നവംബര്‍ 22: വിശുദ്ധ സിസിലി


വിശുദ്ധ സിസിലി ഒരുത്തമ കുടുംബത്തില്‍ ജനിച്ച റോമാക്കാരിയാണ്. ക്രിസ്തുമത തത്വങ്ങള്‍ അവള്‍ ശരിയായി അഭ്യസിച്ചിരുന്നു. യൗവ്വനത്തില്‍ത്തന്നെ അവള്‍ നിത്യകന്യാത്വം നേര്‍ന്നു. എന്നാല്‍ മാതാപിതാക്കന്മാര്‍ വലേരിയന്‍ എന്ന കുലീന യുവാവിനെ വിവാഹംകഴിക്കാന്‍ സിസിലിയെ നിര്‍ബന്ധിച്ചു.

ഭര്‍ത്താവിനോടു സിസിലി പറഞ്ഞു: ‘ഒരു രഹസ്യം പറയാനുണ്ട്. ഒരു ദൈവദൂതന്‍ എന്നെ സൂക്ഷിച്ചുകൊണ്ടാണിരിക്കുന്നതെന്നു താങ്കള്‍ അറിയണം. വിവാഹമുറയ്ക്ക് അങ്ങ് എന്നെ സ്പര്‍ശിച്ചാല്‍ ദൈവദൂതന്‍ കോപിക്കും; അങ്ങു സഹിക്കേണ്ടതായി വരും. എന്റെ നിത്യകന്യാത്വം അങ്ങു സമാദരിക്കയാണെങ്കില്‍ എന്നെ സ്‌നേഹിക്കുന്നതുപോലെ ആ ഭൂതന്‍ അങ്ങയേയും സ്‌നേഹിക്കും.’

‘ആ ദൂതനെ ഞാന്‍ കാണട്ടെ; എന്നാല്‍ ഞാന്‍ അങ്ങനെചെയ്യാം.’ ഭര്‍ത്താവു പറഞ്ഞു. ‘ഏക സത്യദൈവത്തില്‍ വിശ്വസിച്ചു ജ്ഞാനസ്‌നാനപ്പെട്ടാല്‍ താങ്കള്‍ക്ക് ആ ദൈവദൂതനെ കാണാന്‍ കഴിയും.’ വലേരിയനെ ബിഷപ് ഉര്‍ബന്‍ ജ്ഞാനസ്‌നാനപ്പെടുത്തി. തിരിച്ചുവന്നപ്പോള്‍ ആ ദൈവദൂതനെ വലേരിയന്‍ കണ്ടു. വിവരം സ്വസഹോദരന്‍ തിബൂര്‍ത്തിയൂസിനേയും അറിയിച്ചു. അദ്ദേഹവും ജ്ഞാനസ് നാനപ്പെട്ടു. താമസിയാതെ അവര്‍ രണ്ടു സഹോദരന്മാരും രക്തസാക്ഷിത്വമകുടം ചൂടി; അവരുടെകൂടെ ഇതിനു സാക്ഷിയായിരുന്ന റോമന്‍ ഉദ്യോഗസ്ഥന്‍ മാക്സിമൂസും രക്തസാക്ഷി കിരീടം അണിഞ്ഞു.

സിസിലിയെ ശ്വാസംമുട്ടിച്ചു കൊല്ലാന്‍ വിധിയുണ്ടായി. അവളെ ഒരു തീച്ചൂളയില്‍ ഒന്നരദിവസം ഇട്ടു. എന്നാല്‍ അഗ്‌നി അവളുടെ ശരീരത്തെ ദ്രോഹിച്ചില്ല; ഒരു തലമുടിനാരുപോലും കരിഞ്ഞില്ല. ഒരു ആരാച്ചാരു വന്നു നിയമപ്രകാരം മൂന്നു പ്രാവശ്യം വെട്ടി. തല പകുതി മുറിഞ്ഞു തറയില്‍ രണ്ടു ദിവസം ജീവനോടെ കിടന്നു. അവസാനം തന്റെ കിരീടം വാങ്ങിക്കാന്‍ അവളുടെ ആത്മാവു പറന്നുപോയി.

വിശുദ്ധ സിസിലിയുടെ ജീവചരിത്രകാരന്‍ പറയുന്നത്, പുണ്യവതി വാദ്യമേളങ്ങളോടുകൂടെ ദൈവസ്തുതി പാടിയിരുന്നുവെന്നാണ്. അതിനാല്‍ വിശുദ്ധ സിസിലി ദൈവാലയ സംഗീതത്തിന്റെ മധ്യസ്ഥയായി പ്രഖ്യാപിതയായിരിക്കുന്നു.


Leave a Reply

Your email address will not be published. Required fields are marked *

Exit mobile version