ഏഷ്യാമൈനറില്‍ ലിസിയ എന്ന പ്രദേശത്തുള്ള പത്താറ എന്ന ഗ്രാമത്തിലാണ് നിക്കൊളാസ് ജനിച്ചത്. ബാല്യം മുതല്‍ ബുധനാഴ്ച്ചയും വെള്ളിയാഴ്ച്ചയും അദേഹം ഉപവസിച്ചിരുന്നു. കാലാന്തരത്തില്‍ ഭക്തഭ്യാസങ്ങളും പ്രായശ്ചിത്തങ്ങളും വര്‍ദ്ധിച്ചു. വിശുദ്ധ സിയോനിലെ ആശ്രമത്തില്‍ ചേര്‍ന്ന നാള്‍ മുതല്‍ എല്ലാ പുണ്യങ്ങളിലും അദ്ദേഹം അഭിവൃദ്ധിപ്പെട്ടുകൊണ്ടിരുന്നു. ദരിദ്രരോടുള്ള സ്‌നേഹം അദേഹത്തിന്റെ പ്രത്യേക ഗുണ വിശേഷമായിരുന്നു. ഒരു വീട്ടിലെ മൂന്ന് അവിവാഹിത കന്യകകള്‍ നാശത്തിലേക്ക് നീങ്ങാന്‍ ഇടയുണ്ടെന്ന് കണ്ടപ്പോള്‍ അദേഹം അവരുടെ വിവാഹത്തിനാവശ്യമായ പണം മൂന്നു പ്രാവശ്യമായി രാത്രിയില്‍ ആ വീട്ടില്‍ കൊണ്ടിട്ടുകൊടുത്തു. മൂന്നാമത്തെ പ്രാവശ്യം ഗൃഹനാഥന്‍ ഇതുകണ്ട് അദേഹത്തിന്റെ കാല്‍ മുത്തിയിട്ട് ചോദിച്ചു: ”നിക്കൊളാസ് അങ്ങ് എന്തിന് എന്നില്‍ നിന്ന് മറഞ്ഞു നില്‍ക്കുന്നു. അങ്ങല്ലെ എന്റെയും എന്റെ മക്കളുടെയും ആത്മാക്കളെ നരകത്തില്‍ നിന്നും രക്ഷിച്ചത്.”
ഈ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയാണ് ക്രിസ്മസ് പാപ്പാ അഥവാ സാന്റാ ക്ലോസ് വിശുദ്ധ നിക്കോളാസ് ആണെന്ന് പറയുന്നത്. പിന്നീട് അദ്ദേഹം മീറായിലെ മെത്രാനാവുകയും 350ല്‍ കര്‍ത്താവില്‍ നിദ്രപ്രാപിക്കുകയും ചെയ്തു. പാശ്ചാത്യവും പൗരസ്ത്യവുമായ ദേവാലയങ്ങളിലെല്ലാം ഒരു പോലെ വന്ദിച്ചു പോന്നിരുന്ന വിശുദ്ധ നിക്കൊളാസിന്റെ നാമത്തില്‍ പ്രാചീന കാലത്ത് അനേകം ദേവാലയങ്ങളും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.