ഫ്രാന്‍സിസ് പാപ്പയുടെ സംസ്‌ക്കാര ചടങ്ങുകള്‍ ഏപ്രില്‍ 26-ന്


ചുവന്ന നിറമുള്ള തിരുവസ്ത്രങ്ങള്‍ ധരിച്ച്, കൈകളില്‍ ജപമാലയും തലയില്‍ പേപ്പല്‍ തൊപ്പിയുമണിഞ്ഞ് ശവമഞ്ചത്തില്‍ കിടത്തിയ ഫ്രാന്‍സിസ് പാപ്പയുടെ ചിത്രങ്ങളും വീഡിയോകളും വത്തിക്കാന്‍ പുറത്തുവിട്ടു. കാസാ സാന്താ മാര്‍ത്തയിലെ സ്വകാര്യ ചാപ്പലില്‍ നിന്നുള്ള ചിത്രങ്ങളാണ് വത്തിക്കന്‍ പങ്കുവച്ചിരിക്കുന്നത്.

പാപ്പയുടെ മരണം സ്ഥിരീകരിച്ച് ഒരു ദിവസത്തിനു ശേഷമാണ് ചിത്രങ്ങള്‍ പുറത്തുവരുന്നത്. സെറിബ്രല്‍ സ്‌ട്രോക്കും ഹൃതയാഘാതവുമാണ് മരണകാരണം.

ഫ്രാന്‍സിസ് പാപ്പയുടെ സംസ്‌ക്കാര ചടങ്ങുകള്‍ ഏപ്രില്‍ 26-ന് വത്തിക്കാന്‍ സമയം രാവിലെ പത്തിന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30) ആരംഭിക്കും. പരിശുദ്ധ പിതാവിന്റെ ഭൗതിക ദേഹം അടങ്ങുന്ന ശവമഞ്ചം നാളെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലേക്കു മാറ്റും. തുടര്‍ന്ന് സംസ്‌ക്കാര ചടങ്ങുകള്‍ വരെ അവിടെ തുടരും. കാര്‍ഡിനല്‍സ് കോളജ് ഡീനായ കര്‍ദ്ദിനാള്‍ ജിയോവാനി ബാറ്റിസ്റ്റ റീ സംസ്‌ക്കാര ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, അര്‍ജന്റീന പ്രസിഡന്റ് ജാവിയര്‍ മിലി, ഉക്രൈന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലന്‍സ്‌കി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍, ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ എന്നിവര്‍ സംസ്‌ക്കാര ചടങ്ങുകളില്‍ സംബന്ധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Author

  • മലബാര്‍ വിഷന്‍ അസിസ്റ്റന്റ് എഡിറ്റര്‍.
    ദീപിക, ധനം ബിസിനസ് മാഗസിന്‍ എന്നിവിടങ്ങളില്‍ സബ് എഡിറ്ററായും ചാവറ ആഡ് മീഡിയയില്‍ കോപ്പി എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.