‘മതാന്തര സംവാദം പരസ്പര ബഹുമാനം വളര്‍ത്തും’ – ഫ്രാന്‍സിസ് പാപ്പ
അപ്പസ്‌തോലിക സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്തോനേഷ്യയിലെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോയുമായി കൂടിക്കാഴ്ച നടത്തി. നയതന്ത്ര പ്രതിനിധികളും ഉന്നത അധികാരികളും പ്രമുഖ നേതാക്കളും പ്രസിഡന്‍ഷ്യല്‍ കൊട്ടരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ഇന്തോനേഷ്യന്‍ ജനത വിശ്വാസത്തിലും സാഹോദര്യത്തിലും അനുകമ്പയിലും വളരട്ടെ എന്ന് മാര്‍പാപ്പ ആശംസിച്ചു. നന്മ തേടുന്നതില്‍ സാഹോദര്യത്തിന്റെ മനോഭാവം എല്ലാവരും ഉള്‍ക്കൊള്ളണമെന്നും ഐക്യം, സമത്വം, മനുഷ്യാവകാശങ്ങളോടുള്ള ബഹുമാനം, സുസ്ഥിര വികസനം, സമാധാനം എന്നിവയ്ക്കായി പരിശ്രമിക്കണമെന്നും പാപ്പ പറഞ്ഞു.
മതാന്തര സംവാദങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ‘സമാധാനപരവും ഫലവത്തായതുമായ ഐക്യം’ വളര്‍ത്തിയെടുക്കുന്നതിലും കത്തോലിക്കാ സഭയുടെ സഹായം ഫ്രാന്‍സിസ് മാര്‍പാപ്പ വാഗ്ദാനം ചെയ്തു. മതാന്തര സംവാദം മുന്‍വിധികള്‍ ഇല്ലാതാക്കാനും പരസ്പര ബഹുമാനത്തിന്റെയും വിശ്വാസത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാനും സഹായിക്കുമെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു.