നവംബര്‍ 19: ഹാക്കെബോണിലെ വിശുദ്ധ മെക്ക്ടില്‍ഡ്
സാക്‌സണിയില്‍ പ്രശസ്തമായ തുറിഞ്ചിയന്‍ കുടുംബത്തില്‍ മെക്ക്ടില്‍ഡ് ജനിച്ചു. കുട്ടിയുടെ ആരോഗ്യം തീരെ മോശമായിത്തോന്നിയതിനാല്‍ അവളെ ഉടനെ പള്ളിയില്‍ കൊണ്ടു പോയി ജ്ഞാനസ്‌നാനപ്പെടുത്തി. പരിശുദ്ധനായ ഇടവക വൈദികന്‍ പ്രതിവചിച്ചു: ‘ഈ കുട്ടി ദീര്‍ഘനാള്‍ ജീവിക്കും; വിശുദ്ധയായ ഒരു കന്യാസ്ത്രീയാകും.’ ഹാക്കെബോണിലെ പ്രഭുക്കള്‍ വിപ്പ്‌റായിലെ പ്രഭുക്കളുംകൂടി ആയിരുന്നതിനാല്‍ വിപ്പ്‌റായിലെ മെക്ക്ടില്‍ഡ് എന്നു പുണ്യവതിയെ വിളിക്കാറുണ്ട്. ഇവളുടെ സഹോദരിയാണു വിശുദ്ധയായ ജെര്‍ത്രൂദ് വോണ്‍ ഹാക്കെബോണ്‍.
കുട്ടിക്ക് 7 വയസ്സുള്ളപ്പോള്‍ റോഡാര്‍ഡ്‌സ് ഡോര്‍ഫുമഠത്തില്‍ സഹോദരി ജെര്‍ത്രുദിന്റെ അടുക്കലാക്കി. പത്തു വര്‍ഷത്തിനുശേഷം 1258-ല്‍ മെക്ക്ടില്‍ഡും ബെനഡിക്ടന്‍ മഠത്തില്‍ ചേര്‍ന്നു. രണ്ടുപേരും ഹെല്‍ഫ്ടായില്‍ സ്ഥാപിച്ച പുതിയ മഠത്തിലേക്കു മാറി. അവിടെ ജെര്‍ത്രൂദിനെ സഹായിച്ചുകൊണ്ടിരുന്നു. അവളുടെ എളിമയും തീക്ഷ്ണതയും സ്‌നേഹപ്രകൃതിയും ഏവരുടേയും സവിശേഷ ശ്രദ്ധയെ ആകര്‍ഷിച്ചു.
അക്കാലത്താണ് അഞ്ചുവയസ്സുപ്രായമുള്ള, പിന്നീടു മഹാ വിശുദ്ധയായി അറിയപ്പെടുന്ന ജെര്‍ത്രൂദ് ഹെല്‍ഫാ മഠത്തില്‍ ചേര്‍ന്നത്. മെക്ക്ടില്‍ഡാ ഗായിക പ്രവീണയായിരുന്നു. ദൈവം അവള്‍ക്കു പല ആദ്ധ്യാത്മിക കാര്യങ്ങളും വെളിപ്പെടുത്തിയത് അവളെ തന്റെ വാനമ്പാടി എന്നു വിളിച്ചു കൊണ്ടാണ്. ഈ വെളിപാടുകളെല്ലാം, ‘വെളിപാടുകളുടെ പുസ്തകം’ എന്ന ഒരു ഗ്രന്ഥത്തില്‍ ജെര്‍ത്രൂദ് എഴുതിവച്ചു. അതു പ്രസിദ്ധം ചെയ്യാമോ എന്നു മെക്ക്ടില്‍ഡ് സംശയിച്ചപ്പോള്‍ ക്രിസ്തുതന്നെ കാണപ്പെട്ടു പറഞ്ഞു താനാണ് അവ എഴുതാന്‍ ഇടയാക്കിയതെന്ന്.
‘പ്രത്യേക കൃപാവരത്തിന്റ പുസ്തകം’ എന്നു അതിനെ പേരുവിളിക്കണമെന്നും കര്‍ത്താവ് അവളെ അറിയിച്ചു. ഈ ഗ്രന്ഥം അനേകര്‍ക്ക് ഉപകരിക്കുമെന്ന കാരണത്താലാണു നാമാന്തരം നിര്‍ദ്ദേശിക്കപ്പെട്ടത്. 1291 നവം ബര്‍ 19-ാം തീയതി മെക്ക്ടില്‍ഡ് മരിച്ചു; അതിവേഗം ഈ ഗ്രന്ഥം പ്രചുര പ്രചാരത്തിലായി, പ്രത്യേകിച്ചു ഫ്‌ളോറെന്‍സില്‍.
ഫ്‌ളോറെന്‍സുകാരനായ ഡാന്റെ 1314-നും 1318-നും മധ്യേ എഴുതിയ ‘ശുദ്ധീകരണസ്ഥലം’ എന്ന കവിതയിലെ മറ്റില്‍ഡാ എന്ന കഥാപാത്രം വിശുദ്ധ മെക്ക്ടില്‍ഡ് ആണെന്നാണ് ഒരഭിപ്രായം. ഡാന്റെയുടെ കവിതയിലും മെക്ക്ടില്‍ഡിന്റെ പുസ്തകത്തിലും ആത്മാവിന്റെ ശുദ്ധീകരണം നടക്കുന്നത് ഏഴു നിലയുള്ള ഒരു പര്‍വ്വതത്തിലാണ്. ഡാന്റെക്ക് മറ്റില്‍ഡാ മിസ്റ്റിക്ക് തിയോളജിയുടെ ഒരു പ്രതീകമാണ്. ഹെര്‍ഫ്ടായിലെ വിശുദ്ധ ജെര്‍ത്രൂദ് വിശുദ്ധ മെക്ക്ടില്‍ഡിനെപ്പറ്റി ഇങ്ങനെ എഴുതിയിരിക്കുന്നു: ‘അവള്‍ക്കു സമാനയായ ഒരാള്‍ ഈ മഠത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാ; ഇനി ഉണ്ടാകാനിടയില്ലെന്നുകൂടി ഞാന്‍ ഭയപ്പെടുന്നു.’