ഒക്ടോബര്‍ 12: വിശുദ്ധ വില്‍ഫ്രഡ് മെത്രാന്‍
ബ്രിട്ടീഷ് ദ്വീപുകളിലും വിദേശങ്ങളിലും അനേകരെ മാനസാന്തരപ്പെടുത്തിയ വില്‍ഫ്രിഡ് നോര്‍ത്തമ്പര്‍ലന്റില്‍ ജനിച്ചു. പതിന്നാലു വയസ്സുള്ളപ്പോള്‍ ലിന്റിസുഫാണ്‍ ആശ്രമത്തില്‍ ദൈവശാസ്ത്രം പഠിക്കാന്‍ തുടങ്ങി. തുടര്‍ന്നു കാന്റര്‍ബറിയില്‍ പഠിക്കുകയും റോമയിലേക്ക് ഒരു യാത്ര ചെയ്യുകയുമുണ്ടായി. ഒരുകൊല്ലം ലിയോണ്‍സില്‍ അദ്ദേഹം താമസിച്ചു. അവിടെ ഒരു നല്ല വിവാഹാലോചന വന്നപ്പോള്‍ സമര്‍പ്പിത ജീവിതത്തിനുള്ള തന്റെ ആഗ്രഹം പ്രകടമാക്കി. മടങ്ങി റോമിലെത്തി ‘രക്തസാക്ഷികളുടെ കുഴിമാടങ്ങള്‍ സന്ദര്‍ശിച്ചു പ്രാര്‍ത്ഥിച്ചു. ലിയോണ്‍സിലേക്കു മടങ്ങി അദ്ദേഹം ആര്‍ച്ചുബിഷപ്പു ഡെല്‍ഫീനൂസിന്റെകൂടെ മൂന്നു കൊല്ലം താമസിച്ചു. 658-ല്‍ ആര്‍ച്ചുബിഷപ്പിനെ ക്രിസ്തുവിരോധികള്‍ വധിച്ചു. തന്റെ വത്സല പിതാവിനെ സംസ്‌ക്കരിച്ചശേഷം വില്‍ഫ്രിഡ് ഇംഗ്ലണ്ടിലേക്കു മടങ്ങി. ഡെയിറികളുടെ രാജാവ് അലെഫിഡ് സന്തോഷപൂര്‍വ്വം വില്‍ഫ്രഡിനെ സ്വാഗതം ചെയ്തു, മാത്രമല്ല ഒരാശ്രമത്തിനു വേണ്ട സ്ഥലവും അദ്ദേഹത്തിനു കൊടുത്തു. റിപ്പണ്‍ എന്ന സ്ഥലത്ത് അദ്ദേഹം ഒരാശ്രമം ആരംഭിച്ചു.
664-ല്‍ വില്‍ഫ്രിഡിനെ ലിന്റിസുഫാണിലെ മെത്രാനാക്കി; അഞ്ചുകൊല്ലത്തിനുശേഷം അദ്ദേഹത്തെ യോര്‍ക്കിലേക്കുമാറ്റി. അവിടെ അദ്ദേഹത്തിന് ദുഷ്ടരാജാക്കന്മാരുടെ ദുര്‍മ്മോഹങ്ങള്‍ക്കും ലൗകായതികരായ മെത്രാന്മാരുടെ ഭീരുത്വത്തിനും ഭക്തജനങ്ങളുടെ അബദ്ധങ്ങള്‍ക്കുമെതിരെ അടരാടേണ്ടിവന്നു. രണ്ടു പ്രാവശ്യം അദ്ദേഹം നാടുകടത്തപ്പെട്ടു. ഒരിക്കല്‍ കാരാഗൃഹത്തില്‍ അടയ്ക്കപ്പെട്ടു; അവസാനം അദ്ദേഹം വിജയം വരിച്ചു. അനേകം വര്‍ഷങ്ങളായി വന്നുകൂടിയ അഴിമതികള്‍ നീക്കി കത്തോലിക്കാജീവിതം പ്രാവര്‍ത്തികമാക്കി. 709 ഒക്ടോബര്‍ 12-ാം തീയതി ബിഷപ്പു വില്‍ഫ്രിഡ് തന്റെ സമ്മാനം വാങ്ങാനായി കര്‍ത്താവിങ്കലേക്കു പോയി. മരണനേരത്തു മാലാഖമാരുടെ മധുരമായ ഗാനങ്ങള്‍ ശ്രവ്യമായിരുന്നുവെന്നു ജീവചരിത്രകാരന്മാര്‍ പറയുന്നു.