നവംബര്‍ 27: റീസിലെ വിശുദ്ധ മാക്‌സിമൂസ്
മാക്‌സിമൂസ് പ്രോവെന്‍സില്‍ ജനിച്ചു. ക്രിസ്തീയ മാതാപിതാക്കന്മാര്‍ ശിശുവിനെ ജ്ഞാനസ്‌നാനപ്പെടുത്തി ദൈവസ്‌നേഹത്തില്‍ വളര്‍ത്തിക്കൊണ്ടുവന്നു. ഇന്ദ്രിയങ്ങളെ നിഗ്രഹിച്ചും ആശാപാശങ്ങളെ നിയന്ത്രിച്ചും അഗാധമായ എളിമ അഭ്യസിച്ചും മാക്സിമൂസ് എല്ലാവര്‍ക്കും ഉത്തമ മാതൃക നല്കിക്കൊണ്ടിരുന്നു. സുന്ദരനും മധുര പ്രകൃതിയുമായ യുവാവുവഴി തെറ്റാന്‍ ഇടയുണ്ടായിരുന്നെങ്കിലും അവന്‍ പിതൃഭവനത്തില്‍ പ്രാര്‍ത്ഥനയിലും സുകൃതാഭ്യാസങ്ങളിലും പഠനത്തിലും മുഴുകി വിപ്രവാസിയെപ്പോലെ, അപരിചിതരാല്‍ ആവൃതനെന്നപോലെയാണ് ജീവിച്ചിരുന്നത്. അവസാനം ലോകത്തോട് തന്നെ ബന്ധിക്കുന്ന ശൃംഖല അവന്‍ വിഛേദിച്ചു. തന്റെ സമ്പത്തെല്ലാം ദരിദ്രര്‍ക്ക് ദാനംചെയ്തുകൊണ്ട് അവന്‍ ലെറിന്‍ ആശ്രമത്തില്‍ ചേര്‍ന്നു.
426-ല്‍ ആശ്രമസ്ഥാപകന്‍ ആള്‍സിലെ ആര്‍ച്ചുബിഷപ്പായി ഉയര്‍ത്തപ്പെട്ടു; അപ്പോള്‍ മാക്സിമൂസു ലെറിന്‍സ് ആശ്രമത്തിലെ ആബട്ടായി. അതോടെ ആശ്രമാംഗങ്ങളിലെല്ലാം ഒരു പ്രത്യേക പ്രസന്നത പ്രത്യക്ഷമായി. അനുസരണ ഏവര്‍ക്കും മധുരമായിത്തോന്നി. ലെറിന്‍സിലെ മെത്രാന്‍സ്ഥാനം ഒഴിവായപ്പോള്‍ തന്നെ നിയമിക്കാതിരിക്കാനായി മാക്സിമൂസ് ഒളിച്ചു പൊയ്ക്കളഞ്ഞു. 433-ല്‍ റീസു രൂപതയ്ക്ക് ഒരു മെത്രാനെ ആവശ്യമായപ്പോള്‍ ആബട്ട് മാക്‌സിമൂസ് വീണ്ടും ഒളിച്ചു പോയെങ്കിലും അദ്ദേഹത്തെ കണ്ടുപിടിച്ച് മെത്രാനായി അഭിഷേകിച്ചു. പുതിയ നിലയിലും ആ ശ്രമനിയമങ്ങള്‍തന്നെ അനു ഷ്ഠിച്ചുപോന്നു. 439-ല്‍ റീംസിലേയും 441-ല്‍ ഓറഞ്ചിലേയും 454-ല്‍ ആള്‍സിലേയും സൂനഹദോസുകളില്‍ അദ്ദേഹം പങ്കെടുത്തു. 460 നവംബര്‍ 27-ാം തീയതി അദ്ദേഹം ദിവംഗതനായി.