ക്രൈസ്തവ അവകാശ സംരക്ഷണത്തിനായി നാഷണല്‍ ഫെഡറേഷന്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ രൂപീകരിച്ചു


ഇന്ത്യയിലെ വിവിധ ക്രൈസ്തവ സഭകളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും വെല്ലുവിളികളെ നേരിടുന്നതിനുമായി നാഷണല്‍ ഫെഡറേഷന്‍ ഓഫ് ചര്‍ച്ചസ് ഇന്‍ ഇന്ത്യ (NFCI) ഔദ്യോഗികമായി നിലവില്‍ വന്നു. ബെംഗളൂരുവിലെ സെന്റ് ജോണ്‍സ് നാഷണല്‍ അക്കാദമി ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ നടന്ന നാലാമത് ദേശീയ എക്യുമെനിക്കല്‍ ബിഷപ്പുമാരുടെ ഫെലോഷിപ്പ് മീറ്റിങ്ങിലാണ് ചരിത്രപരമായ പ്രഖ്യാപനമുണ്ടായത്. ഭാരതത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സഭകള്‍ക്കിടയില്‍ ഐക്യം വളര്‍ത്തുന്നതിനുമുള്ള നിര്‍ണ്ണായക നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

വിശ്വാസികള്‍ക്കും വൈദികര്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍, വിവിധ സംസ്ഥാനങ്ങളിലെ കര്‍ശനമായ മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങള്‍, വിദേശ സഹായ നിയന്ത്രണ നിയമത്തിലെ ഭേദഗതികളിലൂടെ സഭാ സ്വത്തുക്കള്‍ ഏറ്റെടുക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയ ഗുരുതരമായ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ഇത്തരമൊരു ദേശീയ വേദിക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചത്. സഭകളുടെ വ്യക്തിത്വവും പാരമ്പര്യങ്ങളും സംരക്ഷിച്ചുകൊണ്ട് തന്നെ, പൊതുവായ വിഷയങ്ങളില്‍ ഏകീകൃതമായ ഒരു നിലപാട് ദേശീയതലത്തില്‍ ഉയര്‍ത്തുകയാണ് ഫെഡറേഷന്റെ പ്രധാന ലക്ഷ്യം. കഴിഞ്ഞ രണ്ട് വര്‍ഷമായി നടന്നുവന്ന നിരന്തരമായ ചര്‍ച്ചകള്‍ക്കും മാര്‍ഗ്ഗരേഖാ രൂപീകരണത്തിനും ശേഷമാണ് സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നത്.

ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പും സിബിസിഐ പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ ആന്റണി പൂലയെ ഫെഡറേഷന്റെ ചെയര്‍മാനായി തിരഞ്ഞെടുത്തു. ആര്‍ച്ച് ബിഷപ് ജോസഫ് ഡിസൂസ, പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, സിഎസ്‌ഐ കര്‍ണാടക സെന്‍ട്രല്‍ ഡയോസിസ് ബിഷപ് വിന്‍സെന്റ് വിനോദ് കുമാര്‍ എന്നിവരാണ് കണ്‍വീനര്‍മാര്‍. വിവിധ ക്രൈസ്തവ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് ആര്‍ച്ച് ബിഷപ്പുമാരും ബിഷപ്പുമാരും സഭാ പ്രതിനിധികളും ഉള്‍പ്പെടെ 45-ഓളം പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

ക്രൈസ്തവ സമൂഹത്തിന് വേണ്ടി സംസാരിക്കാന്‍ നിലവില്‍ പല സംഘടനകള്‍ ഉണ്ടെങ്കിലും, എല്ലാ വിഭാഗങ്ങളെയും ഒരേപോലെ ഉള്‍ക്കൊള്ളുന്ന ഒരു പരമോന്നത സമിതിയുടെ അഭാവം പുതിയ ഫെഡറേഷനിലൂടെ പരിഹരിക്കപ്പെടുമെന്ന് ചടങ്ങില്‍ സംബന്ധിച്ചവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. മാര്‍ ജോസഫ് കല്ലറങ്ങാട്ട് യോഗം ഉദ്ഘാടനം ചെയ്തു. സഭകള്‍ തമ്മിലുള്ള സംഭാഷണവും സഹകരണവും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ആര്‍ച്ച് ബിഷപ് ജോസഫ് ഡിസൂസ ചൂണ്ടിക്കാട്ടി. കൗണ്‍സില്‍ ഓഫ് ഇവാഞ്ചലിക്കല്‍ ചര്‍ച്ചസ് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി ബിഷപ് അഖിലേഷ് എഡ്ഗര്‍ സമര്‍പ്പണ പ്രാര്‍ത്ഥനയ്ക്കും ബിഷപ്പ് വിന്‍സെന്റ് വിനോദ് കുമാര്‍ ആശീര്‍വാദത്തിനും നേതൃത്വം നല്‍കി. വരും ദിവസങ്ങളില്‍ സഭകളുടെയും വിശ്വാസികളുടെയും പൊതുവായ പ്രശ്‌നങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്താനാണ് എന്‍എഫ്‌സിഐയുടെ തീരുമാനം.

Author

  • മലബാര്‍ വിഷന്‍ അസിസ്റ്റന്റ് എഡിറ്റര്‍.
    ദീപിക, ധനം ബിസിനസ് മാഗസിന്‍ എന്നിവിടങ്ങളില്‍ സബ് എഡിറ്ററായും ചാവറ ആഡ് മീഡിയയില്‍ കോപ്പി എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.