍. ഡൊണേഷ്യന്‍ ജ്ഞാനസ്നാനം സ്വീകരിച്ച് മാതൃകാപരമായി ജീവിക്കുന്നത് കണ്ടിട്ട് സഹോദരന്‍ റൊഗേഷ്യനും ജ്ഞാനസ്‌നാനം സ്വീകരിക്കാന്‍ ആഗ്രഹിച്ചുകൊണ്ടിരിക്കുകയായിരുന്നു. അക്കാലത്ത് സ്ഥലത്തെ മെത്രാന്‍ ഒളിവിലായിരുന്നതുകൊണ്ട് റൊഗേഷ്യന് ജ്ഞാന സ്‌നാനം സ്വീകരിക്കാന്‍ കഴിഞ്ഞില്ല. അന്നാളുകളില്‍ ക്രിസ്ത്യാനിയാണെന്ന് പരസ്യമായി പ്രഖ്യാപിക്കുക രക്തസാക്ഷിത്വത്തിലേക്കുള്ള സമര്‍പ്പണംതന്നെയായിരുന്നു.

ഡൊണേഷ്യന്‍ റൊഗേഷ്യനെ ക്രിസ്ത്യാനിയാക്കിയെന്ന കുറ്റത്തിന് ഗവര്‍ണര്‍ രണ്ടുപേരേയും ജയിലിലടച്ചു. അവരെ ചങ്ങലകൊണ്ടു ബന്ധിച്ചു. ദേവന്മാരെ പൂജിക്കുകയാണെങ്കില്‍ സ്വാതന്ത്ര്യവും സ്ഥാന മാനങ്ങളും ലഭിക്കുന്നതാണെന്ന് ഗവര്‍ണര്‍ വാഗ്ദാനം ചെയ്തു. തനിക്ക് ജ്ഞാനസ്‌നാനം സിദ്ധിച്ചില്ലല്ലോ എന്ന് റൊഗേഷ്യന്‍ ഖേദിച്ചു. സഹോദരന്റെ സമാധാന ചുംബനം മതിയാകുമെന്ന് അദ്ദേഹത്തിനു തോന്നി. അവന്റെ വിശ്വാസം ജ്ഞാനസ്നാനത്തിന്റെ ഭാഗം നിര്‍വഹിക്കുമാറാകട്ടെ എന്ന് ഡൊണേഷ്യന്‍ പ്രാര്‍ത്ഥിച്ചു. ആ രാത്രി രണ്ടുപേരും തീക്ഷ്ണമായ പ്രാര്‍ത്ഥനയില്‍ കഴിച്ചുകൂട്ടി. പ്രഭാതത്തില്‍ ന്യായാധിപന്‍ അവരെ വിളിച്ചു. തങ്ങള്‍ ക്രിസ്തുവിനെപ്രതി എന്തും സഹിക്കാന്‍ തയ്യാറാണെന്ന് പ്രസ്താവിച്ച ഉടനെ രണ്ടുപേരെയും പീഡന യന്ത്രത്തില്‍ കിടത്തി ശരീരം വലിച്ചു നീട്ടി. അനന്തരം കരങ്ങള്‍ ഛേദിച്ചു കളഞ്ഞു. അങ്ങനെ അവര്‍ മരിക്കുകയും ചെയ്തു.

മേയ് 23: വിശുദ്ധ ജൂലിയ

439-ല്‍ ജെന്‍സെറിക്ക് കാര്‍ത്തേജു പിടിച്ചടക്കിയപ്പോള്‍ എവുസേബിയൂസ് എന്ന ഒരു സിറിയന്‍ വ്യാപാരിക്കു അടിമയായി വില്ക്കപ്പെട്ട ഒരു കുലീന കന്യകയാണ് ജൂലിയ. തൊഴിലില്ലാത്ത സമയമെല്ലാം ജൂലിയ പ്രസന്നമായി ക്ഷമാപൂര്‍വം പ്രാര്‍ത്ഥനയിലും ജ്ഞാനവായനയിലും മുഴുകിയിരുന്നു. ഞായറാഴ്ച ഒഴികെ എല്ലാ ദിവസങ്ങളിലും അവള്‍ ഉപവസിച്ചു പോന്നു. ഇവളുടെ വിശ്വസ്തത കണ്ട യജമാനന്‍ ഈ തപോനിഷ്ഠകള്‍ സ്വല്പം ലഘുപ്പെടുത്താന്‍ ആവശ്യപ്പെട്ടു.

ഒരിക്കല്‍ ഈ വ്യാപാരി ഇവളെ ഗോളിലേക്കുള്ള ഒരു യാത്രയില്‍ കൂടെ കൊണ്ടുപോയി. കോഴ്സിക്കയിലെത്തിയപ്പോള്‍ കപ്പല്‍ നങ്കൂരമിട്ടു വ്യാപാരി ഉത്സവത്തില്‍ പങ്കെടുത്തു. അന്ന് ഒരു കാളയുടെ ബലിയുണ്ടായിരുന്നു. അതില്‍ ഭാഗഭാകാകാതിരിക്കാന്‍ ജൂലിയ ആരാധനയില്‍ പങ്കെടുത്തില്ല. ആ ദ്വീപിലെ ഗവര്‍ണര്‍ ഫെലിക്‌സ് ആരാണ് ദേവന്മാരെ ഇപ്രകാരം നിന്ദിക്കുന്നതെന്നു ചോദിച്ചപ്പോള്‍ അവള്‍ ഒരു ക്രിസ്തീയ വനിതയാണെന്ന് മറുപടി നല്കി. തന്റെ നാലു വനിത അടിമകളെ പകരം തരാം അവളെ തന്നാലെന്ന് ഗവര്‍ണര്‍ പറഞ്ഞു. എവുസേബിയൂസു പ്രതിവചിച്ചു: ‘ആരെ തന്നാലും എന്തു തന്നാലും അവളെ തരികയില്ല.’

പിന്നീട് എവുസേബിയൂസു കുടിച്ച് ബോധമില്ലാത്ത സമയത്ത് ജൂലിയായോട് ഗവര്‍ണര്‍ പറഞ്ഞു: ”നീ ദേവന്മാര്‍ക്ക് ബലിചെയ്താല്‍ നിന്നെ സ്വതന്ത്രയാക്കാം.’ ജൂലിയാ പ്രതിവചിച്ചു: ‘ഇല്ല, യേശുക്രിസ്തുവിനെ ആരാധിക്കുവാന്‍ സ്വാതന്ത്ര്യമുള്ളിടത്തോളംകാലം ഞാന്‍ അടിമയല്ല’ നിന്ദിതനായി കരുതിയ ഗവര്‍ണര്‍ ജൂലിയായെ മര്‍ദ്ദിച്ചു. തലമുടി പറിച്ചു കളഞ്ഞു. മരിക്കുന്നത് വരെ കുരിശില്‍ തറച്ചിട്ടു.

മേയ് 22: കാഷ്യായിലെ വിശുദ്ധ റീത്താ

മര്‍ഗരീത്താ എന്നായിരുന്ന ജ്ഞാനസ്‌നാന നാമം ലോപിച്ച് പുണ്യവതിയുടെ പേര് റീത്താ എന്നായത്. അബ്രിയായിലെ അപ്പിനയിന്‍ പര്‍വതത്തിലെ കര്‍ഷകരായിരുന്നു അവളുടെ മാതാപിതാക്കന്മാര്‍. യേശുക്രിസ്തുവിന്റെ സമാധാനപാലകര്‍ എന്നാണ് അയല്‍ക്കാര്‍ അവരെ സ്‌നേഹപൂര്‍വം വിളിച്ചിരുന്നത്. വാര്‍ദ്ധക്യത്തില്‍ അവര്‍ക്ക് ജനിച്ച ഏകപുത്രി റീത്താ ഏകാന്തതയെ ഉന്നംവച്ചു കാഷിയായിലെ അഗുസ്തീനിയന്‍ മഠത്തില്‍ ചേരാന്‍ തുടങ്ങിയതാണ്. എന്നാല്‍ മാതാപിതാക്കന്മാര്‍ അജ്ഞാതമായ ഏതോ കാരണത്താല്‍ അവളെ ഭയങ്കരനും മുന്‍കോപിയുമായ പോള്‍ ഫെര്‍ഡിനന്റിന് വിവാഹം കഴിച്ചുകൊടുത്തു. അവരുടെ ഇഷ്ടം ദൈവതിരുമനസായി റീത്താ സ്വീകരിച്ചു.

ഭര്‍ത്താവിന് റീത്തയുടെ ഭക്തി ഇഷ്ടപ്പെട്ടില്ല. കുടിച്ചു മദോന്മത്തനായി വരുമ്പോള്‍ അവളെ അവന്‍ കഠിനമായി ദ്രോഹിച്ചിരുന്നു. രണ്ട് ആണ്‍കുട്ടികള്‍ അവര്‍ക്കുണ്ടായി. അവര്‍ ദിനംപ്രതി അമ്മയോടുകൂടെ ദിവ്യപൂജ കണ്ടിരുന്നു. അവളുടെ പ്രാര്‍ത്ഥനകളും പ്രായശ്ചിത്തങ്ങളും ദരിദ്രസന്ദര്‍ശനങ്ങളും അവസാനം പൂവണിഞ്ഞു, ഭര്‍ത്താവ് മാനസാന്തരപ്പെട്ടു. എന്നാല്‍ താമസിയാതെ ഒരു വനത്തില്‍വച്ച് ആരോ അയാളെ വധിച്ചു. റീത്താ ഘാതകരോട് ക്ഷമിച്ചു; എന്നാല്‍ മക്കള്‍ പ്രതികാരം ചെയ്യണമെന്ന് ദൃഢവ്രതരായിരുന്നു. അവര്‍ ആ കൊലപാതകം നടത്തുന്നതിനു മുമ്പ് മരിച്ചാല്‍ മതിയെന്ന് റീത്താ പ്രാര്‍ത്ഥിച്ചു; ആ വര്‍ഷംതന്നെ രണ്ടുമക്കളും പിതൃഘാതകരോടു ക്ഷമിച്ചുകൊണ്ടു മരിച്ചു.

അന്ന് റീത്തയ്ക്ക് മുപ്പതുവയസ്സു പ്രായമേ ഉണ്ടായിരുന്നുള്ളൂ. കാഷിയായിലെ അഗുസ്റ്റീനിയന്‍ മഠത്തില്‍ ചേരാന്‍ അനുമതി ചോദിച്ചു. മൂന്നു പ്രാവശ്യം അനുമതി നിഷേധിക്കപ്പെട്ടു. 1417-ല്‍ ഒരു രാത്രി വിശുദ്ധ അഗുസ്റ്റിനും സ്നാപകയോഹന്നാനും ടൊളെന്റിനോയിലെ വിശുദ്ധ നിക്കൊളാസും വന്ന് റീത്തായെ കൂട്ടിക്കൊണ്ടു മഠം കപ്പേളയിലാക്കി രാവിലെ സഹോദരിമാര്‍ റീത്തയെ കണ്ടപ്പോള്‍ വിസ്മയിച്ചുപോയി വാതില്‍ അതുവരെ ആരും തുറന്നിരുന്നുമില്ല. റീത്തയുടെ വാക്കുകള്‍ മഠാധിപ സ്വീകരിച്ച് അവളെ മഠത്തില്‍ ചേര്‍ത്തു. നൊവീഷ്യേറ്റുമുതല്‍ റീത്താ വിശുദ്ധിയില്‍ പിന്നെയും വളര്‍ന്നുകൊണ്ടിരുന്നു.

1442-ല്‍ കര്‍ത്താവിന്റെ പീഡാനുഭവത്തെപ്പറ്റി ധ്യാനിച്ചുകൊണ്ടിരിക്കു മ്പോള്‍ മഠത്തിന്റെ ഭിത്തിയിലുണ്ടായിരുന്ന കര്‍തൃ രൂപത്തിലെ മുള്‍മുടിയില്‍ നിന്ന് പ്രകാശം ചിന്തുന്ന കുറെ രശ്മികള്‍ അവളുടെ നെറ്റിയില്‍ പതിച്ചു. ഒരു മുള്ള് അവളുടെ നെറ്റിയില്‍ പതിഞ്ഞു. ആ മുറിവ് ഉണങ്ങാത്തതിനാല്‍ അവളുടെ കൊച്ചുമുറിയില്‍ 8 വര്‍ഷം ഏകാകിനിയായി താമസിച്ചു. മുറിവ് പഴുത്തു ദുര്‍ഗ്ഗന്ധം പുറപ്പെട്ടിരുന്നു. 1450-ല്‍ വിശുദ്ധവത്സരത്തില്‍ സീയെന്നായിലെ ബര്‍ണര്‍ഡിന്റെ നാമകരണത്തിന് റോമയില്‍ പോകാന്‍ ആഗ്രഹിച്ചു. ഉടനടി വ്രണം സുഖപ്പെട്ടു. 144 കിലോമീറ്റര്‍ നടന്ന് അവള്‍ റോമയിലെത്തി നാമകരണ ചടങ്ങില്‍ പങ്കുകൊണ്ടു. ഏഴാം വര്‍ഷം റീത്ത മരിച്ചു. അസാധാരണ കാര്യങ്ങളുടെ മധ്യസ്ഥ എന്നാണ് സ്‌പെയിന്‍കാര്‍ റീത്തയെ സംബോധന ചെയ്യുന്നത്.

മെയ് 21: വിശുദ്ധ ഗോഡ്രിക്ക്

ഇംഗ്ലണ്ടില്‍ നോര്‍ഫോള്‍ക്കില്‍ താഴ്ന്ന ഒരു കുടുംബത്തില്‍ ഗോഡ്രിക്ക് ജനിച്ചു. യുവാവായിരിക്കുമ്പോള്‍ സാധനങ്ങള്‍ വീടു തോറും കൊണ്ടുനടന്ന് വിറ്റാണ് ഉപജീവനം കഴിച്ചിരുന്നത്. യാത്രകളില്‍ വിശുദ്ധ കുത്ത്ബര്‍ട്ടിന്റെ അന്തിമ വിശ്രമകേന്ദ്രം സന്ദര്‍ശിച്ച് ആ വിശുദ്ധനെ അനുകരിക്കാനുള്ള അനുഗ്രഹം പ്രാര്‍ത്ഥിച്ചു. അതോടെ ഒരു പുതിയ ജീവിതമാരംഭിച്ചു. പ്രായശ്ചിത്തബഹുലമായ ഒരു തീര്‍ത്ഥയാത്ര ജറുസലേമിലേക്കു നടത്തി.

നോര്‍ഫോള്‍ക്കില്‍ തിരിച്ചെത്തിയശേഷം ഒരു മുതലാളിയുടെ വീട്ടില്‍ കുറെനാള്‍ കാര്യസ്ഥനായി നിന്നു. മറ്റു ഭ്യത്യരെ നയിക്കാന്‍ കഴിയാഞ്ഞതുകൊണ്ട് ആ ഉദ്യോഗം അധികം നാള്‍ നീണ്ടുനിന്നില്ല. റോമയും ഫ്രാന്‍സില്‍ വിശുദ്ധ ഗൈല്‍സിന്റെ തീര്‍ത്ഥ കേന്ദ്രവും സന്ദര്‍ശിച്ചശേഷം ഗോഡ്രിക്ക് നോര്‍ഫോള്‍ക്കിലേക്ക് തിരിയെ വന്നു.

ഡര്‍ഹാം ആശ്രമത്തില്‍ കുറെനാള്‍ താമസിച്ചിരുന്ന ഗോഡ്വിന്‍ എന്ന ഒരു ഭക്തന്റെ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം കാര്‍ലൈലിന് വടക്കുള്ള ഒരു വനാന്തരത്തില്‍ സന്യാസമുറയനുസരിച്ച് ഗോഡ്രിക്ക് താമസിച്ചു. രണ്ടുകൊല്ലം കഴിഞ്ഞപ്പോള്‍ ഗോഡ്വിന്‍ മരിച്ചു. അനന്തരം രണ്ടാംപ്രാവശ്യം ജറുസലേമിലേക്ക് ഗോഡ്രിക്ക് ഒരു തീര്‍ത്ഥാടനം നടത്തി. മടങ്ങി വന്നശേഷം വിറ്റ്ബിക്കു സമീപമുള്ള ഏകാന്തത്തില്‍ ഒന്നരവര്‍ഷത്തോളം ചെലവഴിച്ചു അവിടെനിന്നു ഡര്‍ഹാമില്‍ വിശുദ്ധ ഡര്‍ഹാമിന്‍ തീര്‍ത്ഥത്തില്‍ കുറെനാള്‍ താമസിച്ചശേഷം അഞ്ചു കിലോമീറ്റര്‍ ദൂരെയുളള ഹിറ്റ്‌ലി മരുഭൂമിയില്‍ താമസംതുടങ്ങി. അവിടെ അദ്ദേഹം അനുഷ്ഠിച്ച പ്രായശ്ചിത്തങ്ങള്‍ അനുകരണാതീതമായിത്തോന്നുന്നു. പ്രാര്‍ത്ഥനയും പ്രായശ്ചിത്തവും തന്നെയായിരുന്നു ജീവിതം. ധ്യാനത്തിന് പകലും രാത്രിയും മതിയാകാഞ്ഞപോലെയാണ് അദ്ദേഹത്തിന് തോന്നിയത്. രോഗങ്ങളും വ്രണങ്ങളുടെ വേദനയും മറ്റു ക്ലേശങ്ങളും സസന്തോഷം സഹിച്ച അദ്ദേഹത്തിന്റെ ക്ഷമ അസാധാരണവും എളിമയും ശാന്തതയും വിസ്മയാവഹവുമായിരുന്നു.

ഡര്‍ഹാമിലെ പ്രിയോരുടെ അനുവാദത്തോടുകൂടെ വന്നിരുന്നവര്‍ക്ക് അദ്ദേഹം ഉപദേശം നല്കിയിരുന്നതുകൊണ്ട് തന്റഎ കഴിവുകള്‍ മുഴുവനും അദ്ദേഹത്തിന് മറച്ചുവയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. മരിക്കുന്നതിനു മുമ്പ് ദീര്‍ഘനാള്‍ തളര്‍ന്നു കിടന്നിരുന്നെങ്കിലും അദ്ദേഹത്തിന്റെ നാവു ദൈവത്തിന്റെ സ്തുതികള്‍ പ്രകീര്‍ത്തിക്കുന്നതില്‍ നിന്നു വിരമിച്ചില്ല. അങ്ങനെ 1170-ല്‍ ഗോഡ്രിക്ക് സ്വര്‍ഗ്ഗപ്രാപ്തനായി.

കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ സമിതിക്ക് പുതിയ സാരഥികള്‍

കത്തോലിക്ക കോണ്‍ഗ്രസ് താമരശ്ശേരി രൂപതാ പ്രസിഡന്റായി ഡോ. ചാക്കോ കാളംപറമ്പിലും ജനറല്‍ സെക്രട്ടറിയായി ഷാജി കണ്ടത്തിലും ട്രഷററായി സജി കരോട്ടും തെരഞ്ഞെടുക്കപ്പെട്ടു.

മറ്റു ഭാരവാഹികള്‍: ഷാന്റോതകിടിയേല്‍, അനീഷ് വടക്കേല്‍, വി. അല്‍ഫോന്‍സ, ഷില്ലി സെബാസ്റ്റ്യന്‍ (വൈസ് പ്രസിഡന്റുമാര്‍).
പ്രിന്‍സ് തിനംപറമ്പില്‍, സാബു വടക്കേപടവില്‍, തേജസ് മാത്യു കറുകയില്‍, ജോണ്‍സണ്‍ കക്കയം, ഡോ. ജോണ്‍ കട്ടക്കയം (സെക്രട്ടറിമാര്‍). ബേബി കിഴക്കുംഭാഗം (ഗ്ലോബല്‍ പ്രതിനിധി)

തിരഞ്ഞെടുപ്പിനും സത്യപ്രതിജ്ഞക്കും ശേഷം നടന്ന പൊതുസമ്മേളത്തില്‍ ഡോ. ചാക്കോ കാളം പറമ്പില്‍ അധ്യക്ഷം വഹിച്ചു. കത്തോലിക്ക കോണ്‍ഗ്രസ് ബിഷപ് ലെഗേറ്റ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യപ്രഭാഷണം നടത്തി. രൂപതാ ഡയറക്ടര്‍ ഫാ. സബിന്‍ തൂമുള്ളില്‍, ഷാജി കണ്ടത്തില്‍ അഡ്വ. ജിമ്മി ജോര്‍ജ്, ട്രീസ ഞരളക്കാട്ട്‌ എന്നിവര്‍ പ്രസംഗിച്ചു.

Exit mobile version