ഒക്ടോബര്‍ 11: വിശുദ്ധ ടരാക്കുസും പ്രാബൂസും അന്‍ഡ്രോണിക്കൂസും
ഡിയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ മതപീഡനത്തിനിടയ്ക്കു സിലീസിയായില്‍ ദൈവത്തെ മഹത്വപ്പെടുത്തിയ മൂന്നു രക്തസാക്ഷികളാണിവര്‍.
ടരാക്കൂസ് ഒരു റോമന്‍ സൈനികനാണ്. ക്രിസ്തീയ വിശ്വാസത്തിനെതിരായി പ്രവര്‍ത്തിക്കുന്നതിനു നിര്‍ബന്ധിക്കപ്പെടാതിരിക്കാന്‍ 65-ാമത്തെ വയസ്സില്‍ സൈന്യത്തില്‍നിന്നു പിരിഞ്ഞുപോന്നു.
പ്രാബൂസു പംഫീലിയാക്കാരനാണ്. ഒരു വലിയ സംഖ്യ കൊടുത്തു ക്രിസ്തുവിനെ സേവിക്കാനുള്ള സ്വാതന്ത്യം അദ്ദേഹം വാങ്ങി. അന്‍ഡ്രോണിക്ക്യൂസ് എഫേസൂസിലെ ഒരു പ്രധാന കുടുംബാംഗമാണ്.
304-ല്‍ മതമര്‍ദ്ദനം സര്‍വ്വവ്യാപകമാക്കിയപ്പോള്‍ ഈ മൂന്നുപേരേയും അറസ്റ്റു ചെയ്തു ടാര്‍സൂസിലേക്കു കൊണ്ടുപോയി. അവിടെവച്ചു ഗവര്‍ണര്‍ മാക്‌സിമൂസ് ഈ മൂന്നു രക്തസാക്ഷികളോടു നടത്തിയ സംഭാഷണം പ്രോകണ്‍സുലര്‍ രേഖയില്‍ ചേര്‍ത്തിരുന്നു.
ഗവര്‍ണരുടെ ചോദ്യങ്ങള്‍ക്ക് ഇവര്‍ നല്‍കുന്ന മറുപടി അല്പ വിശ്വാസികളെ ഇളക്കാതിരിക്കയില്ല. ടരാക്കൂസിനെ പ്രഹരിപ്പിച്ചപ്പോള്‍ അദ്ദേഹം ഗവര്‍ണറോടു പറഞ്ഞു: ‘അങ്ങ് എന്നെ ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ വിജ്ഞനാക്കിയിരിക്കുന്നു. സര്‍വ്വേശ്വരനിലും യേശു ക്രിസ്തുവിലുമുള്ള എന്റെ ശരണം വര്‍ദ്ധിച്ചിരിക്കുന്നു.’
പ്രോബൂസ് ഇങ്ങനെ ഗവര്‍ണരോടു പറഞ്ഞു: ‘അങ്ങ യുടെ മര്‍ദ്ദനങ്ങള്‍ എനിക്കു സൗരഭ്യമാണ്. യേശുക്രിസ്തു വിനെപ്രതി എത്രകണ്ടു കൂടുതല്‍ സഹിക്കുന്നുവോ അത്രകണ്ട് എന്റെ ആത്മാവ് ശക്തിപ്പെടുന്നു.’
മര്‍ദ്ദനങ്ങളെ സ്മരിച്ചുകൊണ്ടു മൂഢമായി വ്യാപരിക്കാതിരിക്കുക എന്നു ഗവര്‍ണര്‍ അന്‍ഡ്രോണിക്കുസിനോടു പറഞ്ഞ പ്പോള്‍ അദ്ദേഹം പ്രതിവചിച്ചു: ‘യേശുക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്കു ഈ മൗഢ്യം ആവശ്യമാണ്. ഭൗമികവിജ്ഞാനം നിത്യനാശത്തിലേക്കാണു നയിക്കുക.’
വിചാരണ കഴിഞ്ഞു മര്‍ദ്ദിതരായ ഈ ക്രിസ്ത്യാനികളെ മല്ലരംഗത്തു നിറുത്തി വന്യമൃഗങ്ങളെ അഴിച്ചുവിട്ടു. അനേകരെ കൊന്നു തിന്നിട്ടുള്ള സിംഹവും സിംഹിയും കരടിയും ഈ ക്രിസ്തുദാസന്മാരുടെ പാദങ്ങള്‍ സ്‌നേഹപൂര്‍വ്വം നക്കിത്തോര്‍ത്തിയതേയുള്ളു. ഇതുകണ്ടു ക്രുദ്ധനായ ഗവര്‍ണര്‍ കരടിയെ അടിച്ചുകൊല്ലാന്‍ ആജ്ഞാപിച്ചു. സിംഹത്തെ കുത്തി വേദനിപ്പിച്ചു നോക്കി. സിംഹി ഗര്‍ജ്ജിച്ചു മല്ലരംഗത്തുനിന്നു പോന്നപ്പോള്‍ ഗവര്‍ണര്‍ ഭയന്ന് അതിനെ കൂട്ടിലേക്ക് പ്രവേശിപ്പിച്ചു. അനന്തരം മല്ലന്മാരോട് ഈ മൂന്നു ക്രിസ്ത്യാനികളുടെ കഥ വാളുകൊണ്ട് അവസാനിപ്പിക്കാന്‍ ആജ്ഞാപിച്ചു. അങ്ങനെ മൂന്നു വിശുദ്ധരുണ്ടായി.