ദൈവസ്‌നേഹമാണ് നമ്മെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്നത്: ലിയോ പാപ്പ


യേശുക്രിസ്തുവിന്റെ സ്‌നേഹം ശാശ്വതവും നിരുപാധികവുമാണെന്നും, ആ സ്‌നേഹമാണ് മറ്റുള്ളവരെ സ്‌നേഹിക്കാന്‍ നമ്മെ പ്രേരിപ്പിക്കേണ്ടതെന്നും ഓര്‍മ്മിപ്പിച്ച് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ. വത്തിക്കാനില്‍ ഞായറാഴ്ച നടന്ന പ്രാര്‍ത്ഥനാ മധ്യേ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.

വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിലെ, ‘നിങ്ങള്‍ എന്നെ സ്‌നേഹിക്കുന്നുവെങ്കില്‍ എന്റെ കല്‍പ്പനകള്‍ പാലിക്കും’ എന്ന വചനത്തെ ആസ്പദമാക്കിയായിരുന്നു മാര്‍പ്പാപ്പയുടെ പ്രഭാഷണം.

ദൈവസ്‌നേഹമാണ് നമ്മെ നീതിമാന്മാരാക്കുന്നത്. കര്‍ത്താവിന്റെ കല്‍പ്പനകള്‍ ഒരു നിബന്ധനയല്ല, മറിച്ച് അവിടുത്തോടുള്ള ആഴമായ ബന്ധത്തിലേക്കുള്ള ക്ഷണമാണ്. യേശുവിന്റെ സ്‌നേഹമാണ് നമ്മില്‍ സ്‌നേഹം ജനിപ്പിക്കുന്നത്. പരിശുദ്ധവും നിരുപാധികവുമായ ആ സ്‌നേഹമാണ് ക്രിസ്തീയ സ്‌നേഹത്തിന്റെ അളവുകോല്‍. ജീവിതത്തിലെ തിന്മകള്‍ക്കിടയിലും ദൈവത്തിന് സാക്ഷ്യം വഹിക്കാന്‍ നാം ബാധ്യസ്ഥരാണ്.

സത്യത്തിന്റെ ശക്തിയായ പരിശുദ്ധാത്മാവിനെ അനുഗമിക്കുമ്പോള്‍ തന്നെ, മനുഷ്യരെ പരസ്പരം അകറ്റാന്‍ ശ്രമിക്കുന്ന പിശാചിനെതിരെ ജാഗ്രത പാലിക്കണമെന്നും പാപ്പ മുന്നറിയിപ്പ് നല്‍കി. ദൈവത്തിന്റെ നിരുപാധികമായ സ്‌നേഹത്തിന് നന്ദി പറയണമെന്നും പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥം തേടണമെന്നും ആഹ്വാനം ചെയ്തുകൊണ്ടാണ് മാര്‍പ്പാപ്പ പ്രഭാഷണം അവസാനിപ്പിച്ചത്.

Author

  • മലബാര്‍ വിഷന്‍ അസിസ്റ്റന്റ് എഡിറ്റര്‍.
    ദീപിക, ധനം ബിസിനസ് മാഗസിന്‍ എന്നിവിടങ്ങളില്‍ സബ് എഡിറ്ററായും ചാവറ ആഡ് മീഡിയയില്‍ കോപ്പി എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.