വിജയത്തിന്റെ രുചിക്കൂട്ടുമായി സഹോദരിമാര്‍
കോഴിക്കോട് അശോകപുരത്തെ ചിത്തിരയും ആതിരയും കോവിഡ് കാലത്ത് ആരംഭിച്ച ‘മഡ്ക’ റെസ്റ്റോറന്റിലെ രുചി വിശേഷങ്ങള്‍
രുചിയേറും ഉത്തരേന്ത്യന്‍ വിഭവങ്ങള്‍ വര്‍ണ്ണാഭമായ അന്തരീക്ഷത്തില്‍ ഭക്ഷണപ്രേമികളുടെ മുന്നിലെത്തിയാല്‍ എങ്ങനെയുണ്ടാകും? ചിത്തിരയുടെ ചോദ്യത്തിന് അനിയത്തി ആതിരയും ലൈക്കടിച്ചതോടെ അപ്പന്‍ എന്‍. എം. ഷാജിയും അമ്മ റോസ്‌ലിയും എരഞ്ഞിപ്പാലം ജവഹര്‍ നഗറില്‍ വാടകക്കാരൊഴിഞ്ഞ തങ്ങളുടെ കെട്ടിടം മക്കളുടെ ആശയത്തിന് വിട്ടു. പതിനഞ്ചു പേര്‍ക്ക് ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന കുഞ്ഞുറെസ്റ്റോറന്റായി ചിത്തിരയും ആതിരയും ആ ചുമരുകളെ മാറ്റി. റെസ്‌റ്റോറന്റിന് ‘മഡ്ക’യെന്നവര്‍ പേരിട്ടു. ചാട്‌സും വടാപാവും പാവ് ബാജിയും മോമോസും ലസിയുമൊക്കെ മേശയില്‍ നിരന്നു. ചുരുങ്ങിയ നാളുകൊണ്ട് ‘മഡ്ക’ സൂപ്പര്‍ ഹിറ്റ്!
ഉത്തരേന്ത്യന്‍ ബന്ധം
‘കോളജ് പഠനം കഴിഞ്ഞ് സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹമുണ്ടായിരുന്നു. കോവിഡ് കാലം ജോലി സാധ്യതകള്‍ കുറച്ചതോടെ ആ ആഗ്രഹം തീവ്രമായി. അപ്പനും അമ്മയും പഠിച്ചതും കുറേക്കാലം ജോലി ചെയ്തതും ഉത്തരേന്ത്യയിലായിരുന്നു. അവധിക്കാലങ്ങളില്‍ ഞങ്ങള്‍ അങ്ങോട്ടു പോകും. അന്ന് പരിചയപ്പെട്ട രുചികളെ ഇവിടെ അവതരിപ്പിക്കാന്‍ കഴിഞ്ഞാല്‍ അത് വിജയിക്കുമെന്നു തോന്നി. ഉന്തുവണ്ടിയിലും മറ്റുമൊക്കെ ഉത്തരേന്ത്യന്‍ വിഭവങ്ങള്‍ ഇവിടെ ലഭിക്കുമെങ്കിലും വൃത്തിഹീനമായ ചുറ്റുപാടുകളിലായിരിക്കുമെന്നതിനാല്‍ പലര്‍ക്കും അതു പരീക്ഷിക്കുവാന്‍ പേടിയാണ്. ഞങ്ങള്‍ മുഖ്യമായും ലക്ഷ്യമിട്ടത് ഇവിടുത്തെ ഭക്ഷണ പ്രേമികളെ തന്നെയാണ്. പുതിയ വിഭവങ്ങള്‍ വരുമ്പോള്‍ അത് പരീക്ഷിക്കാന്‍ കോഴിക്കോട്ടുകാര്‍ക്ക് പ്രത്യേക താല്‍പ്പര്യമുണ്ട്. ഇവിടെ വരുന്നതില്‍ അധികവും കുടുംബമായി ഭക്ഷണം കഴിക്കാന്‍ വരുന്നവരാണ്.’ ചിത്തിര പറയുന്നു.
‘മഡ്ക്ക’യിലെ ജോലിക്കാരെല്ലാം ഉത്തരേന്ത്യക്കാരാണ്. രാജസ്ഥാന്‍, ഗുജറാത്ത്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ തെരഞ്ഞെടുത്തത്. ഷെഫും മറ്റു ജോലിക്കാരും മാറിക്കൊണ്ടിരിക്കുമ്പോള്‍ ഇവിടുത്തെ വിഭവങ്ങളുടെ രുചി മാറരുതെന്ന നിര്‍ബന്ധം ചിത്തിരയ്ക്കും ആതിരയ്ക്കുമുണ്ടായിരുന്നു. അതിനായി ‘മഡ്ക്ക’യ്‌ക്കൊരു ഒരു പാചകക്കൂട്ട് അവര്‍ രൂപീകരിച്ചു. അതിനൊരു മാസ്റ്റര്‍ ഷെഫിന്റെ സഹായം തേടി.
പാനി പൂരി, ബേല്‍ പൂരി പോലുള്ള വിഭവങ്ങളായിരുന്നു ആദ്യം വിളമ്പിയിരുന്നത്. ആളുകളുടെ എണ്ണം കൂടിയതോടെ വിഭവങ്ങളുടെ എണ്ണവും കൂട്ടി. പാവ്ബാജി, ചീസ് പാവ്ബാജി, ആലുപൊറോട്ട തുടങ്ങിയവ കൂടി മെനുകാര്‍ഡില്‍ ഇടംപിടിച്ചു. മോമോസ്, ലസി, മസാലചായ എന്നിവ കൂടിവന്നു. ചിക്കന്‍ മോമോസ്, ബീഫ് കീമ, കീമാ പാവ്, കീമാ പൊറോട്ട തുടങ്ങി നിരവധി നോണ്‍ വെജ് വിഭവങ്ങളും ഇവിടെ തയ്യാറാക്കുന്നു.

ഇന്റീരിയറില്‍ രാജസ്ഥാന്‍ ടച്ച്
ഉത്തരേന്ത്യന്‍ ടച്ച് കാഴ്ചയിലുമുണ്ടാകണമെന്ന നിര്‍ബന്ധത്തോടെയാണ് ഇവര്‍ മഡ്കയുടെ ഇന്റീരിയര്‍ ഒരുക്കിയത്. നിറപ്പകിട്ടാര്‍ന്ന ഉത്തരേന്ത്യന്‍ ലോറിയുടെ ബോണറ്റ് ഗ്രില്‍ മാതൃകയിലാണ് ക്യാഷ് കൗണ്ടര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ചുമരുകളില്‍ ട്രൈബല്‍ ആര്‍ട്ടുകള്‍ സ്ഥാനം പിടിച്ചിരിക്കുന്നു. പാനി പൂരി വില്‍പ്പനക്കാരെ അനുസ്മരിപ്പിക്കുന്ന ഉന്തുവണ്ടിയുടെ മാതൃകയും ഒരുക്കി. ഉത്തരേന്ത്യന്‍ കരകൗശല വസ്തുക്കളും ഊഞ്ഞാലുകളും വര്‍ണ്ണച്ചില്ലുകളുമൊക്കെ ‘മഡ്ക’യെ വ്യത്യസ്തമാക്കുന്നു. നിലവില്‍ 50 പേര്‍ക്ക് ഇരുന്ന് ഭക്ഷണംകഴിക്കാന്‍ സൗകര്യമുണ്ട്.
വിശ്വാസമാണ് ശക്തി
‘ദൈവവിശ്വാസമാണ് എന്റെ ശക്തി. ‘മഡ്ക’ ആരംഭിക്കുമ്പോള്‍ മുതല്‍ ഓരോ സ്‌റ്റെപ്പ് വയ്ക്കുമ്പോഴും പ്രാര്‍ത്ഥനയായിരുന്നു പിന്‍ബലം. ഇന്റീരിയര്‍ വര്‍ക്കുകളും മറ്റും ഓരോന്നായി നടക്കുമ്പോള്‍ ഞാന്‍ ഇവിടെ എത്തി പ്രാര്‍ത്ഥിക്കുമായിരുന്നു. ജപമാലയും 91-ാം സങ്കീര്‍ത്തനവുമാണ് ഞാന്‍ മുറുകെ പിടിച്ചിരിക്കുന്നത്. ‘മഡ്ക’ എന്ന ആശയം എന്റെ മനസിലേക്ക് നിക്ഷേപിച്ചത് ദൈവം തന്നെയാണെന്ന് ഉറച്ച് വിശ്വസിക്കുന്നു. മിഷന്‍ ലീഗ്, കെസിവൈഎം സംഘടനകളിലെ പ്രവര്‍ത്തനം, നേതൃത്വഗുണം വളര്‍ത്താന്‍ ഉപകരിച്ചു. താമരശ്ശേരി രൂപതയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടിലെ ക്യാമ്പുകളില്‍ ആറാം ക്ലാസ് മുതല്‍ പങ്കെടുത്തിരുന്നു. എന്നെ ഒരു ബിസിനസ് വുമണാക്കിയതില്‍ അന്നത്തെ ക്യാമ്പുകള്‍ക്ക് വലിയ പങ്കുണ്ടെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നു. ഒരു ടീമിനെ വളര്‍ത്താനും മുന്നോട്ടു നയിക്കാനുമൊക്കെ സാധിച്ചത് സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്നാര്‍ജ്ജിച്ച ഊര്‍ജ്ജം കൊണ്ടാണ്.’ അശോകപുരം ഇടവകാംഗമായ ചിത്തിര പറയുന്നു.
കുടുംബം തരുന്ന ഊര്‍ജ്ജം
‘അപ്പന്റെയും അമ്മയുടെയും ഉറച്ച പിന്തുണയാണ് ഞങ്ങളുടെ ബലം. ഓരോ പ്രതിസന്ധികളുണ്ടാകുമ്പോഴും നിന്നുപോകാതെ ഞങ്ങളെ പ്രചോദിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാന്‍ അവര്‍ ശ്രദ്ധിക്കുന്നു. പഠനം കഴിഞ്ഞ് ജോലി എന്ന പരമ്പരാഗത ചിന്തകളെ മാറ്റി ഒരു ബിസിനസ് ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ അവര്‍ കൂടെ നിന്നു. ഹിന്ദി അധികം അറിയില്ലായിരുന്നു. പക്ഷെ, അമ്മ ആ കുറവ് നികത്തി. ഞങ്ങളെ ഹിന്ദി പഠിപ്പിച്ചതും ജോലിക്കാരോട് നന്നായി ഹിന്ദി സംസാരിക്കാന്‍ ഞങ്ങളെ പ്രാപ്തരാക്കിയതും അമ്മയാണ്.’
പുതിയ ബ്രാഞ്ചുകള്‍ ഉടന്‍
‘മഡ്ക്ക’യുടെ പുതിയ ബ്രാഞ്ചുകള്‍ തുടങ്ങുകയാണ് ഈ മിടുക്കികളുടെ അടുത്ത ലക്ഷ്യം. പല വന്‍കിട ഗ്രൂപ്പുകളില്‍ നിന്നും അതിനുള്ള ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു. ദേവഗിരി കോളജില്‍ നിന്ന് കെമിസ്ട്രിയില്‍ ബിരുദം പൂര്‍ത്തിയാക്കിയ ചിത്തിര ചെന്നൈ ലയോള കോളജില്‍ നിന്ന് ഫുഡ് കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം നേടി. ദേവഗിരി കോളജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം നേടിയ ശേഷമാണ് ചേച്ചിക്കൊപ്പം ആതിര ബിസിനസ് രംഗത്തേക്ക് കടന്നത്. ഇപ്പോള്‍ ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളജില്‍ എംബിഎ പഠനത്തിനായി ചേര്‍ന്നു.

പുതുമയിലാണ് കാര്യം
സ്വന്തമായൊരു സംരംഭം തുടങ്ങണമെന്ന് സ്വപ്‌നം കണ്ടു നടക്കുന്നവരാണ് പലരും. അത്തരക്കാരോട് ചിത്തിരയ്ക്ക് പറയാനുള്ളത് ഇതാണ്: ‘ബിസിനസ് ഒരു ഞാണിന്മേല്‍ കളിയാണ്. പലപ്പോഴും നമ്മള്‍ പ്രതീക്ഷിച്ചതുപോലെ പോയി എന്നു വരില്ല. പുതിയ ആശയവും അതു നടപ്പിലാക്കാനുള്ള ആത്മവിശ്വാസവുമുണ്ടെങ്കില്‍ വിജയിക്കും. മാറ്റങ്ങളെക്കുറിച്ച് പഠിക്കാനുള്ള മനസുണ്ടാകാണം. എന്തെങ്കിലും പുതുമയോടെ വേണം സംരംഭങ്ങള്‍ തുടങ്ങുവാന്‍. ആളുകള്‍ക്ക് ആവശ്യം പുതുമയാണ്.’
