ഒക്ടോബര്‍ 23: വിശുദ്ധ ജോണ്‍ കാപ്പിസ്താനോ
ക്രിസ്തീയ വിശുദ്ധന്മാര് വലിയ ശുഭൈകദൃക്കുകളാണ്; വിപത്തുകള്‍ക്കെല്ലാം പരിഹാരം കാണാന്‍ കഴിയുന്ന ക്രിസ്തുവിലാണ് അവരുടെ ശരണം. ഇതിന് ഉത്തമോദാഹരണമായ ജോണ്‍ മധ്യ ഇററലിയില്‍ കപ്പിസ്ത്രാനോ എന്ന പ്രദേശത്ത് ജനിച്ചു. നല്ല കഴിവും ഉത്തമ വിദ്യാഭ്യാസവുമുണ്ടായിരുന്ന ജോണ്‍ 26-ാമത്തെ വയസ്സില്‍ പെരുജിയാ ഗവര്‍ണരായി നിയമിതനായി. മലാത്തെസ് റെറര്ക്കെതിരായി നടത്തിയ യുദ്ധത്തില്‍ അദ്ദേഹം തടവുകാരനായി പിടിക്കപ്പെട്ടു. മൂന്നുവര്‍ഷത്തോളം ജയിലില്‍ കിടന്നു. അവസാനം ഒരു വലിയ സംഖ്യ കൊടുത്തു സ്വതന്ത്രനായി. ജയില്‍ജീവിതം അദ്ദേഹത്തിന്റെ സ്വഭാവത്തില്‍ ഒരു വലിയ മാറ്റം വരുത്തി. വിശുദ്ധ ഫ്രാന്‍സിസ് അസീസിയെ ഒരു സ്വപ്നത്തില്‍ അദ്ദേഹം കണ്ടു. ജയിലില്‍ പോകുന്നതിനു മുമ്പ് വിവാഹം കഴിച്ചിരുന്നെങ്കിലും ഭാര്യ ഒരുമിച്ച് ജീവിക്കാനിടയായില്ല. അതിനാല്‍ ജയില്‍വാസം കഴിഞ്ഞപ്പോള്‍ വിവാഹ ബന്ധം വേര്‍പെടുത്തി മുപ്പതാമത്തെ വയസ്സില്‍ ഫ്രന്‍സിസ്ക്കന്‍ സഭയില്‍ ചേര്‍ന്നു. അവിടെ അനുഗൃഹീതവാഗ്മിയായ സീയെന്നായിലെ വിശുദ്ധ ബെര്‍ണര്‍ഡിന്‍ ആയിരുന്നു അദ്ദേഹത്തിന്റെ ഗുരു. നാലാംവര്‍ഷം അദ്ദേഹം വൈദികനായി.
മതപരമായി ഭയങ്കര അനാസ്ഥ കളിയാടിയിരുന്ന അക്കാലത്ത് ഫാദര്‍ ജോണിന്റെ പ്രസംഗം 20,000 മുതല്‍ 30,000 വരെ ആളുകളെ ആകര്‍ഷിച്ചിരുന്നു. ബഷ്യായില് ഒരിക്കല്‍ 1,26,000 ആളുകള്‍ അദ്ദേഹത്തിന്റെ പ്രസംഗത്തിന് വന്നുചേരുകയുണ്ടായി. ലത്തീനിലാണ് അദ്ദേഹം പ്രസംഗിച്ചിരുന്നത്. മറ്റാളുകള്‍ പ്രസംഗം അനഭ്യസ്തവിദ്യര്‍ക്ക് പരിഭാഷപ്പെടുത്തി കൊടുത്തുകൊണ്ടിരുന്നു. പ്രസംഗത്തോടൊപ്പം അത് ഭുതകരമായ രോഗശമനങ്ങളും നടന്നിരുന്നു. ഒരിക്കല്‍ അദ്ദേഹത്തിന്റെ ആശീര്‍വാദം സ്വീകരിക്കാനായി 2000 രോഗികളുണ്ടായിരുന്നു. ഈശോയുടെ തിരുനാമത്തോടുള്ള ഭക്തി വിശുദ്ധ ബെര്ണാര്ഡിനെപ്പോലെ അദ്ദേഹവും വളരെ ഊന്നിപ്പറഞ്ഞിരുന്നു.
ഫ്രാന്‍സിസ്ക്കന്‍ സഭ അന്ന് അരാജകത്വത്തില്‍ കഴിയുകയായിരുന്നു. ഫാദര്‍ ജോണിന്റെ അശ്രാന്ത പരിശ്രമത്താല്‍ ഫ്രാത്രിസെല്ലി എന്ന പാഷണ്ഡഭാഗത്തെ അദ്ദേഹം തള്ളിക്കളഞ്ഞു: അങ്ങനെ ശേഷം പേര്‍ക്ക് സമാധാനത്തില്‍ നിയമം അനുസരിക്കാന്‍ കഴിഞ്ഞു. 1431-ല്‍ ഒബ്സെര്വന്റ്സ് എന്ന ഫ്രന്‍സിസ്ക്കന്‍ വിഭാഗത്തിന്റെ മിനിസ്റ്റര്‍ ജനറലായി ഫാദര്‍ ജോണ്‍ തിരഞ്ഞെടുക്കപ്പെട്ടു.
ഗ്രീക്കു സഭയും ആര്‍മീനിയന്‍ സഭയും തമ്മിലുണ്ടായിരുന്ന ഭിന്നിപ്പ് അദ്ദേഹം അവസാനിപ്പിച്ചു; എന്നാല്‍ ആ യോജിപ്പു അധികം നീണ്ടുനിന്നില്ല. നാലു മാര്‍പ്പാപ്പാമാര്‍ ഫാദര്‍ ജോണിനെ തങ്ങളുടെ പ്രതിനിധിയായി പലസ്തീനാ, പോളണ്ട്, ഫ്രാന്‍സ്, ഓസ്ട്രിയാ, ബൊഹീമിയ മുതലായ സ്ഥലങ്ങളിലേക്ക് അയയ്ക്കുകയുണ്ടായി. മിക്കകാര്യങ്ങളിലും അദ്ദേഹം വിജയം നേടി. ബൊഹീമിയായില് ഹുസ്സൈറ്റ്സിനെ മാനസാന്തരപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഫ്രാന്‍സില്‍ പുവര്ക്ലെയേഴ്സിന്റെ നവീകരണ ജോലിയില്‍ വിശുദ്ധ കോളെറ്റിനെ സഹായിക്കാനും സാധിച്ചു.
തുര്‍ക്കികള്‍ 1453-ല്‍ കോണ്‍സ്ററാന്റിനോപ്പിള്‍ പിടിച്ചടക്കി. അവര്‍ക്കെതിരായി ഒരു കുരിശുയുദ്ധം പ്രസംഗിക്കാന്‍ ഫാദര്‍ ജോണ്‍ നിയോഗിക്കപ്പെട്ടു. ഹങ്കറിക്കാര്‍ അദ്ദേഹത്തോട് സഹകരിച്ചു; ഓസ്ട്രിയായും ബവേരിയായും മാറിനിന്നു. അദ്ദേഹം തന്നെ ഒരു സൈന്യവിഭാഗത്തെ നയിച്ചു വിജയംവരിച്ചു. കീഴടങ്ങാന്‍ തുടങ്ങിയ യോദ്ധാക്കളുടെ ഇടയില്‍ക്കൂടെ കുരിശുമെടുത്താണ് അദ്ദേഹം അവരെ നയിച്ചത്. ക്ഷീണിതനായ ഫാദര്‍ ജോണ്‍ യുദ്ധം കഴിഞ്ഞു മൂന്നാം മാസം 1451 ഒക്ടോബര്‍ 23-ാം തീയതി അന്തരിച്ചു.
ഫാദര്‍ ജോണിന്റെ കാലത്താണ് മൂന്നു മാര്‍പ്പാപ്പാമാര്‍ ഒരേ സമയത്ത് വാഴാനിടയായ പാശ്ചാത്യ ശീശ്മ ഉണ്ടായത്. ഒരു വസന്തകൊണ്ട് 40 ശതമാനം വൈദികരും 33 ശതമാനം ആമേയരും അന്തരിക്കുകയുണ്ടായി. എന്നിട്ടും ക്രിസ്തുവില്‍ അദ്ദേഹത്തിനുണ്ടായ ശരണത്തിന് കുറവൊന്നുമുണ്ടായില്ല. അതാണു ശുഭൈകദൃക്ഭാവം.