ഫ്രാന്‍സിസ് മാര്‍പാപ്പ കിഴക്കന്‍ തിമോറില്‍


തെക്കുകിഴക്കന്‍ ഏഷ്യയിലും ഓഷ്യാനിയയിലുടനീളമുള്ള അപ്പസ്‌തോലിക യാത്രയുടെ മൂന്നാം ഘട്ടത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ കിഴക്കന്‍ തിമോറിലെത്തി. പാപ്പുവ ന്യൂ ഗിനിയയിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു അദ്ദേഹം തിമോറിലേക്ക് യാത്രതിരിച്ചത്.

കിഴക്കന്‍ തിമോറിലെ ആദ്യ പരിപാടി വൈകുന്നേരം ആറിന് പ്രസിഡന്‍ഷ്യല്‍ പാലസിലെ സ്വാഗത ചടങ്ങാണ്. തുടര്‍ന്ന്, 6:30-ന്, റിപ്പബ്ലിക് പ്രസിഡന്റുമൊത്ത് മാര്‍പാപ്പ രാഷ്ട്രപതി കൊട്ടാരത്തില്‍ കൂടിക്കാഴ്ച നടത്തും. വൈകുന്നേരം ഏഴിന്, പ്രസിഡന്‍ഷ്യല്‍ പാലസ് ഹാളില്‍ സര്‍ക്കാര്‍ പ്രതിനിധികള്‍, ജനപ്രതിനിധികള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

ചൊവ്വാഴ്ച രാവിലെ ഇര്‍മാസ് അല്‍മാ സ്‌കൂളില്‍ ഭിന്നശേഷിയുള്ള കുട്ടികളെ സന്ദര്‍ശിക്കും. രാവിലെ 9.30-ന്, മെത്രാന്മാര്‍, വൈദികര്‍, ഡീക്കന്‍മാര്‍, സമര്‍പ്പിതര്‍, വൈദിക വിദ്യാര്‍ത്ഥികള്‍, മതബോധന അധ്യാപകര്‍ എന്നിവരുമായി കത്തീഡ്രല്‍ ഓഫ് ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷനില്‍ കൂടിക്കാഴ്ച നടത്തും.

അപ്പോസ്‌തോലിക് ന്യൂണ്‍ഷിയേച്ചറില്‍ സൊസൈറ്റി ഓഫ് ജീസസ് അംഗങ്ങളുമായി മാര്‍പാപ്പ സ്വകാര്യ കൂടിക്കാഴ്ച നടത്തും. വൈകുന്നേരം എസ്പ്ലനേഡില്‍ നടക്കുന്ന കുര്‍ബാനയോടെ കിഴക്കന്‍ തിമോറിലെ അപ്പസ്‌തോലിക് സന്ദര്‍ശനത്തിന് സമാപനമാകും. പിറ്റേന്ന് രാവിലെ മാര്‍പാപ്പ സിംഗപ്പൂരിലേക്ക് യാത്ര തിരിക്കും.

കിഴക്കന്‍ തിമോറിലെ ജനസംഖ്യയുടെ 97 ശതമാനവും കത്തോലിക്കരാണ്. 1989ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്ക് ശേഷം കിഴക്കന്‍ തിമോര്‍ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ മാര്‍പ്പാപ്പയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ.


Leave a Reply

Your email address will not be published. Required fields are marked *