Around the World

സുഡാന്‍ വംശീയകലാപത്തിലേക്ക്: ഫീദെസ് വാര്‍ത്താ ഏജന്‍സി


സുഡാനില്‍ തുടരുന്ന സായുധസംഘര്‍ഷങ്ങള്‍ വംശീയകലാപമായി മാറുകയാണെന്ന് ഫീദെസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സുഡാന്‍ ദ്രുതകര്‍മ്മസേനയും സുഡാനിലെ വിവിധ സായുധസംഘടനകളും തമ്മില്‍ മാസങ്ങളായി തുടരുന്ന സംഘര്‍ഷങ്ങള്‍ വംശീയ കലാപത്തിലേക്ക് വളര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. സുഡാന്‍ ദ്രുതകര്‍മ്മസേന വംശീയ അടിസ്ഥാനത്തില്‍ നിരവധി സാധാരണക്കാരെ കൊലചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ മെയ് 10 മുതല്‍ വടക്കന്‍ ദാര്‍ഫുറിന്റെ തലസ്ഥാനമായ എല്‍ ഫാഷിര്‍ പ്രദേശത്ത് സുഡാന്‍ ദ്രുതകര്‍മ്മസേനയും സുഡാനിലെ വിവിധ സായുധസംഘടനകളും തമ്മില്‍ കടുത്ത പോരാട്ടമാണ് തുടരുന്നത്. നിരവധി ആളുകള്‍ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെടുകയും, നിരവധി വീടുകളും പൊതുമേഖലാസ്ഥാപനങ്ങളും തകര്‍ക്കപ്പെടുകയും ചെയ്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. എല്‍ ഫാഷിറില്‍നിന്ന് മെല്ലിറ്റ് നഗരത്തിലേക്ക് പലായാനം ചെയ്യാന്‍ ശ്രമിച്ച ഒന്‍പത് പേരെ സുഡാന്‍ ദ്രുതകര്‍മ്മസേന വംശീയ അടിസ്ഥാനത്തില്‍ വധിച്ചുവെന്നും റിപ്പോട്ടുകളുണ്ട്.

എല്‍ ഫാഷിറില്‍ പ്രദേശവാസികളും, കുടിയൊഴിപ്പിക്കപ്പെട്ടവരുമായ ഏതാണ്ട് പതിനഞ്ച് ലക്ഷത്തോളം ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്. ഈ പ്രദേശങ്ങളില്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നതിനായി സുഡാന്‍ ദ്രുതകര്‍മ്മസേന നിരവധി തവണ ബോംബാക്രമണവും, ജനനിബിഢപ്രദേശങ്ങളില്‍ കടുത്ത വെടിവയ്പ്പും നടത്തിയതായി ഫീദെസ് റിപ്പോര്‍ട്ടു ചെയ്തു.

ദാര്‍ഫുര്‍ പ്രദേശത്തിന്റെ അഞ്ചില്‍ നാലു സംസ്ഥാനങ്ങളും ഇതിനോടകം സുഡാന്‍ ദ്രുതകര്‍മ്മസേന പിടിച്ചെടുത്തിട്ടുണ്ട്. എല്‍ ഫാഷിര്‍ പിടിച്ചെടുക്കുന്നതോടെ സുഡാനിലെ വിവിധ സായുധസംഘടനകള്‍ അടങ്ങുന്ന സഖ്യത്തിനെതിരെ കൂടുതല്‍ ശക്തമായി പോരാടാനാകുമെന്ന് സുഡാന്‍ ദ്രുതകര്‍മ്മസേന പ്രതീക്ഷിക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *