പത്രോസിന്റെ സിംഹാസനത്തില്‍ ഒരു വ്യാഴവട്ടം തികച്ച് ഫ്രാന്‍സിസ് പാപ്പ


ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി ഫ്രാന്‍സിസ് മാര്‍പാപ്പ തെരഞ്ഞെടുക്കപ്പെട്ടിട്ട് 12 വര്‍ഷം പൂര്‍ത്തിയായി. 2013 മാര്‍ച്ച് 13നാണ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി ഫ്രാന്‍സിസ് മാര്‍പാപ്പ തെരഞ്ഞെടുക്കപ്പെടുന്നത്. അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസ് അതിരൂപതയുടെ ആര്‍ച്ച്ബിഷപ്പായി സേവനം ചെയ്യവെയാണ് കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബെര്‍ഗോളിയോ പത്രോസിന്റെ സിംഹാസനത്തിലേറുന്നത്.

1282 വര്‍ഷ ത്തിനുശേഷം ആദ്യമായി യൂറോപ്പിനു പുറത്തുനിന്ന് മാര്‍പാപ്പയായ വ്യക്തി, ലാറ്റിനമേരിക്കയില്‍നിന്ന് ആദ്യമായി മാര്‍പാപ്പയാകുന്ന വ്യക്തി, ഈശോസഭയില്‍ നിന്നുള്ള ആദ്യത്തെ മാര്‍പാപ്പ തുടങ്ങി ഒട്ടേറെ സവിശേഷതകളോടെയായിരുന്നു സ്ഥാനാരോഹണം.

അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിനടുത്തുള്ള ഫ്‌ളോറസിലാണ് 1936 ഡിസംബര്‍ 17-ന് മാരിയോ ജോസ് ബര്‍ഗോളിയയുടെയും റെജീന മരിയ സിവോരിയുടെയും അഞ്ചു മക്കളില്‍ മൂത്ത പുത്രനായി ജോര്‍ജ് മരിയോ ബര്‍ഗോളിയോ ജനിച്ചത്. ഫ്രാന്‍സിസ് പാപ്പയ്ക്ക് മൂന്നു വയസ് തികയും മുമ്പാണ് രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചത്.

1969 ജൂലൈ 20 ഞായറാഴ്ച നീല്‍ ആസ്‌ട്രോങ്ങും എഡ്വിന്‍ ആല്‍ഡ്രിനും ചന്ദ്രനില്‍ ഇറങ്ങുന്നത് ശ്വാസമടക്കിപ്പിടിച്ചിരുന്നു കണ്ട സെമിനാരി വിദ്യാര്‍ത്ഥി പിന്നീട് മാര്‍പാപ്പയാകുമ്പോള്‍ ശാസ്ത്രത്തെ എതിര്‍പക്ഷത്തു നിര്‍ത്തുന്ന മതവിശ്വാസങ്ങളെ തിരുത്തുന്നതായി നാം കാണുന്നു. അതേസമയം, നിര്‍മിതബുദ്ധിവരെ എത്തി നില്‍ക്കുന്ന സാങ്കേതികവിദ്യയുടെ വളര്‍ച്ച വ്യക്തി സ്വാതന്ത്ര്യത്തെയും അന്തസിനെയും കെടുത്തിക്കൂടാ എന്ന സുചിന്തിതമായ നിലപാടും ഫ്രാന്‍സിസ് പാപ്പ സ്വീകരിച്ചു.

ഫ്രാന്‍സിസ് പാപ്പയുടെ പ്രഭാഷണങ്ങള്‍, അപ്പസ്‌തോലിക ലേഖനങ്ങള്‍, ചാക്രിക ലേഖനങ്ങള്‍, വിദേശ യാത്രകള്‍ തുടങ്ങിയവയൊക്കെ ക്രിസ്തു സന്ദേശത്തില്‍ അടിയുറച്ച നവലോകക്രമത്തിന്റെ കാഹളധ്വനിയായി. യുദ്ധത്തിനും അക്രമണങ്ങള്‍ക്കും അനിയന്ത്രിതമായ മുതലാളിത്ത വ്യവസ്ഥയ്ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും പരിസ്ഥിതി നാശത്തിനുമെതിരെ അവിരാമം അദ്ദേഹം ശബ്ദമുയര്‍ത്തിക്കൊിരിക്കുന്നു. ഇവയോടൊപ്പം അദ്ദേഹം സഭയ്ക്കകത്ത് പല രംഗങ്ങളിലും ശുദ്ധികലശം നടത്തി. സഭയിലും പുറത്തും പ്രബലപ്പെടുന്ന നിസംഗതയുടെയും ആഗോളവല്‍ക്കരണത്തിനെതിരായും കരുണയില്ലാത്ത പുരോഗതിക്കെതിരെ, യുദ്ധങ്ങള്‍ക്കെതിരെ മുഖം നോട്ടമില്ലാതെ അദ്ദേഹം സംസാരിച്ചപ്പോള്‍ രാഷ്ട്രീയ ഭേദങ്ങള്‍ മറന്ന് ലോക രാഷ്ട്രങ്ങള്‍ അതെല്ലാം മറന്ന് ചെവിക്കൊു.

അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഏഷ്യന്‍, ആഫ്രിക്കന്‍, ഗള്‍ഫ് രാജ്യങ്ങളിലേക്കും അദ്ദേഹം നടത്തിയ പര്യടനങ്ങള്‍ വിശ്വമാനവികതയുടെ കൈകോര്‍ക്കലുകളായി. 2011 മുതല്‍ 2015 വരെ ഇറാഖിലും സിറിയയിലും നടന്ന ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദത്തിന്റെ ഭീകര താണ്ഡവത്തില്‍ ഇരകളായ മുസ്ലീംങ്ങള്‍ ഉള്‍പ്പടെയുള്ള അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ മുസ്ലിം രാഷ്ട്രങ്ങള്‍ അറച്ചു നിന്നപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ വാതില്‍ തുറന്നിട്ടത് ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനത്തെത്തുടര്‍ന്നാണ്.

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഫ്രാന്‍സിസ് പാപ്പയിപ്പോള്‍ റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയിലാണ്. പാപ്പയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് വത്തിക്കാന്‍ വ്യക്തമാക്കി. മാര്‍പാപ്പയ്ക്ക് രാവും പകലും ഓക്‌സിജന്‍ പിന്തുണ നല്‍കുന്നത് തുടരുന്നുണ്ടെന്നും വത്തിക്കാന്‍ അറിയിച്ചു. റോമന്‍ കൂരിയയ്ക്കു വേണ്ടിയുള്ള ധ്യാനത്തില്‍ പാപ്പ ഓണ്‍ലൈനായി സംബന്ധിക്കുന്നുണ്ട്. ധ്യാന ദിവസങ്ങള്‍ ആയതിനാല്‍ പാപ്പ മറ്റ് ജോലികളൊന്നും ചെയ്യുന്നില്ലായെന്നും വത്തിക്കാന്‍ അറിയിച്ചു.


Leave a Reply

Your email address will not be published. Required fields are marked *