ഫാ. സൈമണ്‍ വള്ളോപ്പിള്ളിയുടെ ആദ്യപുസ്തകം: ‘ഇത്രമേല്‍ നീയെന്നെ സ്‌നേഹിക്കുന്നുവല്ലോ’
കരിസ്മാറ്റിക് രംഗത്ത് ദീര്‍ഘകാലം സജീവപ്രവര്‍ത്തകനും ധ്യാനഗുരുവും സെമിനാരിവിദ്യാര്‍ത്ഥികളുടെ പരിശീലകനുമായിരുന്ന താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. സൈമണ്‍ വള്ളോപ്പിള്ളിയുടെ ആദ്യപുസ്തകം ‘ഇത്രമേല്‍ നീയെന്നെ സ്‌നേഹിക്കുന്നുവല്ലോ’ കോഴിക്കോട് രൂപതാ ബിഷപ് റവ. ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ പ്രകാശനം ചെയ്തു. താമരശ്ശേരി രൂപതാ കമ്മ്യൂണിക്കേഷന്‍ മീഡിയ ഡയറക്ടര്‍ ഫാ. ഡൊമിനിക് കുഴിവേലില്‍ ആദ്യപ്രതി ഏറ്റുവാങ്ങി.
അനുഭവിച്ചിട്ടും തിരിച്ചറിയാതെ പോയ ദൈവസ്‌നേഹത്തെ ഹൃദയം കൊണ്ട് തൊട്ടറിയാന്‍ സഹായിക്കുന്ന പുസ്തകം. ദൈവസ്‌നേഹം എന്താണെന്ന് പറഞ്ഞുതുടങ്ങി ദൈവസ്‌നേഹം നഷ്ടപ്പെടുത്തുന്ന മാര്‍ഗ്ഗങ്ങള്‍ ചൂണ്ടിക്കാട്ടി ദൈവസ്‌നേഹം വീണ്ടെടുക്കാനുള്ള പോംവഴികള്‍ നിര്‍ദ്ദേശിച്ച് വീണ്ടും ദൈവസ്‌നേഹത്തിലേക്ക് കൊണ്ടുപോകുമ്പോള്‍ ഒരു ധ്യാനത്തില്‍ പങ്കെടുത്ത അനുഭവമാണ് വായനക്കാരന് ഈ കൃതി സമ്മാനിക്കുന്നത്. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ അവതാരിക. പാവനാത്മയാണ് പ്രസാധകര്‍.
‘ജീവിതാനുഭവങ്ങള്‍ കൊണ്ടും ധ്യാനത്തിലൂടെയും മറ്റും മനസിലാക്കിയ കാര്യങ്ങളാണ് ഇവിടെ പ്രതിപാദിച്ചിരിക്കുന്നത്. ഇതേ കാര്യങ്ങള്‍ തന്നെയാണ് ഇത്രയും കാലം പലവേദിയില്‍ പലരോടായി പലപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരുന്നതും. പല സമയത്ത് പലപ്പോഴായി കുറിച്ചുവച്ച അത്തരം കുറിപ്പുകളെ ആസ്പദമാക്കിയാണ് ഈ കൃതി രചിച്ചിരിക്കുന്നത്. ഈ പുസ്തകം ദൈവസ്‌നേഹം മനസിലാക്കാനും ദൈവത്തെ സ്‌നേഹിക്കാനും വായനക്കാരെ സഹായിക്കണമെന്നാണ് പ്രാര്‍ത്ഥന.’ – ഫാ. സൈമണ്‍ വള്ളോപ്പിള്ളി പറഞ്ഞു.
വില 160 രൂപ. കോപ്പികള്‍ കോഴിക്കോട് പറയഞ്ചേരിയിലുള്ള ആത്മാ ബുക്‌സില്‍ ലഭ്യം.
പുസ്തകം വാങ്ങാനായി ക്ലിക്ക് ചെയ്യുക: https://www.atmabooks.com/product-page/ithramel-neeyenne-snehikkunnuvallo