കെസിവൈഎം ഹോളി കാരവാന്‍ നൂറ് ഇടവകകള്‍ പിന്നിട്ട് പ്രയാണം തുടരുന്നു
താമരശ്ശേരി: രൂപതയുടെ റൂബി ജൂബിലി പദ്ധതികളുടെ ഭാഗമായി കെസിവൈഎം രൂപതാ സമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഹോളി കാരവാന്‍ തിരുശേഷിപ്പ് പ്രയാണം നൂറ് ഇടവകകള്‍ പിന്നിട്ടു. കഴിഞ്ഞ മാര്‍ച്ച് ഒന്നിന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ ആശീര്‍വാദത്തോടുകൂടി രൂപതാ ഭവനില്‍ നിന്നും ആരംഭിച്ച യാത്രയ്ക്ക് വിലങ്ങാട് സെന്റ് ജോര്‍ജ് ഫൊറോന ദേവാലയത്തില്‍ ആദ്യ സ്വീകരണം നല്‍കി. തുടര്‍ന്ന് മരുതോങ്കര, താമരശ്ശേരി, കൂരാച്ചുണ്ട്, കോടഞ്ചേരി, തിരുവാമ്പാടി, തോട്ടുമുക്കം, കരുവാരകുണ്ട്, പെരിന്തല്‍മണ്ണ ഫൊറോനകളിലെ 100 ഇടവകകള്‍ പിന്നിട്ടു പ്രയാണം തുടരുന്നു.
”നമുക്ക് വിശുദ്ധരായ യുവജനങ്ങള്‍ വേണം, നമുക്ക് വിശുദ്ധരായി യുവജനങ്ങളെ വളര്‍ത്തുന്ന വിശുദ്ധരായ മാതാപിതാക്കള്‍ വേണം, ദിവ്യകാരുണ്യ ഭക്തിയിലൂടെ വിശുദ്ധനായി തീരുന്ന ദൈവജനം വേണം, ഈ മൂന്ന് ലക്ഷ്യങ്ങളോടെയാണ് തിരുശേഷിപ്പ് പ്രയാണം സംഘടിപ്പിക്കുന്നത്. പിന്നിട്ട ഇടവകകളിലെല്ലാം ഊഷ്മളമായ വരവേല്‍പ്പാണ് കാരവാന് ലഭിച്ചത്. ഒപ്പം നടന്നവര്‍ക്കും പ്രയാണത്തിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കുകയും പ്രയത്‌നിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി അര്‍പ്പിക്കുന്നു” -കെസിവൈഎം രൂപതാ ഡയറക്ടര്‍ ഫാ. ജോര്‍ജ് വെള്ളയ്ക്കാകുടിയില്‍ പറഞ്ഞു.
വാഴ്ത്തപ്പെട്ട കാര്‍ലോ അക്വിറ്റസ്, വിശുദ്ധ കൊച്ചുത്രേസ്യായുടെ മാതാപിതാക്കളായ വിശുദ്ധ ലൂയി മാര്‍ട്ടിന്‍- സെലി ഗ്വെരിന്‍ ദമ്പതികള്‍, വിശുദ്ധ പോള്‍ ആറാമന്‍ മാര്‍പാപ്പ, വിശുദ്ധ അല്‍ഫോന്‍സാമ്മ, വിശുദ്ധ മറിയം ത്രേസ്യ, വിശുദ്ധ ചാവറയച്ചന്‍, വിശുദ്ധ എവുപ്രാസ്യാമ്മ, വിശുദ്ധ ദേവസഹായം പിള്ള, വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍, വാഴ്ത്തപ്പെട്ട റാണി മരിയ എന്നിവരുടെ തിരുശേഷിപ്പുകള്‍ ആണ് സംവഹിക്കുന്നത്.
വിശുദ്ധാത്മാക്കളുടെ ജീവചരിത്ര – എക്‌സിബിഷന്‍, വിശുദ്ധ കുര്‍ബാന, ആരാധന, ഡോക്യുമെന്ററി പ്രദര്‍ശനം, ആത്മീയ പ്രഭാഷണം, തിരുശേഷിപ്പ് വന്ദനം എന്നിവയാണ് പ്രയാണത്തോട് അനുബന്ധിച്ച് നടത്തുന്നത്.
മലപ്പുറം, പാറോപ്പടി ഫൊറോനകളില്‍ പര്യടനം പൂര്‍ത്തിയാക്കി ജൂലൈ എട്ടിന് പാറോപ്പടി സെന്റ് ആന്റണീസ് ഫെറോന ദേവാലയത്തില്‍ പ്രയാണം സമാപിക്കും. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സമാപന ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും.