ഒക്ടോബര്‍ 5: വിശുദ്ധ പ്ലാസിഡും കൂട്ടരും


വിശുദ്ധ ബെനഡിക്ട് സുബുലാക്കോയില്‍ താമസിക്കുമ്പോള്‍ നാട്ടുകാര്‍ പലരും തങ്ങളുടെ കുട്ടികളെ അദ്ദേഹത്തിന്റെ സംരക്ഷണത്തിന് ഏല്‍പിക്കാറുണ്ടായിരുന്നു. 522-ല്‍ മൗറൂസ് എന്ന് പേരുള്ള ഒരു പന്ത്രണ്ടു വയസുകാരനും പ്ലാസിഡ് എന്നു പേരുള്ള ഒരു ഏഴു വയസുകാരനും വിശുദ്ധ ബെനഡിക്ടിന്റെ കൂടെ താമസിക്കാനിടയായി.

ഒരു ദിവസം പ്ലാസിഡ് ആശ്രമത്തിനരികെയുള്ള കുളത്തില്‍ വീണു. മുറിയില്‍നിന്ന് കാര്യം ഗ്രഹിച്ച വിശുദ്ധ ബെനഡിക്ട് മൗറൂസിനോട് ഓടിപ്പോയി പ്ലാസിഡിനെ രക്ഷിക്കാന്‍ പറഞ്ഞു. മൗറൂസ് ഓടിയെത്തിയപ്പോള്‍ പ്ലാസിഡ് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നുണ്ടായിരുന്നു. മൗറൂസ് കുട്ടിയെ രക്ഷിച്ചു.

വിശുദ്ധ ബെനഡിക്ടിന്റെ സംരക്ഷണത്തില്‍ രണ്ടു കുട്ടികളും പുണ്യത്തില്‍ പുരോഗമിച്ചുകൊണ്ടിരുന്നു. സന്തുഷ്ടനായ ബെനഡിക്ട് 528-ല്‍ പ്ലാസിഡിനെ മോന്തെകസീനോയിലേക്കുകൊണ്ടുപോയി. മെസ്സീനായ്ക്ക് സമീപം വിശുദ്ധ ബെനഡിക്ട് ഒരു പുതിയ ആശ്രമം സ്ഥാപിച്ചു പ്ലാസിഡിനെ അതിന്റെ ആബട്ടായി നിയമിച്ചു.

പുതിയ ആശ്രമത്തിനുവേണ്ട സ്ഥലം പ്ലാസിഡിന്റെ പിതാവ് ടെര്‍ടുള്ളു ദാനം ചെയ്തതാണ്. 541-ല്‍ ആബട്ട് പ്ലാസിഡുതന്നെ മെദീനായില്‍ ഒരാശ്രമം സ്ഥാപിച്ചു. അന്ന് അദ്ദേഹത്തിന് 26 വയസ്സു പ്രായമേ ഉണ്ടായിരുന്നുള്ളൂ. പ്രായശ്ചിത്തങ്ങളും ഏകാന്തതയുമാണ് സന്യാസത്തിന്റെ പ്രധാന ഘടകങ്ങളെന്ന് മനസ്സിലാക്കി ആബട്ട് പ്ലാസിഡ് ഈ ചൈതന്യം തന്റെ ആശ്രമങ്ങളില്‍ സംരക്ഷിച്ചുപോന്നു.

സിസിലിയില്‍ നാലഞ്ചു കൊല്ലമേ ഇങ്ങനെ താമസിക്കാന്‍ കഴിഞ്ഞുള്ളൂ. 546-ല്‍ ആഫ്രിക്കന്‍ കാട്ടുജാതിക്കാര്‍ സിസിലിയിലേക്ക് കടന്നു. ക്രിസ്തുമതത്തോടുള്ള വെറുപ്പുനിമിത്തം പ്ലാസിഡിനേയും കൂട്ടുകാരേയും വാളിനിരയാക്കി. ആശ്രമത്തിന് തീകൊളുത്തി. ആകെ മുപ്പത് സന്യാസികളെയാണ് വധിച്ചത്. അവരില്‍ പ്ലാസിഡിന്റെ രണ്ട് സഹോദരന്മാര്‍ എവുറ്റിക്കൂസും വിക്‌ടൊറിനൂസും ഉള്‍പ്പെടുന്നു. അന്ന് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ വന്നിരുന്ന സ്വന്തം സഹോദരി ഫ്‌ളാവിയായും കൊല്ലപ്പെട്ടു.


Leave a Reply

Your email address will not be published. Required fields are marked *