സെപ്തംബര്‍ 10: ടൊളെന്തീനോയിലെ വിശുദ്ധ നിക്കൊളാസ്
ഫേര്‍മോയ്ക്ക് സമീപം സെന്റ് ആഞ്ചലോയില്‍ നിര്‍ധന കുടുംബത്തില്‍ 1245-ല്‍ നിക്കൊളാസ് ജനിച്ചു. ദരിദ്രരായിരുന്നെങ്കിലും മാതാപിതാക്കന്മാര്‍ ഭക്തരായിരുന്നു. ബാല്യത്തിലേ നിക്കൊളാസ് പ്രാര്‍ത്ഥനാശീലനായിരുന്നു; മാത്രമല്ല അതീവ ശ്രദ്ധയോടെ ദൈവവചനം ശ്രവിക്കുകയും ചെയ്തിരുന്നു. വഴിയില്‍ കാണുന്ന ദരിദ്രരെ വിളിച്ചു തനിക്കു വച്ചിരുന്ന ഭക്ഷണസാധനങ്ങളില്‍നിന്ന് ഒരോഹരി അവര്‍ക്കു കൊടുത്തിട്ടേ അവന്‍ ഭക്ഷിച്ചിരുന്നുള്ളൂ. ബുധനാഴ്ചയും വെള്ളിയാഴ്ചയും ശനിയാഴ്ചയും അവന്‍ ഉപവസിച്ചിരുന്നു. യൗവ്വനത്തിലേക്കു നീങ്ങിയപ്പോള്‍ തിങ്കളാഴ്ചകളില്‍ക്കൂടി അവന്‍ ഉപവസിച്ചു.
സാധാരണ യുവാക്കളില്‍ കാണാറുള്ള ദുഷിച്ച വാസനകള്‍ അവനില്‍ കണ്ടിരുന്നില്ല. സദ്ഗ്രന്ഥങ്ങള്‍ വായിക്കുന്നതിലും ഭക്ത സംഭാഷണങ്ങളിലേര്‍പ്പെടുന്നതിലും ദേവാലയത്തിലിരുന്നു പ്രാര്‍ത്ഥിക്കുന്നതിലുമായിരുന്നു അവന്റെ ആനന്ദം. വിദ്യാഭ്യാസത്തില്‍ പുരോഗമനം അതിശീഘ്രമായിരുന്നു.
18-ാ മത്തെ വയസ്സില്‍ വിശുദ്ധ അഗസ്റ്റിന്റെ സന്യാസികളുടെ ഗണ ത്തില്‍ ചേര്‍ന്നു നൊവീഷിയറ്റ് പൂര്‍ത്തിയാക്കുകയും യഥാകാലം പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. ബലിപീഠത്തില്‍ സ്രാപ്പെ മാലാഖായെപ്പോലെയാണു നിന്നിരുന്നത്. ദൈവസ്‌നേഹാഗ്നി മുഖത്ത് എരിഞ്ഞിരുന്നു. കുര്‍ബാനയുടെ സമയത്തു കണ്ണുനീര്‍ ധാരയായി ഒഴുകിയിരുന്നു. ഒരു വിശുദ്ധന്റെ കുര്‍ബാനയെന്ന വിചാരത്തോടെയാണു ഭക്ത ജനങ്ങള്‍ അദ്ദേഹത്തിന്റെ കുര്‍ബാന കണ്ടിരുന്നത്.
ജീവിതത്തിന്റെ അവസാനത്തെ 30 ടൊളെന്തീനോയിലായിരുന്നു അദ്ദേഹത്തിന്റെ വാസം; അത് ആ നാട്ടുകാര്‍ക്കു വളരെയേറെ ആത്മീയോപകാരം ചെയ്തിട്ടുണ്ട്. എല്ലാ ദിവസവും അദ്ദേഹം പ്രസംഗിച്ചിരുന്നു; തദനുസാരം മാനസാന്തരവുമുണ്ടായിരുന്നു. കുമ്പസാരത്തിലായാലും വേദോപദേശ ക്ലാസുകളിലായിരുന്നാലും അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ ഹൃദയം ഭേദിച്ചിരുന്നു. 1306 സെപ്തംബര്‍ 10-ന് നിക്കൊളാസ് നിര്യാതനായി. 1446-ല്‍ എവുസേബിയൂസു നാലാമന്‍ പാപ്പാ അദ്ദേഹത്തെ വിശുദ്ധനെന്നു നാമകരണം ചെയ്തു.