വിറങ്ങലിച്ച് വിലങ്ങാട്


ഒരായുസിന്റെ അദ്ധ്വാനവും നെയ്തുകൂട്ടിയ സ്വപ്‌നങ്ങളും ഒറ്റരാത്രികൊണ്ട് മണ്ണോടമര്‍ന്നതിന്റെ നൊമ്പരക്കാഴ്ചകളാണ് വിലങ്ങാട്-മഞ്ഞക്കുന്ന് പ്രദേശങ്ങളിലിപ്പോള്‍. മലവെള്ളപ്പാച്ചിലില്‍ മഞ്ഞച്ചീളിയെന്നെ പ്രദേശം അപ്പാടെ ഒഴുകിപ്പോയി. ഇവിടെയുണ്ടായിരുന്ന 11 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. അങ്ങാടിയിലെ വായനശാലയും കടകളും ഗ്രോട്ടോയും ഒരു അവശേഷിപ്പുപോലുമില്ലാതെ മാഞ്ഞുപോയി. ഒട്ടേറെ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തിയതുകൊണ്ടുമാത്രം ആള്‍നാശമുണ്ടായില്ല. രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായ റിട്ട. അധ്യാപകന്‍ കെ. എ. മാത്യു കുളത്തിങ്കിലിനെ ഇനിയും കണ്ടെത്തിയിട്ടില്ല.

”രാത്രി ഏകദേശം 1.10-ഓടെ ചെറിയ ഉരുള്‍പൊട്ടലുണ്ടായി. ആ ശബ്ദം കേട്ട് എണീറ്റു. ഉരുള്‍പൊട്ടലാണെന്ന് മനസിലായപ്പോള്‍ കുടുംബത്തോടെ പുറത്തിറങ്ങി. മറ്റുള്ളവരെയും ഫോണ്‍ വിളിച്ച് അറിയിച്ചു. രാത്രി 2 മണിയോടെ ഭീകരമായ ഉരുള്‍പൊട്ടല്‍ സംഭവിക്കുകയായിരുന്നു. ഈ രണ്ടു ഉരുള്‍പൊട്ടലുകള്‍ക്കിടയിലെ അമ്പതു മീറ്ററുകള്‍ക്കിടയിലായിരുന്നു ഞങ്ങള്‍ കുറേ വീട്ടുകാര്‍. മരണത്തെ മുഖാമുഖം കണ്ട നിമിഷമായിരുന്നു അത്. ഒരു പക്ഷെ, ചെറിയ ഉരുള്‍പൊട്ടലില്‍ തന്നെ മുന്‍കരുതലെടുത്തില്ലായിരുന്നെങ്കില്‍ വയനാട്ടിലേതിനു സമാനമായ ആള്‍നാശം ഇവിടെയും സംഭവിക്കുമായിരുന്നു.” – ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് വീട് പൂര്‍ണമായും നഷ്ടപ്പെട്ട കൊടിമരത്തിന്‍മൂട്ടില്‍ ഡാരില്‍ ഡൊമിനിക് വിവരിച്ചു.

മഞ്ഞച്ചീളി മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയതോടെ മഞ്ഞക്കുന്ന്, വായാട് പ്രദേശത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്കുപോലും കടന്നു ചെല്ലാന്‍ കഴിയാത്ത അവസ്ഥയായി. വായാട് പാലം ഒലിച്ചുപോയതോടെ ആ പ്രദേശം ഒറ്റപ്പെട്ടു. അവിടേക്ക് അടിയന്തര വൈദ്യസഹായം എത്തിക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ്. പ്രദേശവാസികള്‍ ചേര്‍ന്ന് താല്‍ക്കാലിക തടിപ്പാലം നിര്‍മ്മിക്കുന്നുണ്ട്.

”അതിഭീകരവും ഭയാനകവുമായ നിമിഷങ്ങളിലൂടെയാണ് ഞങ്ങള്‍ കടന്നു പോകുന്നത്. മുഖ്യധാരാ മാധ്യമങ്ങള്‍ ഇവിടേക്ക് എത്താത്തതുകൊണ്ടുമാത്രമാണ് ഈ ഭീകരത പുറംലോകം അറിയാത്തത്. ചെറുതും വലുതുമായ 14 ഉരുള്‍പൊട്ടലുകളാണ് ഒറ്റരാത്രിയില്‍ വിലങ്ങാട്-മഞ്ഞക്കുന്ന് പ്രദേശത്തുണ്ടായത്. ഏകദേശം 100 ഹെക്ടറോളം സ്ഥലം ഉപയോഗശൂന്യമായി. ആകെ 20-ഓളം വീടുകള്‍ തകര്‍ന്നു. ഭരണകൂടത്തിന്റെ അടിയന്തര ശ്രദ്ധയും പരിഗണനയും ഈ മേഖലയില്‍ ഉണ്ടാകണം. പാലങ്ങളും റോഡുകളും തകര്‍ന്ന് പുറംലോകവുമായി ബന്ധം വിച്ഛേദിക്കപ്പെട്ട വിലങ്ങാട് പ്രദേശത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണം.” വിലങ്ങാട് ഫൊറോന വികാരി ഫാ. വില്‍സണ്‍ മുട്ടത്തുകുന്നേല്‍ പറഞ്ഞു.

‘ആളപായം ഇല്ലെങ്കില്‍ പോലും വളരെ വലിയൊരു ദുരന്തമാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. പക്ഷെ, മാധ്യമങ്ങള്‍ നിസാരമായാണ് ഇവിടുത്തെ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നത്. എല്ലാം നഷ്ടപ്പെട്ട ഒരുകൂട്ടം മനുഷ്യര്‍ നിസഹായരായി നില്‍ക്കുകയാണിവിടെ. മാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വവും ഗൗരവത്തോടെ ഇവിടുത്തെ ദുരന്തത്തെ കാണണം.” മഞ്ഞക്കുന്ന് വികാരി ഫാ. ടിന്‍സ് മറ്റപ്പള്ളി പറഞ്ഞു.

മാറി മാറി വരുന്ന ഭരണ നേതൃത്വം എന്നും അവഗണിക്കുന്ന പ്രദേശമാണ് വിലങ്ങാടെന്ന് ഇവിടുത്തുകാര്‍ പറയുന്നു. 2019-ലെ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ഉരുട്ടിപാലം പുനര്‍നിര്‍മ്മിച്ചത് മൂന്നു വര്‍ഷംകൊണ്ടാണ്. ഈ മൂന്നു വര്‍ഷവും താല്‍ക്കാലിക പാലത്തിലൂടെയായിരുന്നു ഗതാഗതം. വിലങ്ങാടിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലമാണ് ഉരുട്ടിപാലം. ഇത്തവണത്തെ ഉരുള്‍പൊട്ടലില്‍ ഉരുട്ടിപാലത്തിന്റെ അപ്രോച്ച് റോഡ് നടുവെ പൊളിഞ്ഞു വീണു. ഇത് പൂര്‍വസ്ഥിതിയിലാക്കാന്‍ എത്രകാലം കാത്തിരിക്കേണ്ടി വരുമെന്ന ആശങ്കയും ഇവിടുത്തുകാര്‍ പങ്കുവയ്ക്കുന്നു. വിലങ്ങാടിനെ വാളൂക്കുമായി ബന്ധിപ്പിക്കുന്ന പാലവും തകര്‍ന്നു. ചെറിയ ഉയരം കുറഞ്ഞ പാലമാണിത്. ഈ പാലം ഉയരം കൂട്ടി ശാസ്ത്രീയമായി നിര്‍മ്മിക്കമെന്ന ആവശ്യം അധികൃതര്‍ കേട്ടമട്ടില്ല. വിലങ്ങാട്ടിലേക്കുള്ള പ്രധാനപാത പൊട്ടിപ്പൊളിഞ്ഞിട്ട് നാളുകളായി. അവഗണന ഇങ്ങനെ തുടര്‍ന്നാല്‍ ഈ ദുരന്തമേല്‍പ്പിച്ച ആഘാതം എങ്ങനെ മറികടക്കുമെന്ന ആശങ്കയും ഇവിടുത്തുകാര്‍ പങ്കുവയ്ക്കുന്നു.

വിലങ്ങാട് മേഖലയിലെ ഉരുള്‍പൊട്ടല്‍ അതീവഗൗരവത്തോടെ കാണണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ സമിതി ആവശ്യപ്പെട്ടു. ‘യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് വിലങ്ങാടിനെ പുനര്‍നിര്‍മ്മിക്കണം. കാലാകാലങ്ങളായി ഈ ജനത അനുഭവിക്കുന്ന അവഗണന ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഇനിയും ഉണ്ടായിക്കൂട. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട് കാണാതായ മാത്യു കുളത്തിങ്കലിനെ ഇനിയും കണ്ടെത്താനായിട്ടില്ല. കൂടുതല്‍ ഉദ്യോഗസ്ഥരെ ഇവിടേക്കു നിയമിച്ച്, സേനകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തനം കാര്യക്ഷമമാക്കണം.” കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ സമിതി അംഗങ്ങള്‍ പറഞ്ഞു.

ഉരുള്‍പൊട്ടലില്‍ കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്കായി വിലങ്ങാട് സെന്റ് ജോര്‍ജ് ഹൈസ്‌ക്കൂളിലും മഞ്ഞക്കുന്ന് പള്ളി പാരിഷ് ഹാളിലും പാലൂരിലും ക്യാമ്പുകള്‍ തുറന്നു. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കൗണ്‍സലിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. നിരവധി വൈദികരും സന്യസ്തരും ഇവിടെ സന്ദര്‍ശിക്കുന്നുണ്ട്. താമരശ്ശേരി രൂപതയിലെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സന്നദ്ധപ്രവര്‍ത്തനം നടത്തി വരുന്നു. വിവിധ ഇടവകകളിലെ കെസിവൈഎം പ്രവര്‍ത്തകര്‍ വീടു ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ നേതൃത്വത്തില്‍ ഫണ്ട് ശേഖരണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം ഉരുള്‍പൊട്ടലുണ്ടായ മഞ്ഞച്ചീളി പ്രദേശത്ത് ഇന്ന് വൈകിട്ടോടെ വീണ്ടും ഉരുള്‍പൊട്ടി. കലക്ടറും സംഘവും മഞ്ഞച്ചീളി സന്ദര്‍ശിച്ച് തിരികെ പോകുന്നതിനു മുമ്പാണ് ഉരുള്‍പൊട്ടലുണ്ടായത്. ഷാഫി പറമ്പില്‍ എംപി, ഇ. കെ. വിജയന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി എന്നിവര്‍ ദുരന്ത സ്ഥലം സന്ദര്‍ശിച്ചു.


Leave a Reply

Your email address will not be published. Required fields are marked *