Vatican News

ഫ്രാന്‍സിസ് പാപ്പ ഇന്തോനേഷ്യയില്‍


ഇന്തോനേഷ്യ, പാപ്പുവ ന്യൂ ഗിനിയ, ഈസ്റ്റ് തിമോര്‍, സിംഗപ്പൂര്‍ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന 45-ാമത് അപ്പസ്തോലിക് യാത്ര ഫ്രാന്‍സിസ് പാപ്പ ആരംഭിച്ചു. പാപ്പയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ അപ്പസ്തോലികയാത്രയാണിത്. വായു-കര മാര്‍ഗങ്ങളിലായി ഏകദേശം 32,814 കിലോമീറ്ററുകളാണ് പാപ്പാ ഇത്തവണ സഞ്ചരിക്കുന്നത്.
പ്രായാധിക്യത്തിലും, ഇത്രദൂരം സഞ്ചരിക്കുന്നതിനു കാരണമായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്, ലോകത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്കും യേശുവിന്റെ സ്നേഹവും, സാന്ത്വനവും എത്തിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും, ജനങ്ങളോടുള്ള ആര്‍ദ്രതയുമാണ്.

ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില സൂകര്‍ണോ-ഹട്ട അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രാദേശിക സമയം രാവിലെ 11:19 ന് ഐടിഎ-എയര്‍വേസ് പേപ്പല്‍ വിമാനം ലാന്‍ഡ് ചെയ്തു. വിമാനത്തില്‍, പരിശുദ്ധ പിതാവ് തനിക്കൊപ്പമുള്ള മാധ്യമപ്രവര്‍ത്തകരെ വ്യക്തിപരമായി അഭിവാദ്യം ചെയ്തു.

ജക്കാര്‍ത്തയില്‍ ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. അപ്പസ്തോലിക് സന്ദര്‍ശനത്തിന്റെ ആദ്യ ദിവസമായ ഇന്ന് പ്രത്യേക പരിപാടികളൊന്നും ഷെഡ്യൂള്‍ ചെയ്തിട്ടില്ല. ബുധനാഴ്ച മാര്‍പ്പാപ്പയ്ക്ക് തലസ്ഥാനത്ത് നിരവധി കൂടിക്കാഴ്ചകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ജക്കാര്‍ത്തയില്‍ മൂന്ന് രാത്രികള്‍ ചെലവഴിക്കും. ഇസ്തിഖ്‌ലാല്‍ മസ്ജിദില്‍ സര്‍വമത സമ്മേളനം നടത്തും.

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് മുമ്പ് രണ്ട് മാര്‍പാപ്പമാര്‍ ഇന്തോനേഷ്യ സന്ദര്‍ശിച്ചിരുന്നു: 1970-ല്‍ സെന്റ് പോള്‍ ആറാമന്‍ മാര്‍പാപ്പയും 1989-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും.

ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിക്കുന്ന മറ്റൊരു രാജ്യമായ പാപ്പുവ ന്യൂ ഗിനിയ ക്രിസ്ത്യന്‍ ഭൂരിപക്ഷ രാഷ്ട്രമാണ്, അവിടെ മൂന്നില്‍ ഒരാള്‍ കത്തോലിക്കരാണ്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1984-ല്‍ പാപ്പുവ ന്യൂ ഗിനിയ സന്ദര്‍ശിച്ചിരുന്നു. തലസ്ഥാനമായ പോര്‍ട്ട് മോര്‍സ്ബിയില്‍, വിശുദ്ധ കുര്‍ബാനയും തെരുവ് ശുശ്രൂഷകരായ കുട്ടികളുമായുള്ള കൂടിക്കാഴ്ചയും പാപ്പയുടെ ഷെഡ്യൂളിലുണ്ട്. കാരിത്താസ് ടെക്നിക്കല്‍ സെക്കന്‍ഡറി സ്‌കൂളും പാപ്പ സന്ദര്‍ശിക്കും. തീരദേശ പട്ടണമായ വാനിമോയിലെ മിഷനറിമാരുമായും പ്രാദേശിക വിശ്വാസികളുമായും കൂടിക്കാഴ്ച നടത്തും.

മുമ്പ് പോര്‍ച്ചുഗീസ് കോളനിയായിരുന്ന ഈസ്റ്റ് ടിമോറില്‍ 96 ശതമാനത്തിലധികം കത്തോലിക്കരാണ്. ഈസ്റ്റ് തിമോര്‍ ‘ഇന്തോനേഷ്യന്‍ അധിനിവേശത്തിന്‍’ കീഴിലായിരുന്ന 1989-ല്‍ സെന്റ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് അവസാനമായി ഇവിടം സന്ദര്‍ശിച്ച മാര്‍പാപ്പ.

‘വിശ്വാസം നിങ്ങളുടെ സംസ്‌കാരമായിരിക്കട്ടെ’ എന്ന മുദ്രാവാക്യത്തോടെ ഫ്രാന്‍സിസ് മാര്‍പാപ്പ അവിടെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുക. ഭിന്നശേഷിക്കാരായ കുട്ടികളുമായും ജസ്യൂട്ട് വൈദികരുമായും കൂടിക്കാഴ്ച നടത്തും.

അപ്പസ്തോലിക് സന്ദര്‍ശനത്തിന്റെ അവസാന ഘട്ടത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ദ്വീപ് രാഷ്ട്രമായ സിംഗപ്പൂര്‍ സന്ദര്‍ശിക്കും. 1986-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് ഇവിടം സന്ദര്‍ശിച്ച അവസാന മാര്‍പാപ്പ. സിംഗപ്പൂരിലെ ജനസംഖ്യയുടെ ആറ് ശതമാനത്തോളം കത്തോലിക്കരാണ്. കത്തോലിക്കാ ജൂനിയര്‍ കോളജിലെ വിദ്യാര്‍ത്ഥികളുമായി ഫ്രാന്‍സിസ് പാപ്പ കൂടിക്കാഴ്ച നടത്തും.


Leave a Reply

Your email address will not be published. Required fields are marked *