സെപ്തംബര്‍ 30: വിശുദ്ധ ജെറോം
ഇന്ന് യൂഗോസ്ലാവിയോ എന്നറിയപ്പെടുന്ന ഡല്‍മേഷ്യയിലാണു വിശുദ്ധ ജെറോം ഭൂജാതനായത്; റോമില്‍ പഠനം പൂര്‍ത്തിയാക്കി. ഗ്രീക്കും ലത്തീനും നന്നായി പഠിച്ചു. വ്യാകരണകര്‍ത്താവായ ദൊണാത്തൂസായിരുന്നു അദ്ദേഹത്തിന്റെ ഗുരു. ലൗകായതികത്വവും ആശാപാശങ്ങളുടെ വിഹാരവും ആ വിദ്യാഭ്യാസത്തിന്റെ ഒരംശമായിരുന്നു. ഡമാസൂസു പാപ്പായ്ക്കു ജെറോം എഴുതിയിട്ടുള്ള ഒരു കത്തില്‍ നിന്ന് അദ്ദേഹം റോമയില്‍ വച്ച് ജ്ഞാനസ് നാനപ്പെട്ടുവെന്നു മനസ്സിലാക്കാം. റോമയില്‍ വച്ച് അദ്ദേഹം സ്വന്തമായി ഒരു ഗ്രന്ഥശേഖരമുണ്ടാക്കി. 377-ല്‍ അന്തിയോക്യായിലെ പൗളിനൂസ് പേട്രിയാര്‍ക്കിന്റെ കരങ്ങളാല്‍ പുരോഹിതനായി അഭിഷേകം ചെയ്യപ്പെട്ടു.
അനന്തരം പലസ്തീന സന്ദര്‍ശിച്ചു വിശുദ്ധ സ്ഥലങ്ങള്‍ പരിചയപ്പെടുകയും ഹീബ്രു പഠനം പൂര്‍ത്തിയാക്കുകയും ചെയ്തു. 380-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ വച്ചു വിശുദ്ധ ഗ്രിഗറി നസിയാന്‍സന്റെ കീഴില്‍ വിശുദ്ധഗ്രന്ഥം പഠിക്കാനിടയായി. ഒരു വര്‍ഷം അങ്ങനെ ചെലവഴിച്ചു.
391-ല്‍ ഡമാസൂസു പാപ്പാ ജെറോമിനെ റോമിലേക്കു വിളിച്ചു തന്റെ എഴുത്തുകുത്തുകള്‍ നടത്താന്‍ നിയോഗിച്ചു. ലെയോ, ഫബിയോളാ, പൗളാ, എവുസ്റ്റാക്കിയാ മുതലായ പല ഭക്ത സ്ത്രീകള്‍ക്കും അദ്ദേഹം ജ്ഞാനോപദേശം നല്‍ കിയിട്ടുണ്ട്.
റോമയില്‍ വച്ചു വിശുദ്ധ ഗ്രന്ഥത്തിന്റെ പരിഭാഷ ഹീബ്രുമൂലം നോക്കി തിരുത്താന്‍ ഡമാസസ് പാപ്പാ ജെറോമിനെ ഏല്പിച്ചു. ജെറോം ഉടനെ ബെത്ലെഹമിലേക്കു പോയി. തന്റെ ഏകാന്ത വാസസ്ഥലത്തുനിന്നു മുപ്പതു വര്‍ഷത്തേക്കു വിശുദ്ധ ഗ്രന്ഥവ്യാഖ്യാനങ്ങള്‍ മുതലായ വിശിഷ്ട ഗ്രന്ഥങ്ങള്‍ ക്രിസ്തീയ ലോകത്തിനു സമര്‍പ്പിച്ചു കൊണ്ടിരുന്നു.
വിജ്ഞാനം, പ്രഭാഷകന്‍, ബാറുക്ക്, മക്കബായന്‍ എന്ന ഗ്രന്ഥങ്ങളൊഴികെ മറ്റു പഴയ നിയമഗ്രന്ഥങ്ങള്‍ ഹീബ്രുവില്‍നിന്നും അരമയിക്കില്‍നിന്നും പുതുതായി പരിഭാഷപ്പെടുത്തി. പുതിയ നിയമം വായിച്ചു പരിഭാഷ പരിഷ്‌ക്കരിച്ചു. പതിനെട്ടുകൊല്ലം കൊണ്ടാണ് ഇത്രയും ചെയ്തത്. ഇങ്ങനെയാണ് വളരെ പ്രചാരത്തിലായ ലത്തീന്‍ പരിഭാഷ അഥവാ വുള്‍ഗാത്ത വിശുദ്ധഗ്രന്ഥമൂലം ഉണ്ടായത്. ‘ജെറോമിന് അജ്ഞാതമായിട്ടുള്ളതെന്താണെന്ന് ഒരു മനുഷ്യനും അറിഞ്ഞുകൂടാ,’ എന്നാണു വിശുദ്ധ അഗസ്റ്റിന്‍ പറയുന്നത്.
ജെറോം ആത്മാര്‍ത്ഥത നിറഞ്ഞ ധീരതയുള്ള ഒരു മനുഷ്യനായിരുന്നു. നിര്‍ഭയനായ ഒരു വിമര്‍ശകനായിരുന്നു. ഒരു സാധാരണ മനുഷ്യനുള്ള സാന്മാര്‍ഗ്ഗിക പ്രശ്‌നങ്ങളെല്ലാം അദ്ദേഹത്തിനുണ്ടായിരുന്നു. തന്മൂലം ബെത്‌ലഹം ഗുഹയിലെ ഏകാന്തവും പ്രായശ്ചിത്തങ്ങളും ഉപവാസവും വഴിയാണ് അവയെ ഒതുക്കിയത്. കോപം മൂക്കത്തായിരുന്നു; അതേസമയം അതിവേഗം അദ്ദേഹം ക്ഷമിച്ചിരുന്നു.
വിശുദ്ധ ജെറോമിന്റെ നെഞ്ചില്‍ കല്ലുകൊണ്ട് അദ്ദേഹം ഇടിക്കുന്ന ചിത്രം കണ്ട് ഒരു മാര്‍പ്പാപ്പാ ഇങ്ങനെ പ്രസ്താവിച്ചു: ‘അങ്ങ് ആ കല്ലു കൈയില്‍ പിടിക്കുകതന്നെ വേണം. അതു കൂടാതെ അങ്ങയെ
തിരുസ്സഭ വിശുദ്ധനെന്നു നാമകരണം ചെയ്യുകയില്ലായിരുന്നു.’
ബെത് ലഹമില്‍ കര്‍ത്താവു ജനിച്ച ഗുഹയിലാണു ജെറോം താമസിച്ചിരുന്നതെന്നു പറയുന്നുണ്ട്. അവിടെത്തന്നെ കിടന്നു 420 സെപ്തംബര്‍ 30-ന് അദ്ദേഹം മരിച്ചു.