Diocese News

കെസിവൈഎം സംസ്ഥാന കലോത്സവം: രണ്ടാം സ്ഥാനം നേടി താമരശ്ശേരി രൂപത


തിരുവനന്തപുരം ലത്തീന്‍ രൂപതയുടെ ആതിഥേയത്വത്തില്‍ തുമ്പ സെന്റ് സേവ്യേഴ്സ് കോളജില്‍ നടന്ന ‘ഉത്സവ് 2024’ കെസിവൈഎം സംസ്ഥാന കലോത്സവത്തില്‍ മിന്നും പ്രകടനം കാഴ്ചവച്ച് താമരശ്ശേരി രൂപതയിലെ യുവജനങ്ങള്‍. 198 പോയിന്റുകളോടെ താമരശ്ശേരി രൂപത രണ്ടാം സ്ഥാനം നേടി. 217 പോയിന്റ് നേടിയ ചങ്ങനാശ്ശേരി അതിരൂപതയാണ് ഒന്നാം സ്ഥാനത്ത്. മൂന്നാം സ്ഥാനം നേടിയ നെയ്യാറ്റിന്‍കര രൂപത 196 പോയിന്റ് നേടി.

മൂന്ന് റീത്തുകളില്‍ നിന്നുമായി 32 രൂപതകള്‍ മാറ്റുരച്ച കലാമാമാങ്കത്തില്‍ താമരശ്ശേരി രൂപതയില്‍ നിന്ന് 96 യുവജനങ്ങള്‍ പങ്കെടുത്തു. ‘ആഴ്ചകളും മാസങ്ങളും നീണ്ട പരിശ്രമത്തിന്റെ ഫലമാണ് ഈ വലിയ വിജയം. മാതാപിതാക്കളുടെയും യൂണിറ്റ് ഡയറക്ടര്‍ അച്ചന്മാരുടെയും സിസ്റ്റര്‍മാരുടെയും കെസിവൈഎം ഭാരവാഹികളുടെയും വലിയ പിന്തുണയും ഓരോ മത്സരാര്‍ത്ഥിയുടെയും കഠിനാദ്ധ്വാനവും എടുത്തു പറയേണ്ടതാണ്.” കെസിവൈഎം ഡയറക്ടര്‍ ഫാ. ജോബിന്‍ തെക്കേക്കരമറ്റത്തില്‍ പറഞ്ഞു.

സംസ്ഥാനതലത്തില്‍ വിജയികളായവര്‍: അലന്‍ റോയ് (നോട്ടീസ് നിര്‍മാണം – ഒന്നാം സ്ഥാനം), റിച്ചാഡ് ജോണ്‍ (വാര്‍ത്താ റിപ്പോര്‍ട്ട് – ഒന്നാം സ്ഥാനം), വിമല്‍ മാത്യു (കാര്‍ട്ടൂണ്‍ – രണ്ടാം സ്ഥാനം), നിയ ചാര്‍ലി (ലളിത ഗാനം – ഒന്നാം സ്ഥാനം), അക്‌സ സാബു (നാടോടി നൃത്തം – ഒന്നാം സ്ഥാനം), പി. കെ. ജോബിന്‍സ് (നാടോടിനൃത്തം – ഒന്നാം സ്ഥാനം), ബില്‍ഹ മാത്യു (മോണോആക്ട്-ഒന്നാം സ്ഥാനം), ബെഞ്ചമിന്‍ തോമസ് (സ്‌പോട്ട് കൊറിയോഗ്രാഫി – രണ്ടാം സ്ഥാനം), മില്‍ന മാത്യു (മിമിക്രി-മൂന്നാം സ്ഥാനം), സോന ശാന്തി (ഫോട്ടോഗ്രാഫി-മൂന്നാം സ്ഥാനം)

കൂടാതെ ഗാനമേളയില്‍ ഒന്നാം സ്ഥാനവും ഷോര്‍ട്ട് ഫിലിമില്‍ രണ്ടാം സ്ഥാനവും താമരശ്ശേരി രൂപതയ്ക്കാണ്. മൈം, ചവിട്ടുനാടകം, തെരുവുനാടകം, നാടന്‍പാട്ട്, ക്വിസ് എന്നീ ഇനങ്ങളില്‍ താമരശ്ശേരി രൂപതയ്ക്ക് മൂന്നാം സ്ഥാനമുണ്ട്.


Leave a Reply

Your email address will not be published. Required fields are marked *