സുവര്‍ണ്ണ ജൂബിലി നിറവില്‍ വലിയപാനോം കുരിശു പള്ളി: തിരുനാള്‍ മാര്‍ച്ച് 23ന്


കുടിയേറ്റ ജനതയുടെ അഭയകേന്ദ്രമായ മഞ്ഞക്കുന്ന് ഇടവകയിലെ വലിയപാനോം കുരിശുപള്ളിയില്‍ സുവര്‍ണ്ണജൂബിലി ആഘോഷവും വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും ഊട്ടുനേര്‍ച്ചയും മാര്‍ച്ച് 23-ന് നടക്കും. 23-ന് വൈകിട്ട് 4.30-ന് കൊടിയേറ്റും. തുടര്‍ന്ന് ലദീഞ്ഞും വണക്കമാസ ജപവും നൊവേനയും. അഞ്ചിന് പ്രദക്ഷിണം. തുടര്‍ന്നു നടക്കുന്ന തിരുനാള്‍ കുര്‍ബാനയ്ക്ക് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ഊട്ടുനേര്‍ച്ച.

വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള വലിയപാനോം കുരിശുപള്ളി അനേകരുടെ ഉദ്ദിഷ്ടകാര്യങ്ങള്‍ സാധ്യമായതിന്റെ പേരില്‍ പ്രസിദ്ധമാണ്. മഞ്ഞക്കുന്നില്‍ നിന്നും ചെങ്കുത്തായ മലമ്പാതകള്‍ പിന്നിട്ടു വേണം വലിയപാനോം കുരിശുപള്ളിയിലെത്തുവാന്‍. മുമ്പ് നാല്‍പതോളം കുടുംബങ്ങള്‍ ഈ പ്രദേശത്ത് താമസിച്ചിരുന്നെങ്കിലും ഇപ്പോള്‍ ജനവാസം തീരെ കുറവാണ്. എങ്കിലും യൗസേപ്പിതാവിന്റെ മാധ്യസ്ഥ്യം യാചിച്ച് മലകയറിയെത്തുന്ന വിശ്വാസികള്‍ നിരവധിയാണ്. അനുഗ്രഹങ്ങള്‍ നേടിയെടുത്താണ് തിരിച്ച് മലയിറങ്ങുന്നതെന്ന് വിവിധ സ്ഥലങ്ങളില്‍ നിന്ന് ഇവിടെയെത്തി പ്രാര്‍ത്ഥിക്കുന്ന അനേകര്‍ സാക്ഷ്യപ്പെടുത്തുന്നു.

1942-ലാണ് വിലങ്ങാട്ടേക്ക് കുടിയേറ്റം ആരംഭിക്കുന്നത്. തുടര്‍ന്ന് 1955-ല്‍ വിലങ്ങാട് സെന്റ് ജോര്‍ജ് ദേവാലയം സ്ഥാപിതമായി. വലിയപാനോത്ത് ഒരു കുരിശുപള്ളി സ്ഥാപിക്കണം എന്നത് കുടിയേറ്റ പൂര്‍വികരുടെ സ്വപ്‌നമായിരുന്നു. കുളത്തിങ്കല്‍ കുട്ടിച്ചേട്ടന്‍ കുരിശുപള്ളിക്കായി സ്ഥലം സംഭാവന ചെയ്തു. തുടര്‍ന്ന് 1975-ല്‍ അന്ന് വികാരിയായിരുന്ന ഫാ. കുര്യാക്കോസ് കവളക്കാട്ടിന്റെ നേതൃത്വത്തിലാണ് കുരിശുപള്ളി ആരംഭിക്കുന്നത്.

തിരുനാള്‍ ദിനത്തില്‍ കഴുന്ന് എടുക്കുന്നതിനും അടിമവയ്ക്കുന്നതിനും നേര്‍ച്ചകാഴ്ചകള്‍ അര്‍പ്പിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുമെന്നും കുരിശുപള്ളിയിലേക്കു വരുന്നവര്‍ കഴിവതും ജീപ്പ് യാത്രാ സൗകര്യം ഉപയോഗപ്പെടുത്തണമെന്നും വികാരി ഫാ. ടിന്‍സ് മറ്റപ്പള്ളില്‍ അറിയിച്ചു.

Author


Leave a Reply

Your email address will not be published. Required fields are marked *