ഏപ്രില്‍ 29: സീയെന്നായിലെ വിശുദ്ധ കത്രീന
ജക്കോപ്പാ – ലാപ്പാബെനിന്‍കാസ് ദമ്പതികളുടെ 23-ാമത്തെ ശിശുവായി കത്രീനാ ഇറ്റലിയില്‍ സീയെന്നായില്‍ ജനിച്ചു. സമര്‍ഥയും ഭക്തയും പ്രസന്നയുമായി വളര്‍ന്നുവന്ന കുട്ടി കന്യകയായി ജീവിക്കാന്‍ ഒരു സ്വകാര്യ വ്രതമെടുത്തു. ഒരു കൊച്ചു മുറിയില്‍ താമസിക്കാന്‍ ഭക്തനായ പിതാവ് അവള്‍ക്ക് അനുവാദം നല്കി. അമ്മ അവളെ വിവാഹത്തിനു പ്രേരിപ്പിക്കാനായി ഉല്ലാസങ്ങള്‍ ക്രമപ്പെടുത്തിവന്നിരുന്നു. പന്ത്രണ്ടുവയസ്സില്‍ ഒരു വിവാഹാലോചന വന്നപ്പോള്‍ അവള്‍ തലമുടി വെട്ടിക്കളഞ്ഞു. ഒരിക്കല്‍ ജ്യേഷ്ഠത്തിമാരുടെ പ്രേരണയനുസരിച്ച് സുന്ദരവസ്ത്രങ്ങള്‍ ധരിച്ചതിന് മരണംവരെ മനസ്തപിച്ചുവെന്നു പറയുന്നു. പിതാവ് അവളുടെ സുകൃത ജീവിതത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
18-ാമത്തെ വയസ്സില്‍ കത്രീന ഡൊമിനിക്കന്‍ മൂന്നാം സഭയുടെ വസ്ത്രം സ്വീകരിച്ചു പ്രാര്‍ത്ഥനയില്‍ സ്വന്തം മുറിയില്‍ കഴിച്ചുകൂട്ടി. മൂന്നുവര്‍ഷം കുമ്പസാരക്കാരനോടല്ലാതെ മറ്റാരോടും സംസാരിച്ചിരുന്നില്ല. സംഭാഷണമൊക്കെ ദൈവത്തോടായിരുന്നു.
ഭയങ്കരമായ പരീക്ഷണങ്ങളും പ്രബലപ്പെട്ടു. ഒരശുദ്ധ പരീക്ഷണത്തിനു ശേഷം ദിവ്യഗുരു പ്രത്യക്ഷപ്പെട്ടപ്പോള്‍ അവള്‍ ചോദിച്ചു ‘ഞാന്‍ പരിത്യക്തയായി ഭയങ്കരമായി കഷ്ടപ്പെട്ടപ്പോള്‍ ദിവ്യമണവാളാ, അങ്ങ് എവിടെയായിരുന്നൂ?’ ‘ഞാന്‍ നിന്റെ കൂടെ ആയിരുന്നു.’ എന്നു മറുപടി ‘എന്ത് എന്റെ ആത്മാവിനെ അലട്ടിയിരുന്ന ഈ മലിന സാഹചര്യങ്ങളിലോ?’ അവള്‍ ചോദിച്ചു ‘അതേ, നിനക്ക് അത് അനിഷ്ടമായിരുന്നു. അതാണ് നിന്റെ യോഗ്യത എന്റെ സാന്നിധ്യം കൊണ്ടാണ് നീ വിജയം നേടിയത്’ കര്‍ത്താവ് പ്രതിവചിച്ചു.
ഒരു കുഷ്ഠരോഗിയേയും ഒരു കാന്‍സര്‍രോഗിയേയും അവള്‍ ശുശ്രൂഷിച്ചു. അവരില്‍നിന്നു ലഭിച്ച പ്രതിഫലം ഏഷണി മാത്രമായിരുന്നു. പിന്നീട് അവര്‍ മാനസാന്തരപ്പെട്ട് കുറ്റത്തിനു മാപ്പു ചോദിച്ചു. 1374-ല്‍ രാജ്യമാസകലം സാംക്രമികരോഗം പടര്‍ന്നുപിടിച്ചപ്പോള്‍ അനേകരെ അവള്‍ ശുശ്രൂഷിച്ചു അവളുടെ പ്രാര്‍ത്ഥനവഴി അനേകംപേര്‍ സൗഖ്യം പ്രാപിച്ചു. നിരവധി പാപികളെ അവള്‍ മാനസാന്തരപ്പെടുത്തി.
11-ാം ഗ്രിഗോറിയോസ് പാപ്പായുടെ മഹറോനെ ഭയപ്പെടാതെ മാര്‍പാപ്പാക്കെതിരായി യുദ്ധത്തിനൊരുങ്ങിയ ഫ്‌ളോറന്‍സും വെറൂജിയയും ടസ്‌കനിയും കത്രീനയുടെ ഉപദേശം സ്വീകരിച്ചു യുദ്ധം വേണ്ടെന്നുവച്ചു. പ്രായശ്ചിത്തവും അധ്വാനവും കത്രീനയെ രോഗിണിയാക്കി. റോമയില്‍ വെച്ച് 33- മത്തെ വയസില്‍ 1380 ഏപ്രില്‍ 29-ന് കന്യക ഭാഗ്യമരണം പ്രാപിച്ചു. 1461-ല്‍ രണ്ടാം പിയൂസ് കത്രീനയെ വിശുദ്ധയെന്ന് നാമകരണം ചെയ്തു. 1970-ല്‍ ആറാം പൗലോസ് മാര്‍പാപ്പ ആവിലായിലെ വിശുദ്ധ ത്രേസ്യയോടൊപ്പം കത്രീനയെ വേദപാരംഗത എന്ന് പ്രഖ്യാപിച്ചു.