Vatican News

ക്രിസ്ത്യാനികള്‍ അവലംബിക്കേണ്ടത് അനുകമ്പയുടെ പാത: ഫ്രാന്‍സിസ് പാപ്പ


ഇന്തൊനേഷ്യ, പാപുവ ന്യൂഗിനി, ഈസ്റ്റ് തിമോര്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ഇടയസന്ദര്‍ശനത്തിലായിരുന്നതിനാല്‍ കഴിഞ്ഞയാഴ്ച മുടങ്ങിയ പ്രതിവാരപൊതുദര്‍ശന പരിപാടി ഫ്രാന്‍സീസ് പാപ്പാ ഇന്ന് (18/09/2024) പുനരാരംഭിച്ചു. പൊതുദര്‍ശന വേദി വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ ചത്വരം ആയിരുന്നു. വിവിധ രാജ്യക്കാരായിരുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകരും സന്ദര്‍ശകരും ബസിലിക്കാങ്കണത്തില്‍ സന്നിഹിതരായിരുന്നു.

തുറന്ന വാഹനത്തില്‍ ചത്വരത്തില്‍ എത്തിയ പാപ്പായെ ജനസഞ്ചയം കരഘോഷത്തോടെയും ആനന്ദാരവങ്ങളോടെയും വരവേറ്റു.

കഴിഞ്ഞ ആഴ്ചയില്‍ നടത്തിയ തന്റെ അപ്പസ്‌തോലിക യാത്രയെക്കുറിച്ച് മാര്‍പാപ്പ പരാമര്‍ശിച്ചു. ‘വളരെ മഹത്തായ സംസ്‌കാരമുള്ളതും വൈവിധ്യങ്ങളെ സമന്വയിപ്പിക്കാന്‍ കഴിവുള്ളതും അതേ സമയം, ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലീങ്ങള്‍ ഉള്ളതുമായ ഇന്തോനേഷ്യയില്‍ സുവിശേഷം ജീവിക്കാനും അത് കൈമാറാനും പ്രാപ്തിയുള്ള സജീവവും ചലനാത്മകവുമായ ഒരു സഭയെയാണ് ഞാന്‍ കണ്ടത്. രക്ഷകനായ ക്രിസ്തുവിന് സാക്ഷ്യം വഹിക്കാനും അതേ സമയം മഹത്തായ മത- സാംസ്‌കാരിക പാരമ്പര്യങ്ങളുമായി കൂടിക്കാഴ്ച നടത്താനും ക്രിസ്ത്യനികള്‍ക്ക് സ്വീകരിക്കാന്‍ കഴിയുന്നതും അവര്‍ അവലംബിക്കേണ്ടതുമായ പാത അനുകമ്പയാണെന്ന് എനിക്ക് ഈ പാശ്ചാത്തലത്തില്‍ സ്ഥിരീകരണം ലഭിച്ചു.’ പാപ്പ പറഞ്ഞു.

പുറത്തേക്കിറങ്ങുന്ന, പ്രേഷിത സഭയുടെ മനോഹാരിതയാണ് ശാന്തസമുദ്രത്തിന്റെ അപാരതയിലേക്കു നീണ്ടുകിടക്കുന്ന ദ്വീപ്‌ സമൂഹമായ പാപ്പുവ ന്യൂ ഗിനിയയില്‍ താന്‍ കണ്ടതെന്ന് പാപ്പ ചൂണ്ടിക്കാട്ടി. ‘ഗോത്രവര്‍ഗ്ഗ അക്രമങ്ങളില്ലാത്ത, പരാധീനതകളില്ലാത്ത, സാമ്പത്തികമോ പ്രത്യയശാസ്ത്രപരമോ ആയ അധിനിവേശമില്ലാത്ത ഒരു പുതിയ ഭാവി ഞാന്‍ അവരില്‍ കണ്ടു; സാഹോദര്യത്തിന്റെയും വിസ്മയകരമായ പ്രകൃതി-പരിസ്ഥിതി സംരക്ഷണത്തിന്റേതുമായ ഒരു ഭാവി. സുവിശേഷത്തിന്റെ ‘പുളിമാവിനാല്‍’ ചൈതന്യമാര്‍ന്ന സമഗ്രവികസനത്തിന്റെതായ ഈ മാതൃകയുടെ ഒരു ‘പരീക്ഷണശാല’ ആകാന്‍ പാപ്പുവ ന്യൂ ഗിനിയയ്ക്ക് കഴിയും.” പാപ്പ കൂട്ടിച്ചേര്‍ത്തു.

കഷ്ടപ്പാടുകളെ വിവേകത്തോടെ സ്വീകരിക്കുന്ന ജനതയാണ് കിഴക്കന്‍ തിമോറുകാരെന്ന് പാപ്പ അഭിപ്രായപ്പെട്ടു. ‘ധാരാളം കുഞ്ഞുങ്ങളെ ജനിപ്പിക്കുക മാത്രമല്ല, അവരെ പുഞ്ചിരിക്കാന്‍ പഠിപ്പിക്കുകയും ചെയ്യുന്ന ഒരു ജനത. ഇത് ഭാവിയുടെ അച്ചാരമാണ്. ചുരുക്കത്തില്‍, തിമോറില്‍ ഞാന്‍ സഭയുടെ യുവത്വം ദര്‍ശിച്ചു: കുടുംബങ്ങള്‍, കുട്ടികള്‍, യുവജനങ്ങള്‍, നിരവധി വൈദികാര്‍ത്ഥികള്‍, സമര്‍പ്പിത ജീവിതം ആഗ്രഹിക്കുന്നവര്‍.’

വ്യത്യസ്ത വംശീയ വിഭാഗങ്ങള്‍, സംസ്‌കാരങ്ങള്‍, മതങ്ങള്‍ എന്നിവയ്ക്കിടയില്‍ ഐക്യവും സാഹോദര്യവും സൃഷ്ടിക്കാന്‍ പ്രതിജ്ഞാബദ്ധമായ സഭയാണ് സിംഗപ്പൂരിലേതെന്ന് പാപ്പ പറഞ്ഞു.

പാപ്പാ ഇറ്റാലിയന്‍ ഭാഷയില്‍ നടത്തിയ മുഖ്യപ്രഭാഷണത്തെ തുടര്‍ന്ന് അതിന്റെ സംഗ്രഹം ഇംഗ്ലീഷിലും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെട്ടു.

ഓസ്ട്രിയ, റൊമേനിയ, ചെക്ക് റിപ്പബ്ലിക്, പോളണ്ട് എന്നീ രാജ്യങ്ങളിലുണ്ടായ കനത്ത പേമാരിയും വെള്ളപ്പൊക്കവും ജീവനാശത്തിനും ആളുകളുടെ തിരോധാനത്തിനും വന്‍ നാശനഷ്ടങ്ങള്‍ക്കും കാരണമായത് ഇറ്റാലിയന്‍ ഭാഷാക്കാരെ സംബോധന ചെയ്യവെ വേദനയോടെ അനുസ്മരിച്ച പാപ്പാ അന്നാടുകളിലെ ജനങ്ങള്‍ക്ക് തന്റെ സാമീപ്യവും പ്രാര്‍ത്ഥനയും ഉറപ്പു നല്കി. ദുരിതബാധിതര്‍ക്ക് സഹായഹസ്തവുമായി എത്തിയിരിക്കുന്ന പ്രാദേശിക കത്തോലിക്കാ സംഘടനകള്‍ക്കും മറ്റു സന്നദ്ധ സംഘടനകള്‍ക്കും പാപ്പാ പ്രചോദനം പകരുകയും ചെയ്തു.

പൊതുദര്‍ശനപരിപാടിയുടെ അവസാനം പാപ്പാ യുവതീയുവാക്കളെയും വൃദ്ധജനങ്ങളേയും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്തു. യുദ്ധം ഒരു തോല്‍വിയാണെന്ന് ആവര്‍ത്തിച്ച പാപ്പ സമാധാനത്തിനായി പ്രാര്‍ത്ഥിക്കാന്‍ അഭ്യര്‍ത്ഥിച്ചു.


Leave a Reply

Your email address will not be published. Required fields are marked *