Special Story

മരിച്ചവരുടെ പുനരുത്ഥാനവുംമൃതദേഹം ദഹിപ്പിക്കലും


ചോദ്യം: ക്രൈസ്തവവിശ്വാസിയുടെ മൃതദേഹം ദഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സഭയുടെ നിലപാട് എന്താണ്? അത് സഭയുടെ വിശ്വാസവുമായി ചേര്‍ന്നുപോകുന്നതാണോ?

മരണാനന്തരജീവിതത്തില്‍ വിശ്വസിക്കാത്ത റോമാക്കാര്‍ തങ്ങളുടെ മരിച്ചവരെ ദഹിപ്പിച്ചിരുന്നു. എന്നാല്‍, മരണാനന്തരജീവിതത്തില്‍ വിശ്വാസമര്‍പ്പിച്ച ക്രിസ്ത്യാനികള്‍ തങ്ങളുടെ മരിച്ചവരെ സംസ്‌കരിക്കുകയാണ് ചെയ്തത്. ദഹിപ്പിക്കല്‍ തങ്ങളുടെ വിശ്വാസത്തിന് എതിരായി അവര്‍ കരുതിയിരുന്നു. 1917-ല്‍ രൂപപ്പെടുത്തിയ സഭാനിയമസംഹിതയില്‍ (1917 Code of Canon Law) മൃതദേഹം അതിവേഗം നീക്കംചെയേണ്ട സാഹചര്യങ്ങളില്‍മാത്രം (ഉദാ: പ്ലേഗ്, ദുരന്തങ്ങള്‍ തുടങ്ങിയവ) മൃതദേഹം ദഹിപ്പിക്കുന്നതിന് അനുമതി നല്കിയിരുന്നു. 1963- ല്‍ അന്നത്തെ വിശ്വാസ തിരുസംഘം പുറപ്പെടുവിച്ച ഒരു രേഖയിലൂടെയാണ് (Piam et Constantem) കത്തോലിക്കസഭയുടെ ഈ വിഷയത്തിലുളള നിലപാടില്‍ അയവുവരുന്നത്.

മൃതദേഹം സംസ്‌കരിക്കുന്നതാണ് ശരിയായ രീതിയെന്ന് അടിവരയിട്ടു പറയുന്ന ആ രേഖയില്‍ ദഹിപ്പിക്കല്‍ അതില്‍ത്തന്നെ ക്രൈസ്തവവിശ്വാസത്തിന് എതിരല്ല എന്ന കാഴ്ചപ്പാട് നല്കുകയുണ്ടായി. മരണശേഷം മൃതദേഹം ദഹിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന വ്യക്തി ക്രൈസ്തവവിശ്വാസസംഹിതയെയോ പുനരുത്ഥാനത്തിലുളള വിശ്വാസത്തെയോ എതിര്‍ക്കുന്നതിന് വേണ്ടിയായിരിക്കരുത് ഇപ്രകാരം ചെയ്യുന്നത് എന്നത് ഉറപ്പുവരുത്തേണ്ടിയിരുന്നു എന്നുമാത്രം.

1963-ലെ വത്തിക്കാന്‍രേഖയുടെ അടിസ്ഥാനത്തില്‍വന്ന മൃതദേഹം ദഹിപ്പിക്കലുമായി ബന്ധപ്പെട്ട പുതിയ കാഴ്ചപ്പാട് 1983-ലും 1990-ലും തയ്യാറാക്കിയ കാനന്‍നിയമസംഹിതകളില്‍ പ്രതിഫലിച്ചു.

പൗരസ്ത്യസഭകളുടെ കാനന്‍നിയമത്തില്‍ ഇപ്രകാരം പറയുന്നു. ”തങ്ങളുടെ ശരീരം ദഹിപ്പിക്കണമെന്നു തീരുമാനമെടുത്തവര്‍ ക്രിസ്തീയ ജീവിതത്തിന് വിരുദ്ധമായ കാരണങ്ങളാലല്ല അങ്ങനെ ചെയ്തതെങ്കില്‍ അവര്‍ക്കു സഭാപരമായ മൃതസംസ്‌കാരം നല്‍കേണ്ടതാണ്. എങ്കിലും ദഹിപ്പിക്കുന്നതിനെക്കാള്‍ സംസ്‌കരിക്കുന്നതിനാണു സഭ കൂടുതല്‍ മുന്‍ഗണന കൊടുക്കേണ്ടതെന്നു മൃതസംസ്‌കാര ശുശ്രൂഷയില്‍ വ്യക്തമാക്കേണ്ടതും ഉതപ്പ് ഒഴിവാക്കേണ്ടതുമാണ്” (CCEO. c. 876 § 3). വിശ്വാസവിരുദ്ധമായ കാരണങ്ങളാലാണു മൃതദേഹം ദഹിപ്പിക്കുന്നതെങ്കില്‍ അനുവാദം നിഷേധിക്കണമെന്നു ലത്തീന്‍ കാനന്‍നിയവും അനുശാസിക്കുന്നു (CIC. c. 1176).

കാനന്‍നിയമങ്ങളില്‍ പ്രതിപാദിച്ച വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് വിശ്വാസികളുടെ മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നരീതി ക്രമേണ യൂറോപ്യന്‍രാജ്യങ്ങളിലും അമേരിക്കന്‍സംസ്ഥാനങ്ങളിലും സ്വീകാര്യത നേടുകയുണ്ടായി. വിവിധമെത്രാന്‍സമിതികള്‍ ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയെങ്കിലും ഈ വിഷയത്തില്‍ വ്യക്തമായ പൊതുനിര്‍ദ്ദേശങ്ങള്‍ വത്തിക്കാന്‍ നല്‍കുന്നത് 2016-ലാണ്.

2016 ആഗസ്റ്റ് 15-ന് പുറത്തിറക്കിയ ഔദ്യോഗികരേഖയിലാണ് (Ad Resurgendum cum Cristo) മൃതദേഹം ദഹിപ്പിക്കുന്ന സാഹചര്യത്തെക്കുറിച്ചും ചിതാഭസ്മം എപ്രകാരമാണ് സൂക്ഷിക്കേണ്ടത് എന്നതിനെക്കുറിച്ചും വ്യക്തമായി പ്രതിപാദിക്കുന്നത്. സഭയിലെ രണ്ട് കാനന്‍നിയമസംഹിതകളുടെയും സാര്‍വത്രികസഭയുടെ മതബോധനഗ്രന്ഥത്തിന്റെയും ഈ വിഷയത്തില്‍ നല്‍കപ്പെട്ട 1963-ലെ വത്തിക്കാന്‍ രേഖയുടെയും അടിസ്ഥാനത്തിലാണ് പുതിയമാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.

വിശ്വാസതിരുസംഘം നല്കിയിരിക്കുന്ന രേഖയില്‍ മൃതസംസ്‌കാരമാണ് ശരീരത്തിന്റെ ഉയിര്‍പ്പിലുളള പ്രത്യാശയും വിശ്വാസവും പ്രകടിപ്പിക്കുന്നതിനുളള ഏറ്റവും അനുയോജ്യമായ മാര്‍ഗമെന്ന് വ്യക്തമാക്കുന്നുണ്ട്. ശരീരത്തിന്റെ ഉയിര്‍പ്പിലുളള വിശ്വാസമാണ് മൃതദേഹങ്ങള്‍ സിമിത്തേരിപോലുളള സ്ഥലങ്ങളില്‍ അടക്കം ചെയ്യുന്നതിന്റെയും അവിടെപോയി വിശ്വാസികള്‍ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതിന്റെ അടിസ്ഥാനം. മരിച്ചവരും ജീവിച്ചിരിക്കുന്നവരും തമ്മിലുളള ബന്ധത്തിന്റെ ഏറ്റം ശക്തമായ പ്രകടനമാണ് മരിച്ചവരെ സംസ്‌കരിച്ച സ്ഥലങ്ങള്‍ സന്ദര്‍ശിച്ചുളള പ്രാര്‍ത്ഥനയെന്നും വത്തിക്കാന്‍രേഖ വ്യക്തമാക്കുന്നു.
അതേസമയം, മൃതദേഹം ദഹിപ്പിക്കുന്നതിന് ന്യായമായകാരണങ്ങള്‍ (ആരോഗ്യപാലനം, സാമ്പത്തികം, സാമൂഹികം) നിലനില്‍ക്കുമ്പോള്‍ ആ രീതി സ്വീകരിക്കുന്നതിനു സഭ അനുമതി നല്‍കുന്നു. മൃതദേഹം ദഹിപ്പിക്കുന്നതു മരിച്ചവ്യക്തിയുടെ ആത്മാവിനെ ബാധിക്കാത്തതിനാലും മരിച്ചവരില്‍നിന്ന് ഈ വ്യക്തിയെ ഉയിര്‍പ്പിക്കുന്നതില്‍ സര്‍വ്വശക്തനായ ദൈവത്തെ തടസ്സപ്പെടുത്താത്തിനാലും ഇക്കാര്യത്തില്‍ സൈദ്ധാന്തികമായ (doctrinal) തടസ്സം സഭയ്ക്കില്ല. മൃതദേഹം ദഹിപ്പിക്കുന്നത് അതിനാല്‍തന്നെ ആത്മാവിന്റെ അമര്‍ത്യതയെയോ, ശരീരത്തിന്റെ ഉയിര്‍പ്പിനെയോ നിഷേധിക്കുന്നില്ലായെന്നും ഈ രേഖ വ്യക്തമാക്കുന്നു. മണ്ണില്‍ അലിഞ്ഞുചേരുന്ന ശരീരത്തെ അന്തിമദിനത്തില്‍ ഉയിര്‍പ്പിക്കുന്ന ദൈവത്തിന്, ദഹിപ്പിച്ച് ചാരമായി മാറിയ ശരീരത്തെയും ഉയിര്‍പ്പിക്കുന്നതിന് സാധിക്കുമെന്നതില്‍ സംശയത്തിന് പ്രസക്തിയില്ല.

മൃതദേഹം ദഹിപ്പിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തി മരിച്ചവരുടെ പുനരുത്ഥാനത്തില്‍ വിശ്വസിക്കുന്ന ആളായിരിക്കണം. സഭയുടെ പ്രബോധനങ്ങള്‍ക്ക് വിരുദ്ധമായതൊന്നും ഈ മാര്‍ഗം സ്വീകരിക്കുന്നതില്‍ ഉണ്ടാകരുത്. മൃതദേഹം ദഹിപ്പിക്കണം എന്ന് ആഗ്രഹിക്കുന്ന വ്യക്തി അപ്രകാരം ചെയ്യുന്നതു പുനരുത്ഥാനത്തിലുള്ള വിശ്വാസത്തെ നിഷേധിക്കാന്‍ ആയിരിക്കരുത്. തന്റെ ശരീരം ചാരമായി ഒന്നുമില്ലായ്മയിലേക്കു പോകുന്നതുപോലെ തന്റെ ജീവിതവും അവസാനിച്ചു എന്ന സന്ദേശമായിരിക്കരുതു ദഹിപ്പിക്കല്‍ നടത്തുന്നതിലൂടെ മറ്റുള്ളവര്‍ക്കു നല്‍കുന്നത്. അങ്ങനെയുള്ളവര്‍ക്കു സഭാപരമായ സംസ്‌കാരം നല്‍കാന്‍ പാടില്ല. ഉതപ്പ് ഒഴിവാക്കണം എന്ന് നിയമം നിര്‍ദ്ദേശിക്കുന്നത് ഇക്കാര്യത്തിലാണ്.

മൃതസംസ്‌കാരശുശ്രൂഷകള്‍ക്കുശേഷമാണ് മൃതദേഹം ദഹിപ്പിക്കാനായി കൊണ്ടുപോകേണ്ടത് എന്നാണ് വത്തിക്കാന്‍രേഖ നല്‍കുന്ന നിര്‍ദ്ദേശം. ഭാരതത്തിലെ കത്തോലിക്കാസഭയില്‍ മൃതദേഹം ദഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കര്‍മ്മരീതികള്‍ പ്രത്യേകമായി ഇതുവരെ രൂപപ്പെട്ടിട്ടില്ല. സാധാരണയായി മൃതസംസ്‌കാരകര്‍മ്മങ്ങള്‍ നടത്തിയശേഷമാണ് ദഹിപ്പിക്കാന്‍ കൊണ്ടുപോകേണ്ടത്. എന്നാല്‍, ചിലഘട്ടങ്ങളില്‍ ആവശ്യമായ അനുവാദത്തോടെ ആദ്യം മൃതദേഹം ദഹിപ്പിക്കുകയും പിന്നീട് ചിതാഭസ്മം വച്ചുകൊണ്ട് മൃതസംസ്‌കാരകര്‍മ്മങ്ങള്‍ നടത്തുകയുംചെയ്യുന്ന പതിവ് പാശ്ചാത്യസഭയില്‍ നിലവിലുണ്ട്.

ചിതാഭസ്മം സൂക്ഷിക്കുന്ന വിധം

വത്തിക്കാന്‍ രേഖ ചിതാഭസ്മം സൂക്ഷിക്കേണ്ടവിധത്തെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്:
*സഭാധികാരികളുടെ തീരുമാനപ്രകാരം ചിതാഭസ്മം സൂക്ഷിക്കേണ്ടത് സെമിത്തേരിയിലോ അല്ലെങ്കില്‍ അതിനായി സഭാധികാരികളുടെ തീരുമാനപ്രകാരം പ്രത്യേകം മാറ്റിവച്ചിരിക്കുന്ന സ്ഥലങ്ങളിലോ മാത്രമായിരിക്കണം. ഇപ്രകാരം ചെയ്യുന്നതുവഴി മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിന് വിശ്വാസികള്‍ക്ക് അവസരമുണ്ടാകുന്നതിനും മരണമടഞ്ഞവര്‍ വിസ്മരിക്കപ്പെടാതിരിക്കുന്നതിനും കാരണമാകുന്നു. അതുപോലെ അടിസ്ഥാനമില്ലാത്ത അന്ധവിശ്വാസങ്ങളെ തടയാനും ഇത് സഹായിക്കുന്നു.

*ഒരു വ്യക്തിയുടെ ചിതാഭസ്മം വീടുകളില്‍ സൂക്ഷിക്കാന്‍ അനുവാദമില്ല. ഏതെങ്കിലും സാഹചര്യത്തില്‍ ഇളവ് ആവശ്യമാണെങ്കില്‍ അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പ്രാദേശിക മെത്രാന്‍സമിതികളോ, പൗരസ്ത്യസഭകളിലെ മെത്രാന്‍ സിനഡോ ആയിരിക്കും.

*മൃതദേഹത്തിന് നല്‍കുന്ന ആദരവും പരിഗണനയും ചിതാഭസ്മത്തിനും നല്‍കണം. അതിനാല്‍ ചിതാഭസ്മം കുടുംബത്തിലെ അംഗങ്ങള്‍ വീതിച്ചെടുക്കാന്‍ ഒരിക്കലും പാടില്ല.

*മരിച്ചവരുടെ പുനരുത്ഥാനവുമായി ബന്ധപ്പെട്ട കത്തോലിക്കാസഭയുടെ വിശ്വാസത്തിനെതിരു നില്‍ക്കുന്ന തത്വശാസ്ത്രങ്ങളുടെ ആചാരമനുസരിച്ച്, ചിതാഭസ്മം അന്തരീക്ഷത്തിലോ മലമുകളിലോ വിതറുന്നതോ നദിയിലോ കടലിലോ ഒഴുക്കുന്നതോ അനുവദനീയമല്ല. അതുപോലെതന്നെ, ആഭരണങ്ങളിലോ മറ്റുവസ്തുക്കളിലോ ചിതാഭസ്മത്തിന്റെ അംശങ്ങള്‍ ഉപയോഗിക്കുന്നതും നിരോധിച്ചിരിക്കുന്നു.

*പൊതുവില്‍ ക്രൈസ്തവവിശ്വാസത്തെയും ശരീരങ്ങളുടെ ഉയിര്‍പ്പിലുള്ള വിശ്വാസത്തെ പ്രത്യേകമായും തള്ളിപ്പറയുന്നവരുടെ മൃതദേഹം ദഹിപ്പിക്കുന്നസാഹചര്യത്തില്‍ സഭാപരമായ സംസ്‌കാരശുശ്രൂഷകള്‍ നടത്താന്‍ പാടില്ല എന്ന് വത്തിക്കാന്‍രേഖ വ്യക്തമാക്കുന്നു. ഉദാഹരണത്തിന്, ‘ഞാന്‍ മരിച്ചാല്‍ എന്റെ ചിതാ ഭസ്മം വീട്ടുവളപ്പിലെ മരങ്ങള്‍ക്ക് വളമായിടണം’ എന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന ഒരുവ്യക്തിക്ക് സഭാപരമായ സംസ്‌കാരം നിഷേധിക്കണമെന്നര്‍ത്ഥം.

ക്രിസ്തുവിനോടുകൂടെ മാമ്മോദീസ സ്വീകരിച്ചവര്‍ അവിടുത്തെ മരണത്തിലും ഉയിര്‍പ്പിലും പങ്കുകാരാകുന്നു എന്നത് സഭയുടെ അടിസ്ഥാനവിശ്വാസപ്രമാണമാണ്. മരിച്ചവരെ സംസ്‌കരിക്കുന്ന രീതിയാണ് സഭ പ്രോത്സാഹിപ്പിക്കുന്നതെങ്കിലും ന്യായീകരിക്കാവുന്ന കാരണങ്ങളാല്‍ മൃതദേഹം ദഹിപ്പിക്കുന്നതിനെ സഭ അംഗീകരിക്കുന്നു. മൃതദേഹം സംസ്‌കരിച്ചാലും ദഹിപ്പിച്ചാലും അത് മരണമടഞ്ഞ വ്യക്തിയുടെ ആത്മരക്ഷയെ ബാധിക്കുന്നതല്ല എന്ന് സഭ വ്യക്തമായി പഠിപ്പിക്കുന്നു. അതിനാല്‍ ക്രിസ്തുവിലുള്ള വിശ്വാസത്തിലും പുനരുത്ഥാനത്തിലുള്ള പ്രത്യാശയിലും ജീവിക്കുന്ന ഒരുവ്യക്തിയെ സംബന്ധിച്ച് വിശ്വാസജീവിതത്തിന്റെ അനിവാര്യമായ തുടര്‍ച്ചയാണ് മരണവും നിത്യജീവനും. അതിനാല്‍, സഭാധികാരികളിലൂടെ നല്‍കപ്പെട്ടിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നതും ചിതാഭസ്മം സൂക്ഷിക്കുന്നതും വിശ്വാസ ജീവിതത്തില്‍നിന്നോ, സഭയുടെ പ്രബോധനത്തില്‍നിന്നോ ഉളള വ്യതിയാനമായി കാണേണ്ടതില്ല.


Leave a Reply

Your email address will not be published. Required fields are marked *