Tuesday, January 28, 2025
Special Story

സ്ത്രീകള്‍ക്ക് വിവാഹത്തിന്റെ സാക്ഷികളാകാമോ?


ചോദ്യം: സഭയിലെ ഏതാണ്ട് എല്ലാ രംഗങ്ങളിലും സ്ത്രീകള്‍ക്ക് നല്ല രീതിയില്‍ പ്രാതിനിധ്യം നല്‍കുന്നുണ്ട്. എന്നാല്‍ ഒത്തുകല്യാണത്തിനും വിവാഹത്തിനും സാക്ഷികളായി സ്ത്രീകളെ കാണാറില്ല. ഇത് നിയമം മൂലം വിലക്കപ്പെട്ടതാണോ?

നമ്മുടെ സാധാരണ ജീവിതവുമായി വളരെ അടുത്തുനില്‍ക്കുന്ന ഒരു യാഥാര്‍ത്ഥ്യത്തെക്കുറിച്ചാണ് ചോദ്യകര്‍ത്താവ് സംശയമുന്നയിച്ചിരിക്കുന്നത്. സഭ എന്നത് വിശ്വാസികളുടെ കൂട്ടായ്മയാണ്. സഭാ നിയമങ്ങളില്‍ ക്രൈസ്തവ വിശ്വാസികളെ നിര്‍വചിച്ചിരിക്കുന്നത് എപ്രകാരമെന്ന് മനസിലാക്കുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരത്തിലേയ്ക്കുള്ള പ്രവേശനകവാടമാണ്.

‘മാമ്മോദീസയിലൂടെ ക്രിസ്തുവില്‍ ചേര്‍ക്കപ്പെട്ട് ദൈവജനമായി സ്ഥാപിക്കപ്പെട്ടവരാണ് ക്രൈസ്തവ വിശ്വസികള്‍. ഇക്കാരണത്താല്‍ ക്രിസ്തുവിന്റെ പുരോഹിത, പ്രവാചക, രാജകീയ ധര്‍മ്മത്തില്‍ തങ്ങളുടെതായ രീതിയില്‍ ഭാഗഭാക്കുകളായിക്കൊണ്ട് ലോകത്തില്‍ പൂര്‍ത്തിയാക്കുവാനായി ദൈവം സഭയെ ഭരമേല്‍പ്പിച്ചിരിക്കുന്ന ദൗത്യം തങ്ങളുടെ ജീവിതാവസ്ഥയ്ക്കനുസരിച്ച് നിര്‍വഹിക്കുവാന്‍ വിളിക്കപ്പെട്ടവരാണ് അവര്‍’ (CCEO c. 7, CIC c. 204). ക്രൈസ്തവ വിശ്വാസികളെ സ്ത്രീയെന്നോ പുരുഷനെന്നോ തരംതിരിക്കാതെ നല്‍കിയിരിക്കുന്ന ഈ വിശദീകരണം സഭയില്‍ പുരുഷനും സ്ത്രീയും തമ്മില്‍ നിലനില്‍ക്കുന്ന അടിസ്ഥാനപരമായ തുല്ല്യതയുടെ പ്രകടനമാണ്. ക്രിസ്തുവിന്റെ രാജകീയ പൗരോഹിത്യത്തില്‍ പങ്കുപറ്റുന്ന സ്ത്രീയും പുരുഷനും ഒരേപോലെ ദൈവകല്‍പ്പിതമായ ദൗത്യം നിറവേറ്റാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. ഓരോരുത്തരും തങ്ങളുടെ ജീവിതാവസ്ഥയ്ക്കനുസരിച്ച് വ്യത്യസ്തങ്ങളായ ഉത്തരവാദിത്തങ്ങള്‍ സഭയില്‍ നിര്‍വഹിക്കുന്നു എന്നുമാത്രം. ഉത്തരവാദിത്തങ്ങളുടെ വൈവിധ്യം അസമത്വമായി കാണുന്നിടത്താണ് കാഴ്ചപ്പാടുകള്‍ വ്യതിചലിക്കുന്നത്.

ചോദ്യത്തിലേയ്ക്കു വരാം. നമ്മുടെ ഇടവകകളില്‍ നടക്കുന്ന വിവാഹ മനസമ്മതവേളകളില്‍ പുരുഷന്മാരാണ് എപ്പോഴും സാക്ഷികളായി നില്‍ക്കുന്നത്. സഭാ നിയമത്തില്‍, 2 സാക്ഷികള്‍ വിവാഹം പരികര്‍മ്മം ചെയ്യുന്ന സ്ഥലത്ത് ഉണ്ടായിരിക്കണമെന്നേ സഭാനിയമം പറയുന്നുള്ളു (CCEO c. 828 §1, CIC c. 1108 §1). സാക്ഷികള്‍ ആരായിരിക്കണമെന്നോ അവര്‍ക്കുണ്ടായിരിക്കേണ്ട യാഗ്യതകള്‍ എന്തായിരിക്കണമെന്നോ സഭാ നിയമം പറയുന്നില്ല. മാമ്മോദീസയുടെ അവസരത്തില്‍ തലതൊടുന്നവര്‍ക്ക് കുഞ്ഞിന്റെ വിശ്വസജീവിതവുമായി ബന്ധപ്പെട്ട ഉത്തരാദിത്തങ്ങള്‍ ഉള്ളതുപോലെ യാതൊരു കടമയും വിവാഹത്തിന്റെ സാക്ഷികള്‍ക്ക് ഇല്ല. സഭാനിയമത്തില്‍ നിന്നു വ്യക്തമാകുന്ന കാര്യം ഇതുമാത്രമാണ്: ഒന്നാമതായി, സാക്ഷികള്‍ വിവാഹം നടക്കുമ്പോള്‍ ദേവാലയത്തില്‍ സന്നിഹിതരായിരിക്കണം. രണ്ടാമതായി, അവരുടെ സാന്നിധ്യത്തില്‍ അവിടെ നടക്കുന്ന കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിവുള്ളവരായിരിക്കണം. ഇതില്‍ കൂടുതലൊന്നും നിയമം നേരിട്ടു പറയുന്നില്ല.

എന്നാല്‍, സഭാനിയമത്തിന്റെ അന്തഃസത്ത കണക്കിലെടുക്കുമ്പോള്‍ സാക്ഷികള്‍ക്കുണ്ടായിരിക്കേണ്ട യോഗ്യതകള്‍ ന്യായമായും അനുമാനിക്കാവുന്ന ചില കാര്യങ്ങള്‍ക്കൂടി കണക്കിലെടുത്തായിരിക്കണം നിശ്ചയിക്കുന്നത്. സഭയുടെ പൊതു
വായ വ്യവഹാരക്രമത്തില്‍ (processes) സാക്ഷികളായി വരുന്നവരെക്കുറിച്ചുള്ള ഉപാധികളില്‍ ചിലത് ഇവിടെ പ്രസക്തമാകുന്നു. 14 വയസില്‍ താഴെയുള്ള പ്രായപൂര്‍ത്തിയാകാത്തവര്‍ക്കും, (സിവില്‍ നിയമത്തില്‍ പ്രായപൂര്‍ത്തി 18 വയസിലാണ്, സഭാ നിയമത്തില്‍ 14 വയസിന് പ്രസക്തിയുണ്ട്) ബുദ്ധിമാന്ദ്യമുള്ളവര്‍ക്കും സാക്ഷ്യം നല്‍കാന്‍ സാധിക്കില്ല (CCEO c. 1231 §1, CIC c. 1550). ഈ 2 കാര്യങ്ങള്‍ വിവാഹത്തിന് സാക്ഷികളാകുന്നവര്‍ക്കും, അതിന്റെ സ്വഭാവത്താല്‍ത്തന്നെ, ബാധകമാണ് എന്ന് വ്യക്തമാണ്. തങ്ങള്‍ സാക്ഷികളാകുന്ന വിവാഹത്തെ സംബന്ധിച്ച് പിന്നീട് കോടതികളില്‍ സാക്ഷ്യപ്പെടുത്തുവാന്‍ ഇവര്‍ ബാദ്ധ്യസ്ഥരാണ് എന്നതും ഇവിടെ ഓര്‍മ്മിക്കേണ്ടതുണ്ട്. നിയമത്തിന്റെ കൃത്യമായ വ്യാഖ്യാനത്തില്‍ നിന്ന് സഭാ ജീവിതത്തിന്റെ പ്രായോഗികതയുടെ തലത്തിലേയ്ക്ക് വരുമ്പോള്‍, സാക്ഷികള്‍ കൂദാശകളെപ്പറ്റി അറിവുള്ളവരും സഭാശുശ്രൂഷകളോട് അടുപ്പമുള്ളവരുമായിരിക്കുന്നതാണ് ഉചിതമെന്നും ഇവിടെ കൂട്ടിച്ചേര്‍ക്കുവാന്‍ ആഗ്രഹിക്കുന്നു.

മേല്‍പ്പറഞ്ഞതില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. സാക്ഷികള്‍ സ്ത്രീയോ പുരുഷനോ എന്ന് സഭാനിയമം പറയുന്നില്ല. നിയമത്തിന്റെ വ്യാഖ്യാനത്തിലും ഇത്തരമൊരു വേര്‍തിരിവ് കാണുന്നില്ല. ക്രൈസ്തവ വിശ്വാസികള്‍ എന്ന പൊതുമേല്‍വിലാസത്തില്‍ വരുന്ന ആര്‍ക്കും നിര്‍വഹിക്കാവുന്ന ദൗത്യമാണ് സാക്ഷികളുടെത്. അതിനാല്‍ സ്ത്രീകള്‍ക്കും വിവാഹമെന്ന കൂദാശ പരികര്‍മ്മം ചെയ്യുമ്പോള്‍ നിയമം അനുശാസിക്കുന്ന വിധത്തില്‍ സാക്ഷികളായി പങ്കെടുക്കാം എന്ന് വ്യക്തമാണ്. സഭാനിയമം ഇക്കാര്യത്തില്‍ യാതൊരു നിരോധനവും നല്‍കിയിട്ടില്ല.

നിയമം ഇതായിരിക്കേ, വിദ്യാഭ്യാസ രംഗത്തും സാസ്‌കാരിക മേഖലകളിലും, സഭാജീവിതത്തിലും ആണ്‍പെണ്‍ വ്യത്യാസമില്ലാതെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴും, പ്രായോഗിക മേഖലകളില്‍ എന്തുകൊണ്ട് സ്ത്രീകള്‍ അവഗണിക്കപ്പെടുന്നു എന്നത് ചിന്തിക്കേണ്ടതാണ്. നമ്മുടെ പാരമ്പര്യങ്ങളും ആചാരങ്ങളും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. നമ്മുടെ സാമൂഹ്യവ്യവസ്ഥിതിയില്‍ നിയമങ്ങള്‍ക്കുമപ്പുറമുള്ള പുരുഷമേധാവിത്തം സ്വാഭാവികമായും സഭാജീവിതത്തിലും ദൃശ്യമാണ്. അത് കാലഘട്ടത്തിലുടെ രൂപപ്പെട്ട ഒരു ശൈലിയാണ്. സമൂഹത്തിലും സഭയിലും ഓരോരുത്തരുടെയും ജീവിതാവസ്ഥയ്ക്കനുസൃതമായി നിശ്ചയിക്കപ്പെട്ട ഉത്തരവാദിത്തങ്ങള്‍ കണക്കിലെടുക്കുമ്പോഴും സ്ത്രീപുരുഷ സമത്വത്തിലെത്താന്‍ ഇനിയും വഴിയേറെ യാത്ര ചെയ്യണം. ഇക്കാര്യത്തില്‍, പ്രത്യയശാസ്ത്രങ്ങളുടെയും ‘ഇസ’ങ്ങളുടെയും മുഖം മൂടിയില്ലാതെ സഭാഗാത്രത്തെ പടുത്തുയര്‍ത്താന്‍ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ സഹകരിച്ച് പ്രവര്‍ത്തിക്കണം.

മനസമ്മതം ഒരു കൂദാശയല്ല. സഭാനിയമപരമായ ഒരു ബാധ്യതയും ഉത്തരവാദിത്തവും വിവാഹവാഗ്ദാനം നടത്തിയതുകൊണ്ട് രൂപപ്പെടുന്നുമില്ല. വിവാഹത്തിന് സാക്ഷികളായി പങ്കെടുക്കാവുന്ന സ്ത്രീകള്‍ക്ക് വിവാഹവാഗ്ദാനത്തിനും സാക്ഷികളാകാം. ക്രൈസ്തവ വിശ്വാസികള്‍ക്ക് മാമ്മോദീസയിലുടെ ലഭിച്ച തുല്ല്യതയുടെ മാനങ്ങള്‍ അനുദിന ജീവിതത്തില്‍ ഇനിയും കണ്ടെത്തേണ്ടതുണ്ട് എന്നത് ഈ ചോദ്യത്തിന്റെ പശ്ചാത്തലത്തില്‍ ഉയരുന്ന വസ്തുതയാണ്. എഴുതപ്പെട്ട നിയമങ്ങള്‍ നല്‍കുന്ന സാധ്യതകളും അവസരങ്ങളും പലപ്പോഴും നിഷേധിക്കപ്പെടുന്നത് വര്‍ഷങ്ങളായി രൂപപ്പെട്ട മനോഭാവത്തിന്റെ മറവിലാണ്. മാറ്റം വരേണ്ടതും ഈ മനോഭാവത്തിനുതന്നെ.


Leave a Reply

Your email address will not be published. Required fields are marked *