മുനമ്പം വിഷയം: താമരശ്ശേരി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ പ്രമേയം – പൂര്‍ണ്ണരൂപം
താമരശ്ശേരി രൂപതയുടെ 12-ാമത് പാസ്റ്ററല്‍ കൗണ്‍സിലിന്റെ മൂന്നാമത് സമ്മേളനത്തില്‍ മുനമ്പം വഖഫ് ഭൂമി പ്രശ്നത്തെക്കുറിച്ച് ഡോ. ചാക്കോ കാളംപറമ്പില്‍ അവതരിപ്പിച്ച പ്രമേയത്തിന്റെ പൂര്‍ണ്ണരൂപം.
മുനമ്പം ചെറായി പ്രദേശത്തെ 610-ല്‍ അധികം കുടുംബങ്ങളും വേളാങ്കണ്ണി പള്ളിയും ക്ഷേത്രങ്ങളും പണം കൊടുത്ത് വാങ്ങി സര്‍ക്കാര്‍ നിയമപ്രകാരമുള്ള മതിയായ രേഖകളോടും പൂര്‍ണ്ണ ക്രയവിക്രയ അവകാശത്തോടും കൂടി കൈവശം വെച്ചനുഭവിച്ചു വരുന്ന ഭൂമിയുടെ അവകാശങ്ങള്‍, ഹൈക്കോടതി വിധിയെപോലും അട്ടിമറിച്ച്, കയ്യേറാന്‍ ശ്രമിക്കുന്ന വഖഫ് ബോര്‍ഡിന്റെയും മറ്റു തല്‍പ്പരകക്ഷികളുടെയും നീക്കത്തെ താമരശ്ശേരി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അപലപിക്കുന്നു.
മുനമ്പം ചെറായി പ്രദേശത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്ന 1960-ലെ ഹൈക്കോടതി വിധിയടക്കമുള്ള കോടതി വിധികളെ നിയമസഭ പ്രമേയം വഴി അംഗീകരിച്ച് മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ല എന്ന് പ്രമേയം വഴി അംഗീകരിക്കണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെടുന്നു.
ഏകപക്ഷിയമായി ഒരു ഭൂമി വഖഫ് ഭൂമിയാണെന്ന് പ്രഖ്യാപിച്ച് പ്രസ്തുത ഭൂമിയുടെ മേലുള്ള ഉടമകളുടെ റവന്യു അവകാശങ്ങളെ ഇല്ലാതാക്കാനും പിടിച്ചെടുക്കാനുമുള്ള വഖഫ് ട്രൈബ്യൂണലിന്റെ അധികാരം എടുത്തു കളയുന്നതടക്കം വഖഫ് നിയമം നീതിപൂര്‍വ്വമായും കാലാനുസൃതമായും ഭേദഗതി ചെയ്യണമെന്നും പാസ്റ്ററല്‍ കൗണ്‍സില്‍ ഈ പ്രമേയത്തിലൂടെ ഐക്യകണ്‌ഠ്യേന ആവശ്യപ്പെടുന്നു.