അധ്യാപനം മികച്ച കരിയര്‍
പ്രീ-പ്രൈമറി മുതല്‍ കോളജ് തലം വരെയുള്ള അധ്യാപകരുടെ യോഗ്യതയും അധ്യാപന പരിശീലനവും വ്യത്യസ്തമാണ്. പ്ലസ് ടു, ഡിഗ്രി, പി.ജി എന്നിവയ്ക്കു ശേഷം സാധ്യമായിട്ടുള്ള അധ്യാപന പരിശീലന കോഴ്സുകളും, വിവിധ തലങ്ങളില്‍ പഠിപ്പിക്കുവാനായി ആവശ്യമുള്ള യോഗ്യതകളും പരിചയപ്പെടാം.
പ്രീ-പ്രൈമറി ടീച്ചര്‍
പ്രീ-സ്‌കൂള്‍, എല്‍കെജി, യുകെജി (നഴ്‌സറി) ക്ലാസ്സുകളില്‍ പഠിപ്പിക്കുന്നതിനുള്ള കുറഞ്ഞ യോഗ്യത പ്രീ-പ്രൈമറി ടീച്ചര്‍ ട്രെയ്‌നിങ് കോഴ്‌സ് (പി.പി.റ്റി.റ്റി.സി) പാസായിരിക്കണം എന്നതാണ്്. പത്താം ക്ലാസോ, പ്ലസ്ടുവോ ആണ് ഈ കോഴ്‌സ് ചെയ്യുന്നതിനുള്ള അടിസ്ഥാന യോഗ്യത. ഒരു വര്‍ഷമാണ് ഈ കോഴ്‌സിന്റെ ദൈര്‍ഘ്യം.
സ്‌റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ റിസേര്‍ച്ച് ആന്റ് ട്രെയ്‌നിങ് (SCERT) ആണ് പ്രീ-പ്രൈമറി എഡ്യൂക്കേഷന്‍ കോഴ്‌സിന്റെ കരിക്കുലം തയ്യാറാക്കുകയും കോഴ്‌സ് ഏകോപിപ്പിക്കുകയും ചെയ്യുന്നത്. ലോക പ്രശസ്തമായ മോണ്ടിസോറി രീതിയില്‍ പ്രീ-പ്രൈമറി അധ്യാപക പരിശീലനം നടത്തുന്ന നിരവധി സ്ഥാപനങ്ങള്‍ കേരളത്തിനകത്തും പുറത്തുമുണ്ട്.
പ്രൈമറി ടീച്ചര്‍
ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകളില്‍ പഠിപ്പിക്കുവാനുള്ള യോഗ്യത ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യുക്കേഷന്‍ (D.L.Ed.) ആണ്. നേരത്തെ ഇത് TTC എന്നും പിന്നീട് D.Ed. എന്നുമാണ്് അറിയപ്പെട്ടിരുന്നത്.
രണ്ട് വര്‍ഷം ദൈര്‍ഘ്യമുള്ള D.L.Ed.-ക്ക് പ്ലസ്ടുവാണ് മിനിമം യോഗ്യത. നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യുക്കേഷന്‍ (എന്‍.സി.ടി.ഇ) എന്ന കേന്ദ്ര ഗവണ്‍മെന്റ് ഏജന്‍സിയാണ് ദേശീയ തലത്തിലുള്ള നിയന്ത്രണവും ഏകോപനവും നടത്തുന്നത്. സംസ്ഥാന തലത്തില്‍ എസ്.സി.ഇ.ആര്‍.ടി (SCERT) യ്ക്കാണ് കോഴ്‌സിന്റെ നിയന്ത്രണ ചുമതല. ടഇഋഞഠ തയ്യാറാക്കുന്ന ലിസ്റ്റില്‍ നിന്നാണ് കോഴ്‌സിന്റെ അഡ്മിഷന്‍ ലഭിക്കുക. സ്വകാര്യ മേഖലകളിലെ 50 ശതമാനം സീറ്റുകളും ഈ ലിസ്റ്റില്‍ നിന്നാണ് നല്‍കുക. എസ്.സി ഇ. ആര്‍.ടി യുടെ കീഴിലുള്ള ഡയറ്റ് (DIET) ആണ് ജില്ലാതലത്തില്‍ കോഴ്‌സുകള്‍ നടത്തുന്നത്. കൂടാതെ സ്വകാര്യ എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളിലായി നൂറിലധികം D.L.Ed. സ്ഥാപനങ്ങള്‍ (TTI) കേരളത്തിലുണ്ട്. സ്ഥാപനങ്ങളുടെ വിശദവിവരങ്ങളും കോഴ്‌സിന്റെ വിശദാംശങ്ങളും www.scertkerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഒന്നു മുതല്‍ നാലുവരെ ക്ലാസുകളില്‍ പഠിപ്പിക്കുവാന്‍ D.L.Ed. നിര്‍ബന്ധമാണ്. അഞ്ചു മുതല്‍ ഏഴുവരെ ക്ലാസുകളില്‍ ബി.എഡ് യോഗ്യതയുള്ളവര്‍ക്കും പഠിപ്പിക്കാം. ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി ക്ലാസുകളില്‍ പഠിപ്പിക്കുവാന്‍ അതാത് വിഭാഗക്കാര്‍ക്കായുള്ള കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (K-TET) കൂടി പാസാകണം.
സെക്കന്‍ഡറി-സീനിയര്‍ സെക്കന്‍ഡറി ടീച്ചര്‍
സെക്കന്‍ഡറി തലത്തില്‍ പഠിപ്പിക്കുവാന്‍ 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദത്തോടൊപ്പം ബാച്ചിലര്‍ ഓഫ് എഡ്യൂക്കേഷന്‍ (B.Ed) ഡിഗ്രിയും വേണം. കൂടാതെ സി.ബി.എസ്.സി സ്‌കൂളുകളാണെങ്കില്‍ സി-ടെറ്റ് (C-TET) ടെസ്റ്റും, സ്റ്റേറ്റ് സ്‌കൂളില്‍ പഠിപ്പിക്കാന്‍ സെക്കന്‍ഡറി വിഭാഗക്കാര്‍ക്കായുള്ള കെ-ടെറ്റ് ടെസ്റ്റും പാസായിരിക്കണം. പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകള്‍ ഉള്‍പ്പെടുന്ന സീനിയര്‍ സെക്കന്‍ഡറി പഠിപ്പിക്കാന്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദത്തോടൊപ്പം ബി.എഡും പാസാകണം. കൂടാതെ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (SET) സെന്‍ട്രല്‍ സ്‌കൂളുകള്‍ക്ക് സി. ടെറ്റ് (C-TET) ടെസ്റ്റും പാസാകണം. കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള കേന്ദ്രീയ വിദ്യാലയം, നവോദയ സ്‌കൂള്‍, ആറ്റമിക് എനര്‍ജി സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ വിവിധ ക്ലാസുകളില്‍ പഠിപ്പിക്കുവാനും യോഗ്യത മേല്‍ സൂചിപ്പിച്ചതു തന്നെയാണ്. (B.Ed + C-TET).
ബി.എഡ് കോഴ്‌സ്
2015-2016 മുതല്‍ രാജ്യത്ത് ഒരു വര്‍ഷം ദൈര്‍ഘ്യമുണ്ടായിരുന്ന ബി.എഡ് കോഴ്‌സ് രണ്ട് വര്‍ഷമാക്കിയിരിക്കുകയാണ്. കേരളത്തില്‍ വിവിധ യൂണിവേഴ്‌സിറ്റികളാണ് ബി.എഡ് കോഴ്‌സ് ഏകോപിപ്പിക്കുന്നത്. ഗവണ്‍മെന്റ്, എയ്ഡഡ്, സ്വകാര്യ എയ്ഡഡ്, സ്വകാര്യ അണ്‍ എയ്ഡഡ് തുടങ്ങി 250 ഓളം ടീച്ചര്‍ എഡ്യുക്കേഷന്‍ കോളജുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബാംഗ്ലൂര്‍ ആസ്ഥാനമാക്കിയുള്ള എന്‍.സി.ടി.ഇ സതേണ്‍ റീജിയനാണ് കേരളത്തിലെ ബി.എഡ് സ്ഥാപനങ്ങള്‍ നിയന്ത്രിക്കുന്നത്. എന്‍.സി. ടി.ഇ യുടെ വെബ് സൈറ്റ് പരിശോധിച്ച് അംഗീകൃത സ്ഥാപനങ്ങളില്‍ മാത്രമേ ബി.എഡിന് ചേരാവൂ. അധ്യാപക പരിശീലന സ്ഥാപനങ്ങളില്‍ അധ്യാപകരാകാന്‍ ബി.എഡിനു ശേഷം എം.എഡും, നെറ്റും കൂടി പാസാകേണ്ടതാണ്.
കോളജ് അധ്യാപകരാകാന്‍
സര്‍വകലാശാലകളിലേയും കോളജുകളിലേയും അധ്യാപക നിയമനത്തിന് യൂ.ജി.സി നടത്തുന്ന നെറ്റ്/ ജെ.ആര്‍.എഫ് പരീക്ഷ പാസായിരിക്കണം. ഫെലോഷിപ്പോടുകൂടിയ ഗവേഷണത്തിന് യോഗ്യത നേടാനുള്ള അടിസ്ഥാന പരീക്ഷയാണ് ജെ.ആര്‍.എഫ്. നെറ്റ് പരീക്ഷ തനിച്ചോ നെറ്റ്/ ജെ.ആര്‍.എഫ് ഒന്നിച്ചോ എഴുതാം.
ഓരോ വിഷയത്തിലും യോഗ്യത നേടുന്നവരില്‍ നിശ്ചിത ശതമാനം പേര്‍ക്കാണ് ആ വര്‍ഷം നെറ്റ് യോഗ്യത നല്‍കുക. ഇവരില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്ന നിശ്ചിത ശതമാനം പേര്‍ക്ക് ജെ.ആര്‍.എഫ് ലഭിക്കും. സയന്‍സ്, ഭാഷ, മാനവിക വിഷയങ്ങള്‍ എന്നിവയടക്കം 80-ഓളം വിഷയങ്ങളിലാണ് ഈ പരീക്ഷ നടത്തുന്നത്. എല്ലാ വര്‍ഷവും ജൂണ്‍, ഡിസംബര്‍ മാസങ്ങളിലായി രണ്ട് തവണ പരീക്ഷ ഉണ്ടാകും. എം.എ, എം.ബി.ബി.എസ്, എം.എസ്.സി, ബി-ടെക്ക് ഇവയില്‍ ഏതിലെങ്കിലും 55 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് പരീക്ഷ എഴുതാം. അവസാന വര്‍ഷ ബിരുദാനന്തര-ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷയ്ക്ക് അപേക്ഷിക്കാം. ജെ.ആര്‍.എഫിന് ഉയര്‍ന്ന പ്രായപരിധി 28 വയസാണ്. നെറ്റിന് പ്രായപരിധിയില്ല. കൂടുതല്‍ വിവരങ്ങളും പരീക്ഷ വിഷയങ്ങളും, സിലബസും മറ്റും ംww.ugc.ac.in. net or www. csirhrdg.res.in എന്ന വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.
കോളജ് അധ്യാപകര്‍ക്ക് തുടര്‍ന്നും പഠിക്കാം
പി.ജി കോഴ്‌സ് കഴിയുന്നതോടെ നെറ്റ് പരീക്ഷ പാസാകുവാന്‍ സാധിക്കുന്നവര്‍ക്ക് അപ്പോള്‍ തന്നെ ഒഴിവുള്ള സ്ഥാപനങ്ങളില്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മറ്റ് തടസമൊന്നുമില്ല. ഗവ. കോളജുകളില്‍ പിഎസ്‌സിയും, സ്വകാര്യ എയ്ഡഡ് കോളജുകളില്‍ സര്‍ക്കാര്‍-യൂണിവേഴ്‌സിറ്റി-മാനേജ്‌മെന്റ് പ്രതിനിധികള്‍ അടങ്ങിയ കമ്മിറ്റിയുമാണ് നിയമനം നടത്തുന്നത്.
മൂന്ന് വര്‍ഷത്തെ അധ്യാപനം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ഫാക്കല്‍റ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (എഫ്.ഐ.പി) വഴി ഒരു വര്‍ഷത്തെ എം.ഫില്‍ പ്രോഗ്രാമിനോ, മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള പി.എച്ച്.ഡി പ്രോഗ്രാമിനോ ചേരാം. ശമ്പളവും മറ്റ് എല്ലാവിധ ആനുകൂല്യങ്ങളും അടങ്ങിയ അവധി ഇതിന് ലഭിക്കും. എം.ഫില്‍/ പിഎച്ച്ഡി കിട്ടുമ്പോള്‍ ശമ്പളത്തില്‍ പ്രത്യേക ഇന്‍ക്രിമെന്റും ലഭിക്കും. ജോലി ചെയ്യുന്ന ഡിപ്പാര്‍ട്ട്‌മെന്റ് റിസേര്‍ച്ച് സെന്ററാണെങ്കില്‍ പിഎച്ച്ഡിയുള്ള അധ്യാപകര്‍ക്ക് അധ്യാപനത്തോടൊപ്പം റിസേര്‍ച്ച് ഗൈഡുമാരായി സേവനമനുഷ്ഠിക്കാനുള്ള അവസരവും ഉണ്ട്. നാലോ-അഞ്ചോ ഗവേഷകരെ ഒരേ സമയം ഗൈഡ് ചെയ്യാം.
സാമ്പത്തിക സഹായങ്ങള്‍
യൂജിസി (യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍), ഡിഎസ്ടി (ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി), ഐ.എന്‍.എസ്.എ (ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാഡമി), ഡിബിടി (ഡിപ്പാര്‍ട്ട് ഓഫ് ബയോ ടെക്‌നോളജി) തുടങ്ങിയ ഗവേഷണ രംഗത്തെ പുതിയ നേട്ടങ്ങള്‍ കൈവരിക്കുവാന്‍ സാമ്പത്തിക സഹായം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്. ഈ ഏജന്‍സികള്‍ വഴി മൈനര്‍, മേജര്‍ റിസേര്‍ച്ച് പ്രൊജക്ടുകള്‍ അധ്യാപകര്‍ക്ക് ലഭ്യമാണ്. പ്രൊജക്ടുകള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം അനുവദിച്ച് തരും. അക്കാഡമിക്ക് രംഗത്ത് കൂടുതല്‍ സംഭാവന നല്‍കുന്നതിനും തങ്ങളുടെ വിഷയങ്ങളില്‍ കൂടുതല്‍ അറിവ് നേടാനും ഇത് അധ്യാപകരെ സഹായിക്കുന്നു. ഇത്തരത്തില്‍ സാമ്പത്തിക സഹായം നല്‍കുന്ന കേരള സര്‍ക്കാര്‍ സ്ഥാപനമാണ് കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി (കെ.എസ്.സി.എസ്.ടി.ഇ). സയന്‍സ് പോപ്പുലറൈസേഷനുള്ള പ്രൊജക്റ്റുകള്‍ക്കും പ്രോഗ്രാമുകള്‍ക്കും ഈ ഏജന്‍സി വഴി സാമ്പത്തിക സഹായം ലഭിക്കും. സ്‌കൂള്‍ തലത്തിലെ അധ്യാപകര്‍ക്കും ഈ ഏജന്‍സിയുടെ സഹായം ലഭ്യമാണ്. ഡി.എസ്.ടിയുടെ ഫണ്ട് ഫോര്‍ ഇംപ്രൂവ്‌മെന്റ് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി (ഫിസ്റ്റ്) സ്‌കീം വഴി കോളജുകളിലെ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ഗവേഷണ ഫണ്ട് അനുവദിച്ച് കിട്ടും.
തയ്യാറാക്കിയത്: പ്രഫ. ചാര്‍ലി കട്ടക്കയം.