Daily Saints

സെപ്തംബര്‍ 13: വിശുദ്ധ ജോണ്‍ ക്രിസോസ്‌തോം മെത്രാന്‍


നിസ്തുലനായ ഈ വേദപാരംഗതന്റെ വാഗ്മിത്വത്തെ പരിഗണിച്ചു സ്വര്‍ണ്ണജിഹ്വ എന്നര്‍ത്ഥമുള്ള ക്രിസോസ്‌തോം എന്ന അപരനാമം അദ്ദേഹത്തിനു ലഭിച്ചു. അദ്ദേഹത്തിന്റെ ദൈവ ഭക്തിയും ധീരതയും വാഗ്വിലാസത്തേക്കാള്‍ കൂടുതല്‍ ശ്രേഷ്ഠമാണ്. സിറിയായിലെ സൈന്യാധിപനായ സെക്കൂന്തൂസിന്റെ ഏക പുത്രനാണ് ജോണ്‍. അമ്മ അന്തൂസയ്ക്കു 20 വയസ്സുള്ളപ്പോള്‍ സെക്കുന്തുസു മരിച്ചെങ്കിലും ആ ഭക്തസ്ത്രീ രണ്ടാമതൊരു വിവാഹത്തെപ്പറ്റി ചിന്തിച്ചതേയില്ല. യൗവ്വനത്തില്‍ ജോണ്‍ ധരിച്ചിരുന്നതു പരുപരുത്ത വസ്ത്രമാണ്; ദിനംപ്രതി ഉപവസിച്ചുകൊണ്ടുമിരുന്നു. പ്രാര്‍ത്ഥനയിലും വിശുദ്ധ ഗ്രന്ഥധ്യാനത്തിലും തന്റെ സമയത്തിന്റെ അധിക പങ്കും ചെലവഴിച്ചു പോന്നു. 26 വയസ്സായപ്പോഴേക്കു പൗരോഹിത്യത്തെപ്പറ്റി ആറു നിസ്തുല ഗ്രന്ഥങ്ങള്‍ അദ്ദേഹം എഴുതി. മുപ്പതാമത്തെ വയസ്സില്‍ ജോണ്‍ അന്തിയോക്യായ്ക്കടുത്തുള്ള വനാന്തരത്തിലേക്കു താമസം മാറ്റി. പ്രഭാതം മുഴുവനും പ്രാര്‍ത്ഥനയിലും ജ്ഞാനവായനയിലും വിശുദ്ധ ഗ്രന്ഥധ്യാനത്തിലും ചെലവഴിച്ചു. 386-ല്‍ കോണ്‍സ്‌ററാന്റിനോപ്പിളിലെ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു.

ബിഷപ്പു ജോണിന്റെ പ്രസംഗങ്ങളുടെ ഫലം അത്ഭുതകരമായിരുന്നു. അദ്ദേഹം കുര്‍ബാന ചൊല്ലുമ്പോള്‍ വിശുദ്ധര്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവന്നു കുര്‍ബാനയെ ആരാധിക്കുന്നതായി അദ്ദേഹം കണ്ടിരുന്നുവെന്ന് വിശുദ്ധ നീലൂസു സാക്ഷ്യപ്പെടുത്തിക്കാണുന്നുണ്ട്. കോണ്‍സ്റ്റാന്റിനോപ്പിളില്‍ അദ്ദേഹം സംപ്രീതനായിരുന്നുവെങ്കിലും തിന്മകളുടെ ഭര്‍ത്സനം ധാരാളം ശത്രുക്കളെ ഉളവാക്കി. 403-ല്‍ ബിഷപ്പ് ജോണ്‍ ആദ്യമായി നാടുകട ത്തപ്പെട്ടുവെങ്കിലും താമസിയാതെ മടക്കിവിളിക്കപ്പെട്ടു. അലെക്‌സാന്‍ഡ്രിയായിലെ ആര്‍ച്ചുബിഷപ്പു തെയോഫിലസ്സിനും എവുഡോക്‌സിയ ചക്രവര്‍ത്തിക്കുമെതിരായി ബിഷപ്പു ജോണ്‍ ചെയ്ത അഴിമതി ആരോപണങ്ങള്‍ അവരെ പ്രകോപിപ്പിച്ചു. രണ്ടു പ്രാവശ്യം അവര്‍ ബിഷപ്പ് ജോണിനെ നാടുകടത്തിച്ചു. 407-ല്‍ വിപ്രവാസത്തില്‍ത്തന്നെയാണ് അദ്ദേഹം അന്തരിച്ചത്.

നാനൂറുനാഴിക ദൂരെ ഒരു സഥലത്തേക്കാണ് അദ്ദേഹം നാടുകടത്തപ്പെട്ടത്. അവിടെ ചിലപ്പോള്‍ അര്‍ദ്ധപട്ടിണിയായിരുന്നു; ചിലപ്പോള്‍ തണുപ്പുസഹിക്കേണ്ടിയും വന്നു. യാത്രയില്‍ അദ്ദേഹത്തിന്റെ രോഗം വര്‍ദ്ധിച്ചു. അതിനിടയ്ക്കു മുഷിഞ്ഞുപോയ വസ്ത്രം മാറി വെള്ള വസ്ത്രം അണിഞ്ഞു തിരുപാഥേയം സ്വീകരിച്ചു ‘സകലത്തിനും ദൈവത്തിനു സ്തുതി,’ എന്ന പതിവായി ചൊല്ലാറുള്ള വാക്കുകള്‍ ഉരുവിട്ടു കൊണ്ടു തന്റെ ആത്മാവിനെ അദ്ദേഹം ഈശോയ്ക്കു സമര്‍പ്പിച്ചു. പൗരസ്ത്യ സഭയിലെ നാലു മഹാ പിതാക്കന്മാരിലൊരാളാണ് ക്രിസോസ്‌തോം.


Leave a Reply

Your email address will not be published. Required fields are marked *