സെപ്തംബര്‍ 5: വിശുദ്ധ ലോറന്‍സ് ജസ്റ്റീനിയന്‍
1455 ല്‍ ദിവംഗതനായ വെനീസ് പേടിയാര്‍ക്ക് ലോറന്‍സ് ജസ്റ്റീനിയന്‍ ഒരു പ്രഭുകുടുംബത്തില്‍ ജനിച്ചു. പിതാവ് നേരത്തേ മരിച്ചുപോയതിനാല്‍ കുട്ടി അമ്മയുടെ സംര ക്ഷണത്തില്‍ വിനയശാലിയായി വളര്‍ന്നുവന്നു. അമ്മ ശാസിക്കുമ്പോള്‍ ലോറന്‍സ് പറഞ്ഞിരുന്നത് തനിക്ക് വിജ്ഞനും വിശുദ്ധനുമാകണമെന്നാണ്.
19-ാമത്തെ വയസ്സില്‍ അവന്‍ ചാര്‍ച്ചക്കാരനായ ഒരു വൈദികന്റെ ഉപദേശത്തോടെ കഠിനമായ പ്രായശ്ചിത്ത പ്രവൃത്തികള്‍ ചെയ്തു തുടങ്ങി. ഇവ മകന്റെ ആരോഗ്യത്തിന് ഹാനികരമായിരിക്കുമെന്നുകരുതി അമ്മ വിവാഹാലോചന ആരംഭിച്ചു. ഉടനെ ലോറന്‍സ് ആള്‍ഗായിലുള്ള വിശുദ്ധ ജോര്‍ജ്ജിന്റെ ആശ്രമത്തില്‍ രഹസ്യമായി ചേര്‍ന്നു. ആശ്രമവാസികള്‍ക്ക് ലോറന്‍സിന്റെ പ്രായശ്ചിത്തം അധികമായി തോന്നിയതിനാല്‍ സ്വല്പം കുറപ്പിച്ചു. വിനീത ജോലികള്‍ കൂടുതല്‍ താല്‍പര്യത്തോടെ അവന്‍ ചെയ്തുപോന്നു. നൊവീഷ്യറ്റില്‍ വച്ച് കണ്ഠമാല വന്നപ്പോള്‍ അതിനുള്ള ഓപ്പറേഷന് നിശബ്ദമായി കഴുത്ത് കാണിച്ചുകൊടുക്കുകയുണ്ടായി.
ഒരിക്കല്‍ കുറ്റാരോപണക്ലാസില്‍ അകാരണമായി ആരോ കുറ്റപ്പെടുത്തിയപ്പോള്‍ അദ്ദേഹം മുട്ടുകുത്തി കമിഴ്ന്നുവീണ് മാപ്പു ചോദിച്ചു. ഇതു കണ്ടപ്പോള്‍ വ്യാജമായി കുറ്റം പറഞ്ഞ വ്യക്തി മുന്നോട്ടുവന്നു താനാണ് കുറ്റം ചെയ്തതെന്നും ലോറന്‍സു നിരപരാധിയാണെന്നും പ്രഖ്യാപിച്ചു. യഥാസമയം അദ്ദേഹം പുരോഹിതനായി. കുര്‍ബാന ചൊല്ലുമ്പോള്‍ അദ്ദേഹം ചിന്തിയിരുന്ന കണ്ണുനീരും പ്രകാശിപ്പിച്ചിരുന്ന ഭക്തിയും പലരുടേയും മാനസാന്തരത്തിനുകാരണമായി. വൈമനസ്യത്തോടെയാണെങ്കിലും അദ്ദേഹം സുപ്പീരിയര്‍ ജനറല്‍ സ്ഥാനം സ്വീകരിച്ചു ഭരണം ഭംഗിയായി നടത്തി. 1433-ല്‍ ഫാദര്‍ ലോറന്‍സ് വെനിസ്സിലെ മെത്രാനായി നിയമിക്കപ്പെട്ടു. മെത്രാഭിഷേകത്തിന്റെ തലേരാത്രി മുഴുവനും പ്രാര്‍ത്ഥനയില്‍ അദ്ദേഹം ചെലവഴിച്ചു. ആശ്രമത്തിലെ തപസ്സുകളൊന്നും മെത്രാസനത്തിലും ഉപേക്ഷിച്ചില്ല. കുടുംബത്തിന്റെയും മെത്രാന്‍ സ്ഥാനത്തിന്റേയും അന്തസ്സുപാലിക്കേണ്ടയോ എന്നു ചിലര്‍ ചോദിച്ചപ്പോള്‍ സുകൃതമാണ് മെത്രാന്‍ സ്ഥാനത്തിന്റെ അലങ്കാരമെന്നും മെത്രാന്മാരുടെ കുടുംബാംഗങ്ങള്‍ ദരിദ്രരാണന്നുമാണ് അദ്ദേഹം മറുപടി പറഞ്ഞത് .
1451-ല്‍ വെനിസ്സിനു പാത്രിയാര്‍ക്കാസ്ഥാനം നല്കി; ബിഷപ്പ് ലോറന്‍സ് ഒന്നാമത്തേ പേടിയാര്‍ക്കായി ഉയര്‍ത്തപ്പെടുകയും ചെയ്തു. അപ്പോഴും പ്രായശ്ചിത്തത്തിനോ എളിമയ്‌ക്കോ കുറവൊന്നും വന്നില്ല.”പരിപൂര്‍ണ്ണതയുടെ പദവികള്‍” എന്ന ലോറന്‍സിന്റെ അവസാന ഗ്രന്ഥം എഴുതിത്തീര്‍ന്നത് 74-ാമത്തെ വയസ്സിലാണ്. രോഗത്തില്‍ നല്ല കിടക്ക കൊണ്ടുവരുന്നത് കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചത് ഇതായിരുന്നോ കര്‍ത്താവിന്റെ മരണശയ്യയെന്നാണ് തന്റെ പരുപരുത്ത ശയ്യയില്‍ത്തന്നെ കിടന്ന് അദ്ദേഹം 1455 ജനുവരി 8-ാം തീയതി മരിച്ചു. 1690-ല്‍ വിശുദ്ധനെന്ന് നാമകരണം ചെയ്യപ്പെട്ടു. മെത്രാഭിഷേക വാര്‍ഷികമായ സെപ്തംബര്‍ 5-ാം തീയതി അദ്ദേഹത്തിന്റെ തിരുനാള്‍ ആഘോഷിക്കുന്നു.