ഫാ. മാത്യു പുള്ളോലിക്കല്‍ (78) നിര്യാതനായി സംസ്‌കാരം നാളെ


താമരശ്ശേരി രൂപതാവൈദികന്‍ ഫാ. മാത്യു പുള്ളോലിക്കല്‍ (78) നിര്യാതനായി. ഈരുട് വിയാനി വൈദിക വിശ്രമമന്ദിരത്തില്‍ വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. മാത്യു പുള്ളോലിക്കല്‍ അച്ചന്റെ ഭൗതിക ദേഹം അന്തിമോപചാരങ്ങള്‍ക്കായി വ്യാഴാഴ്ച (08.05.2025) രാവിലെ 9.30 മണി മുതല്‍ ഈരൂട് വിയാനി വൈദിക മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വെക്കുന്നതാണ്. മൃതസംസ്‌കാര ശുശ്രൂഷകള്‍ വെള്ളിയാഴ്ച (09.05.2025) രാവിലെ 9.30-ന് ഈരുട് സെന്റ് ജോസഫ്‌സ് ദൈവാലയ സെമിത്തേരിയില്‍, താമരശ്ശേരി രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും.

1947 ജനുവരി 12ന് പാലാ രൂപതയിലെ പാളയം സെന്റ് മൈക്കിള്‍സ് ഇടവകയില്‍ പരേതരായ പുള്ളോലിക്കല്‍ കുര്യാക്കോസ്- ഏലി ദമ്പതികളുടെ ഏഴുമക്കളില്‍ അഞ്ചാമനായി ജനിച്ചു. കടപ്ലാമറ്റം, സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രൈമറി, സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം തലശ്ശേരി രൂപതയുടെ സെന്റ് ജോസഫ്സ് മൈനര്‍ സെമിനാരിയില്‍ സെമിനാരി പഠനം ആരംഭിച്ചു. തുടര്‍ന്ന് കോട്ടയം വടവാതൂര്‍ സെന്റ് തോമസ് അപ്പസ്തോലിക് മേജര്‍ സെമിനാരിയിലെ വൈദിക പരിശീലനത്തിനൊടുവില്‍ പാളയം സെന്റ് മൈക്കിള്‍സ് ഇടവകയില്‍ വെച്ച് 1974 ഡിസംബര്‍ 18-ന് തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാന്‍ അഭിവന്ദ്യ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവില്‍ നിന്ന് വൈദികപട്ടം സ്വീകരിക്കുകയും പ്രഥമ ദിവ്യബലിയര്‍പ്പിക്കുകയും ചെയ്തു.
1974-ല്‍ കൂരാച്ചുണ്ട് ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായി അജപാലന ദൗത്യം ആരംഭിച്ചു. അങ്ങാടിക്കടവ്, ആലക്കോട് എന്നീ ഇടവകകളിലും അസിസ്റ്റന്റ് വികാരിയായി സേവനം ചെയ്തു. തുടര്‍ന്ന് രണ്ടാംകടവ്, അരീക്കാമല, കക്കാടംപൊയില്‍, ചെമ്പുകടവ്, പൂഴിത്തോട്, മഞ്ചേരി, കൂമംകുളം, കുപ്പായക്കോട്, ചാപ്പന്‍തോട്ടം, വിലങ്ങാട്, ചെമ്പനോട, കല്ലാനോട്, കൂരാച്ചുണ്ട്, കല്ലുരുട്ടി, കാക്കവയല്‍, വാണിയമ്പലം, വലിയകൊല്ലി, വാലില്ലാപ്പുഴ എന്നീ ഇടവകകളില്‍ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ രൂപതയിലെ വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടേയും മേഖല ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്.
2019-ല്‍ ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച് ഈരൂട് വിയാനി വൈദിക മന്ദിരത്തില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
(Late) അന്നക്കുട്ടി എള്ളുങ്കല്‍, പുല്‍പ്പള്ളി, (Late) ത്രേസ്യാമ്മ മാലിയില്‍, മാനന്തവാടി, (Late) . കുര്യാക്കോസ് പുള്ളോലിക്കല്‍, ചേര്‍പ്പുങ്കല്‍, (Late) ഏലിക്കുട്ടി പുതിയാപറമ്പില്‍, പാലാ, (Late) P.K. ജോസഫ് പുള്ളോലിക്കല്‍ ചേര്‍പ്പുങ്കല്‍, മേരി മാത്യു വയലുങ്കല്‍, പങ്ങട എന്നിവര്‍ സഹോദരങ്ങളാണ്.
‘ഞാന്‍ എന്തായിരിക്കുന്നുവോ, അത് ദൈവകൃപയാലാണ്’ എന്ന ആപ്തവാക്യത്തില്‍ അടിയുറച്ച് ജീവിച്ചിരുന്ന മാത്യു പുള്ളോലിക്കലച്ചന്‍ കുടിയേറ്റത്തിന്റെ ആദ്യനാളുകളില്‍ അസൗകര്യങ്ങള്‍ മാത്രം കൈമുതലുണ്ടായിരുന്ന ഇടവകകളില്‍ തന്റെ ശക്തമായ നേതൃത്വവും കഠിനാദ്ധ്വാനവും കൊണ്ട് ഇടവകജനത്തെ മുന്നോട്ട് നയിച്ച അജപാലകനായിരുന്നു.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.