വിവാഹം ദേവാലയത്തില്‍വച്ച് നടത്തുന്നതിനുമുന്‍പു രജിസ്റ്റര്‍ചെയ്യാമോ?
വിവാഹമെന്ന കൂദാശ പരികര്‍മം ചെയ്യേണ്ടവിധത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ചും എല്ലാവര്‍ക്കും വ്യക്തമായ ധാരണയുമുണ്ട്. സഭ നിശ്ചയിച്ചിരിക്കുന്ന ക്രമത്തില്‍ ദേവാലയത്തില്‍വച്ചു നടത്തുന്ന വിവാഹമാണ് സാധുവായ വിവാഹം എന്നു നമുക്കറിയാം. പള്ളിയില്‍ വൈദികന്‍ ആശിര്‍വദിക്കുന്ന വിവാഹം സഭാനിയമപ്രകാരവും സിവില്‍നിയമപ്രകാരവും സാധുവായ വിവാഹമാണെന്നും പള്ളിയില്‍ നടത്തുന്ന വിവാഹത്തിന്റെ വിശദാംശങ്ങള്‍ സിവില്‍നിയമം നിഷ്‌കര്‍ഷിക്കുന്ന രീതിയില്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ ഓഫീസില്‍ചെന്ന് എഴുതിപ്പിക്കണമെന്നും എല്ലാവര്‍ക്കും അറിവുള്ള കാര്യമാണ്.
ദേവാലയത്തില്‍വച്ച് വിവാഹം എന്ന കൂദാശ സ്വീകരിക്കുന്നതിനുമുന്‍പായി വിവാഹം രജിസ്റ്റര്‍ചെയ്യേണ്ടിവരുന്ന സാഹചര്യങ്ങള്‍ നമുക്ക് പരിചിതമാണ്. ചില പ്രത്യേകസാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തിലാണ് ഇത്തരം രജിസ്റ്റര്‍വിവാഹങ്ങള്‍ നടക്കുന്നത്. രജിസ്റ്റര്‍വിവാഹംനടത്തി ഒരുമിച്ചുതാമസിക്കുന്ന യുവാവും യുവതിയും സഭാനിയമം അനുസരിച്ചുള്ള ഭാര്യാഭര്‍ത്താക്കന്മാര്‍ അല്ലാത്തതിനാല്‍ അവര്‍ക്കു കൂദാശകള്‍ സ്വീകരിക്കാന്‍ അനുവാദം അവര്‍ സ്വയം നിഷേധിക്കുന്നു. സഭയുടെ അനുവാദമില്ലാതെ നടക്കുന്ന ഇത്തരം വിവാഹങ്ങള്‍ പിന്നീടു ബന്ധപ്പെട്ടവരുടെ അപേക്ഷപ്രകാരം പള്ളിയില്‍വച്ചു ക്രമപ്പെടുത്തിക്കൊടുക്കാറുണ്ട്. അതിനു രൂപതാധ്യക്ഷന്റെ അനുവാദവും ആവശ്യമാണ്. ദേവാലയത്തില്‍വച്ച് ക്രമപ്പെടുത്തുന്നതോടെ രജിസ്റ്റര്‍വിവാഹം നടത്തിയവര്‍ കൂദാശാസ്വീകരണത്തിന് യോഗ്യരായിത്തീരുകയും അവരുടെ വിഹാഹബന്ധത്തെ സഭ അംഗീകരിക്കുകയുംചെയ്യുന്നു. ചുരുക്കത്തില്‍, ദൈവാലയത്തില്‍വച്ചു വിവാഹം നടത്തുന്നതിനുമുന്‍പു സിവില്‍നിയമം അനുസരിച്ചു വിവാഹം രജിസ്റ്റര്‍ചെയ്തു ഒരുമിച്ചുതാമസിക്കുന്നത് സഭാനിയമമനുസരിച്ച് അനുവദനീയമല്ല എന്നര്‍ത്ഥം.
സീറോമലബാര്‍സഭയുടെ മെത്രാന്‍സിനഡ് ഈ കാര്യത്തില്‍ പുതിയ നിയമം നല്‍കിയതിനുപിന്നിലുള്ള പശ്ചാത്തലം മനസ്സിലാക്കേണ്ടതുണ്ട്. വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം വര്‍ദ്ധിച്ചുവരുന്ന സാഹചര്യമാണല്ലോ നിലവിലുള്ളത്. വിസ ആവശ്യങ്ങള്‍ക്കുവേണ്ടി വിവാഹംരജിസ്റ്റര്‍ചെയ്തതിന്റെ രേഖ ആവശ്യമായിവരുന്ന സാഹചര്യത്തില്‍, വിവാഹം രജിസ്റ്റര്‍ചെയ്യാനുള്ള അനുവാദത്തിനായുള്ള അപേക്ഷകള്‍ എല്ലാ രൂപതാകേന്ദ്രങ്ങളിലും എത്താറുണ്ടായിരുന്നു. നിലവില്‍ അതിനുള്ള അനുവാദം നല്കാത്തതിനാല്‍ അനേകര്‍ക്ക് പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നു എന്ന വിലയിരുത്തലാണ് പുതിയ നിയമനിര്‍മ്മാണത്തിന്റെ പശ്ചാത്തലം. അതിനാല്‍ വര്‍ദ്ധിച്ചുവരുന്ന വിസ ആവശ്യങ്ങള്‍ പരിഗണിച്ച്, പ്രധാനമായും വിസ ലഭിക്കുന്നതിനുവേണ്ടി മാത്രം, പള്ളിയില്‍വച്ചു വിവാഹം നടത്തുന്നതിനുമുന്‍പു സിവില്‍നിയമപ്രകാരം വിവാഹം രജിസ്റ്റര്‍ചെയ്യാന്‍ അനുവദിച്ചുകൊണ്ട് 2023 ആഗസ്റ്റ്മാസം കൂടിയ മെത്രാന്‍സിനഡു തീരുമാനമെടുക്കുകയും സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് നിയമാനുസൃതമായി 2023 സെപ്റ്റംബര്‍ 21 ന് നിയമം നടപ്പില്‍വരുത്തുകയുംചെയ്തു. ഈ നിയമത്തിന്റെ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു:
- വിദേശരാജ്യങ്ങളിലേക്ക് പോകുന്നതിനുവേണ്ടി ഫാമിലിവിസ കിട്ടുക എന്നതുപോലെയുള്ള ഗൗരവകരമായ കാരണങ്ങളുള്ള സീറോമലബാര്‍ വിശ്വാസികള്‍ക്കു ദേവാലയത്തില്‍വച്ചു വിവാഹമെന്ന കൂദാശ പരികര്‍മംചെയ്യുന്നതിനുമുന്‍പു സിവില്‍നിയമപ്രകാരം വിവാഹം രജിസ്റ്റര്‍ചെയ്യാന്‍ അനുവാദംലഭിക്കുന്നതിനു വികാരിയച്ചന്റെ സാക്ഷ്യപത്രത്തോടൊപ്പം അപേക്ഷയുമായി രൂപതാധ്യക്ഷനെ സമീപിക്കാവുന്നതാണ്.
- ഇത്തരത്തിലുള്ള അനുവാദത്തിനുവേണ്ടി രൂപതാധ്യക്ഷനെ സമീപിക്കുന്ന വ്യക്തി കൂദാശപരമായ വിവാഹത്തിനുമുന്‍പു തങ്ങള്‍ ഒരുമിച്ചുതാമസിക്കുകയില്ലെന്നും അപ്രകാരം ഒരുമിച്ചുതാമസിക്കുന്നത് പാപമാണെന്ന് അറിയാമെന്നും തങ്ങളുടെ വിവാഹം എത്രയുംവേഗം കൗദാശികമായി നടത്തിക്കൊള്ളാമെന്നും വാഗ്ദാനംചെയ്യുന്ന എഴുതി തയ്യാറാക്കിയ ഒരു അപേക്ഷ നല്‍കേണ്ടതാണ്. ഈ അപേക്ഷയില്‍ വിവാഹിതരാകുന്ന രണ്ടുപേരും ഒപ്പുവച്ചിരിക്കണം.
- വികാരിയുടെ സാക്ഷ്യപത്രത്തില്‍ അപേക്ഷകന്‍(ര്‍) അംഗമായിരിക്കുന്ന ഇടവകയെക്കുറിച്ചും അപേക്ഷയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ സത്യാവസ്ഥയെക്കുറിച്ചും പരാമര്‍ശിക്കേണ്ടതാണ്.
- സാധാരണഗതിയില്‍ അപേക്ഷ നല്‍കേണ്ടത് യുവാവിന്റെ രൂപതാധ്യക്ഷനാണ്. എന്നാല്‍ യുവാവിന്റെ രൂപതാധ്യക്ഷനെ ബന്ധപ്പെടാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ യുവതിയുടെ രൂപതാധ്യക്ഷനെ സമീപിക്കാവുന്നതാണ്.
- കൂദാശാപരമായ വിവാഹത്തിനുമുന്‍പ് ഒരുമിച്ചുതാമസിക്കുകയില്ലെന്നും എത്രയുംവേഗം വിവാഹം കൗദാശികമായി നടത്താമെന്നുമുള്ള അപേക്ഷകരുടെ സമ്മതത്തിന്റെ അടിസ്ഥാനത്തിലാണ് അനുവാദം നല്‍കിയിരിക്കുന്നത് എന്ന് അനുവാദപത്രത്തില്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.
- വിവാഹത്തിന്റെ സിവില്‍ രജിസ്‌ട്രേഷനുശേഷം അതിന്റെ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി രണ്ടു ഇടവകകളിലെയും വികാരിമാര്‍ക്ക് കൊടുക്കുകയും അവരത് ഇടവകയുടെ വിവാഹരജിസ്റ്ററിന്റെ ഒരു പ്രത്യേകഭാഗത്തു രേഖപ്പെടുത്തുകയും ചെയ്യേണ്ടതാണ്.
- കൂദാശപരമായി വിവാഹംനടത്തുന്ന അവസരത്തില്‍ ഏതെങ്കിലും ഒരു കക്ഷി ആവശ്യപ്പെടുകയാണെങ്കില്‍ മനസ്സമ്മതവും വിളിച്ചുചൊല്ലലും നടത്താന്‍ വികാരി അനുവാദം നല്‍കേണ്ടതാണ്. ഇക്കാര്യത്തില്‍ രൂപതാധ്യക്ഷന്റെ അനുവാദം ആവശ്യമില്ല.
- കൂദാശപരമായ വിവാഹത്തിനുശേഷം രജിസ്റ്ററില്‍ ചേര്‍ക്കേണ്ട വിവാഹത്തിന്റെ തീയതി പള്ളിയില്‍നടന്ന വിവാഹത്തിന്റേതാണ്. എന്നാല്‍ റിമാര്‍ക്ക് കോളത്തില്‍ സിവില്‍ വിവാഹത്തിന്റെ തീയതി രേഖപ്പെടുത്തേണ്ടതാണ്.
- ഇടവക വികാരിമാര്‍ വിവാഹസര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ അതില്‍ രേഖപ്പെടുത്തേണ്ട തീയതി പള്ളിയില്‍ നടന്ന വിവാഹത്തിന്റേതാണ്.
വിവാഹത്തിന്റെ കൂദാശാസ്വഭാവത്തെ സംരക്ഷിച്ചുകൊണ്ട് വിസലഭിക്കുന്നതിനുള്ള ആവശ്യത്തിലേക്ക് വിവാഹം മുന്‍കൂട്ടി രജിസ്റ്റര്‍ചെയ്യാനുള്ള അനുവാദമാണ് നല്കിയിരിക്കുന്നത്. എന്നാല്‍ കൂദാശാപരമായ വിവാഹത്തിനുമുന്‍പു ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ ഒരുമിച്ചുതാമസിക്കുന്നത് പാപകരമായ സാഹചര്യം ആയതിനാല്‍ അതില്‍ ഏര്‍പ്പെടില്ല എന്ന ഉറപ്പിലാണ് അനുവാദംനല്കുന്നത്. ഈ ഉറപ്പു പാലിക്കുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. സിവില്‍നിയമപ്രകാരം വിവാഹം രജിസ്റ്റര്‍ചെയ്തവര്‍ ഈ വ്യവസ്ഥ ലംഘിച്ചുകൊണ്ടു ഒരുമിച്ചുജീവിച്ചാല്‍ പിന്നീടു ദൈവാലയത്തില്‍വച്ചു നടക്കേണ്ട കൂദാശാപരമായ വിവാഹത്തിന്റെ ആഘോഷത്തിനു നിയന്ത്രണങ്ങള്‍ ഉണ്ടാകുന്നതാണ്. സഭാംഗങ്ങളുടെ മാറിവരുന്ന ജീവിതസാഹചര്യങ്ങള്‍ക്ക് അനുസൃതമായി അവരുടെ ആവശ്യങ്ങള്‍ നിറവേറ്റികൊടുക്കാന്‍ ഉതകുന്ന ഈ നിയമം വിവാഹത്തിന്റെ കൗദാശികസ്വഭാവത്തെ അടിവരയിടുന്നതും അത് ആവശ്യപ്പെടുന്ന ജീവിതരീതി ഉറപ്പാക്കുന്നതുമാണ്.